പൊതു വിഭാഗം

A note from 2013!!!

In July after the floods in Uttarkhand I wrote
 
“നമുക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല. അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്‌. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയിൽ നിന്ന് ഏറെ ദൂരത്തിൽ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെയുള്ള പ്രളയങ്ങൾ പക്ഷെ അപൂർവ്വമാണ്. ഇത് അന്‍പതോ നൂറോ വര്‍ഷത്തിനിടയിൽ ഒരിക്കലേ ഉണ്ടാകൂ. ഇതാണിതിന്റെ പ്രധാന പ്രശ്നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറ കൊണ്ട് നാട്ടുകാർ മറന്നു പോകും. പക്ഷെ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ഇടയില്‍ പിന്നെയും നദി അതിന്റെ യഥാര്‍ത്ഥ അതിരുകളെ തിരിച്ചു പിടിക്കും.
 
അതിനിടക്ക് മനുഷ്യന്‍ അവിടെ ഹോട്ടലോ റോഡോ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും. കേരളത്തിലെ പ്രശസ്തമായ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ ഓര്‍ക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്ന് ഇപ്പോഴും പലയിടത്തും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിലായിരുന്നു. തിരുവിതാംകൂറിന്റെ ഏറെ ഭാഗം വെള്ളത്തിനടിയിലായി. വൻ നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്ന് കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇത് മറന്നുകഴിഞ്ഞു. ഇടുക്കിയിൽ അണയും കെട്ടിയതോടെ പെരിയാറിന്റെ കരയില്‍ ‘മനോഹരമായ’ വീടുവെക്കാന്‍ ഇപ്പോള്‍ മത്സരമാണ്.
 
കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറി മുതല്‍ വിമാനത്താവളം വരെയുള്ള വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അമ്പതു വർഷത്തിനകം നാം നടത്തിയിരിക്കുന്നത് തൊണ്ണൂറ്റൊമ്പതിൽ വെള്ളം കയറിയ സ്ഥലത്താണ്. ഇനിയൊരിക്കല്‍ ഇവിടെല്ലാം വെള്ളം കയറുമെന്നത്, അത്തരം ഒരു മഴ ഉണ്ടാകുമെന്നത് സ്റ്റാറ്റിസ്റ്റിക്കല്‍ ആയി ഉറപ്പാണ്. പുതിയതായി ഫ്ലാറ്റോ സൂപ്പർ മാർക്കറ്റൊ ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
അണക്കെട്ടുകള്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്നു പൊതുവേ ഒരു ധാരണയുണ്ട്. മിക്കവാറും വര്‍ഷങ്ങളില്‍ ഇത് ശരിയും ആണ്.
 
വന്‍പ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകള്‍ ഇരുതല വാളാണ്. 2010-ലെ പാകിസ്ഥാന്‍ പ്രളയത്തിലും 2011-ലെ തായ്‍ലന്റ് പ്രളയത്തിലും അണക്കെട്ടുകള്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തത്. വെള്ളം പരിധിവിട്ട് ഉയരുമ്പോള്‍ അണക്കെട്ടിന്റെ സുരക്ഷയെക്കരുതി വെള്ളം തുറന്നുവിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുന്നു. അതേ സമയം വെള്ളപ്പൊക്കമുള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിലുള്ളവരുടെ ദുരന്തകാലം വര്‍ദ്ധിപ്പിക്കുന്നു. ലോകത്ത് പലയിടത്തും പ്രളയകാലത്ത് അണക്കെട്ടിനപ്പുറവും ഇപ്പുറവും ഉള്ളവര്‍ തമ്മില്‍ വാഗ്വാദവും അടിപിടിയും വരെ ഉണ്ടായിട്ടുണ്ട്. പാകിസ്ഥാനില്‍ നാട്ടുകാര്‍ സംഘടിച്ച് അണക്കെട്ടുകള്‍ തുറന്നുവിട്ടു. തായ്‍ലന്റില്‍ അണകള്‍ സംരക്ഷിക്കാന്‍ പട്ടാളമിറങ്ങേണ്ടിവന്നു.
 
വാസ്തവത്തില്‍ ചെയ്യേണ്ടത്, പ്രളയം ഉണ്ടാകുന്ന സമയത്ത് പുഴക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവെക്കുകയാണ്. അതായത് പുഴയുടെ അരികില്‍ വീടുവെക്കാതെ കൃഷിസ്ഥലമാക്കി മാറ്റിയിടുക. പ്രളയം വരുന്ന വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷിസ്ഥലത്തേക്ക് വെള്ളം കടന്നു കയറുന്നതിന് നഷ്ടപരിഹാരം നല്‍കുമെന്നു മുന്‍പേ പ്രഖ്യാപിക്കുക. പുഴയുടെ അരികില്‍ ഇപ്പോള്‍ നഗരങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സംരക്ഷണഭിത്തികള്‍ കെട്ടി സംക്ഷിക്കുക പക്ഷെ പുതിയതായി ജന സാന്ദ്രത വർദ്ധിപ്പിക്കതിരിക്കുക. യൂറോപ്പില്‍ ഇപ്പോള്‍ വ്യാപകമായി നടക്കുന്നത് ഇതാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ദുരന്ത പ്രതിരോധത്തിന് മുന്നോട്ടുവെക്കുന്നത് ഈ ആശയമാണ്.
 
വെള്ളപ്പൊക്കം ദുരിതം വര്‍ദ്ധിപ്പിക്കുന്നത് പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൊണ്ടുകൂടിയാണ്. ഇവ രണ്ടും ഏറെക്കുറെ മനുഷ്യനിര്‍മ്മിതവും. കുത്തായ മലഞ്ചെരുവുകള്‍ വെട്ടിവെളുപ്പിക്കുന്നതും, അവിടേക്ക് റോഡുണ്ടാക്കുന്നതും, അവിടെ വീടുവെക്കുന്നതും ഉരുള്‍പൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തില്‍ മുകളില്‍ പറഞ്ഞതുകൂടാതെ മണ്ണെടുക്കുക എന്ന ഒരു പാതകം കൂടിയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ് ഇവ രണ്ടും. ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ച സുന്ദര്‍ലാല്‍ ബഹുഗുണയുടെ നാട്ടില്‍, ഇന്ത്യയിലെ പരിസ്ഥിതി സംഘടനകളില്‍ ഒന്നാമത്തേതായ ചിപ്കോയുടെ നാട്ടില്‍ത്തന്നെ ഈ ദുരന്തമുണ്ടായി എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു.
 
‘പ്രളയം’ എന്നത് സത്യത്തില്‍ ഒരു പ്രകൃതി ദുരന്തമല്ല. പ്രകൃതിയുടെ ഒരു പ്രതിഭാസം ആണിത്. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതുമുതല്‍ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വര്‍ദ്ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കം കൊണ്ട് നടക്കുകയും ചെയ്യുന്നു. പുഴയുടെ സ്വാഭാവിക അതിരുകള്‍ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയിലൂടെ (ലാന്റ് യൂസ് പ്ലാനിംഗ്) മഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ വനം നശിപ്പിക്കാതെ കുന്നിടിക്കാതെ ഒക്കെ നോക്കിയാല്‍ എത്ര വലിയ മഴയും അതിന്റെ വഴിക്കു പൊക്കോളും. അതിനു പകരം നദീതടങ്ങളില്‍ വീടും ഹോട്ടലും ഫാക്ടറികളും വിമാനത്താവളവും പണിതിട്ട്, നദി അതിന്റെ അവകാശപ്പെട്ട അതിരുകള്‍ തിരിച്ചു പിടിക്കുമ്പോള്‍ പ്രകൃതിദുരന്തം ആണെന്ന് പരാതിപ്പെടുന്നത്, തീവണ്ടി വരുന്ന ട്രാക്കില്‍ പാര്‍ക്ക് ചെയ്ത കാര്‍ ട്രെയിനിടിച്ചു നശിപ്പിക്കുമ്പോള്‍ റയിൽവേയെ കുറ്റം പറയുന്നപോലുള്ള അത്ഥശൂന്യതയാണ്.
 
I hope the current flood in Kerala passes without creating a major disaster. But I also hope that this is really a wake up call for better land used planning to prevent disasters.
 
മുരളി തുമ്മാരുകുടി
 

Leave a Comment