പൊതു വിഭാഗം

ആരോഗ്യസർവ്വകലാശാലയും പ്രതിക്രിയാ വാതകവും

25 വയസ്സുവരെ ആളുകളുടെ മസ്തിഷ്‌ക്ക വികാസം പൂർണ്ണമായി ഉണ്ടാകുന്നില്ല എന്നും അതുകൊണ്ട് തന്നെ അവർ രാത്രി ഒന്പതര മണിക്ക് ഹോസ്റ്റലിൽ കയറണം എന്നും ആരോഗ്യ സർവ്വകലാശാല ഒരു സത്യവാങ്മൂലം നൽകി എന്ന് ഇന്നലെ മനോരമയിൽ വാർത്ത കണ്ടു.

വിശ്വസിക്കാൻ പറ്റിയില്ല. മറ്റുള്ള പത്രങ്ങൾ നോക്കി, ഒന്നിലും വന്നിട്ടില്ല.

പലപ്പോഴും കോടതിയിൽ നിന്നും ആദ്യം വരുന്ന റിപ്പോർട്ടുകൾ അത്ര പൂർണ്ണമാകാറില്ല, അതുകൊണ്ട് തന്നെ ആരോഗ്യ സർവ്വകലാശാല അത്തരം ഒരു സത്യവാങ്മൂലം നൽകിക്കാണില്ല എന്നും അത് റിപ്പോർട്ടിങ്ങ് പിഴവാകും എന്നുമാണ് ആദ്യം ചിന്തിച്ചത്.

സത്യമറിയാൻ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നവരോട് ചോദിച്ചു. സത്യവാങ്മൂലത്തിന്റെ കോപ്പി ഇന്ന് കിട്ടി.

സത്യമാണ്. വാസ്തവത്തിൽ മനോരമയിൽ എഴുതിയതിലും മാരക വേർഷൻ ആണ് ഒറിജിനൽ.

ആദ്യമായി മനോരമയോട് ആത്മാർത്ഥമായ ക്ഷമാപണം.

താഴെ പറയുന്നതാണ് പ്രസക്ത ഭാഗം

“it is further admitted that the age of maturity does not necessarily bring in brain maturation, neurobehavioral, Nero morphological, neurochemical, neurophysiological and neuropharmacological evidence suggest the brain remains in active state of maturation during adolescence. Such evidences support the hypothesis that the adolescent brain is structurally and functionally vulnerable to environmental stressors, risky behavior, drug addiction, impaired driving and unprotected sex. The development of prefrontal cortex of the brain is very important for complete behavioral performance and the development and maturation of prefrontal cortex is fully accomplished at the age of 25 years”

ഇപ്പറഞ്ഞതൊന്നും ശാസ്ത്രീയമായി തെറ്റാണെന്ന് പറയാൻ ഞാൻ ആളല്ല. പക്ഷെ കുട്ടികൾക്ക് 18 വയസ്സിൽ വോട്ടവകാശം നൽകുന്പോൾ, 21 വയസ്സിൽ കല്യാണം കഴിക്കാൻ അനുമതി നൽകുന്പോൾ, 21 വയസ്സിൽ ആളുകളെ മേയർ ആക്കുന്പോൾ, എന്തിന് ഇതേ യൂണിവേഴ്സിറ്റി തന്നെ 25 വയസ്സിന് മുൻപ് മെഡിക്കൽ ഡിഗ്രി കൊടുത്ത് രോഗികളെ ചികിൽസിക്കാൻ ലൈസൻസിന് പ്രാപ്തരാക്കുന്പോൾ ഒന്നും എന്തുകൊണ്ടാണ് ഇത്തരം പ്രതിക്രിയാവാതകങ്ങൾ ഒന്നും ഹൈക്കോടതിയിൽ സമർപ്പിക്കാതിരുന്നത്? അതിനേക്കാളൊക്കെ വലിയ റിസ്ക് ആണോ ഒന്നാം വർഷ വിദ്യാർഥികൾ 9. 30 ന് ഹോസ്റ്റലിൽ കയറാത്തത് ?

ഞാൻ ആലോചിക്കുകയായിരുന്നു. സത്യത്തിൽ ഇവിടെ എന്താണ് പ്രശ്നം?

എന്റെ അഭിപ്രായം ഇതാണ്.

കേരളം പൊതുവിൽ സ്ത്രീ സൗഹൃദമായ ഒരു ഇടമല്ല. പകൽ പോലും തുറിച്ചു നോട്ടക്കാരും, നഗ്നതാപ്രദർശനക്കാരും, തട്ടൽ, മുട്ടൽ, എന്തിന് കയറിപ്പിടിക്കുന്നവർ വരെ എവിടെയുമുള്ള സ്ഥലമാണ്. രാത്രിയായാൽ ഇവരുടെ എണ്ണവും ധൈര്യവും കൂടും. രാത്രി എന്തെങ്കിലും സംഭവിച്ചാൽ “രാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ” എന്ന സദാചാരക്കാരുടെ ചോദ്യം വേറെ.

നമ്മുടെ നഗരങ്ങളിലോ ഗ്രാമങ്ങളിലോ എന്തിന് കോളേജ് യൂണിവേഴ്സിറ്റി കാന്പസുകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. അപ്പോൾ എന്തും എവിടെയും സംഭവിക്കാം. അങ്ങനെ ഗുരുതരമായി എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഹോസ്റ്റൽ തുറക്കാൻ വാദിക്കുന്നവർ ഉൾപ്പെടെ ഹോസ്റ്റൽ അധികാരികളുടെ, കോളേജ് പ്രിൻസിപ്പലിന്റെ, മാനേജ്‌മെന്റിന്റെ പുറത്ത് കുതിര കയറും. ജനത്തിന്റെ വിചാരണ കൂടുന്പോൾ ഹോസ്റ്റൽ വാർഡനെ അറസ്റ്റ് ചെയ്യാൻ പോലും സാധ്യത ഉണ്ട്.

ഈ വയ്യാവേലിക്കൊന്നും പോകാൻ വാർഡനോ കോളേജിനോ താല്പര്യമില്ല. എളുപ്പമുള്ള കാര്യം കുട്ടികളെ ഏറ്റവും വേഗത്തിൽ കൂട്ടിൽ കേറ്റി വാതിൽ അടച്ചിടുകയാണ്.

ഇത് തന്നെയാണ് ഭൂരിഭാഗം മാതാപിതാക്കൾക്കും ഇഷ്ടം. അവർക്കും അവരുടെ കുട്ടികളെ വിശ്വാസക്കുറവ് ഉണ്ടായിട്ടല്ല. ഇതേ മാതാപിതാക്കൾ, അവരുടെ കുട്ടികൾ കാനഡയിലോ മൾഡോവയിലോ പോയിക്കഴിഞ്ഞാൽ രാത്രി ഹോസ്റ്റലിൽ കയറുന്നുണ്ടോ എന്നാലോചിച്ച് ഉറക്കം കളയുന്നില്ല എന്ന് മാത്രമല്ല, അവരുടെ കുട്ടികൾ രാത്രി ഷിഫ്റ്റിൽ ജോലിയെടുത്ത് പണം സന്പാദിക്കുന്നതിനെ അനുകൂലിക്കുക കൂടി ചെയ്യുന്നു.

അപ്പോൾ പ്രശ്നം മസ്തിഷ്കമല്ല, സുരക്ഷയുടെ അഭാവമാണ്.

ഇക്കാര്യം നേരിട്ട് പറയുകയാണെങ്കിൽ ആ വിഷയം കൈകാര്യം ചെയ്യാം. കോടതിക്ക് അക്കാര്യത്തിൽ ഇടപെടാം, സമൂഹത്തിന്റെ ചിന്താഗതി മാറ്റാം, സർക്കാരിൽ സമ്മർദ്ദം ചെലുത്താം.

അതിന് പകരം ഹോസ്റ്റലിൽ കുട്ടികളെ കയറ്റാൻ ന്യൂറോ ഫർമക്കോളജി എടുത്തുകൊണ്ട് വരുന്പോൾ യഥാർത്ഥ പ്രശ്നത്തിന് ശ്രദ്ധ കിട്ടുന്നില്ല, എല്ലാവർക്കും ഇപ്പോഴത്തെ പോലെ തുടരാൻ അവസരം ലഭിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ല.

സമൂഹത്തിൽ സുരക്ഷ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, ഇത്തരം സമൂഹത്തിൽ നിന്നും നമ്മുടെ കുട്ടികൾ ഏറ്റവും വേഗത്തിൽ സ്ഥലം വിടുകയും ചെയ്യുന്നു. അതിന് വേണ്ടി പുരയിടം വിൽക്കാൻ പോലും മാതാപിതാക്കൾ തയ്യാറാകുന്നതോടെ കേരളത്തിലെ യുവാക്കളുടെ എണ്ണം മൊത്തമായി കുറയുന്നു. അത് ഭാവിയിൽ അനവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഹോസ്റ്റൽ സമയം മാറ്റിയത് കൊണ്ട് മാത്രം ഇതൊന്നും ശരിയാവില്ല. ഹോസ്റ്റൽ സമയം മാറ്റാൻ വേണ്ടി മാത്രം ന്യൂറോ സയൻസ് ഉപയോഗിച്ചാൽ ഒട്ടും ശരിയാവില്ല.

ഇന്ത്യയിൽ അനവധി സ്ഥാപനങ്ങളിൽ, ഒരു പക്ഷെ കേരളത്തിൽ ഉൾപ്പടെ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ജീവിക്കുന്ന ഹോസ്റ്റലുകളും രാത്രി വൈകി വരാവുന്ന ഹോസ്റ്റലുകളുമുണ്ട്. വിദേശത്ത് പലയിടത്തും ഹോസ്റ്റൽ സംവിധാനം പോലുമില്ല, അനവധി രാജ്യങ്ങളിൽ പതിനെട്ടാകുന്നതോടെ കുട്ടികൾ മാതാപിതാക്കളുടെ കൂടെ താമസിക്കുന്നത് തന്നെ നിറുത്തുന്നു.

ഈ സ്ഥലങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമൊക്കെയാണ് 25 വയസിന് മുൻപ് ബില്യനെയർമാരും 25 ആം വയസ്സിൽ മന്ത്രിമാരും ഉണ്ടാകുന്നത്.

അവിടൊന്നും ലൈംഗിക അരാജകത്വവും മയക്കുമരുന്നും ഒന്നും മറ്റിടങ്ങളെക്കാൾ വ്യാപകമല്ല.

ഇതിന് പുതിയ പഠനം ഒന്നും വേണ്ട.

നമ്മൾ യഥാർത്ഥ പ്രശ്നങ്ങളെ അംഗീകരിക്കുക, അത് പരിഹരിക്കാൻ ശ്രമിക്കുക, അത് മാത്രം മതി.

ആരോഗ്യ സർവ്വകലാശാലയോട് ഈ ശാസ്ത്രമൊക്കെ വേണ്ടിടത്ത് പ്രയോഗിക്കാൻ അപേക്ഷ.

ഉന്നത ഉദ്യോഗസ്ഥർ മാത്രമേ പച്ച മഷിയിൽ നോട്ടെഴുതാനും ഒപ്പിടാനും പാടുള്ളൂ എന്ന് കേന്ദ്ര ഗവർൺമെന്റിൽ ഒരു ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചതിനെ തുടർന്ന് അതിനെ ശാസ്ത്രീയമായി ന്യായീകരിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ചർച്ചകളുടെയും ഗവേഷണങ്ങളുടെയും ഒരു കഥ അരുൺ ശൗരി അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഒന്ന് വായിച്ചു നോക്കണം. കഴിഞ്ഞ നൂറ്റാണ്ടിലെ കഥയാണ്.

2014 ൽ കേന്ദ്ര സർക്കാർ ഈ മഷി നിയമം എടുത്ത് ചവറ്റുകൊട്ടയിൽ ഇട്ടു.

ഈ ഹോസ്റ്റൽ നിയമത്തിനും അത്രയേ ആയുസ്സുള്ളൂ. ബ്രെയിൻ വളർച്ച അതിന്റെ സമയത്തിന് നടക്കും, പക്ഷെ ഈ ഹോസ്റ്റൽ കർഫ്യൂ നിയമം മാറാൻ നമുക്ക് അടുത്ത നൂറ്റാണ്ട് വരെ ഒന്നും നോക്കി നിൽക്കേണ്ടി വരില്ല. ഇപ്പോൾ സർവ്വകലാശാലയും കോടതിയും എന്ത് തന്നെ തീരുമാനിച്ചാലും അഞ്ചു വർഷത്തിനപ്പുറം ഈ തീരുമാനത്തിന് ആയുസില്ല, ഉറപ്പ്.

മനോരമ റിപ്പോർട്ടിനെ സംശയിച്ചതിന് ഒരിക്കൽ കൂടി മാപ്പ് !

മുരളി തുമ്മാരുകുടി

Leave a Comment