പൊതു വിഭാഗം

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം

രണ്ടായിരത്തി മൂന്ന് മാർച്ച് മാസത്തിലാണ് ഞാൻ മസ്കറ്റിൽ നിന്നും ജനീവയിലേക്ക് താമസം മാറ്റിയത്. മസ്കറ്റിൽ അന്ന് നാല്പത് ഡിഗ്രിയുടെ മുകളിലാണ് ചൂട്, ജനീവയിൽ പത്തു ഡിഗ്രിയിൽ താഴേയും. സ്വർഗ്ഗം കിട്ടിയ പോലെയായിരുന്നു കാര്യങ്ങൾ.
 
പക്ഷെ ജൂൺ ആയപ്പോൾ കഥ മാറി. ജനീവയിൽ ചൂട് നാല്പതിനോട് അടുത്തു. മസ്കറ്റിൽ ചൂട് അൻപത് ഡിഗ്രി കടന്ന സമയങ്ങൾ ഉണ്ടെങ്കിലും വീട്ടിലും കാറിലും ഓഫിസിലും ഒക്കെ എ സി ഉള്ളതിനാൽ നമുക്ക് മാനേജ് ചെയ്യാം. യൂറോപ്പിൽ അങ്ങനെ അല്ല. വീട്ടിലും ഓഫിസിലും എ സി ഇല്ല, കാറിൽ പോലും അപൂർവ്വമാണ്. വീടുകൾ ആണെങ്കിൽ തണുപ്പുകാലത്തിന് വേണ്ടി, ഒട്ടും ചൂട് പുറത്തു പോകാത്ത വിധത്തിൽ നിർമ്മിച്ചവയാണ്, അതുകൊണ്ട് ചൂടുകാലത്ത് ചൂളയാകും. ഫാനുകൾ പോലും നാട്ടിൽ കിട്ടാതെ ഞങ്ങൾ നട്ടം തിരിഞ്ഞു.
 
മിക്കവാറും പേരൊക്കെ വെള്ളം വന്നപ്പോൾ അടുത്തുള്ള പുഴകളിലും തടാകങ്ങളിലും ഒക്കെ പോയി കിടന്നു. പക്ഷെ ഏറെപ്പേർക്ക് അത് പറ്റിയില്ല. ആളുകൾ സൺസ്‌ട്രോക്ക് വന്നു മരിച്ചൊന്നുമില്ലെങ്കിലും ആ സമ്മർ കഴിഞ്ഞപ്പോൾ ഫ്രാൻസിൽ പതിനാലായിരം ആളുകൾ പതിവിലധികമായി മരിച്ചു എന്ന് കണക്കുകൾ കാണിച്ചു. അത് യൂറോപ്പിൽ വ്യാപകമായ മാറ്റങ്ങൾക്ക് വഴിവെച്ചു. ചൂടുകാലത്തെ എങ്ങനെ നേരിടണം എന്നതിന് പുതിയ നിയമങ്ങൾ വന്നു.
 
ഒരു ദുരന്തം ഉണ്ടാകുമ്പോൾ അതിൽ എത്ര ആളുകൾ മരിച്ചിട്ടുണ്ട് എന്ന് എങ്ങനെയാണ് കണക്കിലാക്കുന്നതെന്ന് അതിനു ശേഷം വലിയ വിവാദം ഉണ്ടായി. ദുരന്തത്തിൽ നേരിട്ട് മരിച്ചവരെ മാത്രമേ നമ്മൾ സാധാരണയായി ദുരന്തത്തിന്റെ കണക്കിൽ പെടുത്തുകയുള്ളൂ. ദുരന്തം കാരണം ആശുപത്രി പ്രവർത്തിക്കാതാവുകയോ, പണമില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പോകാൻ പറ്റാതെ വരികയോ, മാനസിക സംഘർഷം മൂലം മരിയ്ക്കുകയോ ചെയ്യുന്നതും വാസ്തവത്തിൽ ദുരന്തത്തിലെ മരണമാണ്. കാരണം ആ ദുരന്തം ഉണ്ടായില്ലെങ്കിൽ ഈ മരണങ്ങൾ ഉണ്ടാകുമായിരുന്നില്ല.
 
അത്തരം ഒരു കണക്കു കൂട്ടലാണ് കഴിഞ്ഞ മാസം അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പോർട്ടോ റിക്കോയിൽ നടത്തിയത്. രണ്ടായിരത്തി പതിനാറിലെ മറിയ ചുഴലിക്കാറ്റിൽ അറുപത്തി നാല് പേർ മരിച്ചു എന്നാണ് സർക്കാർ കണക്ക്. എന്നാൽ ചുഴലിക്കാറ്റിന് ശേഷം നടത്തിയ പഠനം കണ്ടുപിടിച്ചത് ചുഴലിക്കാറ്റിനു ശേഷമുണ്ടായ അധിക മരണങ്ങൾ (excess deaths (Over previous averages for the same duration)), നാലായിരത്തി അറുന്നൂറ്റി നാല്പത്തി അഞ്ച് ആയിരുന്നു എന്നാണ്.
 
കേരളത്തിലെ രണ്ടായിരത്തി പതിനെട്ടിലെ ദുരന്ത കാലത്ത് ഉണ്ടായ അധിക മരണങ്ങളും നമ്മൾ അന്വേഷിക്കേണ്ടതാണ്. സമയത്തിന് ഡയാലിസിസ് ചെയ്യാൻ പറ്റാത്തവർ തൊട്ട് അധികമായി ആത്മഹത്യ ചെയ്തവർ വരെ ഇതിൽ പെടും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലുണ്ടായ മരണസംഖ്യയും അതിന് മുൻ വർഷങ്ങളിൽ ഉണ്ടായ ശരാശരി മരണങ്ങളും മരണനിരക്കും താരതമ്യം ചെയ്താൽ ഇത് എളുപ്പത്തിൽ മനസിലാക്കാം. നല്ലൊരു ഗവേഷണ പേപ്പറും കിട്ടും.
സമൂഹത്തിന് ദുരന്തത്തിന്റെ വ്യാപ്തിയെ പറ്റി പുതിയൊരു ചിന്ത കൊടുക്കാനും, ദുരന്ത കാരണങ്ങളാൽ നേരിട്ടല്ലെങ്കിലും മരണപ്പെട്ടവർക്ക് സഹായം കിട്ടാനും ഇത്തരം കണക്കുകൾ സഹായിക്കും.
 
ഈ കണക്കെടുപ്പിനായി മുന്നോട്ടുവരാൻ താൽപര്യമുള്ളവർ പറയണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment