പൊതു വിഭാഗം

അഴിമതിക്കെതിരെയുള്ള പോരാട്ടം !

ഒരേ സമയം സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന വാർത്തയാണ്

2022 ൽ അഴിമതിയിൽ ഉൾപ്പെട്ട 47 സർക്കാർ ഉദ്യോഗസ്ഥരെ ട്രാപ്പിൽ പെടുത്തി, മൊത്തം 56 പേരെ ജയിലിലടച്ചു.

ഇതാണ് വാർത്ത. സന്തോഷം.

ശ്രീ മനോജ് എബ്രഹാം വളരെ കാര്യക്ഷമതയുള്ള ഓഫീസർ ആണെന്നാണ് കേട്ടറിഞ്ഞിട്ടുള്ളത്. അതിന്റെ മാറ്റമുണ്ട്.

ഇനിയാണ് സങ്കടപ്പെടുത്തുന്ന കാര്യം.

ഇത് കേരളത്തിൽ മൊത്തം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എത്ര ശതമാനം വരും?

ആദ്യമേ കേരളത്തിൽ എത്ര സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്ന് നോക്കാം.

2020 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 515319 സർക്കാർ ഉദ്യോഗസ്ഥർ ഉണ്ട്. അതിൽ 138574 പേർ എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകരാണ്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ (ജനറൽ എഡ്യൂക്കേഷൻ, ഹയർ എഡ്യൂക്കേഷൻ, ടെക്നിക്കൽ എഡ്യൂക്കേഷൻ, മെഡിക്കൽ എഡ്യൂക്കേഷൻ എന്നിങ്ങനെ) മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം (സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പടെ).

പോലീസ് ഡിപ്പാർട്മെന്റിൽ അറുപതിനായിരം.
ആരോഗ്യ വിഭാഗത്തിൽ മുപ്പത്തി ആറായിരം.
റെവന്യൂയിൽ പതിനേഴായിരം.
ജുഡീഷ്യൽ സർവീസിൽ പതിനാലായിരം.
കൃഷിയിൽ ഒന്പതിനായിരം.

വേറെ 112 വകുപ്പുകളിലായി ഒരുലക്ഷത്തി പന്ത്രണ്ടായിരം. എന്നിങ്ങനെയാണ് കണക്ക്.

ഇതിൽ മിക്കവാറും വകുപ്പുകളിൽ അഴിമതിക്കുള്ള സാധ്യത ഉണ്ട്. അഴിമതിക്കാരും ഉണ്ട്. ഓരോ ഡിപ്പാർട്ട്മെന്റിലെ മൊത്തം ഉദ്യോഗസ്ഥർമാരും അഴിമതിക്കാരും തമ്മിലുള്ള അനുപാതത്തിൽ മാറ്റമുണ്ടെന്നേ ഉള്ളൂ.

ഇതിൽ അധ്യാപകരെ നമുക്കങ്ങു മാറ്റിനിർത്താം. ബാക്കി ഏകദേശം മൂന്നു ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ.

ഇതിൽ എത്ര ശതമാനം ആളുകൾ അഴിമതിക്കാരാണെന്ന് കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല.

1993 ൽ റിസർവ്വ് ബാങ്കിന് കീഴിലുള്ള ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസേർച്ചിൽ ഗവേഷണം ചെയ്തിരുന്ന കാലത്ത് മഹാരാഷ്ട്രയിലെ വിവിധ വകുപ്പുകളിലെ അഴിമതിയെ പറ്റി ഒരു പഠനം നടത്തിയിരുന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡ് ആയിരുന്നു പ്രധാനമായും പഠിച്ചത്.

എക്കണോമിക്സ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് ഒക്കെ സാന്പത്തിക ശാസ്ത്രത്തിലെ ഏറെ ഗവേഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾ ആണ്.

കേരളത്തിൽ സി.ഡി.എസോ ഗുലാത്തി ഇൻസ്റ്റിട്യൂട്ടോ ജോൺ മത്തായി സെന്ററോ മറ്റു യൂണിവേഴ്സിറ്റികളിലെ എക്കണോമിക്സ് വകുപ്പുകളോ എന്തിന് ഏതെങ്കിലും കോളേജിലെ എക്കണോമിക്സ് അധ്യാപകരോ ഒരു സ്റ്റുഡന്റ് പ്രോജക്ടായി പോലും ഈ വിഷയം എടുത്ത് പഠിച്ചതായി ഗൂഗിൾ പറയുന്നില്ല.

എന്നാൽ കേരളത്തിലെ വിജിലൻസ് ഡിപ്പാർട്ടമെന്റ് 2017 ഇൽ ഇത്തരം ഒരു പഠനം നടത്തിയതായി പറയുന്നു. ഇതിൽ പറയുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ളത് തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ ആണെന്നാണ്. മറ്റു വകുപ്പുകൾ താഴെ

LSGD (10.34%) Revenue (9.24%) Public works (5.32%) Health and social welfare (4.98%) Transport (4.97%) General education (4.72%) Police (4.66%) Water resources (3.65%) Food and civil supplies (3.50%) Excise (2.86%) Mining and geology (2.78%) Commercial taxes (2.62%) Agriculture (2.50%) എന്നിങ്ങനെ.

ഇതിന്റെ അർത്ഥം LSGD വകുപ്പിൽ പത്തു ശതമാനം ആളുകളും അഴിമതിക്കാർ ആണോ, മൈനിങ് ആൻഡ് ജിയോളജിയിൽ മൂന്നു ശതമാനത്തിൽ താഴെയാണോ അത് എന്നൊന്നും ആർട്ടിക്കിൾ പറയുന്നില്ല. അങ്ങനെ ആവാൻ വഴിയുമില്ല. പൊല്യൂഷൻ കൺട്രോൾ ബോർഡിനെ ഒന്നും ഇവിടെ കാണാനുമില്ല.

അതെന്തുമാകട്ടെ, കേരളത്തിലെ അനവധി സർക്കാർ വകുപ്പുകളിൽ അഴിമതി ഉണ്ടെന്ന് സർക്കാർ പഠനം തന്നെ പറയുന്നു. പഠിക്കാതെ നാട്ടുകാർക്കും ഇക്കാര്യം അറിയാം. ശാസ്ത്രീയമായി പഠിക്കേണ്ടവർ പഠിക്കുന്നുമില്ല.

നൂറ്റി ഇരുപതോളം സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ മൂന്ന് ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥരുള്ള സംസ്ഥാനത്ത് ഒരു വർഷം അഴിമതിക്ക് പിടിക്കപ്പെടുന്നവരുടെ എണ്ണം എത്ര?

56

മൊത്തം ഉദ്യോഗസ്ഥരുടെ 0.019 ശതമാനം.

അതായത് അയ്യായിരത്തിൽ ഒന്നിലും താഴെ.

കേരളത്തിൽ ഒരാൾ അപകടത്തിൽ മരിക്കാനുള്ള സാധ്യത 0.033 ശതമാനമാണ്, അതായത് മൂവായിരത്തിൽ ഒന്ന്. അതിലും താഴെയാണ് അഴിമതിക്ക് പിടിക്കപ്പെടാനുള്ള സാധ്യത.

മൂന്നു ലക്ഷം ഉദ്യോഗസ്ഥരും അഴിമതിക്കാർ ഒന്നുമല്ല.

മൊത്തം ജീവനക്കാരിൽ അഴിമതിക്കാരുടെ ശതമാനം എത്രയുണ്ടെന്ന് ഞാൻ ഊഹിക്കാൻ പോകുന്നില്ല.

പക്ഷെ അഴിമതി നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത നൂറിൽ ഒന്നുപോലുമില്ല എന്ന് വ്യക്തം. അതുകൊണ്ടാണ് ഇന്നും അഴിമതി നിലനിൽക്കുന്നത്

അഴിമതിയുടെ സാന്പത്തിക ശാസ്ത്രത്തിൽ പറയുന്ന ചില കാര്യങ്ങൾ ഉണ്ട്.

അതിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ

1. അഴിമതി നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കൂടണം.
2. പിടിക്കപ്പെട്ടാലുള്ള പ്രത്യാഘാതം ഗുരുതരമായിരിക്കണം.

സർക്കാർ ഉദ്യോഗസ്ഥരായിട്ടുള്ള എന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത് രണ്ടാമത്തെ കാര്യത്തിൽ കേരളം ഓക്കേ ആണെന്നാണ്. ട്രാപ്പിൽ പെട്ടാൽ പണി പാളും.

എന്നാൽ പിടിക്കപ്പെടാനുള്ള സാധ്യത, അത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നില്ല.

അഴിമതി നടത്തുന്നവരിൽ പത്തുശതമാനം എങ്കിലും പിടിക്കപ്പെട്ടാൽ, പിടിക്കപ്പെടുന്നവരിൽ പകുതി പേരുടെയെങ്കിലും പണിപോയാൽ, അഴിമതി നടത്താൻ ശ്രമിക്കുന്നവരുടെ എണ്ണം നന്നായി കുറയും.

(അപ്പോൾ അഴിമതിക്കാർ വാങ്ങുന്ന കാശ് കൂടും എന്നും സാന്പത്തിക ശാസ്ത്രം പറയുന്നു, കാരണം പണിപോകാനുള്ള സാധ്യതയാണ്, അപ്പോൾ റിസ്ക് എടുക്കണമെങ്കിൽ അതിനൊത്ത റിവാർഡ് വേണം !)

അഴിമതി ഒഴിവാക്കാൻ ഇത് കൂടാതെ വേറെ അനവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ആർക്കും അറിയാത്തതല്ലെങ്കിലും പിന്നീടൊരിക്കൽ പറയാം.

നിർമ്മിത ബുദ്ധിയുടെ കാലത്ത് കേരളത്തിൽ എത്ര അഴിമതിക്കാർ ഉണ്ടെന്ന് കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടില്ല.

നിർമ്മിത ബുദ്ധി ഒന്നും വേണ്ട, ചരുങ്ങിയത് നമ്മുടെ സർക്കാർ ഒരു ആപ്പ് ഉണ്ടാക്കണം. നമ്മുടെ ഓരോ സർക്കാർ ഡിപ്പാർട്ട്മെന്റും അതിൽ വേണം.

സർക്കാർ ഡിപ്പാർട്ട്മെന്റിൽ ഒരാൾ വന്നുകഴിഞ്ഞാൽ അയാൾക്ക് ആ ആപ്പിലൂടെ ഫീഡ്ബാക്ക് കൊടുക്കാനുള്ള അവസരം ഉണ്ടാക്കണം.

അതിൽ സർക്കാർ ഓഫീസിന്റെ ഭൗതിക സൗകര്യങ്ങൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, അഴിമതി
എന്നീ മൂന്നു കാര്യങ്ങളിൽ റേറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണം. ഉദ്യോഗസ്ഥരുടെ പേര് പറയുകയും വേണ്ട.

Tripadvisor ഇൽ ഒക്കെ നമ്മൾ ഇപ്പോഴേ ചെയ്യുന്നതല്ലേ. ഇത്തരം ആപ്പ് ഉണ്ടാക്കാനോ പ്രയോഗിക്കാനോ സാങ്കേതികമായി വിഷമം ഇല്ല.

ഒറ്റ മാസം കൊണ്ട് കേരളത്തിൽ ഏതൊക്കെ സർക്കാർ ഓഫിസുകളിൽ ആണ് അഴിമതി സ്ഥിരമായി നടക്കുന്നതെന്ന് തിരുവനന്തപുരത്ത് മനസ്സിലാകും.

ഷെല്ലിൽ ജോലി ചെയ്യുന്പോൾ ഏത് വകുപ്പിലാണ് ഏറ്റവും അപകടം നടക്കുന്നതെന്ന് വലിയൊരു ഡിസ്‌പ്ലെ ബോർഡിൽ കന്പനിയുടെ ഹെഡ് ക്വാർട്ടറിന്റെ മുന്നിൽ പ്രദർശിപ്പിക്കുമായിരുന്നു. ഓരോ വകുപ്പ് മേധാവികൾക്കും അത് നാണക്കേട് ഉണ്ടാക്കും. എന്തെങ്കിലും ഒക്കെ ചെയ്ത് അത് കുറക്കാൻ ശ്രമിക്കും.

അതുപോലെ വിവിധ സർക്കാർ ഡിപ്പാർട്മെന്റുകളിലെ അഴിമതിയും പെരുമാറ്റവും സെക്രട്ടെറിയേറ്റിന് മുൻപിൽ റിയൽ ടൈം ആയി പ്രദർശിപ്പിക്കുന്ന ബോർഡ് വേണം.

അപ്പോൾ കാണാം പൂരം…

അല്ലാതെ ഒരു വർഷത്തിൽ അന്പത് പേരെ ട്രാപ്പ് ചെയ്ത് അറുപത് പേരെ അറസ്റ്റ് ചെയ്ത് അഴിമതി യുദ്ധം നടത്തിയാൽ ആചന്ദ്രതാരം അഴിമതി ഇവിടെ ഉണ്ടാകും.

കേരളത്തിലെ ഒരു മന്ത്രി എങ്കിലും സ്വന്തം വകുപ്പിൽ ഇത്തരം ഒരു സംവിധാനം ഉണ്ടാക്കാൻ മുൻകൈ എടുക്കും എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതിനെ മോശമായി മാത്രം കാണേണ്ട കാര്യമില്ല. നന്നായി നടക്കുന്ന ഓഫിസുകൾക്കും വകുപ്പുകൾക്കും അവാർഡോ കൂടുതൽ ആനുകൂല്യങ്ങളോ നൽകാം. അപ്പോൾ Name and Shame മാത്രമല്ല Name and Fame ആയും ഇത് ഉപയോഗിക്കാം.

#സ്വപ്നംകാണുന്നകിനാശ്ശേരി

മുരളി തുമ്മാരുകുടി

Leave a Comment