പൊതു വിഭാഗം

IITയിലെ ആട് ജീവിതം

1986 ലാണ് ആദ്യമായി IIT യിൽ പോകുന്നത്. അന്ന് GATE സ്കോർ ഉണ്ടെങ്കിൽ മറ്റുള്ള IIT കളിൽ നേരിട്ട് അഡ്മിഷൻ കിട്ടും, IIT കാൺപൂരിൽ ഒരു ഇന്റർവ്യൂ ഉണ്ട്.

ഞാൻ കോതമംഗലത്ത് സിവിൽ എഞ്ചിനീയറിങ്ങ് മൂന്നാം വർഷം പഠിക്കുന്ന സമയത്താണ് ഡോക്ടർ ലാസർ ജോൺ നൈജീരിയയിലെ അധ്യാപന ഡ്യൂട്ടി  കഴിഞ്ഞു തിരിച്ചു കോളേജിൽ എത്തുന്നത്. എൻവിറോണ്മെന്റൽ എൻജിനീയറിങ്ങിൽ ഒറ്റ കോഴ്സ് മാത്രമേ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുള്ളൂവെങ്കിലും, ഇനിയുള്ള എന്റെ കരിയർ ആ രംഗത്തായിരിക്കും എന്ന് തീരുമാനിക്കാൻ അത് കാരണമായി.

ലാസർ ജോൺ സാർ പഠിച്ചത് IIT കാൺപൂരിൽ ആണ്. അവിടെയുള്ള അധ്യാപകർ  അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. ഞാൻ ഇന്റർവ്യൂവിന് പോകുന്നതിന് മുൻപ് അദ്ദേഹത്തെ പോയി കണ്ടു, അദ്ദേഹം അവിടെയുള്ള ഒരു പ്രൊഫസർക്ക് കത്ത് തന്നു.

പ്രൊഫസർ വേങ്കോബാചാർ. ലാസർ ജോൺ സാറിന്റെ സമപ്രായക്കാരനാണ്, ഒരുമിച്ച് പി. എച്ച്. ഡി. ചെയ്തതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.

IIT ഹോസ്റ്റലിൽ ആണ് ഇന്റർവ്യൂവിന് വരുന്നവർക്ക് താമസം. ഉച്ച കഴിഞ്ഞാണ് IIT യിൽ എത്തിയത്, വൈകീട്ട് ഡിന്നറിന് മെസ്സിൽ എത്തിയ എനിക്ക് ഏറെ സന്തോഷം. ആറോ ഏഴോ രൂപക്ക് ഒരു കൂപ്പൺ എടുത്താൽ മൃഷ്ടാന്നം ആണ്. കോതമംഗലത്തെ കാന്റീനിൽ ഓടിച്ചിട്ട് വിളന്പുന്നതിൽ കിട്ടുന്നത് കഴിച്ചു ശീലിച്ച ഒരാൾക്ക് ഡൈനിങ്ങ് ടേബിളിൽ നിറയെ ഭക്ഷണം  വെച്ച് ആവശ്യം പോലെ എടുത്തു കഴിക്കാൻ അവസരം കിട്ടുന്നത് എത്ര വലിയ ആനന്ദവും കൾച്ചർ ഷോക്കും ആണെന്ന് ഇന്നുള്ള കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല.

ആ സന്തോഷം പക്ഷെ അധികം നീണ്ടു നിന്നില്ല. ടേബിളിൽ ഒരു ബ്രൗൺ നിറത്തിലുള്ള കറിയുണ്ട്, കണ്ടാൽ മട്ടൻ കറി പോലിരിക്കും.

“യെ ക്യാ ഹേ” എന്ന് ഞാൻ വിളന്പുകാരനോട് ചോദിച്ചു.

“സാബ് യെ കോഫ്ത്ത ഹേ” എന്ന് അദ്ദേഹം.

എല്ലാവരും ഒന്നോ രണ്ടു കഷണം ആണ് എടുക്കുന്നത്, ഞാൻ മൊത്തമായി ആരോ ഏഴോ പീസ് എടുത്ത് പ്ലേറ്റിൽ ഇട്ടു. ആറു രൂപക്ക് ആറു പീസ് ഇറച്ചി, ഇത് കൊള്ളാമല്ലോ എന്ന് മനസ്സിലും കരുതി. ഇവിടെ അഡ്മിഷൻ എടുത്തിട്ട് തന്നെ കാര്യം.

കോഫ്തയും ചപ്പാത്തിയും കൂടി വായിൽ വച്ചപ്പോൾ മനസ്സിലായി, “പണി പാളി”

എന്തോ ചുരക്കയോ മറ്റോ ചുരണ്ടി ഉരുട്ടിവെച്ചിരിക്കുന്നതാണ്. “ഛേ”, ആ മൂഡ് പോയി. 

എന്റെ സഹോദരൻ IIT ചെന്നൈയിൽ ആണ് പഠിച്ചത്. അവിടുത്തെ മെസ്സിൽ ഞാൻ പോയിട്ടുണ്ട്. സാന്പാറിന് ഒക്കെ നല്ല രുചിയാണ്. കാൺപൂരിൽ സാന്പാറുമില്ല രുചിയുമില്ല. IIT മദ്രാസിൽ ആണെങ്കിൽ പരിസ്ഥിതി ശാസ്ത്രവും ഇല്ല. എന്തായാലും രണ്ടും കല്പിച്ച് കാൺപൂരിൽ തന്നെ ചേർന്നു.

വേങ്കോബാചാർ ഉൾപ്പടെ നാലു അധ്യപകരാണ് ഡിപ്പാർട്മെന്റിൽ ഉള്ളത്. ഇതിൽ ഏറ്റവും സാത്വികനും സാധുശീലനുമാണ് വേങ്കോബാചാർ. ഗുരുജി എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. കൂടുതൽ സമയവും പൂജയാണ്. വെജിറ്റേറിയൻ ആണ്, അതിൽ തന്നെ തക്കാളിയും വെളുത്തുള്ളിയും ഒന്നും കഴിക്കില്ല. ഇടക്കിടക്ക് കാശിക്ക് പോകും, ഓരോ തവണ പോയിട്ട് വരുന്പോഴും ജീവിതത്തിൽ ഇഷ്ടമുള്ള ഒന്ന് ഉപേക്ഷിക്കണമത്രേ, മിക്കവാറും ഓരോ ഭക്ഷണമാണ് ഉപേക്ഷിക്കുന്നത്.

ദോഷം പറയരുതല്ലോ IITയിലെ ഭക്ഷണം രുചികരമല്ലെങ്കിലും ആരോഗ്യകരമാണ്. വടക്കേ ഇന്ത്യൻ വിഭവങ്ങൾ, ആലൂ പൊറോട്ട പോലുള്ളവ ഉണ്ടാക്കുന്പോൾ വലിയ കുഴപ്പമില്ല. ചിലപ്പോൾ അവർ സാന്പാറും മുട്ടക്കറിയും ഉണ്ടാക്കും. അത് നമുക്ക് സഹിക്കാൻ പറ്റില്ല. സാന്പാർ കുഴന്പു രൂപത്തിലാണ്, മുട്ട പുഴുങ്ങി എണ്ണയിൽ ഇട്ടു വറുത്തിട്ടാണ് കറി ഉണ്ടാക്കുന്നത്. ചുക്കി ചുളിഞ്ഞ പുറന്തോടുമായി മുട്ട കാണുന്പോൾ തന്നെ നമുക്ക് കഴിക്കാനുള്ള താല്പര്യം പോകും. നാട്ടിൽ നിന്നും പോകുന്പോൾ കൊണ്ടുപോകുന്ന കണ്ണിമാങ്ങയുടെയും ചമ്മന്തിപ്പൊടിയുടെയും ബലത്തിലാണ് സത്യത്തിൽ പിടിച്ചു നിൽക്കുന്നത്.

ഇതിനൊക്കെ ഒരു മാറ്റം വരുന്നത് കോതമംഗലത്ത് എന്റെ അധ്യാപകനായിരുന്ന ഗ്രേഷ്യസ് സാർ അവിടെ PhD  ചെയ്യാൻ വന്നപ്പോൾ ആണ്. സാർ കുടുംബവുമായിട്ടാണ് വന്നത്. സാറിന്റെ ഭാര്യ, റീനി ചേച്ചി അടിപൊളി പാചകക്കാരിയാണ്. സാറിനും പാചകത്തിൽ താല്പര്യമുണ്ട്, പ്രത്യേകിച്ചും ചൈനീസിൽ. സാറിനും ഭാര്യക്കും അതിഥികൾ വരുന്നത് ഏറെ ഇഷ്ടമാണ്. ഞാനും പ്രകാശും ഒക്കെ സാറിന്റെ  വീട്ടിൽ സ്ഥിരം സന്ദർശകരാണ്.

അന്നും ഇന്നും കാൺപൂരിൽ ബീഫ് നിരോധിച്ചിട്ടുള്ള സ്ഥലമാണ്, ഗോവധത്തിന്റെ പേരിൽ അന്നും അടിപിടി  ഉണ്ടാകാറുള്ളതുമാണ്. എന്നിട്ടും അന്നും ഇന്നും അവിടെ ബീഫ് കിട്ടും, അത് പോയി വാങ്ങുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, എല്ലാം നാടൻ രുചിയിൽ കിട്ടുന്പോൾ കാൺപൂരിലാണെന്ന കാര്യം മറക്കും.

വിവാഹിതരായവർക്ക് താമസിക്കാൻ സിംഗിൾ ബെഡ് റൂം അപ്പാർട്ട്മെന്റ് (SBRA) എന്നൊരു സംവിധാനം അവിടെ ഉണ്ട്. സാറിന്റെ അയൽക്കാർ ഇറാക്കിൽ നിന്നും PhD  ക്ക് വന്ന താഹ ആണ്, ഭാര്യയുടെ പേർ ആലിയ. ഇടക്കൊക്കെ താഹയും കുടുംബവും ഡിന്നറിന് കൂടെ ഉണ്ടാകും. ഒരിക്കൽ താഹ ഇറാക്കിലെ ഒരു വിഭവത്തെ പറ്റി പറഞ്ഞു. ബിരിയാണി പോലെ ഒരു വിഭവം, പക്ഷെ അതിൽ ഒരു ആടിനെ മൊത്തം ഇറക്കിവെക്കും. ആടിന്റെ ഉള്ളിൽ ചോറൊക്കെ സ്റ്റഫ് ചെയ്തിട്ട് പതുക്കെ വേവിക്കും. കുറെ മണിക്കൂറുകൾ എടുക്കുമെങ്കിലും സംഗതി അതിഗംഭീരമാണത്രെ !

ഇത് കേട്ട് ഞങ്ങൾക്ക് ആവേശമാണ്.

“ഡു യു നോ ഹൌ ടു കുക്ക് ദിസ് ഡിഷ്?”

“ഒഫ് കോഴ്സ്,” ” ബട്ട് ഐ നീഡ് എ ലാർജ് അവൻ”

ഒരാടിനെ ഇറക്കി വക്കാൻ പാകത്തിനുള്ള അവൻ എവിടെ കിട്ടും ?

അപ്പോഴാണ് ലാബിൽ ഒരു വലിയ ഇൻക്യൂബേറ്റർ വിത്ത് ഷേക്കർ ഉള്ള കാര്യം ഞാൻ ഓർത്തത്. എന്റെ ഗവേഷണത്തിനായി സാന്പിളുകൾ ചൂടാക്കുന്ന സാധനമാണ്. ഒരാടിനെ  വെക്കാനുള്ള വലുപ്പം ഉണ്ട്.

പകലും രാത്രിയും ഞങ്ങൾ ലാബിൽ ജോലി ചെയ്യാറുള്ളതുകൊണ്ട് ലാബിന്റെ താക്കോലും കയ്യിലുണ്ട്. പക്ഷെ ഒരു കുഴപ്പം ഉണ്ട്. പരമ സാത്വികനായ എന്റെ ഗുരുനാഥൻ ഞങ്ങളെ കാണാനായി ഇടക്കൊക്കെ ലാബിൽ വരും, അത് വീകെന്റിലും, പകലും രാത്രിയും എപ്പോൾ വേണമെങ്കിലും ആകാം. ലാബിൽ അദ്ദേഹം വരുന്പോൾ ഇൻക്യൂബേറ്ററിൽ ബാക്ടീരിയക്ക് പകരം മുട്ടനാടിനെ കണ്ടാൽ അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടാകും എന്നതിൽ തർക്കമില്ല.

പക്ഷെ താഹയുടെ ഇറാക്കി വിഭവം കഴിക്കാൻ വേറെ മാർഗ്ഗമില്ല. പിന്നെല്ലാം പെട്ടെന്നായിരുന്നു.

കല്യാൺപൂരിലെ മീറ്റ് മണ്ടിയിൽ നിന്നും ആടിനെ വെട്ടി വെളുപ്പിച്ച് വീട്ടിൽ എത്തിക്കേണ്ട ഉത്തരവാദിത്തം താഹക്ക്. ഇറാഖി മസാലകൾ  തയ്യാറാക്കി അരച്ച് വെക്കേണ്ട ഉത്തരവാദിത്തം ആലിയക്ക്. പത്തു പതിനഞ്ചുപേർക്കുള്ള അരി കുതിർത്തു വെക്കേണ്ട ഉത്തരവാദിത്തം റീനി ചേച്ചിക്ക്. വലിയൊരു പത്രത്തിനുള്ളിൽ മസാലയൊക്കെ ചേർത്ത ബിരിയാണി അരിയും മുട്ടനാടിനെയും  താങ്ങിപ്പിടിച്ചു സ്കൂട്ടറിന് പുറകിലിരുന്ന് ലാബിൽ എത്തിക്കേണ്ട ചുമതല ഗ്രേഷ്യസ് സാറിനും ഷാജിക്കും.

ലാബിൽ മറ്റുള്ള വിദ്യാർത്ഥികളും അധ്യാപകരും വന്നും പോയും ഇരിക്കുന്പോൾ ഭാവവ്യത്യാസം ഇല്ലാതെ ഗവേഷണത്തിൽ മുഴുകിയിരിക്കുകയും ഇടക്കൊക്കെ അവൻ തുറന്നു നോക്കി കാര്യങ്ങൾ എങ്ങനെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം എനിക്ക്.

എന്റെ ഗവേഷണ ജീവിതത്തിൽ ഒരിക്കലും ഒരു പരീക്ഷണത്തിന്റെ ഫലത്തിനും ഞാൻ ഇത്രയേറെ ആശങ്കയോടെ കാത്തിരുന്നിട്ടില്ല.

ഒടുവിൽ എല്ലാം ശുഭമായി പര്യവസാനിച്ചു. ആറു മണിക്കൂറിൽ ആടും മസാലച്ചോറും  റെഡി. വീണ്ടും ചൂടൻ വിഭവവുമായി എസ്. ബി. ആർ. എ. യിലേക്ക്. എല്ലാവരും വട്ടം കൂടിയിരുന്ന് സുലൈമാനിയോടൊപ്പം അത് കഴിച്ചു. അതൊരു കാലം!

മുപ്പത് വർഷം കഴിഞ്ഞു. ഗ്രേഷ്യസ് സാറും ചേച്ചിയും ഇപ്പോഴും കോതമംഗലത്ത് ഉണ്ട്.

ഷാജി ഇപ്പോൾ ഷാർജയിൽ ഉണ്ട്, കഴിഞ്ഞ ആഴ്‌ച കണ്ടപ്പോഴും ആട് ജീവിതത്തെ പറ്റി പറഞ്ഞു. താഹയും ആലിയായും ഇപ്പോൾ എവിടെ ആണോ?, സദ്ദാം ഹുസ്സൈൻ പ്രസിഡന്റായിരുന്ന കാലത്തെ പാർലിമെന്റ് അംഗത്തിന്റെ മകളായിരുന്നു ആലിയ, അവിടുത്തെ പാർലിമെന്റിൽ ജോലിക്കാരിയും. അതുകൊണ്ട് തന്നെ സദ്ദാമിന്റെ സർക്കാർ വീണതിന് ശേഷം ഒരു പക്ഷെ നാട് വിട്ട് പോകേണ്ടി വന്നു കാണും.

ഇറാക്കിലും മറ്റു മധ്യേഷ്യൻ രാജ്യങ്ങളിലും പോയി ആട് മന്തി കഴിക്കുന്പോൾ ഞാൻ ഇപ്പോഴും അവരെ  ഓർക്കാറുണ്ട്.   

മുരളി തുമ്മാരുകുടി 

May be an image of 6 people

Leave a Comment