പൊതു വിഭാഗം

അന്പരപ്പിക്കുന്ന ആകാശ ദൂതൻ!

“മാമൻ ഇതൊന്നു കാണണം” എന്ന നിർദ്ദേശത്തോടെ മരുമകൻ ശ്രീകാന്ത് Sreekanth ഒരു യു ട്യൂബ് ലിങ്ക് എനിക്ക് അയച്ചു തന്നു. രണ്ടു വർഷം മുൻപായിരിക്കണം.
 
വീഡിയോ, പുസ്തകം, സിനിമ, നിർമ്മിത ബുദ്ധി,കൊറോണ എന്ന് തുടങ്ങി സാങ്കേതിക വിഷയങ്ങളിലെ പുതിയ ലേഖനങ്ങൾ അടക്കം എൻറെ പേഴ്‌സണൽ സ്ക്രീനിംഗ് ടീമിൽ ഒന്നാമതാണ് ശ്രീ. ഔദ്യോഗികമായി പല വിഷയങ്ങളും മുന്നിലെത്തുന്നതിന് മുൻപേ ശ്രീയുടെ കയ്യിൽ നിന്നും ഞാൻ അത് അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് “ഇതൊക്കെ എനിക്ക് പണ്ടേ അറിയാമായിരുന്നു” എന്ന് എൻറെ ടീമിന് മുന്നിൽ മേനിനടിക്കാനും പറ്റാറുണ്ട്.
 
ശ്രീയുടെ നിർദ്ദേശം അനുസരിച്ച് കണ്ട ഒരു വീഡിയോവും നഷ്ടമായിട്ടില്ല. അങ്ങനെ അന്ന് തന്നെ അത് കണ്ടു, തിരക്കഥാകൃത്ത് ശ്രീ ഡെന്നിസ് ജോസഫിന്റെ “ചരിത്രം എന്നിലൂടെ” എന്ന പരന്പര.
 
ഒരു സെഷൻ കണ്ടു തുടങ്ങിയ ഞാൻ മുപ്പത്തി ഒന്നും കണ്ടു തീർത്തു, തീർന്നു പോയതിൽ സങ്കടം ഉണ്ടായി.
 
ഇതൊക്കെ രണ്ടു വർഷം മുൻപ് തന്നെ ഞാൻ പറഞ്ഞിരുന്നു. ഞാൻ എഴുതിയത് അദ്ദേഹത്തിൻറെ അടുത്ത ബന്ധു വായിച്ച് എനിക്ക് മെസ്സേജ് അയച്ചു. ഈ ബന്ധു വഴി അടുത്ത തവണ നാട്ടിൽ വരുന്പോൾ ശ്രീ. ഡെന്നിസ് ജോസഫിനെ കാണണം എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്തു.
 
കൊറോണ തകർത്ത അനവധി പ്ലാനുകളിൽ ഇതും പെട്ടു. നാട്ടിൽ ഉണ്ടായിട്ടും അദ്ദേഹത്തെ കാണാൻ പറ്റിയില്ല. ഈ കഴിഞ്ഞ മെയ് മാസത്തിൽ ഡെന്നിസ് ജോസഫ് അന്തരിക്കുകയും ചെയ്തു.
 
കഴിഞ്ഞ ദിവസം ഞാൻ വീണ്ടും ഒരിക്കൽ കൂടി അദ്ദേഹത്തിൻറെ പ്രോഗ്രാം കണ്ടു തുടങ്ങി. അപ്പോഴും പൂർത്തിയാക്കാതെ നിറുത്താൻ പറ്റിയില്ല.
 
സാധാരണ ചരിത്രം എന്നിലൂടെ എന്ന പരന്പരയിലെ അതിഥികളാണ് ചരിത്രത്തിൽ മുഴച്ചു നിൽക്കുന്നത്. ആ പ്രോഗ്രാമിന്റെ ഫോർമാറ്റ് തന്നെ അങ്ങനെയാണ്. അതിഥിയിൽ ആണ് ഫോക്കസ്, വേറൊരു വിഷ്വൽസും ഇല്ല. ആളുകൾ അവരുടെ കഥ പറയുന്നു, അതിനു ചുറ്റിലും മറ്റുള്ളവർ ഉണ്ട്.
 
പക്ഷെ ഡെന്നിസ് ജോസഫിന്റെ ചരിത്ര കഥനം വ്യത്യസ്തമാണ്. അദ്ദേഹം പറയുന്നത് ചുറ്റുമുള്ളവരുടെ കഥയാണ്. അവരൊക്കെ അദ്ദേഹത്തെ അന്പരിപ്പിക്കുകയാണ്, അവരുടെ പ്രതിഭ അദ്ദേഹത്തിലും വലുതാണെന്ന് അദ്ദേഹം വിളിച്ചു പറയുകയാണ്. ആ കഥകൾക്കിടയിലൂടെ നടക്കാൻ പറ്റിയതിൽ അദ്ദേഹം സന്തോഷം അറിയിക്കുകയാണ്.
 
ആളുകളെ സുഖിപ്പിക്കുക എന്നതാണ് പൊതുവെ സെലിബ്രിറ്റി ഇന്റർവ്യൂകളുടെ രീതി, ചോദ്യത്തിലും ഉത്തരത്തിലും. അതിൽ ഏറെ കൃത്രിമത്വം ഉണ്ട്. പലപ്പോഴും അതൊക്കെ സ്ക്രിപ്റ്റഡ് ആണ്. അതുകൊണ്ടാണ് ഞാൻ ഒരിക്കലും സെലിബ്രിറ്റി ഇന്റർവ്യൂ കാണാൻ സമയം ചിലവാക്കാത്തത്.
 
പക്ഷെ ഡെന്നിസ് ജോസഫിന്റെ ഇന്റർവ്യൂ അങ്ങനെ അല്ല. തനിക്ക് ഏറ്റവും അടുത്തു നിന്നവരെ, ഇപ്പോൾ സിനിമ രംഗത്ത് ആരും വിമർശിക്കാൻ ധൈര്യം കാണിക്കാത്തവരെ അദ്ദേഹം സത്യസന്ധമായി വിലയിരുത്തുന്നു. ഒരാൾക്ക് ഒന്നോ രണ്ടോ പരാജയം ഉണ്ടായാൽ അവരെ തള്ളിപ്പറയുന്ന രീതി, ഒരു ജ്യോത്സ്യന്റെ കാർഡിന്റെ ബലത്തിൽ കഥാകൃത്തിനെയും തീരുമാനിക്കുന്ന അന്ധവിശ്വാസങ്ങൾ ഇതൊക്കെ അദ്ദേഹം തുറന്നു പറയുന്നു. ഒപ്പം ഒരു സംഭവത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ അല്ല ആളുകളെ വിലയിരുത്തേണ്ടത് എന്ന് കാണിച്ചു തരികയും ചെയ്യുന്നു.
 
ഞാൻ അദ്ദേഹത്തിൽ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം മറ്റുളളവർക്ക് അവസരം നൽകാനുള്ള അദ്ദേഹത്തിൻറെ താല്പര്യമാണ്. ടാലന്റ് ഉള്ള അനവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്, ആരെങ്കിലും കൈ പിടിച്ച് ഉയർത്താൻ ഉണ്ടാകുന്പോൾ ആണ് അവരെ ലോകം അറിയുന്നത്. ഇവർ പലരും നമ്മളെക്കാൾ കൂടുതൽ പ്രതിഭ ഉള്ളവർ ആയിരിക്കും, പിൽക്കാലത്ത് അവർ പലരും നമ്മളെക്കാൾ വളർന്നുവെന്നും ഇരിക്കും, അവർ ഒരു പക്ഷെ നമ്മെ ചിലപ്പോൾ പിന്നീട് ഗൗനിക്കില്ല എന്നത് പോട്ടെ, പാരവച്ചു എന്ന് പോലും വരാം. അതുകൊണ്ട് തന്നെ പ്രൊഫഷണൽ ആയി വിജയിക്കുന്ന പലരും പുതിയ ആളുകളെ സ്വന്തം തട്ടകത്തിൽ കൊണ്ടുവരാൻ മടിക്കും. എന്നിരുന്നാലും പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവസരം കൊടുക്കുകയും ചെയ്യുന്നത് ഏതൊരു പ്രൊഫഷണലിന്റെയും ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കാര്യത്തിൽ ശ്രീ. ഡെന്നിസ് ജോസഫ് ഒരു റോൾ മോഡലാണ്.
 
അദ്ദേഹം പറഞ്ഞ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആകാശ ദൂത് എന്ന സിനിമ റിലീസ് ചെയ്ത നാളുകളിൽ തീയേറ്ററിൽ ആളില്ലായിരുന്നു എന്നതാണ്, പിൽക്കാലത്ത് മലയാളത്തിലെ അന്നുവരെ ഉള്ളതിൽ ഏറ്റവും വലിയ ഹിറ്റ് ആയ സിനിമയാണ്. പക്ഷെ റിലീസ് ചെയ്ത ദിവസങ്ങളിൽ ആളില്ലാത്തതിനാൽ തീയേറ്ററുകൾ പടം മടക്കാൻ തീരുമാനിച്ചിരുന്ന ദിവസങ്ങളിൽ ഒന്നിൽ തികച്ചും യാദൃശ്ചികമായി ഒരാൾ ഡെന്നിസ് ജോസഫിനെ വിളിക്കുന്നു, കഥ നന്നായിട്ടുണ്ട്, കൂടുതൽ പരസ്യം കൊടുത്താൽ വിജയിക്കും എന്ന് പറയുന്നു. ആ പ്രേക്ഷകന്റെ (ഡോക്ടർ കാലടി നന്പൂതിരി) അഭിപ്രായവും ചേർത്ത് വീണ്ടും പരസ്യം വരുന്നു, ആളുകൾ ഇരച്ചു കയറാൻ തുടങ്ങുന്നു. ബാക്കി ചരിത്രം.
 
ഈ ആരും അറിയാത്ത പ്രേക്ഷകന്റെ കഥ ഒന്നും അദ്ദേഹത്തിന് ഇപ്പോൾ വിളിച്ചു പറയേണ്ട കാര്യമില്ല. സ്വന്തം എഴുത്തിന്റെ പ്രതിഭയാണെന്നൊക്കെ വേണമെങ്കിൽ പറയാം. അതാണ് പൊതുവെ സെലിബ്രിറ്റി രീതി. ആരും എതിർക്കുകയൊന്നും ഇല്ല.
 
ഇതേ സിനിമയെ പറ്റി എങ്ങനെയാണ് ആ ചിത്രം സൂപ്പർ ഹിറ്റ് ആയതെന്നതിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരാളുടെ ഇന്റർവ്യൂവും ഞാൻ കണ്ടു (യുട്യൂബ് എൻറെ മുന്നിൽ എത്തിച്ചതാണ്). അതിൽ കാലടി നന്പൂതിരി പോയിട്ട് ഡെന്നിസ് ജോസഫ് പോലുമില്ല. എൻറെ തല, എൻറെ ഫുൾ ഫിഗർ. അതാണ് സിനിമയുടെ ശരാശരി രീതി.
 
ഇതാണ് ശ്രീ. ഡെന്നിസ് ജോസഫിന്റെ ഇന്റർവ്യൂ വീണ്ടും വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്. 1980 കളിലും 90 കളിലും മലയാളത്തിലെ തീയേറ്ററുകളിൽ ഹിറ്റുകൾക്ക് പിന്നാലെ ഹിറ്റുകൾ സൃഷ്ടിച്ച ഒരാൾ സ്വന്തം പ്രതിഭയെ പൊക്കിയടിക്കാതെ മറ്റുള്ളവരെ പ്രമോട്ട് ചെയ്യുന്നത് എന്നെ അന്പരപ്പിക്കുന്നുണ്ട്. പൊതുവെ തന്നത്താൻ തള്ളുന്ന എന്നെ ഇത് നാണിപ്പിക്കുന്നുമുണ്ട് !
 
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടി നിങ്ങൾക്കൊക്കെ അറിയാമായിരിക്കുമല്ലോ. കണ്ടിട്ടില്ലെങ്കിൽ ഇന്ന് തന്നെ കാണുക. ഡെന്നിസ് ജോസഫിന്റെ പരിപാടി രണ്ടാമതും കണ്ടാൽ ഒരു നഷ്ടവും ഇല്ല.
 
അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും പറ്റാത്തതിലാണ് നഷ്ടബോധം
 
മുരളി തുമ്മാരുകുടി
Thank you Safari TV

Leave a Comment