പൊതു വിഭാഗം

ബാമാമയിൽ നിന്നും ബാബാമയിലേക്ക്

BAMAMA goes to college again എന്ന ഒരു ലേഖനം ഞാൻ ഒരിക്കൽ വായിച്ചിട്ടുണ്ട്. തൊള്ളായിരത്തി അറുപതുകളിൽ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ചതാണ്, എഴുതിയ ആളുടെ പേരിപ്പോൾ ഓർമ്മയില്ല.
BA ഡിഗ്രിയും MA ഡിഗ്രിയും ഉള്ള ഒരു പെൺകുട്ടി വീണ്ടും ഒരു MA ക്ക് ചേരുന്നതാണ് പശ്ചാത്തലം. അങ്ങനെയാണ് BAMAMA അല്ലെങ്കിൽ ബാമാമ ഉണ്ടായത്.
BA പഠിച്ചിറങ്ങിയ കുട്ടിക്ക് ജോലിയൊന്നും കിട്ടിയില്ല, അപ്പോൾ അവർ MA ക്ക് ചേർന്നു. MA കഴിഞ്ഞപ്പോൾ അതിനനുസരിച്ചുള്ള ജോലിയൊന്നും കിട്ടിയില്ല, പകരം BA മാത്രം വേണ്ട ഒരു ജോലി കിട്ടി. അപ്പോൾ MA യോഗ്യതക്ക് ചേർന്ന ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ അവർ വീണ്ടും കോളേജിലേക്ക് പോവുകയാണ്.
‘ഡിഫൻസീവ് എഡ്യൂക്കേഷൻ’ എന്നാണ് ലേഖകൻ ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിന് പേരിട്ടത്. ബിരുദാനന്തര ബിരുദം നേടുന്നത് കൂടുതൽ അറിവ് സന്പാദിക്കാനല്ല, ബിരുദമുള്ള ആയിരങ്ങളിൽ നിന്നും ഒന്ന് വേറിട്ട് നിൽക്കാനാണ്.
നിർഭാഗ്യവശാൽ ഡിഗ്രി കന്പോളത്തിലെ “ഡിഗ്രി പെരുപ്പത്തിന്” അനുസരിച്ച് തൊഴിൽ കന്പോളവും മാറും. പണ്ട് BA വേണ്ടിയിരുന്ന ജോലിക്ക് ഇപ്പോൾ MA വേണം എന്ന് നിഷ്കർഷിക്കും. അത് തൊഴിലിന്റെ സാങ്കേതികത്വം കൂടിയത് കൊണ്ടല്ല, ഡിഗ്രിയുള്ള ആയിരങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കി സിലക്ഷൻ കൂടുതൽ എളുപ്പമാക്കാൻ വേണ്ടിയിട്ടാണ്. തൊഴിൽ ചെയ്യാൻ ഇപ്പോഴും ഡിഗ്രി മതി, പക്ഷെ തൊഴിൽ കിട്ടാൻ വേണ്ടി പി. എച്ച്. ഡി. വേണം.
യു. ജി. സി. യുടെ ഇരട്ട ഡിഗ്രി നിർദ്ദേശങ്ങൾ കണ്ടപ്പോൾ ഇക്കാര്യം വീണ്ടും ഓർമ്മ വന്നു. പുതിയ വിദ്യാഭ്യാസ നയത്തെ പൊതുവിൽ പിന്തുണക്കുന്ന ആളാണ് ഞാൻ. “പുതിയ”വിദ്യാഭ്യാസ നയം എന്നാണ് പേരെങ്കിലും മിക്കവാറും നിർദ്ദേശങ്ങൾ ഇന്ത്യക്ക് മാത്രം പുതുമയുള്ളതും ലോകത്ത് പലയിടത്തും കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നടപ്പിലാക്കപ്പെട്ടവയുമാണ്. ഇപ്പോഴെങ്കിലും ഇവിടെ എത്തിയത് വളരെ നന്നായി.
കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസം ഏതാണ്ട് മൊത്തമായി ഡിഫൻസീവ് എഡ്യൂക്കേഷൻ ആണ്. പത്ത് പാസാകുന്നവർ പന്ത്രണ്ടിലേക്ക് പോകുന്നു. പന്ത്രണ്ടു കഴിഞ്ഞാൽ ഡിഗ്രി, അത് കഴിഞ്ഞാൽ വേറെ എന്തെങ്കിലും പഠനം. എഞ്ചിനീയറിങ്ങ് കഴിഞ്ഞതിന് ശേഷം വില്ലേജ് അസിസ്റ്റന്റ്റ് ആകാൻ ശ്രമിക്കുന്നു, പി. എച്ച്. ഡി. ഉള്ളവർ ബസ് കണ്ടക്ടർ ആകാൻ നോക്കുന്നു. ഒരു ഡിഗ്രി കൊണ്ട് പോലും അതിന് അർഹിക്കുന്ന തൊഴിലുകൾ, തൊഴിൽ ചെയ്യാൻ ആ ഡിഗ്രി വേണ്ട തൊഴിലുകൾ, ലഭിക്കാൻ സാഹചര്യം ഇല്ലാത്തപ്പോൾ ഇരട്ട ഡിഗ്രി എന്ന സംവിധാനം ഉണ്ടാക്കുന്നത് എങ്ങനെയാണ് കുട്ടികളെ സഹായിക്കുന്നത്?
ഇപ്പോൾ ഫുൾ എ പ്ലസ് ഉള്ളവർക്ക് പോലും അവർക്ക് ഇഷ്ടപ്പെട്ട ബിരുദങ്ങൾക്കോ അവർക്ക് ഇഷ്ടപെട്ട കോളേജിലോ പഠിക്കാൻ സാധിക്കാത്തതു പോലെ താമസിയാതെ ഒറ്റ ഡിഗ്രി ഉള്ളവർക്ക് മാർക്കറ്റ് ഇല്ലതെ വരും. അവസരം മുതലെടുത്ത് ബസിൽ കണ്ടക്ടർ ആകാൻ എക്കണോമിക്സിലും പബ്ലിക് റിലേഷനിലും ഡബിൾ ഡിഗ്രി വേണം എന്ന് കെ. എസ്. ആർ. ടി. സി. യും തീരുമാനിക്കും. ലക്ഷണക്കിന് വിദ്യാർത്ഥികളുടെ അനവധി വിദ്യഭ്യാസ വർഷങ്ങൾ ഇങ്ങനെ ഡിഫൻസിവ് എഡ്യൂക്കേഷനായി ചെലവാകും.
തൊഴിലും വിദ്യഭ്യാസവും തമ്മിൽ ബന്ധിപ്പിക്കാത്ത നാട്ടിൽ നിന്നും നമ്മുടെ കുട്ടികൾ മൊത്തമായി ഒഴിഞ്ഞു പോവുകയാണെന്ന് ഞാൻ പറഞ്ഞല്ലോ. കൂടുതൽ കുട്ടികൾ പോകാത്തത് അവർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടല്ല, അതിനുള്ള സാന്പത്തിക സാമൂഹ്യ സാഹചര്യം ഇല്ലാത്തതു കൊണ്ടാണ്.
ഇതിനൊരു ഒറ്റമൂലി ഇല്ല, എന്നിരുന്നാലും മൂന്നു കാര്യങ്ങൾ മാറ്റിയെടുക്കാൻ നാം ശ്രമിക്കണം.
1. നമ്മുടെ സന്പദ് വ്യവസ്ഥയിൽ ഒരു ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉണ്ടാകണം. കൃഷിയിലും നിർമ്മാണമാണമേഖലയിലും ആധുനിക സാങ്കേതിക വിദ്യകൾ എത്തണം. സാങ്കേതികമായി പരിശീലനം ലഭിച്ചവർക്ക് ജോലി സാദ്ധ്യതകൾ നാട്ടിൽ തന്നെ ഉണ്ടാകണം.
2. പഠിക്കുന്ന കാലത്ത് തന്നെ വിദ്യാർഥികൾ തൊഴിൽ ചെയ്യുന്ന ഒരു സംസ്കാരം ഉണ്ടാകണം. നമ്മുടെ കുട്ടികൾ ഇന്ത്യക്ക് പുറത്ത് ഇപ്പോൾ തന്നെ സന്തോഷമായി ഇക്കാര്യങ്ങൾ ചെയ്യുന്നു, ഇവിടെയും ചെയ്യാൻ അവർ തയ്യാറാണ്. അതിനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കിക്കൊടുക്കണം.
3. നമ്മുടെ സർവകലാശാലകൾ അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ അടുത്ത അഞ്ചു വർഷത്തേക്കെങ്കിലും എന്താണ് ചെയ്യുന്നത് എന്നൊന്ന് കൃത്യമായി അന്വേഷിക്കണം. ഡിഗ്രി പാസാവുന്നതിൽ പകുതി പേർക്കെങ്കിലും ഡിഗ്രിക്കനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ലെങ്കിൽ ആ കോഴ്സിൽ സീറ്റുകൾ കുറക്കണം, മറ്റു സാധ്യത ഉള്ള സ്ഥലത്ത് കോഴ്‌സുകൾ കൂട്ടണം.
കഴിഞ്ഞ നൂറ്റാണ്ടിൽ തുടങ്ങിവെച്ചു എന്നത് കൊണ്ട് മാത്രം ഒരു കോഴ്സും ആചന്ദ്രതാരം നില നിർത്തരുത്.
മുരളി തുമ്മാരുകുടി

Leave a Comment