ടൂറിസം വികസനത്തിന്റെ കാര്യത്തിൽ ഒരു വിജയഗാഥ ആയിട്ടാണ് പൊതുവെ കേരളത്തെ കരുതപ്പെടുന്നത്. ‘Gods own country’ എന്ന അടിപൊളി ബ്രാൻഡും ഹൌസ് ബോട്ട് പോലെ പുതുമയുള്ള സംവിധാനങ്ങളുമൊക്കെയായി ഈ നൂറ്റാണ്ടിൽ കേരള ടൂറിസത്തിന് വൻ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. രണ്ടായിരത്തി പതിനാറിൽ കേരളത്തിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറു ശതമാനമാണ് വർധന.
അതേസമയം തന്നെ നമ്മുടെ ആകെ ടൂറിസം പൊട്ടൻഷ്യലിന്റെ പത്തുശതമാനം പോലും നമ്മൾ ഉപയോഗിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഭൂപ്രകൃതി, കാലാവസ്ഥ, കലാരൂപങ്ങൾ, ഭക്ഷണം, മതം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ ടൂറിസത്തിന് അടിസ്ഥാനമാക്കാവുന്ന അനവധി ചേരുവകൾ നമുക്കുണ്ട്. വിഭവങ്ങൾ ഇതിലും കുറവുള്ള അനവധി രാജ്യങ്ങൾ നമ്മെക്കാളും ബഹുദൂരം മുന്നിലാണ്. സിംഗപ്പൂർ ഒരു നല്ല ഉദാഹരണമാണ്. കേരളത്തിന്റെ അറുപതിലൊന്ന് വലിപ്പവും ആറിലൊന്ന് ജനസംഖ്യയുമുള്ള സിംഗപ്പൂരിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പതിനാറിരട്ടിയാണ്. അത് തന്നെ ഓരോ വർഷവും നമ്മേക്കാൾ വേഗത്തിൽ വളരുന്നു. സിംഗപ്പൂർ ഒരു ചെറിയ രാജ്യവുമായതുകൊണ്ട് താരതമ്യം പാടില്ല എന്നു കരുതുന്നുവെങ്കിൽ കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള ഫ്രാൻസിൽ ടൂറിസ്റ്റുകളുടെ വരവ് നമ്മുടേതിന്റെ എൺപതിരട്ടിയാണ്.
ഒരു രാജ്യത്തെ ജനസംഖ്യയെ അപേക്ഷിച്ച് എത്ര ടൂറിസ്റ്റുകൾ വരുന്നു എന്നൊരു സൂചിക നിലവിലുണ്ട്. ആയിരം നാട്ടുകാർക്ക് എത്ര ടൂറിസ്റ്റുകൾ എന്ന രീതിയിൽ ആണ് ഇതിനെ ഗണിക്കുന്നത്. ആയിരം നാട്ടുകാർക്ക് പന്തീരായിരം വിദേശ ടൂറിസ്റ്റുകൾ വരുന്ന ചെറു ദ്വീപു രാജ്യങ്ങൾ തൊട്ട് ആയിരം നാട്ടുകാർക്ക് ഒന്നിൽ കുറവ് വിദേശ ടൂറിസ്റ്റുകൾ മാത്രം എത്തുന്ന കോംഗോ (ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്) വരെ ഉണ്ട്. ഇതിൽ വളരെ താഴെയാണ് ഇന്ത്യയുടെ സ്ഥിതി (ആയിരം നാട്ടുകാർക്ക് അഞ്ചു വിദേശ ടൂറിസ്റ്റുകൾ). കേരളത്തിൽ ഇത് ഏകദേശം ആയിരത്തിന് മുപ്പത് വിദേശ ടൂറിസ്റ്റുകൾ എന്ന നിലയിൽ ആണ്. കേരളം ഒരു രാജ്യം അല്ലാത്തതിനാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകളെ കൂടി കൂട്ടിയാലും ആയിരത്തിന് മുന്നൂറെ വരൂ. എന്ത് മാത്രം സാധ്യതകളാണ് ബാക്കി കിടക്കുന്നത് എന്ന് നോക്കൂ.
അപ്പോൾ പറഞ്ഞുവരുന്നത് നമുക്ക് പ്രതിവർഷം പത്തുലക്ഷം വിദേശ ടൂറിസ്റ്റുകളുണ്ട്, ആറു ശതമാനം വളർച്ചയുണ്ട് എന്നൊന്നും വിചാരിച്ച് സന്തോഷമായിരിക്കരുത്. അടുത്ത പത്തുവർഷത്തിനകം ഇത് എങ്ങനെ ഒരു കോടിയാക്കാം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ചില നിസാരകാര്യങ്ങൾ ശ്രദ്ധിച്ചാൽ തികച്ചും സാധ്യമായ ഒന്നാണിത്.
ടൂറിസം എന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. നമ്മുടെ സംസ്കാരത്തെപ്പറ്റി വീമ്പിളക്കാൻ മാത്രമല്ല മറ്റുള്ളവരുടെ സംസ്കാരത്തെ അറിഞ്ഞ് ബഹുമാനിച്ച് പെരുമാറാൻ ഇവിടെ വളർന്നുവരുന്ന തലമുറക്ക് കഴിയണം. ഒരു വിദേശ ഭാഷ എങ്കിലും പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാകണം.
കേരളത്തിലെ ഒരു ശതമാനം വീടുകളെങ്കിലും അടുത്ത പത്തു വർഷത്തിനകം എയർ ബി എൻ ബി യിൽ രജിസ്റ്റർ ചെയ്ത ഹോം സ്റ്റേ ആക്കും എന്നൊരു ടാർഗറ്റ് ഉണ്ടാക്കുക. അതിനുള്ള സാങ്കേതിക സൗകര്യങ്ങൾ സർക്കാർ നൽകുക, അതിനു വേണ്ടി നാട്ടുകാർക്ക് പരിശീലനം നൽകുക. വിദേശത്തു നിന്നും വരുന്ന ടൂറിസ്റ്റുകളുടെ രജിസ്ട്രേഷൻ എല്ലാം ഇവരെ പഠിപ്പിക്കുക.
വീട്ടിലെ ഒരു മുറിയെങ്കിലും ടൂറിസ്റ്റുകൾക്കായി ഒരുക്കുന്നവർക്ക് അതിന് വായ്പ വേണമെങ്കിൽ സർക്കാർ ബാങ്ക് പലിശയിൽ ഇളവ് കൊടുക്കുക, അതിന് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക.
കുടുംബശ്രീ പദ്ധതിയെ പ്രയോജനപ്രദമായ രീതിയിൽ ടൂറിസം രംഗത്തേക്ക് തിരിച്ചുവിടുക. ലോകത്ത് കണ്ടിരിക്കേണ്ട അൻപത് സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തത്തിന്റെ പ്രധാന കാരണം നമ്മുടെ സാമൂഹ്യ വികസനം ആണ്. അത് അടുത്തറിയാൻ ടൂറിസ്റ്റുകൾക്ക് അവസരം ഉണ്ടാക്കാൻ കുടുംബശ്രീയോളം പറ്റിയ സംഗതി ഇല്ല.
വിദേശഭാഷകൾ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തുക, അത് പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പ് നൽകുക. കുടുംബശ്രീയിലെ അംഗങ്ങൾക്കെല്ലാം ഇതിന് പ്രത്യേക സൗകര്യം ഉണ്ടാക്കണം.
ഹോംസ്റ്റേക്ക് സർക്കാരിന്റെ അനുമതി വേണം എന്ന നിബന്ധനക്ക് പകരം സർക്കാരിനെ ഓൺലൈനായി വിവരങ്ങൾ അറിയിക്കുക എന്നതായിരിക്കണം പ്രധാനം. നന്നായി നടത്തിയില്ലെങ്കിൽ മോശം റിവ്യൂ കാരണം സംഗതി താനെ പൂട്ടിപ്പൊക്കോളും. സർക്കാരിന്റെ അനുമതിയും നൂലാമാലയും ഒന്നും വേണ്ട.
ഓരോ പോലീസ്‌റ്റേഷനിലും ടൂറിസ്റ്റുകളുടെ പരാതികൾ കൈകാര്യം ചെയ്യാൻ പൊലീസുകാരുടെ പ്രത്യേകസംഘം രൂപീകരിച്ച് അവർക്ക് വിവിധ ഭാഷകളിൽ പരിശീലനം നൽകുക.
ബിയറിനെയും കള്ളിനെയുമൊക്കെ അനാവശ്യ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കുക. ലോകത്ത് ഒട്ടുമിക്ക നാടുകളിലും വൈകുന്നേരം ഒരു ബിയർ കുടിക്കുന്നത് നമ്മൾ ചായ കുടിക്കുന്നതുപോലെ സർവ്വസാധാരണമാണ്.
മറ്റുനാടുകളിൽനിന്ന് വരുന്നവരോട്, പ്രത്യേകിച്ച് അറബികളോടും ആഫ്രിക്കൻ രാജ്യക്കാരോടും ബഹുമാനത്തോടെ പെരുമാറാൻ നമ്മുടെ നാട്ടുകാരെ പഠിപ്പിക്കുക. അവരോട് അപമര്യാദയയോ വംശീയമായോ പെരുമാറുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക.
പരിസ്ഥിതിസംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും കൂടുതൽ പണം ചെലവാക്കുക (ഇതിനൊക്കെ ഒരു പ്രത്യേക ടൂറിസ്റ്റ് ടാക്സ് കൊണ്ടുവന്നാലും കുഴപ്പമൊന്നുമില്ല). പത്തുവർഷത്തിനകം നമ്മുടെ ഏതു പുഴയും ജലാശയവും മനുഷ്യനിറങ്ങി കുളിക്കാൻ പാകത്തിനാക്കുക, ഏത് പൊതുടാപ്പ് തുറന്നാലും കുടിക്കാൻ പറ്റുന്ന വെള്ളമുണ്ടാകുക എന്നിങ്ങനെ അടിസ്ഥാന സൂചികയായിരിക്കണം നമ്മുടെ ലക്ഷ്യം.
കേരളത്തിലെ റോഡ് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തി അപകടനിരക്ക് ഇപ്പോഴത്തേതിന്റെ നാലിലൊന്നാക്കി കുറച്ചു കൊണ്ടുവരിക (പ്രതിവർഷം ആയിരത്തിലും താഴെ). മൂന്ന് കാര്യങ്ങളാണ് ഇന്ത്യയിൽ സുരക്ഷിതമായി വണ്ടിയോടിക്കാൻ വേണ്ടതെന്ന് വിദേശത്ത് ഒരു തമാശ പ്രചാരത്തിലുണ്ട്, ‘Good Horn, good Brake and good Luck’. സത്യമല്ലെന്ന് നമുക്കും പറയാൻ പറ്റില്ല.
എന്റെ സുഹൃത്തായ Arya Aravind അരവിന്ദിന്റെ ഡെസ്റ്റിനേഷൻ കേരള എന്ന മനോഹരമായ മാസിക വായിച്ചപ്പോൾ തോന്നിയ ചിന്തകളാണ് ഇവിടെ പങ്കുവെച്ചത്. നന്ദി Aarya !
Leave a Comment