പൊതു വിഭാഗം

‘അവിനാശി അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്ക്: മന്ത്രി എ.കെ.ശശീന്ദ്രന്‍.’

അവിനാശിയിലെ അപകടത്തിന്റെ മൂലകാരണം അതിവേഗം കണ്ടുപിടിക്കാനുള്ള നമ്മുടെ കഴിവിനെ പറ്റി ഞാൻ ഇന്നലെ പറഞ്ഞിരുന്നു. അത്തരം വാർത്തകൾ സത്യമാണോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്നിപ്പോൾ മന്ത്രിയുടെ പ്രസ്താവന വന്നിട്ടുണ്ട്. അവിനാശി അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡ്രൈവർക്കാണ് എന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വാർത്ത.

ഒരപകടം ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കാനുള്ള ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷനെ പറ്റിയും ഞാൻ ഇന്നലെ പറഞ്ഞിരുന്നു. ആ ലേഖനത്തിന് താഴെ സുരക്ഷയെ പറ്റിയും റോഡ് ഗതാഗതത്തെ പറ്റിയും ഒക്കെ അറിവും പരിശീലനവും നേടിയ പലരും പല സാധ്യതകളും പങ്കുവെച്ചിരുന്നു. കണ്ടെയ്‌നറിലെ ലോഡ്, ലോഡിങ് ചെയ്ത രീതി, കണ്ടെയ്‌നറും പ്രൈം മൂവറും തമ്മിൽ ബന്ധിപ്പിച്ച രീതി, കണ്ടെയ്‌നർ ട്രെയിലറിൽ ബന്ധിപ്പിച്ച രീതി, വാഹനത്തിന്റെ സ്പീഡ്, ലൈൻ ഡിസിപ്ലിൻ, ഡ്രൈവറുടെ പരിശീലനം, ഡ്രൈവർ സ്വബോധത്തിൽ ആയിരുന്നോ എന്നത്, ഡ്രൈവർ ഏതെങ്കിലും തരത്തിൽ ഡിസ്ട്രാക്റ്റഡ് ആയോ എന്നിങ്ങനെ പല സാധ്യതകളിൽ, ഒന്നോ ഒന്നിന് പുറകിൽ ഒന്നോ ആയി അപകടങ്ങൾ ഉണ്ടാക്കാം. പ്രൊഫഷണലായ ഇൻസിഡന്റ്റ് ഇൻവെസ്റ്റിഗേഷനാണ്  നടക്കുന്നതെങ്കിൽ ഇവയോരോന്നും പരിശോധിച്ച് അതിൽ ശരിയുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തുമായിരുന്നു. ഇങ്ങനെ മൂല കാരണം അല്ലെങ്കിൽ കാരണങ്ങൾ കണ്ടുപിടിച്ച് അതിനുള്ള പരിഹാരങ്ങൾ നിയമമായോ പരിശീലനമായോ നടപ്പിലാക്കുന്പോൾ ആണ് ഇനി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നത്. കുറ്റവാളിയെ ആദ്യമേ കണ്ടുപിടിച്ച് അയാളുടെ കുറ്റങ്ങൾ ഉറപ്പിക്കുന്ന ഇപ്പോഴത്തെ രീതികൊണ്ട് ഭാവിയിൽ ഒരപകടവും കുറയാൻ പോകുന്നില്ല.

അതുകൊണ്ടാണ് സുരക്ഷാ ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ ‘No Blame Policy’ എന്ന അടിസ്ഥാനത്തിൽ നടത്തുന്നത്. അപകടങ്ങൾ അന്വേഷിക്കുന്നത് ഒരു സ്വതന്ത്രമായ സംവിധാനം ആയിരിക്കണം, ഒരു കുറ്റവാളിയെ (അല്ലെങ്കിൽ കുറ്റവാളികളെ) കണ്ടെത്തുക എന്നതല്ല അന്വേഷണത്തിന്റെ ഉദ്ദേശം, ഈ അന്വേഷണത്തിന്റെ ഫലങ്ങൾ പോലീസ് കേസുകളിലോ ഡിപ്പാർട്ട്മെന്റ് നടപടികളിലോ ഈ വിഷയത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉപയോഗിക്കില്ല എന്നുള്ള ഉറപ്പ്, ഇതൊക്കെയാണ് NO BLAME പോളിസിയുടെ അടിസ്ഥാന തത്വങ്ങൾ. റോഡപകടത്തിൽ മാത്രമല്ല ആശുപത്രിയിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന പിഴവുകൾ, വൈദ്യതി എണ്ണക്കന്പനികളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഇവയിലൊക്കെ ‘apportion blame’ അല്ല ‘learn lessons for future’ എന്ന മനസികാവസ്ഥയോടെ ആണ് അന്വേഷണത്തെ സമീപിക്കുന്നത്.

ഇത് കൊണ്ട് ഒരു ഗുണമുണ്ട്. ഏതൊരു അപകടത്തെ പറ്റിയും ഏറ്റവും കൂടുതൽ അറിയുന്നത് അതുമായി നേരിട്ട് ബന്ധപ്പെട്ടവർ ആയിരിക്കും. ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷന്റെ ഫലമായി അവർക്കോ സഹപ്രവർത്തകർക്കോ നിയമപരമായോ തൊഴിൽപരമായോ നഷ്ടങ്ങൾ ഉണ്ടാകും എന്നൊരു സാഹചര്യം ഉണ്ടായാൽ (ഉദാഹരണം – ജയിലിൽ പോവുക, ജോലി നഷ്ടപ്പെടുക), തീർച്ചയായും അവർ സത്യം പറയാനുള്ള സാധ്യത ഏറ്റവും കുറയും, വേണ്ടി വന്നാൽ നുണകൾ പറയും, തെളിവുകൾ ഉണ്ടാക്കും. ഇതിന്റെ പരിണതഫലം എന്താണ്? അപകടത്തിന്റെ അടിസ്ഥാന കാരണം ആരും അറിയില്ല, ആ പാഠങ്ങൾ വേറാരും പഠിക്കുകയുമില്ല. പാലത്തിലോടുന്ന ട്രെയിനെ ചുഴലി എടുത്തുപൊക്കി കായലിൽ ഇടുന്നത് ഇത്തരം സാഹചര്യത്തിലാണ്. വർഷാവർഷം രണ്ടു ഡസനിൽ ഏറെ തൊഴിലാളികൾ നമ്മുടെ വൈദ്യതി ബോർഡിൽ മരിച്ചിട്ടും അടിസ്ഥാന കാരണം ഒരിക്കലും കണ്ടുപിടിക്കപ്പെടാത്തതിന്റെ കാരണവും മറ്റൊന്നല്ല.

എന്താണെങ്കിലും തമിഴ്‌നാട്ടിലെ അപകടത്തെ പറ്റി ഇനി അധികം ചർച്ച വേണ്ട, ഉത്തരവാദിയെ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി അയാൾ കുറച്ചു നാൾ ജയിലിൽ, പിന്നെ ജാമ്യം, പിന്നെ എട്ടോ പത്തോ വർഷം നീളുന്ന കേസ്, അതിനിടയിൽ അയാൾക്ക് വേണമെങ്കിൽ വാഹനം ഓടിക്കാം.  2018 ൽ 4069 ആളുകൾ മരിച്ച റോഡപകടത്തിൽ 567 കേസിൽ മാത്രമാണ് ‘No violation’ എന്ന് പോലീസ് റെക്കോർഡിൽ ഉള്ളത്. എന്നിട്ടും ഒരു വർഷം റോഡിൽ അപകടം ഉണ്ടാക്കി ആളെ കൊന്നതിന്റെ പേരിൽ എത്ര പേർ ജയിലിൽ കിടക്കുന്നുണ്ട്? അതുപോലെ ഇതും കടന്നു പോകും, നമ്മൾ അന്നത്തെ മറ്റെന്തെങ്കിലും അപകടത്തിന്റെയോ സംഭവത്തിന്റെയോ പുറകിൽ പോകും.

ഇന്നലെ പറഞ്ഞത് ഒന്നുകൂടി പറയാം. നിങ്ങളുടെ സുരക്ഷ നിങ്ങൾ തന്നെ നോക്കുക. റോഡിലെ മറ്റുള്ളവരുടെ പെരുമാറ്റം എങ്ങനെ എന്ന് നമുക്ക് പ്രവചിക്കാൻ പറ്റില്ല, അതുകൊണ്ട് നമ്മൾ പരമാവധി ശരിയായി കാര്യങ്ങൾ ചെയ്യുക, മറ്റുള്ളവർ തെറ്റുകൾ കാണിക്കാൻ സാധ്യതയുണ്ട് എന്ന രീതിയിലുള്ള ഡിഫൻസീവ് ഡ്രൈവിങ്ങ് പരിശീലിക്കുക. അപകടം പൂർണ്ണമായി ഒഴിവാക്കാൻ പറ്റിയില്ലെങ്കിലും ഈ കുരുതിക്കളത്തിൽ മരിക്കുന്നത് നിങ്ങളാകാനുള്ള സാധ്യതയെങ്കിലും കുറഞ്ഞു കിട്ടും.

വാർത്തയുടെ ലിങ്കുകൾ കമന്റിൽ ഉണ്ട്.

മുരളി തുമ്മാരുകുടി

 

Leave a Comment