പൊതു വിഭാഗം

ആറിലൊന്നും കോഴി (ആണുങ്ങളുടെ കാര്യമല്ല!)

നിപ്പയുടെ കാലത്ത് കേരളത്തിലേക്ക് ഒരു ദിവസം വരുന്ന പഴത്തിന്റെ വില ആയിരത്തി അഞ്ഞൂറ് കോടി രൂപയാണെന്ന് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. അന്ന് അതിൽ ഒരു കാര്യവുമില്ലെന്ന് ഞാൻ കണക്കുകൾ നിരത്തി എഴുതിയിരുന്നു.
ഇന്നിപ്പോൾ കോഴിയുടെ കണക്കാണ്.
 
‘കൊറോണ, പക്ഷിപ്പനി: കോഴിക്കർഷകർക്ക് 500 കോടിയുടെ നഷ്ടം…’
 
‘നാമക്കൽ, കോയന്പത്തൂർ, തിരുപ്പൂർ, ജില്ലകളിലായാണ് പ്രധാനമായും വൻതോതിൽ കോഴിഫാമുകൾ ഉള്ളത്. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ കോഴി വ്യാപാരമേഖലയിൽ ഇപ്പോൾ ഉണ്ടാവുന്നത്.’
 
‘തമിഴ്‌നാട്ടിൽ ഉത്പാദിപ്പിക്കുന്ന കോഴികളിൽ 75 ശതമാനവും കയറ്റി അയയ്‌ക്കുന്നത് കേരളത്തിലേക്കാണ്’
 
ഇങ്ങനെ നോക്കിയാൽ കേരളം തമിഴ്‌നാട്ടിൽ നിന്നും മാത്രം ദിവസം ചുരുങ്ങിയത് 350 കോടി രൂപയുടെ കോഴി ഇറച്ചി വാങ്ങുന്നുണ്ട് (വിറ്റുവരവ് നഷ്ടത്തിലും ഏറെ കൂടിയ തുകയാണെന്ന ശാസ്ത്രം അവിടെ നിൽക്കട്ടെ). കിലോക്ക് നൂറു രൂപ കണക്കാക്കിയാൽ 350 ലക്ഷം കിലോ കോഴി വരും ഇത്. കേരളത്തിലെ ജനസംഖ്യ 340 ലക്ഷം ആയതിനാൽ കേരളത്തിലെ കുഞ്ഞുകുട്ടികൾ അടക്കം പ്രതിദിനം ഒരു കിലോ കോഴിയാണ് അകത്താക്കുന്നത് !! (The per capita consumption of chicken, according to NSSO, is around 15 gm per day whereas the requirement is around 30 gm, said TP Sethumadhavan, former Director of Entrepreneurship, Kerala Veterinary and Animal Sciences University), ഹിന്ദുവിലെ റിപ്പോർട്ട് ആണ്).
 
ഒരു വർഷത്തിൽ ഒരു ലക്ഷത്തി നാല്പതിനായിരം കോടിയോളം വരും ഇത്. ഇത്തരം കണക്കുകൾ പറയുന്നതിന് മുൻപ് കേരളത്തിന്റെ മൊത്തം ജി ഡി പി എത്രയാണ് (ഒൻപത് ലക്ഷം കോടി എന്ന് ഒരു എസ്റ്റിമേറ്റ്, അതായത് ആറിലൊന്നും കോഴി), കേരളത്തിലേക്ക് ഒരു വർഷം പ്രവാസികൾ അയക്കുന്ന തുക എത്രയാണ് (രണ്ടായിരത്തി പതിനെട്ടിൽ 83,000 കോടി, അതായത് ആകെ മൊത്തം കോഴി) എന്നൊക്കെ ഒന്ന് പരിശോധിച്ച് നോക്കുന്നത് നല്ലതാണ്. എഴുതുന്നവർക്ക് പ്രത്യേകിച്ച് ചിലവൊന്നും ഇല്ലെങ്കിലും വായിക്കുന്നവരെ പഴവും ചിക്കനും തീറ്റി കൊല്ലരുതല്ലോ !
 
മുരളി തുമ്മാരുകുടി
 

Leave a Comment