പൊതു വിഭാഗം

MAD

Mad എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം ഭ്രാന്ത് എന്നാണല്ലോ. ഈ വാക്ക് ഉപയോഗിച്ചുള്ള ഒരു പ്രയോഗമാണ് MAD അഥവാ ‘Mutually Assured Destruction’. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതസമരത്തിൻറെ കാലത്ത് ന്യൂക്ലിയർ യുദ്ധ സാധ്യതയെപ്പറ്റി പറയുമ്പോൾ, ആരും വിജയിക്കാത്ത – രണ്ടുപേരും നശിക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തെ സൂചിപ്പിക്കാൻ പ്രയോഗിച്ചുകൊണ്ടിരുന്ന വാക്കാണിത്.

നിലവിൽ ലോകത്ത് MAD സാഹചര്യമില്ലെങ്കിലും കേരളത്തിൽ ഫേസ്ബുക്കിലെ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനവും കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്.

ഒരാൾ ഒരു പോസ്റ്റ് ഇടുന്നു, അതിനെ മറുകൂട്ടർ വിവാദമാക്കുന്നു. പ്രയോഗത്തിൻറെ അർത്ഥവും സാഹചര്യവും വേറെയാണെന്ന് കൂട്ടാളികൾ വാദിക്കുന്നു, എതിരാളികൾ സമ്മതിക്കുന്നില്ല. എങ്ങനെയെങ്കിലും പോസ്റ്റിട്ടയാൾക്ക് ഒരു പണികൊടുക്കാൻ നോക്കുന്നു. ചിലപ്പോൾ വിജയിക്കുന്നു.

കുറച്ചു കഴിഞ്ഞു മറുകൂട്ടത്തിലെ ആരെങ്കിലും ഒരു പോസ്റ്റിടുന്നു, ഒന്നാമത്തെ സംഘം ചാടി വീഴുന്നു. പ്രയോഗത്തിൻറെ അർത്ഥവും സാഹചര്യവും വേറെയാണെന്ന് കൂട്ടാളികൾ വാദിക്കുന്നു, പക്ഷെ എതിരാളികൾ സമ്മതിക്കുന്നില്ല. പോസ്റ്റിട്ടയാൾക്ക് പണികൊടുക്കാൻ നോക്കുന്നു, ചിലപ്പോൾ വിജയിക്കുന്നു.

എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. നമ്മുട സംഘത്തിലുള്ള ഒരാളാണ് പോസ്റ്റ് ഇടുന്നതെങ്കിൽ പറഞ്ഞത് എന്താണെങ്കിലും അതിൻറെ സാഹചര്യവും സാരാംശവും നമുക്ക് വ്യക്തമാണ്. നമുക്കെതിരെ ആണെങ്കിലോ ഇതൊന്നും വ്യക്തമല്ല താനും. അവിടെ വാച്യാർത്ഥം മാത്രമേ നോക്കാവൂ. അപ്പോൾ ആളുകളുടെ ബുദ്ധിക്ക് ഒരു കുഴപ്പവും ഇല്ല, പ്രശ്നം ബോധത്തിന്റെ ആണ്.

ഫേസ്ബുക്കിൽ അങ്കം വെട്ടുന്ന മലയാളി യുവത്വം ഇപ്പോൾ MAD trajectory യിൽ ആണ് (ഇപ്പോൾ കിട്ടിയ വാർത്ത – “ഫേസ്ബുക്കിൽ എഴുതുന്ന ചെറുപ്പക്കാർക്ക് ഭ്രാന്തെന്ന് മുരളി തുമ്മാരുകുടി !!”). ഇത് പൊങ്കാലയിലോ പോലീസ് കേസിലോ പണി കളയിക്കുന്നതിലോ ഒന്നും ഒതുങ്ങി നിൽക്കുമെന്ന് തോന്നുന്നില്ല. ഇക്കണക്കിന് പോയാൽ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി അടിപിടി ഉണ്ടാകും, അടിപിടി ഒരു കൊലപാതകം ആകാനും അധികം സമയം വേണ്ട. എവിടെ നിന്നായിരിക്കും ആദ്യത്തെ ഫേസ്ബുക്ക് രക്തസാക്ഷി ഉണ്ടാകുന്നത്..? എന്തൊരു കഷ്ടം ആയിരിക്കും അത്..? ഇതാണോ നമ്മൾ സ്വപ്നം കാണുന്ന കിനാശ്ശേരി…?

നമ്മുടെ പുതിയ തലമുറയിലെ രാഷ്ട്രീയബോധവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള ചെറുപ്പക്കാർ അങ്കം വെട്ടി ഭാവി നശിപ്പിക്കുമ്പോൾ ആരാണ് യഥാർത്ഥത്തിൽ ജയിക്കുന്നത്?. പുതിയ തലമുറ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരണമെന്ന് ആഗ്രഹിക്കുന്ന, കടന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ഞാൻ. അപ്പോൾ അവരെല്ലാം ഫേസ്ബുക്ക് യുദ്ധത്തിൽ തന്നെ വീണുപോയാൽ എങ്ങനെയാണ് അവർ സമൂഹത്തിന് മാറ്റങ്ങൾ ഉണ്ടാക്കുന്നത്? നമ്മുടെ പുതിയ തലമുറ ഇങ്ങനെ പരസ്പരം കഴുത്തിന് പിടിക്കുമ്പോൾ പഴയ തലമുറയിലെ രാഷ്ട്രീയക്കാർക്ക് “കണ്ടില്ലേ, പിള്ളേർക്ക് ഒട്ടും പക്വത ആയിട്ടില്ല, അവരെയൊക്കെ എങ്ങനെ ഭരണം ഏൽപ്പിക്കും” എന്ന് ചോദിച്ചാൽ വോട്ട് ചെയ്യുന്നവർ രണ്ടാമതൊന്ന് ചിന്തിക്കില്ലേ?

നമ്മുടെ ഫേസ്ബുക്കിലെ അങ്കം വെട്ടലുകൾക്ക് ചില ഗ്രൗണ്ട് റൂൾ ഒക്കെ ഉണ്ടാകണം. ആശയത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകട്ടെ – പക്ഷെ അത് വ്യക്തി ഹത്യയിലേക്ക്, തെറിവിളികളിലേക്ക്, പണി കളയിക്കുന്നതിലേക്ക്, പോലീസ് കേസിലേക്ക്, തെരുവിലേക്ക് ഒന്നും പോകാതെ നോക്കേണ്ടത് കേരളത്തിന് നല്ലതായ ഒരു ഭാവി ഉണ്ടാകുന്നതിന് അത്യാവശ്യമാണ്.

ഇത്തവണ നാട്ടിൽ വരുമ്പോൾ സമൂഹ മാധ്യമങ്ങളെ സമൂഹത്തിന്റെ നന്മക്കായി എങ്ങനെ ഉപയോഗിക്കാം, ഇത്തരം MAD സാഹചര്യം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് #Digitallypositive എന്ന പേരിൽ പുതിയ തലമുറയിലെ ഫേസ്ബുക്ക് താരങ്ങളുമായി ഒരു സംവാദം നടത്താൻ ഞാനും Sudheer Mohan കൂടി പരിപാടി ഇട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ താല്പര്യമുള്ളവർ പറയുമല്ലോ.

മുരളി തുമ്മാരുകുടി

 

1 Comment

Leave a Comment