പൊതു വിഭാഗം

വൈരുദ്ധ്യാത്മീയ ഭൗതികവാദം.

പണ്ടൊക്കെ ഞാനെന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ എന്റെ വീട്ടിലുള്ളവർ പോലും അതത്ര കാര്യമായി എടുക്കാറില്ല. എന്നാലിപ്പോൾ ഫേസ്ബുക്കിൽ സുഹൃത്തുക്കളും ഫോളോവേഴ്സും ഒക്കെയായി ഇരുപത്തയ്യായിരത്തോളം പേരുള്ളതിനാനാൽ പത്തായിരം പേരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നതും കുറച്ചു പേർ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ “നീ ആര്, കോവിലകം എന്തിന് വാങ്ങി” എന്ന കാര്യത്തിൽ കുറച്ചു പേർക്കെങ്കിലും താല്പര്യം കാണുന്നു.

കേരളത്തിലെ പൊതു ഇടങ്ങളിൽ അഭിപ്രായം പറയുക എന്നത് അൽപ്പം റിസ്കുള്ള പണിയാണ്. കാരണം, മിക്കവാറും വിഷയങ്ങളിൽ ആളുകൾ വളരെ ധ്രുവീകരിച്ചാണ് നിൽക്കുന്നത്. ‘നമ്മളും’ ‘അവരും’ എന്ന രീതിയിലാണ് എല്ലാ വിഷയങ്ങളെയും ആളുകൾ സമീപിക്കുന്നത്. ‘നമ്മൾ’ പറയുന്നതെല്ലാം എപ്പോഴും ശരിയും ‘അവർ’ പറയുന്നതെല്ലാം എപ്പോഴും തെറ്റും ശുദ്ധമണ്ടത്തരവുമാണ്. ‘നമ്മളെ’പ്പോലെ ചിന്തിക്കാത്തവരെല്ലാം ‘അവർ’ ആണ്, നമുക്കെതിരുമാണ്. ഈ ചിന്താഗതിയുടെ കുത്തക ഒരു ഗ്രൂപ്പിനുമില്ല. ഇങ്ങനെ ‘ശരിയായ’ നമ്മളും ‘തെറ്റായ’ അവരും തമ്മിലുള്ള ഗോഗ്വാ വിളിയാണ് ഫേസ്ബുക്കിലും ചാനലിലുമൊക്കെ സ്ഥിരമായി നടക്കുന്നത്. ഈ നമ്മളും അവരും സ്വതന്ത്രമായ ഏതെങ്കിലും ചിന്തയിൽ നിന്നും ഉണ്ടാവുന്നതല്ല, മറിച്ച് ഏതെങ്കിലുമൊരു മതത്തിന്റെയോ പാർട്ടിയുടേയോ ഐഡിയോളോജിയുടെയോ ഒക്കെ ചട്ടക്കൂട്ടിൽ നിന്നുണ്ടാകുന്നതാണ്. പൊതുരംഗത്ത് അഭിപ്രായം പറയുന്ന എല്ലാവരെയും ഏതെങ്കിലുമൊക്കെ ഒരു കള്ളിയിലൊതുക്കിയിട്ട് വേണം അവർ പറയുന്ന കാര്യങ്ങളെ എതിർക്കാനോ പിന്തുണക്കാനോ. അല്ലാതെ ഓരോ വിഷയത്തിലും അവർ എടുക്കുന്ന നിലപാടിനെയല്ല ശ്രദ്ധിക്കുന്നതും വിമർശിക്കുന്നതും.

ലോകത്തൊരിടത്തും ഒരുകാലത്തും ‘എല്ലാ’ അഭിപ്രായങ്ങളും ‘ശരിയായ’ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഉണ്ടായിട്ടില്ല. ശരിതെറ്റുകൾ ആരുടെയും കുത്തകയുമല്ല. ‘നമ്മുടെ’ അഭിപ്രായത്തോട് യോജിക്കാത്തവരെ ‘തെറ്റുകാർ’ എന്നു മുദ്രകുത്തുന്നത് ശരിയായ പ്രവണതയല്ല. കേരളത്തിലാകട്ടെ, ആർക്കും തന്നെ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജോർജ്ജ് ബുഷിനെ ഇഷ്ടമല്ലെങ്കിലും ‘if you are not with us, you are against us’ എന്ന പ്രശസ്തമായ ബുഷ് ഡോക്ട്രിൻ വെച്ചാണ് കൂടുതലാളുകളും പ്രസ്ഥാനങ്ങളും മറ്റുള്ളവരെ അളക്കുന്നത്.

എനിക്ക് പക്ഷെ അങ്ങനെയൊരു ചിന്തയില്ല. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെയോ ഐഡിയോളോജിയുടെയോ മറവിലോ തണലിലോ നിന്നല്ല ഞാൻ ചിന്തിക്കുന്നത്. ഓരോ ദിവസവും കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളിൽ എന്റെ അറിവും പരിചയവും വച്ചാണ് അഭിപ്രായങ്ങൾ രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസത്തെയും എന്റെ അഭിപ്രായങ്ങൾ ഏതെങ്കിലും ഒരു ചിന്താധാരയുടെ ചട്ടക്കൂടിനകത്തായിക്കൊള്ളണമെന്നില്ല. അതേസമയം എന്റെ ചിന്തക്ക് കടകവിരുദ്ധമായ ചിന്തകളുള്ളവരോടും എനിക്കൊരു വിരോധവുമില്ല. നാളെ അവർ പറഞ്ഞതാവാം ശരി എന്ന ചിന്ത എപ്പോഴുമുണ്ട്. ഇതെനിക്കെൻറെ ചെറുപ്പത്തിലെ അനുഭവങ്ങൾ കൊണ്ട് കിട്ടിയതാണ്. ഇത് മനസ്സിലാക്കിയാൽ പിന്നെ എന്നെ അളക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല.

എന്റെ അമ്മയുടെ മൂത്ത സഹോദരൻ വെങ്ങോലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സംഘാടകനുമായിരുന്നു. വെങ്ങോലയിൽ സർവീസ് സഹകരണബാങ്ക് തൊട്ട് ലൈബ്രറി വരെ സ്ഥാപിക്കാൻ മുൻകൈയെടുത്ത ആളാണ് അമ്മാവൻ. അമ്മാവൻ വിവാഹം കഴിച്ചിരുന്നില്ല, സ്വന്തമായി ഒന്നും സന്പാദിച്ചിരുന്നുമില്ല. സ്വന്തം അധ്വാനവും, സമയവും, പണവും കൂടുതലും സമൂഹത്തിനുവേണ്ടിയാണ്‌ ചെലവഴിച്ചത്. അമ്മാവൻ മരിച്ച് ഇരുപത് വർഷം കഴിഞ്ഞിട്ടും അമ്മാവന്റെ പേരിലാണ് ഞങ്ങളിപ്പോഴും വെങ്ങോലയിലറിയപ്പെടുന്നത്. അത് ഞങ്ങൾക്ക് അഭിമാനമാണ്. അമ്മാവൻ തുടങ്ങിവെച്ച ലൈബ്രറിക്ക് വേണ്ടി എപ്പോൾ എന്ത് ആവശ്യമുണ്ടെങ്കിലും ഞാൻ പണം മുടക്കാറുണ്ട്. എപ്പോൾ അവർ വിളിച്ചാലും പോകാറുമുണ്ട്.

എന്റെ അച്ഛന്റെ മൂത്ത സഹോദരനാകട്ടെ ഒരു ജ്യോൽസ്യനായിരുന്നു, അദ്ദേഹവും വിവാഹം കഴിച്ചിരുന്നില്ല. സ്വന്തമായി ഒന്നും സന്പാദിച്ചുമില്ല. എടത്തലയിൽ ഒരു ക്ഷേത്രം നിർമ്മിക്കാൻ മുൻകൈ എടുത്തത് ആ വല്യച്ഛനായിരുന്നു. അദ്ദേഹത്തിന്റെ സന്പാദ്യം മുഴുവൻ സമൂഹനന്മക്ക് വേണ്ടിയാണ് ചെലവാക്കിയത്. വലിയച്ഛൻ മരിച്ചിട്ട് ഇരുപത് വർഷം കഴിഞ്ഞിട്ടും എടത്തലയിൽ ഞങ്ങൾ അറിയപ്പെടുന്നത് ആ വല്യച്ഛന്റെ പേരിലാണ്. അഞ്ചാം ക്‌ളാസ് തൊട്ട് ഈശ്വരവിശ്വാസിയല്ലെങ്കിലും എടത്തലയിലെ ദേവീക്ഷേത്രത്തിന്റെ എന്താവശ്യത്തിനും ഞാനിപ്പോഴും പണം മുടക്കാറുണ്ട്. നാട്ടിൽ ചെല്ലുമ്പോൾ സൗകര്യമുള്ളപ്പോളൊക്കെ അവിടെ പോകാറുമുണ്ട്.

പണ്ട് വർഷത്തിൽ ഒന്നോ രണ്ടോ തവണ എന്റെയീ അമ്മാവനും വലിയച്ഛനും തമ്മിൽ കണ്ടുമുട്ടാറുണ്ട്. പൂർണ്ണബഹുമാനത്തോടെ മാത്രമേ അവർ പരസ്പരം സംസാരിച്ച് ഞാൻ കണ്ടിട്ടുള്ളു. കൃഷിയും അരിയുടെ ക്ഷാമവും വിലക്കയറ്റവും ഒക്കെയാണ് അന്നവർ സംസാരിച്ചിരുന്നത്. അല്ലാതെ അവർ കമ്മ്യൂണിസത്തെപ്പറ്റിയോ ജ്യോൽസ്യത്തെപ്പറ്റിയോ പറഞ്ഞ് കൊന്പ് കോർത്തിട്ടില്ല. സമൂഹത്തിന് നന്മ ചെയ്യലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ നമ്മുടെ കർമ്മമണ്ഡലവും ഐഡിയോളജിയുമൊന്നും ജനാധിപത്യസമൂഹത്തിൽ ഒരു തടസ്സമല്ല എന്ന പാഠമാണ് ഞാൻ അമ്മാവനിൽ നിന്നും വലിയച്ഛനിൽ നിന്നും പഠിച്ചത്. അതിപ്പോഴും എന്റെ മനസ്സിലുണ്ട്.

തോർത്തുമുണ്ടുടുത്ത് രാവിലെ നാലുമണിക്ക് കാളകളെയും കൊണ്ട് പാടത്തുപോയി ഉഴുതുവന്നിട്ട് വൈകിട്ട് ലൈബ്രറിയിൽ പോകുന്ന അമ്മാവനെയും, കാവിമുണ്ടുടുത്ത് രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വിഷ്ണുസഹസ്രനാമം ചൊല്ലി വൈകിട്ട് അന്പലത്തിൽ പോകുന്ന വല്യച്ചനെയും കണ്ടും ബഹുമാനിച്ചും വളർന്ന മനസ്സാണ് എന്റേത്. ആ അടിസ്ഥാനത്തിൽ നിന്നാണ് എന്റെ ചിന്തകൾ വളർന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഞാൻ ഇടതുപക്ഷമാണോ, അതോ നിയോ ലിബറലാണോ, ദേശീയവാദി ആണോ അന്തർദ്ദേശീയൻ ആണോ എന്നൊന്നും ആലോചിക്കാറില്ല. പാടത്തെ ചെളിപുരണ്ട തോർത്തുമുണ്ടിൽ നിന്നും അന്പലത്തിലെ കർപ്പൂരത്തിന്റെ മണമുള്ള കാവിമുണ്ടിലേക്കും, തിരിച്ചും ഒരു നിമിഷം കൊണ്ട് സംക്രമിക്കാൻ കഴിയുന്ന മനസ്സാണ് എന്റേത്. റിട്ടയർ ചെയ്തു നാട്ടിൽ വരുമ്പോൾ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ വെങ്ങോലയിലെ വായനശാലയാണോ ഇടത്തലയിലെ ക്ഷേത്രമാണോ ആസ്ഥാനമാക്കുക എന്ന് ഞാൻ ഇനിയും തീരുമാനിച്ചിട്ടില്ല.

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
എന്ന് വയലാർ.
അത്രയുമേ ഞാനും വിചാരിക്കുന്നുള്ളൂ.

2 Comments

  • സമൂഹ നന്മ മാത്രം ആണ് ഉദ്ദേശ്യം എന്ന് വാക്കുകളിൽ വ്യക്തം. ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ അങ്ങേയ്ക്ക്

  • ” സമൂഹത്തിന് നന്മ ചെയ്യലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ നമ്മുടെ കർമ്മമണ്ഡലവും ഐഡിയോളജിയുമൊന്നും ജനാധിപത്യസമൂഹത്തിൽ ഒരു തടസ്സമല്ല “….ഒരുപാട് അർത്ഥമുള്ള വാക്കുകൾ . അങ്ങയുടെ ബ്ലോഗ് വായിക്കാൻ തുടങ്ങുന്നത് ഇപ്പോഴാണ് . അങ്ങയെ കുറിച് കേട്ടിട്ടുണ്ടെങ്കിലും വളരെ സീരിയസ് ആയി അങ്ങയുടെ വിവരണങ്ങൾ വായിച്ചു തുടങ്ങുന്നത് ഇപ്പോഴാണ് .. വളരെ അധികം നന്ദി.

Leave a Comment