പൊതു വിഭാഗം

സുക്കറണ്ണന് വീണ്ടും നന്ദി, നിങ്ങൾക്കും.

ഡിസംബർ മുപ്പത്തി ഒന്നിന് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കഴുത്തിന് താഴെ തളർന്നുപോയ ഒരു കുട്ടിയെ സഹായിക്കണമെന്ന ആവശ്യവുമായി ഞാനൊരു പോസ്റ്റ് ഇട്ടിരുന്നല്ലോ.
 
അതിശയകരമായ പ്രതികരണമാണ് ആ പോസ്റ്റിന് ഉണ്ടായത്. രണ്ടായിരത്തി അറുന്നൂറ് ആളുകളാണ് ആ കുട്ടിയെ സഹായിക്കാൻ തയ്യാറാണെന്ന് പറഞ്ഞു മുന്നോട്ടു വന്നത്. അതിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ളവരായി വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർ വരെ ഉണ്ടായിരുന്നു. സാമ്പത്തിക സഹായം കൂടാതെ റിഹാബിലിറ്റേഷൻ കാര്യത്തിൽ ഉപദേശം തരാം എന്ന് പറഞ്ഞവർ ഉണ്ടായിരുന്നു, നേരിട്ട് കുട്ടിയെ കണ്ട് സഹായങ്ങൾ നൽകാം എന്ന് വാഗ്ദാനം ചെയ്തവർ ഉണ്ടായിരുന്നു.
 
ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും സിനിമയുടെയും ഒക്കെ പേരിൽ അടിപിടി കൂടിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് ലോകത്തെ എങ്ങനെയാണ് പോസിറ്റീവ് ആയ ഒരു കാര്യത്തിലേക്ക് തിരിച്ചു വിടാൻ സാധിക്കുന്നത് എന്നതിന്റെ ഒരു നല്ല ഉദാഹരണം ആയിരുന്നു ഇത്.
 
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നൽകിയത് ഞാൻ ഈ അപകടത്തിൽപ്പെട്ട കുട്ടിയുടെ ഒരു വിവരവും (പേരോ, നാടോ) നൽകിയില്ല, എന്നിട്ടും ആയിരങ്ങൾ സഹായിക്കാൻ മുന്നോട്ട് വന്നു എന്നതാണ്. എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളും ഫോളോവേഴ്സും എത്രമാത്രം വിശ്വാസമാണ് എന്നിൽ അർപ്പിച്ചിട്ടുള്ളത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. നിങ്ങളുടെ സ്നേഹം ഞാൻ സിദ്ധാർത്ഥിന്റെ എക്സിബിഷന്റെ സമയത്ത് നേരിൽ കണ്ടതാണ്. ഇതെല്ലാം എന്റെ ഉത്തരവാദിത്തം കൂട്ടുകയാണ്.
 
സഹായിക്കാം എന്ന് പറഞ്ഞ രണ്ടായിരത്തി അറുന്നൂറ് പേരിൽ നിന്ന് ഇരുന്നൂറ്റി അൻപത് പേർക്കാണ് ഞാൻ കുട്ടിയുടെ അക്കൗണ്ട് വിവരങ്ങൾ അയച്ചത്. അതും പടിപടിയായി. ഓരോ ദിവസവും എത്ര പണം അക്കൗണ്ടിൽ വന്നു എന്ന് കുട്ടിയുടെ സഹോദരി എന്നെ അറിയിച്ചു. ഇന്ന് വൈകീട്ട് ആയപ്പോഴേക്കും നാല് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി അറുന്നൂറ്റിമുപ്പത്തിരണ്ട്‌ രൂപ (Rs. 4,71,632) അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ ആയിരുന്നല്ലോ നമ്മുടെ ടാർഗറ്റ്. ഇനിയും അക്കൗണ്ട് നമ്പർ കിട്ടിയിട്ടുള്ളവരും പണം അയക്കാൻ പ്ലാൻ ചെയ്യുന്നവരും കൂടി അത് ചെയ്യുന്നതോടെ നമ്മുടെ ടാർഗറ്റിൽ എത്തും. സഹായം ചെയ്തവർക്കും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തവർക്കും നന്ദി. തീർച്ചയായും ഞാനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യും. അടുത്ത തവണ അവരെ പോയി കാണും, പഠനത്തിലും ചികിത്സയിലും, അതിനു ശേഷം ഒരു തൊഴിൽ നേടിക്കൊടുക്കുന്നതിലും തീർച്ചയായും എനിക്കാവുന്നത് പോലെ സഹായിക്കും.
 
കഴിഞ്ഞ ആറ് മാസമായി പല വഴികളും നോക്കി പലരും ശ്രമിച്ചതിന് ശേഷമാണ് ആ കുട്ടിയുടെ സഹോദരി എന്റെ അടുത്ത് എത്തിയത്. പോസ്റ്റ് ഇടുന്നതിന് മുൻപ് തന്നെ ഈ കാര്യത്തിൽ ഫേസ്ബുക്കിൽ നിന്നും നല്ല പ്രതികരണം ഉണ്ടാകുമെന്നും അതുകൊണ്ടു തന്നെ വീൽചെയർ വാങ്ങുന്ന കാര്യത്തിൽ മുന്നോട്ടു പൊയ്‌ക്കോളാനും ഞാൻ പറഞ്ഞിരുന്നു. കാര്യങ്ങൾ ഇത്ര വേഗത്തിൽ പുരോഗമിച്ചതിൽ ആ കുടുംബം മൊത്തം സന്തുഷ്ടരാണ്. ഇന്ന് രാവിലെ ആ കുട്ടിയുടെ സഹോദരി എഴുതിയ വാക്കുകൾ താഴെ കുറിക്കുന്നു.
————–
Dear Sir,
 
“I really don’t know how to thank you.
I was in dark before, but now I know there are people who can be the light of others.
Hope we will make a better world for her.
 
It is 4,47,632.92 now!!!! Statement attached.
 
A chance to meet you would be my greatest pleasure!
————–
 
മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശമാനം ആക്കിയത് ഞാൻ മാത്രമല്ല, നിങ്ങളും കൂടിയാണ്. സന്തോഷം പങ്കുവെക്കുന്നു. നന്ദിയും.
 
ഒരു രോഗം ഉണ്ടാകുമ്പോഴോ അപകടം സംഭവിക്കുമ്പോഴോ വേണ്ട വൈദ്യസഹായം ലഭ്യമാക്കാൻ സാമ്പത്തികമായി സാധിക്കാത്തതിനാൽ ഒരാളുടെ ജീവിതവും കുടുംബത്തിന്റെ സാമ്പത്തികഭദ്രതയും തകർന്നു പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഒരിക്കലും ഒരു സംസ്‌കൃതമായ സമൂഹത്തിന് ചേർന്നതല്ല. സത്യത്തിൽ ഇത് സർക്കാർ ഒരു നാഷണൽ ഹെൽത്ത് സർവീസ് വഴിയോ നിർബന്ധ ഇൻഷുറൻസ് വഴിയോ ഉറപ്പാക്കേണ്ടതാണ്. അതിനാണ് നാം എല്ലാവരും ശ്രമിക്കേണ്ടത്. അതുണ്ടാവുന്നത് വരെ പൊതുസമൂഹം ഇടപെടുകയേ മാർഗ്ഗമുള്ളൂ.
 
ആവശ്യത്തിന് പണം കിട്ടിയത് കൊണ്ട് സഹായിക്കാം എന്നേറ്റ ബഹുഭൂരിപക്ഷം ആളുകളോട് ഇത്തവണ സംഭാവന ആവശ്യപ്പെടില്ല. ഞാൻ മുൻപ് പറഞ്ഞത് പോലെ നിങ്ങൾ എല്ലാവരും എത്രയോ നല്ല കാര്യങ്ങൾക്ക് പണം മുടക്കുന്നു. അത് തുടരുക. വല്ലപ്പോഴും ഒക്കെ ഞാൻ വീണ്ടും വരും, അപ്പോൾ കഴിയുന്നതു പോലെ സഹായിക്കുക. കൂടുതൽ വെളിച്ചം ഉണ്ടാകട്ടെ.
 
മുരളി തുമ്മാരുകുടി.

1 Comment

Leave a Comment