പൊതു വിഭാഗം

പത്രോസിന്റെ സിദ്ധാന്തം

‘എന്തെങ്കിലും കുളമാവാൻ സാധ്യതയുണ്ടെങ്കിൽ അത് കുളമായിരിക്കും’ എന്ന മർഫിയുടെ നിയമം എല്ലാവരും തന്നെ കേട്ടിട്ടുണ്ടാവും. (If anything can go wrong, it will).

വാസ്തവത്തിൽ അത്ര ഗുണമുള്ള നിയമം ഒന്നുമല്ല അത്. എന്തെങ്കിലുമൊക്കെ കുളമായിക്കഴിഞ്ഞാൽ പറഞ്ഞു ചിരിക്കാൻ കൊള്ളാം, അത്രേ ഉള്ളൂ.

എന്നാൽ കൂടുതൽ പ്രായോഗിക ഗുണങ്ങളുള്ള മറ്റൊരു നിയമമുണ്ട്, അതാണ് പത്രോസിന്റെ സിദ്ധാന്തം.

‘ഓരോ കമ്പനിയിലും മാനേജർമാർ അവരുടെ കഴിവില്ലായ്മയുടെ പരിധി വരെയാണ് ഉയർന്ന് പോകുന്നത്’ എന്നാണ് പത്രോസ് പറയുന്നത്. ‘Managers rise to the level of their incompetence’.

മാനേജ്‌മെന്റ് ഗുരു ആയിരുന്നു അദ്ദേഹം. ഒരു കമ്പനിയിൽ ഒരാൾ നന്നായി ജോലി ചെയ്‌താൽ അയാളെ പ്രമോട്ട് ചെയ്ത് മുകളിലേക്ക് വിടും, അവിടെയും നന്നായി പ്രവർത്തിച്ചാൽ വീണ്ടും മുകളിലേക്ക്. അവസാനം ഏതു പദവി ആണോ അവരുടെ കഴിവിന്റെ മുകളിൽ ഉള്ളത് അവിടെ വരെ അവരെത്തും. ഇത് വലിയ കുഴപ്പമാണ്. കാരണം കമ്പനിയിലെ ഓരോ ആളും ഇങ്ങനെ അവരുടെ കഴിവില്ലായ്മയുടെ പരിധിയിൽ നിൽക്കുന്നതിനാൽ കമ്പനി കുളം ആകാൻ വേറെ കാരണമൊന്നും വേണ്ട.

ഓരോ ജോലിയുടെയും സ്വഭാവമനുസരിച്ചു വേണം ആളുകളെ തിരഞ്ഞെടുക്കാൻ എന്നും, അല്ലാതെ ഇപ്പോഴത്തെ ജോലിയിലെ മികവ് നോക്കി ആകരുത് ആളുകളെ പ്രമോട്ട് ചെയ്യുന്നതെന്നും വളരെ വിപ്ലവകരമായ ചിന്തയാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. പണ്ടൊക്കെ ഒരു കമ്പനിയിൽ ജോയിൻ ചെയ്ത് അവിടെത്തന്നെ പടിപടിയായി വളർന്നാണ് ലോകത്തെ വൻകിട കമ്പനികളിൽ ആളുകൾ ഏറ്റവും ഉന്നത പദവികളിൽ എത്തിയിരുന്നത്. നമ്മുടെ സിവിൽ സർവീസിലൊക്കെ ഇപ്പോഴും ഇതാണല്ലോ സ്ഥിതി. പക്ഷെ വികസിത ലോകത്ത് ഇത് ആകെ മാറി. അപൂർവം കമ്പനികളിൽ ഒഴിച്ച് ഭൂരിഭാഗം കമ്പനികളിലും, എന്തിന് സർക്കാർ ജോലികളിൽ വരെ ഉയർന്ന പദവിയിലുള്ള മിക്കവാറും ജോലിക്ക് പുറത്ത് നിന്നുമാണ് ആളുകളെ നിയമിക്കുന്നത്.
ഇത് പക്ഷെ കമ്പനികളുടെ മാത്രം കാര്യമല്ല. നന്നായി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരനെ കാപ്റ്റൻ ആക്കുമ്പോഴും, നന്നായി പ്രവർത്തിക്കുന്ന മന്ത്രിയെ പ്രധാനമന്ത്രി ആക്കുമ്പോഴും ഉള്ളത് ഇതേ റിസ്‌ക്കാണ്.

ഇത് മറ്റുള്ളവരെ മാത്രം ബാധിക്കുന്നതല്ല, നമുക്കും ബാധകമാണ്. നന്നായി ജോലി ചെയ്യുമ്പോൾ ഒരു പ്രമോഷൻ വന്നാൽ നമ്മളും ഇക്കാര്യം ചിന്തിക്കണം. അല്ലെങ്കിൽ പത്രോസിന്റെ സിദ്ധാന്തം നമുക്കും പണി തരും.

Leave a Comment