പൊതു വിഭാഗം

ദീപാവലി ആശംസകൾ!

വെങ്ങോലയിൽ ദീപാവലി ആഘോഷങ്ങൾ പതിവില്ല. എന്റെ ചെറുപ്പകാലത്ത് വർഷത്തിൽ ഒരു ദിവസമാണ് വീട്ടിൽ ഇഡലിയോ ദോശയോ ഉണ്ടാക്കുന്നത്, അത് ദീപാവലി ദിവസമാണ്. അതാണ് ദീപാവലിയുടെ പ്രിയപ്പെട്ട ഓർമ്മ. ഒരു ദീപാവലി ദിവസം ആക്രാന്തം മൂത്ത് ഞാൻ പതിനാറ് ഇഡലി കഴിച്ചു എന്ന് തുമ്മാരുകുടി ചരിത്രം പറയുന്നു. ഇപ്പോൾ അഞ്ച് ഇഡ്ഡലി കഴിക്കാൻ ബുദ്ധിമുട്ടുന്ന എനിക്കുതന്നെ അത് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഒരിക്കൽ എയർഫോഴ്സിൽ ജോലി ഉണ്ടായിരുന്ന അമ്മാവൻ നാട്ടിലുണ്ടായിരുന്നപ്പോൾ ഞങ്ങൾ തേങ്ങയുടെ തൊപ്പി മലർത്തിവെച്ച് അതിൽ എണ്ണ ഒഴിച്ച് തിരി കൊളുത്തി ദീപാവലി ആഘോഷിച്ചു. അങ്ങനെയാണ് ദീപാവലിയും ദീപവും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലായത് തന്നെ.

വടക്കേ ഇന്ത്യയിലായിരുന്നപ്പോൾ അവിടെ എല്ലാ വർഷവും കുട്ടികൾ വലിയ ആഘോഷം നടത്തും. ആരെങ്കിലും ഒക്കെ ആശുപത്രിയിൽ ആവുകയും ചെയ്യും. അതുകൊണ്ട് ആ വഴിക്കു പോകാറില്ല.

മുംബയിൽ ആണ് ഏറ്റവും നല്ല ദീപാവലി ആഘോഷം കണ്ടത്. ഒരു കുന്നിന്റെ മുകളിലായിരുന്നു ഞങ്ങളുടെ വീട്. അതിന്റെ മുകളിലിരുന്നു നോക്കിയാൽ നഗരത്തിൽ എവിടെയും നടക്കുന്ന ഫയർവർക്ക്സ് കാണാം. അപകടം അവിടെയും ഉണ്ടായിരിക്കണം, പക്ഷെ അതൊന്നും ആകാശത്ത് കാണില്ലല്ലോ. ഔട്ട് ഓഫ് സൈറ്റ് ഔട്ട് ഓഫ് മൈൻഡ്.

സുരക്ഷിതമായി ദീപാവലി ആഘോഷിക്കൂ. തിന്മയുടെ മേൽ നന്മയുടെ വിജയം അപൂർവമായി മാത്രം ഉണ്ടാകുന്നതാണ്, അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെടേണ്ടതും.

ദീപാവലി ആശംസകൾ!

Leave a Comment