വയനാട്ടിൽ നിന്നുള്ള ഷെറിൻ ഷഹാനക്ക് ഈ വർഷത്തെ സിവിൽ സർവ്വീസ് ലിസ്റ്റിൽ സ്ഥാനം ലഭിച്ച കാര്യം ഇപ്പോൾ വായനക്കാർ അറിഞ്ഞു കാണുമല്ലോ. ഇതിൽ ഏറെ സന്തോഷിക്കുന്ന ഒരാളെന്ന നിലയിൽ അന്ന് തന്നെ എഴുതേണ്ടതായിരുന്നു. പക്ഷെ യാത്രയിലായിരുന്നത് കൊണ്ട് അത് സാധിച്ചില്ല. ക്ഷമിക്കുമല്ലോ.
അഭിനന്ദനങ്ങൾ ഷെറിൻ!
എന്റെ വായനക്കാർക്ക് ഷെറിനെ അറിയാം. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഷെറിന്റെ യാത്രയിൽ നിങ്ങളും കൂടെയുണ്ട്. അവർക്കെല്ലാം എന്റെ നന്ദിയും ഉണ്ട്.
പി.ജി. പഠനത്തിനിടെ വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട സമയത്താണ് ആദ്യമായി ഞാൻ ഷെറിനെ പറ്റി അറിയുന്നത്. ഷെറിന്റെ സഹോദരി വഴി. പഠനം തുടരാൻ ഷെറിന് ഒരു ഇലക്ട്രിക് വീൽ ചെയർ വേണം എന്ന ഒരു ചെറിയ ആവശ്യം ഞാൻ വായനക്കാരുടെ മുന്നിൽ വച്ചു. രണ്ടു ദിവസത്തിനകം അതിനാവശ്യമായ പണം വായനക്കാർ അറിഞ്ഞു നൽകി.
അതൊരു തുടക്കമായിരുന്നു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ വയനാട്ടിൽ പോയി ഷെറിനെ കണ്ടു. അന്ന് തീരെ കിടപ്പായിരുന്നു.
പി.ജി. പഠനത്തിനപ്പുറം ഉന്നത വിദ്യാഭ്യാസം നേടണമെന്നും അങ്ങനെ ഒരു കരിയർ ഉണ്ടാകണമെന്നും ഷെറിൻ കാണിക്കുന്ന ആത്മവിശ്വാസം പിന്നീട് വരുന്ന അനവധി ആളുകൾക്ക് മാതൃകയാകുമെന്നും ഞങ്ങൾ ചർച്ച ചെയ്തു.
ഷെറിനെപ്പോലെ മാനസികവും ശാരീരികവുമായി തളർന്നിരിക്കുന്നവരെ ഉപദേശിക്കാനും മോട്ടിവേറ്റ് ചെയ്യാനും എളുപ്പമാണ്. പക്ഷെ അതിന്റെയൊക്കെ പത്തിലൊന്ന് വെല്ലുവിളികൾ നേരിട്ടാൽ തന്നെ ഞാനുൾപ്പെടെയുള്ള മോട്ടിവേറ്റേഴ്സ് തളർന്നു പോകുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്. തനിക്കുള്ള പരിമിതികളെ അംഗീകരിച്ചും എന്നാൽ അതുകൊണ്ട് തന്റെ ലക്ഷ്യങ്ങളിൽ നിന്നു പിന്മാറാതെയും ഷെറിൻ ഉന്നതവിദ്യാഭ്യാസത്തിനും കരിയറിനുമുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു.
പിന്നീട് എപ്പോൾ നാട്ടിൽ പോകുന്പോഴും ഷെറിനെ കാണാൻ ശ്രമിച്ചു. ചിലപ്പോൾ വയനാട്ടിൽ എത്തി, ചിലപ്പോൾ ഷെറിൻ എറണാകുളത്ത് വന്നു. ഓരോ തവണ നാട്ടിലേക്ക് പോകുന്പോഴും ഒരു ബോക്സ് ചോക്കലേറ്റ് ഷെറിനും വാങ്ങി.
ഷെറിനെ സ്ഥിരമായി വിളിക്കുക, ഷെറിനിൽ നിന്നും ഞാനും സമൂഹവും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുക, ഷെറിന്റെ വിജയങ്ങളിൽ കൂടെ നിന്ന് സന്തോഷിക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ ചേർന്ന് നിൽക്കുക, ഇതൊക്കെയാണ് കഴിഞ്ഞ അഞ്ചു വർഷമായി ചെയ്തുകൊണ്ടിരുന്നത്.
ഇത്രയൊക്കെ ആണെങ്കിൽ പോലും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ ഷെറിന് മടിയാണ്. കോവിഡ് വന്നപ്പോൾ ഉൾപ്പടെ പലപ്പോഴും അങ്ങോട്ട് വിളിക്കുന്പോൾ ആണ് കാര്യങ്ങൾ അറിയുന്നത്. പലപ്പോഴും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യത്തിനായിരിക്കും ഷെറിൻ ഏറെ ബുദ്ധിമുട്ടുന്നത്. ഷെറിന് എന്തെങ്കിലും ഒരാവശ്യം ഉണ്ടായാലുടൻ സഹായിക്കാനായി ഞാൻ എന്റെ സൗഹൃദ വലയത്തിലുള്ള ആരെയെങ്കിലും വിളിക്കും. നല്ല സൗഹൃദങ്ങൾ വലിയൊരു പ്രിവിലേജ് ആണ്. ഒറ്റ വാട്ട്സ്ആപ്പ് മെസ്സേജിൽ കാര്യം നടക്കും.
പതുക്കെപ്പതുക്കെ ഷെറിൻ ആത്മവിശ്വാസം വീണ്ടെടുത്തു. യു.ജി.സി. പരീക്ഷ എഴുതി, പി.എച്ച്.ഡി. ക്ക് അഡ്മിഷൻ വാങ്ങി.
സിവിൽ സർവ്വീസ് പരീക്ഷ എഴുതി, ഇന്റർവ്യൂവിന് ഡൽഹിയിൽ പോയി, ഇപ്പോൾ ഇതാ വിജയിച്ചു വന്നിരിക്കുന്നു.
ഇതിനെയാണ് കളക്ടർ ബ്രോ “പ്രോജക്ട് ഷെറിൻ” എന്ന് പറഞ്ഞത്.
എത്രയോ ആളുകളാണ് ചെറുതും വലുതുമായ കാര്യങ്ങൾക്ക് ഷെറിനെ ചേർത്ത് നിർത്തിയത്. പേരുകൾ പറയാൻ എനിക്ക് മടിയാണ്, കാരണം എപ്പോഴും ആരെയെങ്കിലും വിട്ടുപോകും. അതവർക്ക് വിഷമമാകും. പിന്തുണച്ചവർക്കൊക്കെ അറിയാം, അവരാരും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി സഹായിച്ചതുമല്ല. നന്ദിപോലും അവർ പ്രതീക്ഷിക്കുന്നുമില്ലെങ്കിലും അവർക്കെല്ലാവർക്കും ഏറെ നന്ദി.
ഷെറിന്റെ വിജയം ഷെറിന്റെ ആത്മവിശ്വാസത്തിന്റെ, കഠിനാധ്വാനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയമാണ്. അഭിനന്ദനങ്ങൾ ഷെറിൻ. അറിഞ്ഞും അറിയാതെയും ഷെറിൻ ഒരു മാതൃകയായിരിക്കുന്നു. ഒരു സംഭവവും !
ഷെറിനോടൊപ്പം എന്നും കൂടെ നിന്ന അമ്മയുടെ, സഹോദരിയുടെ, അടുത്ത ബന്ധുക്കളുടെ കണ്ണുനീരും പിന്തുണയും അതിന് പിന്നിലുണ്ട്. ഷെറിന്റെ വെല്ലുവിളികൾ ഇതോടെ അവസാനിക്കുന്നില്ല. അവരുടെ ഉത്തരവാദിത്തം എല്ലാക്കാലത്തേക്കും ആണ്. എന്നാലും ഇത്തരം വിജയങ്ങൾ എല്ലാ ബുദ്ധിമുട്ടുകൾക്കും അർത്ഥം നൽകുന്നു.
ഷെറിനെ പോലുള്ളവർ ധാരാളമുണ്ട്. കഴിവുണ്ട്, പക്ഷെ മുന്നോട്ട് വരാനുള്ള സാഹചര്യമോ പിന്തുണയോ ഇല്ല. ഇവരിൽ പരമാവധി പേരെ കണ്ടെത്തുകയും പിന്തുണ നൽകുകയും ചെയ്യുകയാണ് നമുക്കെല്ലാവർക്കും ചെയ്യാവുന്ന കാര്യം. ഒരു നൂറ് വിജയങ്ങൾക്ക് ഇത് അടിസ്ഥാനമാകട്ടെ.
ഷെറിൻ ഇനിയും വിജയത്തിന്റെ പടവുകൾ കയറട്ടെ. അത് നമുക്ക് സന്തോഷത്തോടെ, അഭിമാനത്തോടെ, വാത്സല്യത്തോടെ, നോക്കി നിൽക്കാമല്ലോ.
മുരളി തുമ്മാരുകുടി
Leave a Comment