ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് ലേശം അയവ് വന്ന സ്ഥിതിക്ക് ഇനിയൽപം ചരിത്രമാകാം.
ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ച് ഇന്ത്യയും പാക്കിസ്ഥാനും ആയ കാലം മുതൽ രണ്ടു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും വലുതും നാടകീയവും രക്തരൂക്ഷിതവും ആയിരുന്നത് 1971 ലെ യുദ്ധം തന്നെയാണ്.
ഈ യുദ്ധം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. രണ്ടു വിഭാഗവും വ്യക്തമായ കണക്കു കൂട്ടലുകളോടെയും തയ്യാറെടുപ്പോടെയും നടത്തിയതാണ്. ആ യുദ്ധത്തിൽ ഇന്ത്യ ജയിച്ചു എന്ന് എല്ലാവർക്കും അറിയാം. പാകിസ്ഥാനെ സൈനികമായി തോൽപ്പിക്കുക മാത്രമായിരുന്നില്ല അന്ന് ഇന്ത്യ ചെയ്തത്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത്, ലോക ശക്തികൾ എതിർക്കുമ്പോൾ പോലും, അത് നടപ്പിലാക്കാൻ കഴിവുള്ള യാഥാർത്ഥത്തിൽ “സ്വതന്ത്രമായ” ഒരു രാജ്യമാണ് ഇന്ത്യ എന്ന് ലോകത്തെ കാണിച്ചു കൊടുക്കുക കൂടി ആയിരുന്നു. ഇതിനുവേണ്ടി ഇന്ദിരാഗാന്ധി നടത്തിയ തയ്യാറെടുപ്പുകളെയും ആ യുദ്ധത്തിൽ അവരുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ തന്ത്രപരമായ വിജയങ്ങളെയും പറ്റി ഞാൻ പിന്നൊരിക്കൽ എഴുതാം
ഇന്ന് പറയാൻ പോകുന്നത് യുദ്ധത്തിന് മുൻപുള്ള അമേരിക്കൻ നയങ്ങളെയും അതിനെതിരെ അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ ധീരോചിതവും മാനുഷികവുമായ ചെറുത്തുനിൽപ്പിനെയും കുറിച്ചാണ്. എഴുപത്തി ഒന്നിലെ യുദ്ധകാലത്ത് അമേരിക്ക ഇന്ത്യക്ക് എതിരായ നയങ്ങൾ എടുത്തതിനാൽ ഈ കഥ ഇന്ത്യയിൽ അധികം പേർ അറിഞ്ഞിട്ടില്ല. പക്ഷെ ലോകത്തെല്ലായിടത്തും വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പഠനവിഷയവും മാതൃകയുമാണ് ഈ വിഷയം.
ഇതൊരു ടെലഗ്രാമിന്റെ കഥയാണ്. ‘ബ്ലഡ് ടെലിഗ്രാം’ എന്നാണതിൻറെ പേര്.
1970 ൽ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റിലും മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള പാർട്ടി ജയിച്ചതാണ് കുഴപ്പങ്ങളുടെ തുടക്കം. കാര്യം പാക്കിസ്ഥാൻ കിഴക്കും പടിഞ്ഞാറും ഒരുമിച്ചു ചേർന്നതായിരുന്നുവെങ്കിലും എല്ലാക്കാലത്തും പടിഞ്ഞാറേ പാക്കിസ്ഥാനിലെ ആളുകളാണ് അധികാരം കൈയാളിയിരുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ പാർട്ടിയുടെ നേതാവായ മുജീബിനെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡണ്ടായ യാഹ്യാഖാൻ തയ്യാറായില്ല.
കിഴക്കൻ പാക്കിസ്ഥാനിൽ ആളുകൾ പ്രക്ഷേപം തുടങ്ങി, പക്ഷെ യഹ്യാഖാൻ ശക്തമായ നടപടികളോടെ അതിനെ നേരിട്ടു.
മുജീബിനെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു, കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) പട്ടാളമിറങ്ങി. അവിടുത്തെ ആളുകളെ അടിച്ചൊതുക്കി, പതിനായിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് ഒഴുകി.
പാക്കിസ്ഥാൻ സൈന്യം കിഴക്കൻ പാക്കിസ്ഥാനി ൽ അക്രമം നടത്തുന്നുണ്ടെന്ന് അമേരിക്കക്കറിയാം. എന്നാൽ പാക്കിസ്ഥാൻ പ്രസിഡണ്ടായ യഹ്യാഖാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ നിക്സൻറെ സുഹൃത്താണ്. പോരാത്തതിന് ചൈനയുമായി രാഷ്ട്രീയ വ്യാപാര ബന്ധങ്ങളുണ്ടാക്കാൻ നിക്സണും വിദേശകാര്യമന്ത്രി കിസിഞ്ചറും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലവും. പാക്കിസ്ഥാനാണ് ഈ ബന്ധത്തിന് ഇടനിലക്കാരനായി നിൽക്കുന്നത്. അതിനാൽ പാക്കിസ്ഥാനെ പിണക്കാൻ അമേരിക്കക്ക് അപ്പോൾ ഇഷ്ടമുണ്ടായിരുന്നില്ല.
ധാക്കയിലെ അമേരിക്കൻ കോൺസുലേറ്റിലെ തലവനായിരുന്നു ആർച്ചർ ബ്ലഡ്ഡ് എന്ന നയതന്ത്ര ഉദ്യോഗസ്ഥൻ. പാക്കിസ്ഥാൻ പട്ടാളം കിഴക്കൻ പാക്കിസ്ഥാനിൽ നടത്തുന്ന നരഹത്യയെക്കുറിച്ച് അദ്ദേഹം ഒന്നുരണ്ടു പ്രാവശ്യം അമേരിക്കൻ തലസ്ഥാനത്തേക്ക് കത്തെഴുതി. പക്ഷെ ചൈനാ ബന്ധത്തിന് തടസ്സം ഉണ്ടാകുമെന്ന് കരുതി അമേരിക്കൻ പ്രസിഡണ്ട് നടപടിയൊന്നും എടുത്തില്ല. സ്വന്തം രാജ്യത്തിൻറെ നയം എന്താണോ അത് നടപ്പിലാക്കുകയാണ് വാസ്തവത്തിൽ ആ രാജ്യത്തിൻറെ നയതന്ത്ര പ്രതിനിധികളുടെ ജോലി. പക്ഷെ നരഹത്യ കണ്ടു മടുത്ത് മറ്റ് നിർവാഹമില്ലാതെ ബ്ലഡ്ഡ് വിദേശകാര്യ വകുപ്പിൽ അപൂർവ്വമായി മാത്രം ചെയ്യുന്ന ഒരു കാര്യം ചെയ്തു. തൻറെ കൂടെ ജോലി ചെയ്യുന്ന ഇരുപത് ആളുകളെയും കൂട്ടി കിഴക്കൻ പാക്കിസ്ഥാനിൽ എന്താണ് നടക്കുന്നതെന്നും അവിടെ കൈയും കെട്ടി നോക്കിയിരിക്കുന്നതിലൂടെ അമേരിക്ക ചെയ്യന്നത് അധാർമ്മികമാണെന്നും അർത്ഥശങ്കക്ക് ഇടയില്ലാത്ത വണ്ണം എഴുതി വിട്ടു.
“Our government has failed to denounce the suppression of democracy. Our government has failed to denounce atrocities. Our government has failed to take forceful measures to protect its citizens while at the same time bending over backwards to placate the West Pak[istan] dominated government and to lessen any deservedly negative international public relations impact against them. Our government has evidenced what many will consider moral bankruptcy,… But we have chosen not to intervene, even morally, on the grounds that the Awami conflict, in which unfortunately the overworked term genocide is applicable, is purely an internal matter of a sovereign state. Private Americans have expressed disgust. We, as professional civil servants, express our dissent with current policy and fervently hope that our true and lasting interests here can be defined and our policies redirected in order to salvage our nation’s position as a moral leader of the free world.”
എന്നൊക്കെയാണ് നാല് പേജുള്ള ടെലെഗ്രാമിൽ അദ്ദേഹം എഴുതിയത്.
— U.S. Consulate (Dacca) Cable, Dissent from U.S. Policy Toward East Pakistan, April 6, 1971, Confidential, 5 pp. Includes Signatures from the Department of State. Source: RG 59, SN 70-73 Pol and Def. From: Pol Pak-U.S. To: Pol 17-1 Pak-U.S. Box 2535
ഏതാണ്ട് അൻപത് വർഷമായി ഈ സംഭവം നടന്നിട്ട്. ഒരു പ്രസ്ഥാനത്തിനുള്ളിൽ നിന്നുകൊണ്ട് അവിടുത്തെ നയങ്ങളെ വിമർശിക്കുക എന്നത് അന്നും ഇന്നും എളുപ്പമുള്ള കാര്യമല്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിയുണ്ടാകും, ജോലി പോയെന്ന് വരാം. സ്വന്തം പ്രസ്ഥാനത്തിലെ ഉന്നതരെ ചോദ്യം ചെയ്തവരെ മറ്റു സ്ഥാപനങ്ങൾ ജോലിക്കെടുക്കില്ല. ചുരുക്കിപ്പറഞ്ഞാൽ പ്രൊഫഷണലായ ആത്മഹത്യയാണത്. അതുകൊണ്ടു തന്നെ 99 ശതമാനം ആളുകളും സ്വന്തം സർക്കാരിന്റെ നയം പിന്തുടരുന്നു. എന്തിനാണ് സ്വന്തം കരിയർ കുളമാക്കുന്നത് എന്നേ അവർ ചിന്തിക്കൂ.
പ്രതീക്ഷിച്ചത് പോലെ ടെലിഗ്രാം അയച്ചതിൻറെ പ്രത്യാഘാതം ഉടനുണ്ടായി. ആർച്ചറെ കിസിഞ്ജർ വാഷിങ്ടണിലേക്ക് വിളിപ്പിച്ച് തീരെ അപ്രസക്തമായ ഒരു ജോലി കൊടുത്തു. ഒരിക്കൽ പോലും ഒരു അംബാസഡർ ആകാതെ അദ്ദേഹം വിരമിക്കുകയും ചെയ്തു.
അർച്ചർ പറഞ്ഞത് ശ്രദ്ധിക്കാതിരുന്ന നിക്സണും കിസിഞ്ചറും യുദ്ധം കഴിഞ്ഞപ്പോൾ ലോകത്തിന് മുന്നിൽ അപഹാസ്യരായി. അപ്പോഴേക്കും ബ്ലഡ്ഡ് ടെലെഗ്രാമിന്റെ കഥ ലോകം അറിഞ്ഞു. അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. തലമുറകളായി അമേരിക്കയിലെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ആർച്ചർ ബ്ലഡ്ഡ് മാതൃകാ പുരുഷനായി. സർക്കാർ നയങ്ങൾക്കെതിരെ സംസാരിക്കാൻ (dissent) അമേരിക്കൻ വിദേശകാര്യ വകുപ്പിൽ പ്രത്യേക സംവിധാനങ്ങളുണ്ടായി.
അൻപത് വർഷത്തിനിപ്പുറവും ഈ ടെലഗ്രാമിന്റെ കഥ വായിക്കുമ്പോൾ എനിക്ക് അത്ഭുതവും ആദരവും ആണ്. സ്വന്തം സർക്കാരിനെ വിമർശിച്ച് സത്യത്തിന്റെ വശത്ത് നിൽക്കാൻ അസാധാരണമായ ഒരു ധാർമ്മിക ധൈര്യം വേണം. ഏതക്രമത്തിന് നടുവിലും ഏതൊരു അധികാര സ്ഥാനത്തിന് മുന്നിലും പതറാതെ, തെറ്റിൽ നിന്നും ശരി കാണാൻ കഴിവുള്ളവർ ഈ ലോകത്ത് എല്ലാ കാലത്തും ഉണ്ടായിരുന്നു. അങ്ങനെയുള്ളവർ ഉള്ളത് കൊണ്ടാണ് ലോകം കുറച്ചെങ്കിലും നന്നായി മുന്നോട്ട് പോകുന്നത്. അങ്ങനെയുള്ളവർ നമുക്ക് അഭിമാനമാണ്, മാർഗ്ഗദർശികൾ ആണ്.
ബ്ലഡ് ടെലഗ്രാമിന്റെ ആവേശകരമായ കഥ 2013 ൽ ഗാരി ബാസ് ‘The Blood Telegram: Nixon, Kissinger, and a Forgotten Genocide’ എന്ന പുസ്തകമാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ താൽപര്യമുള്ളവർ വായിച്ചു നോക്കണം.
മുരളി തുമ്മാരുകുടി.
Leave a Comment