കോവിഡ് കേസുകൾ ഇപ്പോൾ അതിവേഗത്തിൽ കൂടുകയാണ്. ഇന്നലെ അയ്യായിരം ആയിരുന്നത് ഇന്ന് ആറായിരമായി, പതിനായിരം എത്താൻ ഇനി ദിവസങ്ങളേ ഉള്ളൂ. മരണങ്ങൾ ഇരുപതിൽ നിന്നും അന്പതുകളിലേക്ക് വരും.
ഇന്നിപ്പോൾ പുതിയതായി ഒന്നും പറയാനില്ല. ഏപ്രിൽ രണ്ടാം തിയതി പറഞ്ഞ ചില കാര്യങ്ങൾ എടുത്തെഴുതാം. (ബ്രാക്കറ്റിൽ ഉള്ള വാക്കുകൾ മാത്രം പുതിയത്).
—-
“പതിനായിരങ്ങൾ മരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ മരിച്ചേക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. ആശുപത്രിയിൽ കൊറോണയുമായി യുദ്ധം ചെയുന്ന ഡോക്ടർമാർക്ക് ആവശ്യത്തിന് സുരക്ഷാ ഉപകാരണങ്ങൾ കൊടുക്കാൻ പോലും രാജ്യങ്ങൾക്ക് കഴിയുന്നില്ല, ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ രോഗത്തിന് അടിപ്പെടുന്നു. ഡസൻ കണക്കിന് ഡോക്ടർമാർ മരിക്കുന്നു. ഇന്നത്തെ യൂറോപ്പും അമേരിക്കയുമാണ് ! (ഏപ്രിൽ രണ്ടിലെ കുറിപ്പാണ്, അമേരിക്ക പറഞ്ഞതു പോലെ ലക്ഷം മരണത്തിൽ എത്തിക്കഴിഞ്ഞു).
കേരളത്തേക്കാൾ പത്തിരട്ടിയെങ്കിലും പ്രതിശീർഷ വരുമാനമുള്ള വളരെ നല്ല ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലെ കാര്യമാണ്. നാളെ കേരളം ഈ വഴിയിൽ എത്തിപ്പെട്ടാൽ നമ്മുടെ കഥയെന്താകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. വികസിതരാജ്യങ്ങളിൽ പോലും രോഗം മൂർച്ഛിച്ചു വരുന്നവരെ ചികിൽസിക്കാൻ സൗകര്യമില്ലാതെ ആശുപത്രികൾ നട്ടം തിരിയുന്നു. ലഭ്യമായ ജീവൻരക്ഷാ സൗകര്യങ്ങൾ ആർക്ക് കൊടുക്കണം – അതായത്, ജീവിക്കാനുള്ള അവസരം ആർക്ക് കൊടുക്കണം, ആർക്ക് നിഷേധിക്കണം എന്ന ഒട്ടും സുഖകരമല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഡോക്ടർമാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കുന്നു.
ഈ ലോകത്ത് ഏപ്രിൽ മാസം തുടങ്ങുന്പോൾ നമ്മുടെ മുന്നിൽ ഇനി രണ്ടു വഴികളുണ്ട്. ഒന്ന്, എളുപ്പ വഴിയാണ്. ഇന്ന് പതിനായിരത്തിന്റെ മുകളിൽ കേസുകളുള്ള രാജ്യങ്ങൾ നടന്ന വഴി. ഇരുന്നൂറ് നാനൂറും, നാനൂറ് നാലായിരവും നാലായിരം പതിനായിരവും ആകാൻ നാലാഴ്ച പോലും വേണ്ട. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതുമില്ല. ഈ ലോക്ക് ഡൌൺ (നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും) സർക്കാർ പരിപാടിയാണെന്ന് വിശ്വസിക്കുക, അത് നടപ്പിലാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം ആണെന്ന് കരുതുക. എങ്ങനെയും അവരുടെ കണ്ണിൽ പൊടിയിട്ട് പതിവുപോലെ കാര്യങ്ങൾ നടത്തുന്നത് മിടുക്കായി കരുതുക. നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ നമ്മൾ പതിനായിരം കടക്കും, പ്രത്യേകിച്ചും കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്ന സാഹചര്യത്തിൽ. പതിനായിരം കടന്നാൽ പിന്നെ എവിടെ എത്തുമെന്ന് ഇന്ന് ലോകത്തിൽ ആർക്കും അറിയില്ല. മരണം രണ്ടിൽ നിന്നും ഇരുപതും ഇരുന്നൂറും രണ്ടായിരവും ആകും.
ആ വഴി നമ്മൾ പോയാൽ ലോകത്തിന് അത് വലിയൊരു സംഭവം ആവില്ല. ഇറ്റലിയിൽ പതിനായിരം ആളുകൾ മരിക്കുന്പോൾ, ലക്ഷം പേരുടെ മരണത്തിന് അമേരിക്ക തയ്യാറെടുക്കുന്പോൾ കേരളത്തിൽ മരണങ്ങൾ ആയിരം കടന്നാലും അന്പതിനായിരം എത്തിയാലും ലോകം അത് ശ്രദ്ധിക്കില്ല. കൊറോണക്കാലത്തെ സ്റ്റാറ്റിസ്റ്റിക്സ് ആയി അതവസാനിക്കും.
പക്ഷെ രണ്ടാമത് ഒരു വഴിയും കൂടി നമുക്ക് നമ്മുടെ മുന്നിലുണ്ട്. കേരളത്തിലേക്ക് പുറത്തുനിന്നുള്ള ആളുകളുടെ വരവ് ഏതാണ്ട് പൂർണ്ണമായി തന്നെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോൾ വൈറസ് ബാധ ഉള്ളവരെ, അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റവും വേഗത്തിൽ തിരിച്ചറിയണം, ഐസൊലേറ്റ് ചെയ്യണം. രോഗമുള്ളവർക്ക് സാന്ത്വനവും, മൂർച്ഛിക്കുന്നവർക്ക് ജീവൻ രക്ഷാ പരിചരണവും നൽകണം. രോഗമുളളവരിൽ നിന്നും ഉണ്ടായിരിക്കാൻ സാധ്യതയുള്ളവരിൽ നിന്നും മറ്റുളളവരെ അകത്തി നിർത്തണം. നമ്മൾ ഓരോരുത്തരും പരമാവധി സാമൂഹ്യ അകലം പാലിക്കണം. ലോക്ക് ഡൌൺ (നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും) കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും വിജയിപ്പിക്കേണ്ടത് സർക്കാരിന്റെ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമായി എടുക്കണം.
അങ്ങനെ ചെയ്‌താൽ മൊത്തം കേസുകൾ പതിനായിരത്തിനുള്ളിൽ പിടിച്ചുകെട്ടാൻ നമുക്ക് സാധിക്കും. ഈ കൊറോണയുദ്ധത്തെ മുന്നിൽ നിന്നു നയിക്കുന്ന മുഖ്യമന്ത്രിയുടെ പുറകിൽ നാം ഒറ്റ മനസ്സോടെ അണിനിരന്നാൽ, പരിമിതമായ വിഭവങ്ങളും അപരിമിതമായ ആത്മാർത്ഥതയുമുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആശുപത്രിയുടെ പരിമിതിക്കുള്ളിൽ ഈ യുദ്ധം ചെയ്യാനുള്ള അവസരം നമ്മൾ ഒരുക്കിക്കൊടുത്താൽ ഈ യുദ്ധം നമ്മൾ ജയിക്കും.
ഈ വിജയത്തിനും നമുക്കുമിടക്ക് പുറത്തുനിന്ന് ആരും നിൽക്കുന്നില്ല. ഈ യുദ്ധം നാം നമ്മളോട് തന്നെയാണ് ചെയ്യുന്നത്. സർക്കാർ ചെയ്യേണ്ട ധാരാളം കാര്യങ്ങളുണ്ട്, ടെസ്റ്റിങ്ങുകളുടെ എണ്ണം കൂട്ടുന്നതും, കൂടുതൽ കൊറോണ രോഗികളെ ചികിൽസിക്കാനുള്ള സൗകര്യങ്ങർ ഒരുക്കുന്നതും, ആരോഗ്യ പ്രവർത്തകർക്ക് ജീവൽഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുന്നതും, പൊതുവിലുള്ള ക്രമസമാധാനം നിലനിർത്തുന്നതും, ആളുകൾക്ക് ഭക്ഷണത്തിനും മറ്റ് ആരോഗ്യ സംവിധാനത്തിലും ബുദ്ധിമുട്ടുകൾ വരില്ല എന്ന ഉറപ്പും ഉൾപ്പെടെ. അതെല്ലാം അവർ പരിമിതികൾക്കകത്തു നിന്ന് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
നമ്മൾ ചെയ്യേണ്ടത് ഒറ്റക്കാര്യമേ ഉള്ളൂ. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക. അത് അനുസരിക്കാത്തവരെ പറഞ്ഞു മനസിസ്സിലാക്കാൻ ശ്രമിക്കുക. പരസ്പരം കയറുകളാൽ ബന്ധിച്ച് കൊടുമുടികൾ കയറുന്നവരെ കണ്ടിട്ടില്ലേ, എല്ലാവരും ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ്. അതിലൊരാൾ വരിതെറ്റിയാൽ – എടുത്തു ചാടിയാൽ അന്ത്യം അയാളുടേത് മാത്രമല്ല, ആ ഗ്രൂപ്പിൽ എല്ലാവരുടേതുമാണ്. ഇന്നിപ്പോൾ എല്ലാ മലയാളികളും അത്തരം അദൃശ്യമായ ചരടാൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. ഇതിൽ നിന്നും വരിമാറി നടക്കുന്നവർ അതാരാണെങ്കിലും എല്ലാ മലയാളികളുടേയും ജീവനാണ് അപടത്തിലാക്കുന്നത്. അവരെ വെട്ടിമാറ്റി സമൂഹത്തെ സംരക്ഷിക്കുക എന്നത് ജനാധിപത്യ സമൂഹത്തിന് സാധ്യമല്ല. “
———–
കേരളത്തിലെ മൊത്തം കേസുകൾ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധികൾക്കുള്ളിൽ നിറുത്തി മരണ നിരക്ക് ഒരു ശതമാനത്തിലും താഴെ നിർത്താൻ നമുക്കിനി കൂടി വന്നാൽ രണ്ടാഴ്ചയാണ് ബാക്കിയുള്ളത്. അതിനുള്ളിൽ നമ്മൾ കേസുകളുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടുമോ എന്നതാണ് നോക്കേണ്ടത്. ഇക്കാര്യത്തിൽ ആളുകൾ കൂടുതൽ ഉത്തരവാദിത്തബോധം കാണിച്ചേ പറ്റൂ.
സുരക്ഷിതമായിരിക്കുക
മുരളി തുമ്മാരുകുടി
Leave a Comment