പൊതു വിഭാഗം

Billions of Blue Blistering Barnacles

 Adventures of Tintin എന്ന് പേരുള്ള ഒരു കോമിക് സീരീസ് ഉണ്ട്. ബെൽജിയത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന Herge (തൂലികാ നാമം) ആയിരുന്നു ഇതിന്റെ സൃഷ്ടാവ്. അതിൽ മുഴുക്കുടിയനായ വഴക്കാളിയായ എന്നാൽ സ്നേഹസമ്പന്നനും ധീരനുമായ ഒരു കപ്പിത്താനുണ്ട്. ക്യാപ്റ്റൻ ഹാഡോക്ക് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇടക്കൊക്കെ ദേഷ്യം വരുമ്പോൾ അദ്ദേഹം വലിയ വായിൽ തെറി പറയും, അതിലൊന്നാണ് billions of blue blistering barnacles എന്നത്. കുട്ടികളെയും മുതിർന്നവരെയും പല നിലയിൽ ചിന്തിപ്പിക്കുന്നതും ആനന്ദിപ്പിക്കുന്നതുമായ ഒരു സീരീസ് ആണ്. ഈ കോമിക് സീരീസ് വായിക്കാത്തവർ എങ്ങനെയും വായിച്ചു തുടങ്ങണം. നായകനായ ടിൻടിനെ ഇഷ്ടപ്പെട്ടില്ലെങ്കിലും കാപ്റ്റനെയും പ്രൊഫസ്സർ കാല്കുലസിനെയും ഇഷ്ടപ്പെടാതെ വരില്ല.
 
ഒരിക്കൽ ഒരു ടിൻടിൻ കഥ സിനിമയാക്കി, അത് കണ്ടിറങ്ങി വന്ന ഒരു പെൺകുട്ടിയോട് “എങ്ങനെ ഉണ്ടായിരുന്നു” എന്ന് ചോദിച്ചു.
 
“എനിക്കിഷ്ടപ്പെട്ടില്ല” എന്നായിരുന്നു മറുപടി
“എന്താണ് ഇഷ്ടപ്പെടാതിരുന്നത് ?”
“കോമിക് ബുക്കിലെ കാപ്റ്റന്റെ ശബ്ദം ഇങ്ങനെ അല്ല, ഒട്ടും രസമില്ല” എന്നതായിരുന്നു ഉത്തരം.
 
ബുക്കിലെ കാപ്റ്റന്റെ ശബ്ദം വായനക്കാർക്ക് കേൾക്കാൻ പറ്റില്ലല്ലോ. പക്ഷെ ഓരോരുത്തരും സ്വന്തം ഭാവന അനുസരിച്ച് ഓരോ ശബ്ദം ഉണ്ടാക്കും, പിന്നെ അത് സിനിമയിൽ വരുമ്പോൾ അതുമായി ഒത്തു നോക്കും, പറ്റിയില്ലെങ്കിൽ സിനിമ ബോറാണെന്ന് തോന്നും.
 
ഇത് സിനിമാ ഡയറക്ടറുടെയോ കുട്ടിയുടെയോ കുഴപ്പമല്ല. നമ്മൾ കാണുന്നതനുസരിച്ച് കാണാത്തതിന് രൂപവും ശബ്ദവും ഗുണവും ഒക്കെ കൊടുക്കും.
 
എനിക്കീ ബുദ്ധിമുട്ട് പലപ്പോഴും പറ്റാറുണ്ട്. ഇത്തവണ ഞാൻ ഒരു കോളേജിൽ പ്രസംഗിക്കാൻ പോയി. പ്രസംഗം കഴിഞ്ഞു നന്ദി പറയാൻ വന്ന ടീച്ചർ പറഞ്ഞു.
“മുരളിസാറിനെ എനിക്ക് ഏറെ നാളായി അറിയാം, വായിക്കാറുണ്ട്, നല്ല എഴുത്താണ്, പക്ഷെ പ്രസംഗത്തിന് ഞാൻ വിചാരിച്ചപോലെ ഗാംഭീര്യം പോരാ”
എനിക്ക് വിഷമം ആയിക്കാണും എന്ന് കരുതിയായിരിക്കണം നന്ദി പറഞ്ഞ ശേഷം ടീച്ചർ മുഖത്ത് നോക്കാതെ സ്ഥലം വിട്ടു. സത്യത്തിൽ ഇതെനിക്ക് ശരിക്ക് അറിയാവുന്ന കാര്യം തന്നെയാണ്. എന്റെ എഴുത്തു വച്ചാണ് ആളുകൾ എന്റെ പ്രസംഗത്തെ പറ്റി സങ്കല്പിക്കുന്നതും അതിനെ അളക്കുന്നതും. അതിനൊപ്പം എത്താതെ വരുമ്പോൾ കുറച്ചിലായി തോന്നും. (ടീച്ചർ ഈ കുറിപ്പ് വായിക്കുന്നു എങ്കിൽ മഹാമനസ്കനായ ആശാൻ ക്ഷമിച്ചു എന്ന് ഉറപ്പിച്ചോളൂ).
 
ഇത് എഴുത്തുകാരുടെ മാത്രം പ്രശ്നമല്ല, സംസാരത്തിന്റെ മാത്രം കാര്യവും അല്ല. നല്ല നടനായ ഒരാൾ നല്ല ബുദ്ധി ഉള്ള ഒരാളാണെന്ന് ചിന്തിക്കുന്നതും, നല്ല സുന്ദരിയായ ഒരാൾ നല്ല സ്വഭാവമുള്ള ആളാണെന്ന് ചിന്തിക്കുന്നതും ഒന്നും അവരുടെ കുഴപ്പമല്ല.
പൊതുരംഗത്ത് നിൽക്കുന്നവർക്കെല്ലാം ഇത് നേരിട്ടേ പറ്റൂ. ആളുകൾ ഫിൽ ഇൻ ദി ബ്ളാങ്ക്സ് നടത്തുന്നതനുസരിച്ചു ജീവിക്കാൻ പോയാൽ നമ്മുടെ ഒറിജിനാലിറ്റിയും സ്വാതന്ത്ര്യവും പോകും. അതുകൊണ്ട് നടനം വേറെ നാട്യം വേറെ എന്നൊക്ക പറയാനുള്ള ധൈര്യം കാണിക്കണം.
 
എന്റെ കാര്യം ഞാൻ ഇപ്പഴേ പറഞ്ഞേക്കാം. എഴുത്തിലൂടെ ഞാൻ തുറക്കുന്ന ഒരു ചെറിയ കിളി വാതിലിൽ കൂടിയാണ് നിങ്ങൾ എന്നെയും എന്റെ സ്വഭാവവും കാണുന്നത്. അത് കണ്ടിട്ട് ബാക്കി കുറെ കാര്യങ്ങൾ നിങ്ങൾ പൂരിപ്പിക്കുന്നു. പിന്നെ ഒരിക്കൽ നിങ്ങളുടെ ചിന്തയും എന്റെ തനി സ്വഭാവവും തമ്മിൽ ചേർന്ന് നിൽക്കാതെ വരുമ്പോൾ നിങ്ങൾക്ക് വിഷമമാകും. കുട്ടനാട്ടിലെ കള്ളുഷാപ്പിലും ആംസ്റ്റർഡാമിലെ കോഫിഷോപ്പിലും ബാങ്കോക്കിലെ ഫിഷ് ടാങ്കിലും ഒന്നും ഞാൻ തലയിൽ മുണ്ടിട്ട് പോകാൻ പോകുന്നില്ല. അതിന്റെ ഒന്നും ആവശ്യമില്ല. എഴുത്തുകാരന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലും നോക്കി സമയം കളയരുത്. എഴുതുന്നതിൽ കാര്യകാരണ ബന്ധം ഉണ്ടോ എന്ന് മാത്രം നോക്കുക, ഇഷ്ടപ്പെട്ടാൽ എടുക്കുക, ഇല്ലെങ്കിൽ തള്ളിക്കളയുക. അത് എഴുത്തുകാരന്റെ ജീവിതവുമായി ബന്ധിപ്പിക്കേണ്ട !!
 
പകരം ടീച്ചർ പറഞ്ഞതു പോലെ ‘എഴുത്തൊക്കെ കൊള്ളാം, ബാക്കി ഒന്നും ഗംഭീരം അല്ല’ എന്നങ്ങു വിചാരിച്ചാൽ പ്രശ്നം തീർന്നു.
ബാക്കി എല്ലാം പറഞ്ഞ പോലെ….
മുരളി തുമ്മാരുകുടി
 

Leave a Comment