പൊതു വിഭാഗം

മൈത്രേയൻ കഥ പറയുന്പോൾ…

കഴിഞ്ഞ പത്തുവർഷത്തിനിടക്ക് കേരളത്തിലെ അനവധി ഐ എ സ് ഉദ്യോഗസ്ഥരെ അടുത്ത് പരിചയപ്പെടാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അതിൽ പുതിയതായി വരുന്ന ഐ എ എസ് ട്രെയിനി മുതൽ ചീഫ് സെക്രട്ടറി വരെയുണ്ട്.

പൊതുവെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഏറെ ആശയങ്ങൾ ഉള്ളവരും, പുതിയ സാങ്കേതിക വിദ്യകൾ അറിയുന്നവരുമായിരിക്കും. പുതിയ ആശയങ്ങൾ കേൾക്കാനും സാങ്കേതിക വിദ്യകളെ പറ്റി അറിയാനും അവർക്ക് വലിയ താല്പര്യവുമുണ്ട്. നാളത്തെ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവും സാധ്യതയുമുള്ള ആളുകളാണ് ഇവർ എന്നതിനാൽ അവരോട് സംസാരിക്കാനുള്ള ഒരവസരവും ഞാൻ വെറുതെ കളയാറില്ല.

ഉദ്യോഗസ്ഥർ കൂടുതൽ മുകൾത്തട്ടിലേക്ക് പോകുന്തോറും പുതിയ ആശയങ്ങളോടുള്ള വിമുഖതയും കൂടുന്നു. റിട്ടയർ ആകാറാകുന്പോഴേക്കും ഒരു വിവാദവുമുണ്ടാകാതെ സമാധാനമായി പെൻഷൻ വാങ്ങുക, ശേഷം എന്തെങ്കിലും ജോലി തരമാക്കുക എന്നതിലായിരിക്കും ശ്രദ്ധ. അതുകൊണ്ട് പുതിയ കാര്യങ്ങൾ, പ്രത്യേകിച്ചും അല്പമെങ്കിലും റിസ്‌ക്കുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാതിരിക്കുക എന്നതാണ് പൊതു രീതി. അല്ലാത്തവരില്ല എന്നല്ല, കുറവാണ്.

അത്തരത്തിൽ ഏറ്റവുമുയർന്ന തലത്തിൽ എത്തിയിട്ടും പുതിയ ആശയങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ശ്രീ. ശിവശങ്കർ ഐ എ എസ്.

ഇപ്പോൾ അദ്ദേഹത്തെ അറിയാത്തവരായി കേരളത്തിൽ ആരുമില്ലല്ലോ.

ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീയർമാരുടെ സംസ്ഥാന സമ്മേളനത്തിൽ സുരക്ഷയെ പറ്റി ഒരു സെമിനാറിന് പോയപ്പോളാണ്. ബോർഡിൽ ഒരു വർഷം രണ്ടു ഡസനിലേറെ തൊഴിലാളികൾ ഷോക്കേറ്റ് മരിക്കുന്നു. ഇത് ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ബോർഡിൽ ഒരു സേഫ്റ്റി ഡിപ്പാർട്ടമെന്റ് പോലും ഇല്ല. ഇതിനെ ഞാൻ രൂക്ഷമായി വിമർശിച്ചു, അദ്ദേഹം അതൊക്കെ കേട്ടിരുന്നു. പിന്നീട് എന്നെ വിളിച്ച് ഈ വിഷയങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കി അദ്ദേഹത്തിനാവുന്നത് ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട്, റോബോട്ടിക്‌സ് ഉൾപ്പടെ, കാര്യങ്ങൾ ചെയ്യാൻ സാധിച്ചാൽ എങ്ങനെയാണ് കൂടുതൽ സുരക്ഷ ഉണ്ടാക്കാൻ പറ്റുന്നത് എന്നതെല്ലാം പിന്നീടും സംസാരിച്ചു.

അതിന് ശേഷം ഞാൻ അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുണ്ട്. പുതിയ ഏത് ആശയം ഉണ്ടെങ്കിലും കേൾക്കാൻ അദ്ദേഹത്തിന് താല്പര്യമുണ്ട്. പോരാത്തതിന് ഓരോ തവണ കാണുന്പോഴും കുറെ പുതിയ ആശയങ്ങൾ പറയും. കുറച്ച് സ്വന്തവും ബാക്കി മറ്റുള്ളവരിൽ നിന്നു ലഭിക്കുന്നതും. ഓരോന്നിനെ പറ്റി പറയുന്പോഴും അദ്ദേഹത്തിന് കൊച്ചു കുട്ടിയെ പോലെ ആവേശമാണ്.

സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിൽ നടത്തിയ ഒരു പരിപാടിക്ക് കളമശേരിയിൽ പോയപ്പോഴും ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. പുതിയ ആശയങ്ങളുമായി വരുന്ന വിദ്യാർഥികൾ തൊട്ടുള്ളവരുടെ മധ്യത്തിലാണ് അദ്ദേഹം. അധികാരത്തിന്റെ ജാഡകളോ എല്ലാം അറിയാമെന്ന ഭാവമോ ചുറ്റും ആൾക്കൂട്ടമോ ഇല്ല. നിർമ്മിത ബുദ്ധി മുതൽ റോബോട്ടിക്‌സ് വരെയുള്ള വിഷയങ്ങളിൽ കേരളത്തിന്റെ സാധ്യതകളെ പറ്റിയും കേരളത്തിലെ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റത്തിൽ നിന്നും ഒരു ബില്യൺ ഡോളർ കന്പനി ഉണ്ടായി വരുന്നതിനെ പറ്റിയൊക്കെ അന്നും ആവേശത്തോടെ സംസാരിച്ചു.

ഇന്നിപ്പോൾ അദ്ദേഹം വിവാദങ്ങളുടെയും മാധ്യമ വിചാരണകളുടെയും നടുവിലാണ്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ, എത്ര സത്യം ഉണ്ട് എന്നൊന്നും അറിയാനുള്ള ഒരു യന്ത്രവും എന്റെയടുത്തില്ല. ഇതിൽ സത്യം എവിടെയാണെന്ന് കാലം തെളിയിച്ചുകൊള്ളും, അതുകൊണ്ട് അക്കാര്യത്തിൽ ജഡ്ജെമെന്റൽ ആകേണ്ട ഒരുത്തരവാദിത്തവും എനിക്കില്ല. നമ്മൾ ഇവിടെത്തന്നെ ഉണ്ടല്ലോ.

ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്പോളാണ് മൈത്രേയൻ ഐ എസ് ആർ ഓ ചാരക്കേസിന്റെ കഥ പറയുന്നത്. അനുഭവങ്ങളിൽ നിന്നാണ്, കേട്ട് കേൾവികളിൽ നിന്നല്ല, മൈത്രേയൻ  എപ്പോഴും സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അതിനൊരു ശക്തിയുണ്ട്.

എങ്ങനെയാണ് ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായ ഒരു കേസ് പോലീസുകാർ, മാധ്യമങ്ങൾ, ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ ഇവരെല്ലാം ചേർന്ന് ഉരുട്ടി വലുതാക്കിയത്, എങ്ങനെയാണ് ഓരോരുത്തരും അവരുടെ വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ  കുറച്ചു മനുഷ്യരുടെ ജീവിതത്തിന് മുകളിൽ റോഡ് റോളർ കയറിയത്, എങ്ങനെയാണ് മാധ്യമങ്ങളുടെ കഥമെനയലിൽ കേരളസമൂഹം വീണുപോയത് എന്നെല്ലാം മൈത്രേയൻ പറയുന്നു.

ഇപ്പോൾ വിവാദങ്ങളുടെ മറ്റൊരു പെരുമഴക്കാലത്ത്, മാധ്യമ വിചാരണയുടെ കാലത്ത്, മാധ്യമ കഥകളുടെ ഒഴുക്കിലും ചുഴിയിലും പെട്ട് ആളുകൾ നട്ടം തിരിയുന്ന കാലത്ത് മൈത്രേയന്റെ വാക്കുകൾ നമ്മൾ കേട്ടിരിക്കേണ്ടതാണ്.

മുരളി തുമ്മാരുകുടി

Leave a Comment