പൊതു വിഭാഗം

അതിരു കടക്കുന്നതിന്റെ ആത്മവിശ്വാസം

ഇപ്പോൾ ഓരോ വീക്കെന്റിലും ആരെങ്കിലുമൊക്കെ മലയാളി സുഹൃത്തുക്കൾ ജനീവയിൽ വരുന്നുണ്ട്. പലരും യൂറോപ്പിൽ മറ്റെവിടെയെങ്കിലും പോകുന്നതിന്റെ കൂട്ടത്തിൽ ‘എന്നാൽ മുരളിച്ചേട്ടനെ ഒന്ന് കണ്ടു കളയാം’ എന്ന് പ്ലാൻ ചെയ്ത് വരുന്നതുമാണ്. വൈകീട്ട് സ്റ്റാർ ബക്സിൽ പോയി അവരെ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. കാപ്പിയുടെ കൂടെ ഒരു പരിപ്പുവടയോ പപ്പടവടയോ ഉണ്ടായിരുന്നേൽ ഉഷാറായേനെ. (Minu Pauline പ്ലീസ് നോട്ട്, ജനീവയിൽ ഒരു ഫ്രാഞ്ചൈസി തുറക്കൂ)

ഈ വർഷം ജനീവയിൽ വന്നത് കൂടാതെ ലോകത്ത് അനവധി ഇടങ്ങളിൽ പോയി ധാരാളം മലയാളികളുമായി ചായ് പേ ചർച്ച നടത്തി. കൂടുതലും ആളുകൾ എന്നെക്കാൾ പ്രായം കുറഞ്ഞ തലമുറയാണ്. അവരെ കാണുന്നതും സംസാരിക്കുന്നതും ഏറെ ഊർജ്ജം പകരുന്ന ഒന്നാണ്.

ഇന്ത്യയിൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ജനീവയിലും മറ്റു വിദേശ രാജ്യങ്ങളിൽ എത്തുന്നവരും മലയാളികളും തമ്മിൽ വലിയൊരു മാറ്റമുണ്ട്. പൊതുവെ നഗരങ്ങളിൽ നിന്നും സമ്പന്ന കുടുംബങ്ങളിൽ നിന്നും ഉള്ളവരാണ് മറ്റു സ്ഥലങ്ങളിൽ നിന്നും വിദേശങ്ങളിൽ എത്തിപ്പറ്റുന്നത്. പക്ഷെ കേരളത്തിലെ കാര്യം അങ്ങനെയല്ല.

ഞാൻ കാണുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും വളരെ സാധാരണമായ ബാക്ഗ്രൗണ്ടിൽ നിന്നും വരുന്നവരാണ്, പലപ്പോഴും ഗ്രാമങ്ങളിൽ നിന്നും. അത്യദ്ധ്വാനം, ഇടയിൽ എവിടെയെങ്കിലും നല്ലൊരു അധ്യാപകനോ ബന്ധുവോ സുഹൃത്തോ വഴികാട്ടിയാകുന്നു, അങ്ങനെ വിശാലമായ ലോകത്ത് എത്തിപ്പറ്റുന്നു. പ്രൊഫഷണൽ രംഗങ്ങളിൽ ലോകത്ത് മറ്റാരുടെയും പിന്നിലല്ല നമ്മൾ എന്നും, വിജയം നേടാൻ ഇന്ത്യയിലെ അത്രയും ബുദ്ധിമുട്ട് പുറത്തില്ല എന്നും അവർ മനസിലാക്കുന്നു, ആത്മവിശ്വാസം ഉയരുന്നു.

ഈ വർഷം നടത്തിയ മുപ്പതു ചായ് പേ ചർച്ചകളിലും നിന്ന് എനിക്ക് വ്യക്തമായ ഒരു കാര്യം, പണമോ കഴിവിന്റെ അഭാവമോ അല്ല വേണ്ട സമയത്ത് വേണ്ടത്ര നിർദ്ദേശങ്ങൾ നൽകാൻ ആളില്ലാത്തതും തൊട്ടടുത്ത് നമുക്ക് താരതമ്യം ചെയ്യാൻ പറ്റുന്ന ഒരു റോൾ മോഡൽ ഇല്ലാത്തതുമാണ് കൂടുതൽ കുട്ടികൾക്ക് വിശാലമായ ലോകത്തെ അവസരങ്ങൾ ഉപയോഗിക്കാൻ തടസ്സമായി നിൽക്കുന്നത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും (നഗരത്തിലും) വളരുന്ന ഓരോ കുട്ടിക്കും എത്തിപ്പറ്റാവുന്ന ലോകമാണ് ഇപ്പോൾ നമുക്ക് ചുറ്റുമുള്ളത്. അതിനുള്ള അല്പം അറിവ്, കുറച്ചു ബന്ധങ്ങൾ, കുറേ ആത്മവിശ്വാസം ഇതൊക്കെ കൊടുത്താൽ മാത്രം മതി. പുറത്തുള്ള ഓരോ മലയാളിയും മറ്റുള്ളവർക്ക് മാർഗനിർദ്ദേശവും മറ്റു സഹായങ്ങളും നൽകാൻ തയ്യാറുമാണ്. അവരെല്ലാം നല്ല റോൾ മോഡലുകളാണ്. നാട്ടിലെ കുട്ടികളുടെ ആവശ്യങ്ങളും നാട്ടിന് പുറത്തുള്ളവരുടെ അനുഭവങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെടുത്താം എന്നതാണ് പ്രശ്നം. സമൂഹമാധ്യമത്തിന്റെ കാലത്ത് ഇതൊരു സാങ്കേതിക പ്രശ്നമല്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസ വകുപ്പും കൗൺസിലും നോർക്കയും ഇത്തരം കാര്യങ്ങൾ ചിന്തിക്കണം.

സർക്കാർ കാര്യമല്ലേ, സമയം എടുക്കും. അതിനാൽ വേഗത്തിൽ നടപ്പാക്കാവുന്ന ചില ആശയങ്ങൾ എനിക്കുമുണ്ട്. രണ്ടായിരത്തി പതിനെട്ടിൽ ചർച്ചകളെക്കാൾ കൂടുതൽ പ്രവർത്തി ആയിരിക്കും. വഴിയേ പറയാം…

Leave a Comment