പൊതു വിഭാഗം

ബ്ലോക്ക് വരുന്ന വഴി…

ഫേസ്ബുക്കിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ?
എന്നെ ആരെങ്കിലും ബ്ലോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല, കാരണം ഒരാൾ നമ്മളെ ബ്ലോക്കിയാൽ ഫേസ്ബുക്ക് നമ്മളോട് ആ വിവരം വന്നു പറയുകയൊന്നുമില്ല. ബ്ലോക്കുന്ന ആൾ എന്താണെങ്കിലും വന്നു പറയില്ലല്ലോ. ഇരുന്നൂറു കോടി ആളുകളുള്ള മുഖപുസ്തകത്തിൽ ഒരാളോ, നൂറാളോ നമ്മളെ ബ്ലോക്കിയാൽ നമ്മൾ സാധാരണഗതിയിൽ അറിയാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെയാണ് എന്നെ ബ്ലോക്കിയിട്ടുള്ളവരെ ഞാൻ അറിയാതെ പോയത്.
 
എന്നാൽ ഞാൻ ആളുകളെ ബ്ലോക്കിയിട്ടുണ്ട്. പലരെ, പല വട്ടം.
ഒരിക്കൽ ബാബുമോൻ എന്നോട് ചോദിച്ചു, “എന്താണ് ചേട്ടൻ ആളുകളെ ബ്ലോക്കുന്നതിനുള്ള മാനദണ്ഡം?”
 
മോനേ, ബ്ലോക്കുകൾ പലതരം ഉണ്ട്.
 
1. ക്രമസമാധാന ബ്ലോക്ക്: ഫേസ്ബുക്കിൽ എന്റെ സുഹൃത്തുക്കളുടെ കമന്റിന്റെ താഴെ വന്ന് അവരെ അനാവശ്യം പറയുന്നവരെ അപ്പഴേ ബ്ലോക്കും. മറ്റുള്ളവരെ പേടിക്കാതെ അഭിപ്രായം പറയാനുള്ള അന്തരീക്ഷം എന്റെ പേജിലെങ്കിലും ഉണ്ടാക്കിയെടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇത് ലോ ആൻഡ് ഓർഡർ നിലനിർത്തുന്നതിന്റെ ഭാഗമാണ്.
 
2. ചൊറി ബ്ലോക്ക്: എന്റെ പേജിൽ വന്നു രണ്ടിലേറെ പ്രാവശ്യം ചൊറിയുന്നവരെ നിഷ്‌ക്കരുണം ബ്ലോക്കും. എന്താണ് ചൊറി എന്ന കാര്യത്തിൽ ‘ക്വിസ്സ് മാസ്റ്റേഴ്സ് ഡിസിഷൻ ഈസ് ഫൈനൽ.’ രാവിലെയും വൈകീട്ടും രണ്ടാണ് അതിന്റെ സ്കെയിൽ. വർക്കിങ്ങ് ഡേയിലും വീക്കെൻഡിലും ചൊറി ത്രെഷോൾഡ് വ്യത്യസ്തമാണ്.
 
3. പുരുഷു ബ്ലോക്ക്: “ചേട്ടന് അവിടെ അധികം ജോലിയൊന്നും ഇല്ല അല്ലേ” എന്ന് ചോദിച്ചാൽ അപ്പോഴേ ബ്ലോക്കും. എന്റെ പണിയന്വേഷിക്കാൻ അവിടെ വേറെ ആളുകളുണ്ട്. ഭരിച്ച ഉത്തരവാദിത്തം എടുക്കുന്നവരെ എനിക്കിഷ്ടമല്ല.
 
4. യൂസ്‌ലെസ്സ് ബ്ലോക്ക്: ‘ഈ മുരളി തുമ്മാരുകുടി എഴുതുന്നതിലൊന്നും വലിയ കാര്യമൊന്നുമില്ല’ എന്ന് പറയുന്നവരെ തിരഞ്ഞുപിടിച്ചു ബ്ലോക്കും. ആരുടേയും സമയം കളയുന്നത് എനിക്കിഷ്ടമല്ല. ഇരുന്നൂറുകോടിയിൽ തുമ്മാരുകുടിയുടെ പേജ് കഴിഞ്ഞാലും പിന്നെയും ധാരാളം പേജുകൾ ഉണ്ടല്ലോ. അപ്പികൾ അവിടെ ഒക്കെ പോയാൽ മതി.
 
5. ഐ ക്യു ബ്ലോക്ക്: എന്റെ ഫോളോവേഴ്‌സിന്റെ ശരാശരി ഐ ക്യു ഉയർത്താനുള്ള ഒരവസരവും ഞാൻ ഉപേക്ഷിക്കാറില്ല. നാസയും യുനെസ്‌കോയും ഉൾപ്പടെ വാട്ട്സ്ആപ്പ് ശാസ്ത്രത്തിലെ ഗവേഷണഫലങ്ങളുമായി ചർച്ചക്ക് വരുന്നവരെ കാണുന്പോഴേ സന്തോഷമാണ്. അവരിൽ ഒരാളെ കളഞ്ഞാൽ ബാക്കിയുള്ളവരുടെ ശരാശരി ഐ ക്യു അല്പമെങ്കിലും കൂടും.
 
6. ഓഫീസ് ബ്ലോക്ക്: ഓഫീസിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രത്യേകിച്ച് ബോസുമാരും സ്ഥിരം ബ്ലോക്ക് ലിസ്റ്റിൽ ആണ്. പള്ളി വേറെ പള്ളിക്കൂടം വേറെ..!
 
7 ഏകാധിപതി ബ്ലോക്ക്: എന്റെ പേജിലെ പരമാധികാരി ഞാൻ തന്നെയാണ് എന്ന് എന്നെത്തന്നെ ബോധിപ്പിക്കാൻ ഞാൻ ചിലപ്പോൾ ചിലരെ ചുമ്മാതെ ബ്ലോക്കുന്നുണ്ട്. ഒരു രസം, അത്രേ ഉള്ളൂ. കുളത്തിന്റെ കരയിൽ ഇരിക്കുന്പോൾ അതിലേക്ക് കല്ലുപെറുക്കി എറിയുന്നത് പോലെ. ബ്ലോക്കുന്നത് അസഹിഷ്ണുത ആണെന്നൊക്കെ പറയുന്നവരുണ്ട്. ‘my castle my rules’ എന്ന് സായിപ്പ് പണ്ടേ പറഞ്ഞിട്ടുണ്ട്. എന്റെ പേജിലെ പരമാധികാരി ഞാൻ ആണ്. അവിടെ കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ബ്ലോക്കും, ഇതിന് അപ്പീൽ കോടതി ഒന്നുമില്ല.
 
ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ ബ്ലോക്ക് ലിസ്റ്റിൽ ഒരു ഡസനിലധികം പേർ ഉണ്ടാകാറില്ല. കാരണം, ഓരോ മൂന്നു മാസത്തിലും ഞാൻ ബ്ലോക്ക് ലിസ്റ്റ് റിവ്യൂ ചെയ്യും. അന്ന് ഒരാളുടെ പേര് കാണുന്പോൾ അതാരാണെന്നോ അയാളെ എന്തിനാണ് ബ്ലോക്കിയതെന്നോ എനിക്ക് ഓർക്കാൻ പറ്റുന്നില്ലെങ്കിൽ അവരെ പിടിച്ചു ബ്ലോക്കിന് വെളിയിലിടും. രണ്ടാമന്റെ ബ്ലോക്ക് ലിസ്റ്റിൽ ഇരിക്കാനും അല്പം ഐഡന്റിറ്റി വേണം.
 
ഇതാണ് ബ്ലോക്ക് ചരിതം, രണ്ടാം ഭാഗം.
 
മുരളി തുമ്മാരുകുടി

Leave a Comment