പൊതു വിഭാഗം

മന്ത്രിമാരെ പഠിപ്പിക്കുന്പോൾ…

ഇത്തവണ നാട്ടിലുള്ള ഒരു ദിവസം അവിചാരിതമായി ശ്രീ ജയകുമാർ (ഐ. എം. ജി. ഡയറക്ടർ) വിളിച്ചു.
 
“ഇപ്പോൾ നാട്ടിലുണ്ടോ?”
 
“ഉണ്ട്”
 
എന്നാണ് പോകുന്നത്?”
 
“ഈ മാസം 13 ന്.”
 
“അത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാൻ പറ്റുമോ? ഇനി ഞാൻ കാര്യം പറയാം. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും വേണ്ടി ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ മുരളി ഒരു ക്ലാസ് എടുക്കണം. നേരിട്ടെടുക്കുന്നതാണല്ലോ കൂടുതൽ നല്ലത്.”
 
“നല്ല കാര്യമാണ്. വരാൻ സന്തോഷമേയുള്ളൂ. പക്ഷെ ഒരു മാസമായി നാട്ടിലാണ്. അഫ്ഘാനിസ്ഥാൻ പ്രശ്‌നമുൾപ്പെടെയുള്ള നിരവധി അത്യാവശ്യ കാര്യങ്ങൾ ഉള്ളതുകൊണ്ട് തിരിച്ചു പോകണം. ക്ലാസ് ഓൺലൈനായി എടുക്കാമല്ലോ.”
 
“ശരിയാണ്. ഇപ്പോൾ എല്ലാം ഓൺലൈനായി ചെയ്യാമല്ലോ. ഞാൻ എഴുതാം.”
 
ജനീവയിലെത്തി രണ്ടു ദിവസത്തിനകം അദ്ദേഹത്തിന്റെ മെയിൽ വന്നു. സെപ്തംബർ 20 നാണ് പ്രോഗ്രാം. ‘ദുരന്തകാലത്തെ നേതൃത്വം’ എന്ന വിഷയമാണ് സംസാരിക്കേണ്ടത്. ഈ വിഷയത്തിൽ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തേണ്ടത് എന്നതിന്റെ ഒരു കരടുരൂപവും അദ്ദേഹം അയച്ചുതന്നു.
 
അര മണിക്കൂറിനകം തന്നെ ട്രെയിനിങ്ങിന്റെ സാങ്കേതികവശങ്ങൾ അറിയിച്ചുകൊണ്ട് ഐ. എം. ജി.യിൽ നിന്നും മെയിൽ വന്നു. സാധാരണഗതിയിൽ ട്രെയിനിങ്ങിന്റെ തലേദിവസം നമ്മൾ വിളിച്ചു ചോദിക്കുന്പോഴാണ് പലപ്പോഴും സൂം ലിങ്ക് കിട്ടുന്നത്. പ്രൊഫഷണലായാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് അപ്പോഴേ മനസിലായി.
 
കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും ഒരുമിച്ച് ഒരു മണിക്കൂർ സമയം മുന്നിൽ കിട്ടിയാൽ ദുരന്തത്തെ പറ്റി എന്താണ് അവരോട് സംസാരിക്കേണ്ടത്? എന്നതായിരുന്നു പിന്നത്തെ ചിന്ത.
 
മന്ത്രിമാരെ ദുരന്തങ്ങളെപ്പറ്റി പഠിപ്പിക്കേണ്ട കാര്യമില്ല. ദുരന്തനിവാരണത്തിൽ അവരെ വിദഗ്ദ്ധരാക്കുകയല്ല ക്ലാസിന്റെ ലക്ഷ്യം. ദുരന്ത ലഘൂകരണവും ദുരന്ത നിവാരണവുമെല്ലാം പ്രൊഫഷണൽ ജോലിയാണ്. ദുരന്ത സമയത്ത് മന്ത്രിമാർ എന്ത് ചെയ്യണമെന്നതാണ് പ്രധാന വിഷയം.
 
ഏതൊക്കെ ദുരന്തങ്ങളാണ് കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളത് എന്ന് മന്ത്രിമാരോട് പറയാനുള്ള അവസരമാണ്.
 
പ്രകൃതി ദുരന്തങ്ങൾക്ക് അപ്പുറം മറ്റ് ദുരന്തങ്ങളുണ്ട്. അതും കൈകാര്യം ചെയ്യേണ്ടത് ഇതേ മന്ത്രിമാരാണ്. അതുകൊണ്ടുതന്നെ ക്ലാസ് പ്രകൃതിദുരന്തങ്ങളിലേക്ക് മാത്രമായി ഒതുക്കരുതെന്നു കരുതി.
 
കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ തന്നെ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അത് ഇനിയും കൂടാൻ പോകുകയാണ്. എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനം ഒരു ദുരന്തമാകാതെ നോക്കുന്നത്?
 
ഓരോ വർഷവും 8000 ആളുകൾ കേരളത്തിൽ മരിക്കുന്ന ദുരന്തം എങ്ങനെയാണ് നേതൃത്വം കൈകാര്യം ചെയ്യേണ്ടത്?
 
ഇത്രയുമാണ് പറയാൻ പ്ലാനിട്ടത്. കൂടാതെ ലോകത്തെ വിവിധ വലിയ ദുരന്തങ്ങളിൽ നേതാക്കൾ പെരുമാറിയ രീതി ഉദാഹരണമായി പറയാമെന്നും കരുതി.
 
പവർ പോയിന്റ് ഉണ്ടാക്കി ഒന്നോ രണ്ടോ പ്രാവശ്യം പ്രാക്ടീസ് ചെയ്തു. 19 ന് ഐ. എം. ജി. യുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രൊജക്ടറും മൈക്കും ടെസ്റ്റ് ചെയ്തു. പവർ പോയിന്റിലെ അക്ഷരത്തിന്റെ വലിപ്പം ഏറ്റവും പിന്നിലെ വരിയിലിരിക്കുന്നവർക്കും കാണാൻ വിധത്തിലാക്കി.
 
(ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ല. എന്താണ് ഇത്ര പറയാനുള്ളത് എന്ന് ചിലർക്ക് തോന്നാം. പൊതുവിൽ കേരളത്തിലെ അനുഭവം അതല്ല).
 
20 ന് രാവിലെ 11.15 നാണ് സെഷൻ പറഞ്ഞിരുന്നത്. ജനീവയിൽ രാവിലെ 7.45.
 
സെഷൻ പതിനഞ്ച് മിനിറ്റ് വൈകും. കാരണം കഴിഞ്ഞ സെഷന്റെ ബ്രെക്ക് ആയിട്ടില്ല. ഐ. എം. ജി. യിൽ നിന്ന് സന്ദേശമെത്തി.
 
ജനീവയിലെ എട്ട് മണിക്ക് ക്ലാസ് ആരംഭിച്ചു. എല്ലാ മന്ത്രിമാരും ഹാജരുണ്ട്. സാമൂഹിക അകലം പാലിച്ച് പാഡും പേപ്പറും ഒക്കെയായി നല്ല കുട്ടികളായാണ് എല്ലാവരും ക്ളാസിലിരിക്കുന്നത്.
 
ഒരു ദുരന്തം കൈകാര്യം ചെയ്യുന്നതിന്, ദുരന്തത്തിന്റെ സാങ്കേതികമായ നിയന്ത്രണം, ദുരന്ത വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നത് എന്നിങ്ങനെ രണ്ടു തലങ്ങളുണ്ട്. നേതാക്കൾ പലപ്പോഴും ഇതിൽ ഏതെങ്കിലും ഒരു കാര്യത്തിന് മാത്രം ഊന്നൽ കൊടുക്കുന്നു. അത് ദുരന്ത നിവാരണ രംഗത്ത് നേതൃത്വം പരാജയപ്പെട്ടു എന്ന തോന്നലുണ്ടാകുന്നു. സാങ്കേതികമായി നന്നായി കൈകാര്യം ചെയ്ത് ദുരന്തങ്ങളുടെ പേരിൽ പോലും നന്നായി ആശയവിനിമയം നടത്താത്തതുകൊണ്ട് നേതൃത്വം കുഴപ്പത്തിലായ ഉദാഹരണങ്ങളുണ്ട്.
 
വേഗതയുടെ പ്രാധാന്യം: ദുരന്തകാലത്ത് ഏറ്റവും പ്രധാനം വേഗതയാണ്. ദുരന്ത നിവാരണം തുടങ്ങുന്നതും വിവരങ്ങൾ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതും ഏറ്റവും വേഗത്തിലായിരിക്കണം. ദുരന്തം സാങ്കേതികവിദഗ്ദ്ധർ കൈകാര്യം ചെയ്യുമെങ്കിലും ദുരന്തത്തിന്റെ തുടക്കം മുതൽ നേതൃത്വം വിഷയത്തിൽ പ്രകടമായി ഇടപെടണം. 2006 ലെ കത്രീന കൊടുങ്കാറ്റിന്റെ സമയത്ത് മൂന്ന് ദിവസത്തേക്ക് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് തന്റെ അവധിക്കാലം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിൽ എത്തിയില്ല. ദുരന്ത നിവാരണ രംഗത്തെ വലിയൊരു തെറ്റായിട്ടാണ് ഈ ഉദാഹരണം കരുതപ്പെടുന്നത്.
 
ദുരന്തമുഖത്തേക്ക് ഓടിയെത്തരുത്: ഒരു ദുരന്തമുണ്ടായാൽ അവിടേക്ക് ഓടിയെത്താനാണ് പലപ്പോഴും മന്ത്രിമാർക്ക് തോന്നുന്നത്. ഇതത്ര നല്ല ശീലമല്ല. ദുരന്തം കൈകാര്യം ചെയ്യുക എന്നത് പ്രൊഫഷണലായി ചെയ്യേണ്ട ഒന്നാണ്. അതിന്റെ നടുവിലേക്ക് മന്ത്രിമാർ ഓടിയെത്തുന്നത് ദുരന്ത നിവാരണത്തെ സഹായിക്കില്ല. ഉദ്യോഗസ്ഥർ ദുരന്ത നിവാരണത്തിന് ചിലവാക്കേണ്ട സമയവും ശ്രദ്ധയും മന്ത്രിമാരെ ബ്രീഫ് ചെയ്യാൻ ഉപയോഗിക്കേണ്ടി വരും. എവിടെയിരുന്നാണോ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന മെഷിനറി ചലിപ്പിക്കാൻ സാധിക്കുന്നത് അവിടെയായിരിക്കണം മന്ത്രിമാരുടെ സ്ഥാനം. അവിടെ നിന്ന് ജനങ്ങളുമായി വിവരങ്ങൾ പങ്കുവെക്കുക.
 
ദുരന്ത സമയത്ത് അസത്യങ്ങളും അർദ്ധ സത്യങ്ങളും പറപറക്കും. അതിന് ഇടവരാതെ യഥാർത്ഥ വിവരങ്ങൾ സംയോജിതമായി നൽകേണ്ടത് പ്രാധാന്യമുള്ളതാണ്. സ്ഥിരമായി മാധ്യമങ്ങളെ കാണുകയും വിശദമായി വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതാണ് ദുരന്തകാലത്തെ ശരിയായ രീതി. ഇക്കാര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി ഒരു ലോകമാതൃകയാണ്.
 
ദുരന്ത ബാധിതരെ സന്ദർശിക്കണം: ദുരന്തത്തിന്റെ ആഘാതം കുറയുന്ന മുറയ്‌ക്ക്‌ മന്ത്രിമാർ ദുരന്ത പ്രദേശം സന്ദർശിക്കണം. ദുരന്തം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ട് അഭിനന്ദിക്കുകയും അവർക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയും വേണം. ദുരന്തത്തിൽ അകപ്പെട്ടവരെയും രക്ഷപെട്ടവരെയും സന്ദർശിച്ച് ആശ്വസിപ്പിക്കുന്നതും നല്ല കാര്യമാണ്. തായ്‌ലൻഡിലെ ഗുഹയിൽ കുട്ടികൾ കുടുങ്ങിക്കിടന്ന രാത്രിസമയത്ത് മാധ്യമശ്രദ്ധയിലൊന്നും പെടാതെയാണ് അവിടുത്തെ നേതൃത്വം ഓപ്പറേഷൻ കൺട്രോൾ സെന്ററിലും ഗുഹയിലുമുണ്ടായിരുന്ന കുട്ടികളുടെ വീടുകളിലും എത്തിയത്. അത് ഒരു മാതൃകയായിട്ടാണ് കരുതപ്പെടുന്നത്.
 
കൊടുങ്കാറ്റിൽ ആന പാറുന്പോൾ: ദുരന്ത സമയത്ത് അതിൽ നിന്നും രക്ഷപെട്ടവരോട് സംസാരിക്കുന്പോൾ അകമഴിഞ്ഞ അനുകന്പയും തന്മയീഭാവവും ആവശ്യമാണ്. 2010 ലെ ഗൾഫ് ഓഫ് മെക്സിക്കോ ഓയിൽ സ്‌പില്ലിന്റെ സമയത്ത് ഈ പ്രശ്നം ഏറ്റവും വേഗത്തിൽ തീർക്കാനാണ് കന്പനിക്ക് ആഗ്രഹം എന്ന് പറയാൻ ബി. പി. യുടെ മാനേജിങ് ഡയറക്ടർ ഉപയോഗിച്ചത് ‘I want my life back too’ (എനിക്കും എന്റെ ജീവിതം തിരികെ കിട്ടണം) എന്നാണ്. അനവധി ആളുകൾ മരിച്ച, അനേകായിരം കടൽജീവികളുടെ ജീവൻ നഷ്ടപ്പെട്ട ഒരു അപകടസമയത്ത് സ്വന്തം സ്വസ്ഥജീവിതത്തെക്കുറിച്ച് ആകുലപ്പെടുന്ന ഒട്ടും സെൻസിറ്റിവിറ്റിയില്ലാത്ത പ്രസ്താവനയായാണ് ഇപ്പോൾ അത് കരുതപ്പെടുന്നത്. അദ്ദേഹം അങ്ങനെ ചിന്തിച്ചാലും ഇല്ലെങ്കിലും.
 
രാജിവെച്ച് പോകരുത്: ഒരു അപകടമുണ്ടായാലുടൻ അതിന്റെ പേരിൽ മന്ത്രി രാജിവെക്കുന്നത് ധാർമികമായ വലിയ ശരിയാണെന്നൊക്കെ തോന്നുമെങ്കിലും ശരിയായ നേതൃത്വ ലക്ഷണമല്ല. ഒരു റെയിൽ അപകടമോ വിമാനാപകടമോ ഉണ്ടാകുന്നത് വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള കഴിവുകേട് കൊണ്ടല്ല. അപകടസമയത്ത് മന്ത്രി രാജിവെക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആളില്ലാത്ത അവസ്ഥ ഉണ്ടാക്കുകുകയേ ഉള്ളു. രക്ഷാപ്രവർത്തനങ്ങൾ എല്ലാം കഴിഞ്ഞ് അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തി സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്തുകയാണ് മന്ത്രിമാർ ചെയ്യേണ്ടത്.
 
ചരിത്രത്തിൽ നിന്നും പഠിക്കുക: ദുരന്തങ്ങൾ ഭൂരിഭാഗവും ചാക്രികമാണ്. അതുകൊണ്ടുതന്നെ മുൻകൂട്ടി കണ്ടറിഞ്ഞ് ഒഴിവാക്കാവുന്നതാണ്. ജപ്പാനിലെ സുനാമിക്കല്ലുകളുടെ ഉദാഹരണത്തോടെ എങ്ങനെയാണ് ആയിരം വർഷത്തിൽ ഒരിക്കൽ വരുന്ന ദുരന്തങ്ങൾ പോലും മുൻകൂട്ടി കാണാൻ സാധിക്കുന്നതെന്ന് വിശദീകരിച്ചു.
 
കേരളത്തിൽ സുനാമി മുതൽ വെള്ളപ്പൊക്കം വരെയുണ്ടായിട്ടുണ്ട്. ബോട്ടപകടവും ടാങ്കർ അപകടവും പലതുണ്ടായി. ഇനിയും ഉണ്ടാകുകയും ചെയ്യും. അതേസമയം ലണ്ടനിലെ ഗ്രെൻഫൽ ടവറിലേത് പോലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അഗ്നിബാധയും ശ്രീലങ്കയിലെ പോലെ ഒരു കപ്പലപകടവും എണ്ണചോർച്ചയും കേരളത്തിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്നലത്തെ അപകടങ്ങൾ മാത്രമല്ല, നാളത്തെ അപകടങ്ങളെയും മുന്നിൽ കണ്ടുവേണം നമ്മൾ ദുരന്ത പ്രതിരോധത്തിന് തയ്യാറെടുക്കാൻ.
 
സംവിധാനങ്ങളെ ശക്തിപ്പെടുത്തുക: ദുരന്തമുണ്ടാകുന്പോൾ ദുരന്തമുഖത്ത് ഓടിയെത്തുകയോ ദുരിതാശ്വാസം നൽകുന്നതിൽ ലോമം കാട്ടാതിരിക്കുകയോ ചെയ്യുന്നതിലല്ല, ഏതൊരു ദുരന്തവും നേരിടാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്നതിലാണ് നേതൃത്വത്തിന്റെ മാറ്റും മികവും തിരിച്ചറിയുന്നത്. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞാൽ അതിനെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് മന്ത്രിമാർ പെരുമാറേണ്ടത്. സംവിധാനങ്ങളിലെ വീഴ്ചകൾ പരിഹരിക്കാതെ അതിൽ പ്രവർത്തിക്കുന്നത് നല്ല നേതൃത്വത്തിന്റെ ലക്ഷണമല്ല.
 
വിദഗ്ദ്ധരോട് സംവദിക്കുക: കൊറോണ പോലെയുള്ള ദുരന്തങ്ങളുണ്ടാകുന്പോൾ വിദഗ്ദ്ധരോട് നിരന്തരം സംവദിക്കുക എന്നത് പ്രധാനമാണ്. ലോകത്തെ 193 രാജ്യങ്ങളും കൊറോണയെ നേരിട്ടു. ഇതിൽ ഏറ്റവും ഫലപ്രദമായി കൊറോണയെ നേരിട്ട രാജ്യങ്ങൾ എല്ലാംതന്നെ വിദഗ്ദ്ധാഭിപ്രായം തേടി അതനുസരിച്ച് പ്രവർത്തിച്ചവരാണ്.
 
സഹായം തേടുന്നത് ശക്തിയാണ്, ദൗർബല്യമല്ല: ദുരന്ത സഹചര്യത്തിൽ സഹായം തേടുന്നത് സ്വന്തം സംവിധാനങ്ങളുടെ കുറവായോ നേതൃത്വത്തിന്റെ പരാജയമായോ ചിന്തിക്കുന്നവരുണ്ട്. സത്യം അതല്ല. ദുരന്തങ്ങൾ നേരിടാൻ മറ്റുള്ള സംവിധാനങ്ങളെ (യു. എൻ, മറ്റു രാജ്യങ്ങൾ) ആദ്യമേ സമീപിക്കുക എന്നതാണ് ശരിയായ രീതി. അവർ സഹായമെത്തിച്ചതിനു ശേഷം ആവശ്യമെങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ്, ആ സാഹചര്യം കൈവിട്ടു പോകുന്പോൾ സഹായം തേടുന്നതിനേക്കാൾ നല്ലത്.
 
ദുരന്തമുഖത്ത് നേരിട്ട് എത്തേണ്ടുന്ന സാഹചര്യം: ഒരു ദുരന്തമുണ്ടായാൽ സിസ്റ്റമാണ് കൈകാര്യം ചെയ്യേണ്ടത്, മന്ത്രിമാർ ഓടിയെത്തേണ്ടതില്ല എന്നൊക്കെ പറഞ്ഞുതുടങ്ങിയ ഞാൻ പറച്ചിൽ അവസാനിപ്പിച്ചത് 9/11 സമയത്ത് ട്വിൻ ടവറിന് മുന്നിൽ നിൽക്കുന്ന റൂഡി ഗിലിയാനിയുടെ ചിത്രവുമായിട്ടാണ്. ഇന്നിപ്പോൾ ലോകം ആദരിക്കുന്ന ആളല്ല അദ്ദേഹം. എന്നാൽ അമേരിക്കയിൽ തീവ്രവാദികൾ ട്വിൻ ടവർ ആക്രമിച്ച സമയത്ത് സമസ്ത സംവിധാനങ്ങളും അന്ധാളിച്ചു നിൽക്കെ, ദുരന്തമുഖത്ത് ഓടിയെത്തി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം നൽകിയ റൂഡി ഗിലാനിയുടെ രീതി ഒരു മാതൃകയാണ്. അപൂർവങ്ങളിൽ അപൂർവമായതും തീരുമാനിച്ചുറപ്പിച്ച സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്നതുമായ ചില സാഹചര്യങ്ങളിൽ മുന്നിട്ടിറങ്ങേണ്ടതും നേതൃത്വമാണ്.
 
ഏതാണ്ട് 45 മിനിറ്റ് എടുത്തു ക്ലാസ് കഴിയാൻ. അതിനുശേഷം ചോദ്യോത്തരത്തിനുള്ള സമയമായിരുന്നു. ഒന്നിന് പിറകെ ഒന്നായി മന്ത്രിമാർ എണീറ്റുനിന്ന് ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാം പ്രസക്തമായ ചോദ്യങ്ങളായിരുന്നു. കോളേജ് വിദ്യാർത്ഥികളോട് പോലും സംവദിക്കുന്പോൾ പലപ്പോഴും അവരുടെ ഭാഗത്തുനിന്ന് ചോദ്യങ്ങൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ചോദ്യങ്ങൾ തുറന്നുചോദിച്ച മന്ത്രിമാരുടെ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പഠനക്ലാസ് ശരിയായി അവർ ഉൾക്കൊണ്ടു എന്നും മനസിലായി.
 
ചോദ്യം ഒന്ന് : കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ ദുരന്തസാധ്യത മുല്ലപ്പെരിയാർ അണക്കെട്ടാണ്. ഇവിടെ തീരുമാനമെടുക്കുന്നത് സാങ്കേതിക വിദഗ്ദ്ധരല്ല, കോടതിയാണ്. ജലനിരപ്പ് 136 അടിയല്ല 142 അടി വരെ ഉയർത്തണമെന്ന് കോടതി പറയുന്നു. എങ്ങനെയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടത്?
 
നീണ്ട ഉത്തരമായിരുന്നുവെങ്കിലും ചുരുക്കിപ്പറയാം. ഒരു അണക്കെട്ടിന്റെ പ്രായം മാത്രമല്ല, അതെങ്ങനെ അറ്റകുറ്റപ്പണി നടത്തി സൂക്ഷിക്കുന്നു എന്നതും സുരക്ഷയുടെ കാര്യത്തിൽ പ്രധാനമാണ്. കേരളത്തിലെ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അറുപത് ഡാമുകളുടെയും സുരക്ഷ ഒരേ മാനദണ്ഡം ഉപയോഗിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധരെക്കൊണ്ട് വിശകലനം ചെയ്യിച്ച ശേഷം വലിയ ദുരന്ത സാധ്യത ഉള്ളവ, അറ്റകുറ്റപ്പണികളോടെ കൊണ്ടുനടക്കാൻ സാധിക്കുന്നവ, കുഴപ്പമില്ലാത്തവ എന്നിങ്ങനെ മൂന്നായി തരം തിരിച്ചതിനു ശേഷം കുഴപ്പമുള്ളവയെ എല്ലാം ഒരേ തരത്തിൽ തന്നെ കൈകാര്യം ചെയ്യണം. ഇത്തരത്തിലാണ് കാര്യങ്ങൾ നടത്തുന്നതെങ്കിൽ കേരളത്തിന്റെ വാദഗതികൾക്ക് കൂടുതൽ ശക്തിയുണ്ടാകും.
 
(ഡാമുകളുടെ ശക്തിയെപ്പറ്റി അന്താരാഷ്ട്ര വിദഗ്ദ്ധർ അഭിപ്രായം പറഞ്ഞ കാര്യം ജസ്റ്റീസ് കെ ടി തോമസിന്റെ പുസ്തകത്തിലുള്ളത് ഒരു മന്ത്രി എന്റെ ശ്രദ്ധയിൽ പെടുത്തി. വായിച്ചുനോക്കണം).
 
കേരളത്തിൽ പുതിയതായി അഞ്ചോ ആറോ ഫ്ളഡ് കൺട്രോൾ ഡാമുകൾക്ക് സാധ്യതയില്ലേ?
 
വലിയ ഡാമുകൾ നിർമിക്കുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ഉള്ള ഡാമുകൾ ഫ്ളഡ് കണ്ട്രോൾ കൂടി കണക്കിലെടുത്ത് ഉപയോഗിക്കാം. പുതിയതായി വലിയ ഡാമുകൾ പണിയേണ്ട കാര്യമില്ല. ഉള്ള ഡാമുകൾ തന്നെ പൊളിച്ചുനീക്കി പുഴയ്ക്ക് ഒഴുകാൻ അവസരം നൽകുന്ന കാലമാണ് ഇപ്പോൾ.
 
ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ഡേറ്റയ്ക്ക് വലിയ പ്രാധാന്യമില്ല?
 
ഏറ്റവും പ്രസക്തമായ ചോദ്യമാണ്. ഇനിയുള്ള കാലം നിർമിതബുദ്ധിയുടേതാണ്. നിർമിതബുദ്ധിയുടെ അടിസ്ഥാനം ഡേറ്റയാണ്. അതുകൊണ്ടാണ് data is the new oil എന്നൊക്കെ പ്രയോഗിക്കുന്നത്. പക്ഷെ, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സോളാർ എന്ന വാക്കിന് ഉണ്ടായ അയിത്തം ഇപ്പോൾ ഡേറ്റ എന്ന വാക്കിന് ഉണ്ടായിരിക്കുകയാണ്. ഇത് ദൗർഭാഗ്യകരമാണ്. നമുക്ക് സമഗ്രമായ ഡേറ്റ പോളിസിയുണ്ടാക്കണം. കെ. എസ്. ആർ. ടി. സി. ഉൾപ്പെടെ എവിടെയൊക്കെ ഡേറ്റ ശേഖരിക്കാൻ അവസരമുണ്ടോ അതെല്ലാം ശേഖരിക്കണം. ഡേറ്റയാണ് ഭാവി.
 
ദുരന്തസമയത്ത് നേതാക്കൾ സ്ഥലത്തെത്തിയില്ലെങ്കിൽ ജനം അക്രമാസക്തരാകും?
 
ദുരന്ത കാലത്ത് നേതാക്കൾ മുൻനിരയിൽ നിൽക്കുന്നതിൽ ഒരു തെറ്റുമില്ല. നേതാക്കൾ എന്ന് പറയുന്പോൾ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവർ, എം. പി. മാർ, എം. എൽ. എ. മാർ അധികാരസ്ഥാനങ്ങളിൽ ഇല്ലാത്തവർ, പഞ്ചായത്ത് അംഗങ്ങൾ ഒക്കെയാകാം. ദുരന്തം കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ ദുരന്തമുഖത്തല്ല പ്രവർത്തിക്കേണ്ടത് എന്നാണ് പറഞ്ഞത്. ദുരന്തനിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ എവിടെയാണോ ഏറ്റവും സൗകര്യം അവിടെയായിരിക്കണം മന്ത്രിമാർ.
 
മന്ത്രിമാർ ദുരന്തമുഖത്ത് എത്തരുതെന്നും ചിലപ്പോൾ ഓടിയെത്തണമെന്നും പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കുന്നു.
 
ശരിയാണ്. മനഃപൂർവം പറഞ്ഞതുമാണ്. കേരളം നേരിടാനിടയുള്ള മിക്ക ദുരന്ത സാഹചര്യത്തിലും മന്ത്രിമാർ ഓടിയെത്തേണ്ട ആവശ്യമില്ല. പക്ഷെ 9 /11 പോലെയുള്ള അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യമുണ്ടായാൽ ഇത്തരം സാധാരണ നിയമങ്ങൾ അപ്രസക്തമാകും. ഇത് നേതൃത്വത്തിന്റെ വിവേചനത്തിന്റെ വിഷയമാണ്.
 
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഓരോ വകുപ്പിലും മന്ത്രിമാർ എന്താണ് ചെയ്യേണ്ടത്?
 
2014 ൽ തന്നെ കേരളത്തിൽ state action plan on climate change ഉണ്ടാക്കിയിരുന്നു. 2019 ൽ അത് പുതുക്കിയെങ്കിലും പ്രസിദ്ധീകരിച്ചില്ല. പല പഞ്ചായത്തുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും കാലാവസ്ഥാ ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്.
 
2019 ലെ കാലാവസ്ഥ ആക്ഷൻ പ്ലാൻ എത്ര അപൂർണ്ണമാണെങ്കിലും അത് പൊടി തട്ടിയെടുത്ത് നടപ്പിലാക്കി തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ വകുപ്പുകളിലും എന്താണ് ചെയ്യേണ്ടത് എന്ന് അതിലുണ്ട്. പോരാത്തതിന് ഓരോ വകുപ്പും ചെയ്യുന്ന കാര്യങ്ങൾ പതിവുപോലെ ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തിന് വേണ്ടി പ്രത്യേകിച്ച് കുറച്ചു കാര്യങ്ങൾ കൂടി ചെയ്യുക എന്നതല്ല, മറിച്ച് മന്ത്രാലയങ്ങൾ എന്ത് പദ്ധതി ഉണ്ടാക്കുന്പോഴും എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനം അതിനെ ബാധിക്കുക എന്നുകൂടി ചിന്തിക്കുന്ന ഒരു ക്ളൈമറ്റ് ഇൻഫോംഡ് പ്ലാനിങ് ആണ് വേണ്ടത്.
 
കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി പറഞ്ഞപ്പോൾ വനത്തെക്കുറിച്ച് പറയാതിരിക്കുന്നത് ശരിയല്ല.
 
സത്യത്തിൽ കേരളത്തിൽ കാട്ടുതീ കൂടുതൽ സാധാരണവും വ്യാപകവുമാകാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. അമേരിക്കയിലും, ഓസ്‌ട്രേലിയയിലും, ടർക്കിയിലും, ഗ്രീസിലും ഒക്കെ കാട്ടുതീ അഭൂതപൂർവമായി ഉണ്ടാകുകയാണ്. കേരളവും ശ്രദ്ധിക്കേണ്ട കാര്യമാണിത്.
 
ചോദ്യങ്ങൾ ചോദിക്കാൻ വീണ്ടും മന്ത്രിമാർ കൈ ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു. അടുത്ത സെഷൻ എടുക്കേണ്ട സമയം അതിക്രമിച്ചതുകൊണ്ട് തൽക്കാലം ക്ലാസ് മതിയാക്കി. വലിയ സന്തോഷത്തോടെയാണ് ക്ലാസ് അവസാനിച്ചത്. കാരണം ഇതൊരു നല്ല തുടക്കമാണ്. ഇടയ്ക്കിടെ വിവിധ വിഷയങ്ങളിൽ മന്ത്രിമാർ വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കുന്നത് നല്ല രീതിയാണ്. ആവശ്യം വരുന്പോൾ നേരിട്ട് വിളിക്കാനുള്ള പരിചയവും സ്വാതന്ത്ര്യവും അതുവഴി ഉണ്ടാകുകയും ചെയ്യും.
 
സെഷന് ശേഷം അഞ്ചു മിനിറ്റിൽ ജയകുമാർ സാറിന്റെ മെസ്സേജ് വന്നു.
 
“Your session with the Ministers was excellent. It is a model online class, showing how to be pointed and focussed.
 
Every sentence was highly relevant. Thank you very much.”
 
പ്രൊഫഷണലായി എങ്ങനെയാണ് ഒരു കാര്യം നടത്തേണ്ടത് എന്നതിന്റെ മാതൃക കൂടിയാണ് അദ്ദേഹം.
 
(ഒരു കാര്യം കൂടി പറയാം. സാധാരണ അമ്പലങ്ങളിൽ ശാന്തി നടത്തുന്നവരൊക്കെ ഗുരുവായൂരോ ശബരിമലയിലോ മേൽശാന്തി ആയി ഒരു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ അവരുടെ സേവനങ്ങൾക്കുള്ള ഡിമാൻഡ് ഏറെ കൂടും, അതനുസരിച്ച് റേറ്റും. അതുപോലെ മന്ത്രിമാർക്കൊക്കെ ക്‌ളാസ്സ്‌ എടുത്ത സ്ഥിതിക്ക് റേറ്റ് കുറച്ചു കൂട്ടണം, കുറച്ച് എക്സ്ട്രാ ഡിമാൻഡും ആകാം !)
 
മുരളി തുമ്മാരുകുടി

Leave a Comment