പൊതു വിഭാഗം

1997 മുതൽ ഞാൻ കേരളത്തിൽ എപ്പോൾ വന്നാലും പെരുന്പാവൂരിലെ ബേബിച്ചേട്ടന്റെ ടാക്സിയിലാണ് യാത്ര ചെയ്യാറ്.
വളരെ ശാന്തസ്വാഭാവിയാണ് ബേബിച്ചേട്ടൻ. വാഹനവും വളരെ പതുക്കെയേ ഓടിക്കുകയുള്ളൂ. ഒരു വഴിക്കു പോയാൽ സുരക്ഷിതമായി സ്ഥലത്തെത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട, ഒരു മണിക്കൂർ യാത്രക്ക് അരമണിക്കൂർ നേരത്തെ പുറപ്പെടണം എന്നേ ഉള്ളൂ. എനിക്കത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
 
ഈ ബേബിച്ചേട്ടനും കുടുംബവും ഒരിക്കൽ സ്വിറ്റ്‌സർലണ്ടിൽ വന്നിരുന്നു. അന്ന് ബേബിച്ചേട്ടനെയും കൊണ്ട് ഞാൻ സ്വിറ്റ്‌സർലൻഡ് മുഴുവൻ വണ്ടി ഓടിച്ചു പോയി. എനിക്കും അവർക്കും ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരുന്നു അത്.
 
പോരാൻ സമയം ബേബിച്ചേട്ടൻ എന്നോട് ചോദിച്ചു
“സാർ എത്ര നന്നായിട്ടാണ് വണ്ടി ഓടിക്കുന്നത്, വീട്ടിൽ വരുന്പോൾ അവിടെ വണ്ടി കിടക്കുന്നുണ്ട് താനും, എന്നിട്ടും എന്തിനാണ് ടാക്സി വിളിക്കുന്നത്?”
 
ഇതിന് രണ്ട് കാരണങ്ങളുണ്ട്.
 
1. നാട്ടിൽ വാഹനം ഓടിക്കുക എന്നത് അത്ര എളുപ്പമല്ല. റോഡിൽ ചില നിയമങ്ങൾ ഉണ്ടെന്നും അവ എല്ലാവരും പാലിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാം വണ്ടിയുമായി ഇറങ്ങുന്നത്. എന്നാൽ പകുതിയിലധികം ആളുകൾ റോഡിലെ നിയമങ്ങൾ പാലിക്കാത്ത സ്ഥലത്ത് വാഹനം ഓടിക്കുക എളുപ്പമല്ല.
 
2. നാട്ടിൽ വാഹനം ഓടിച്ചാൽ ഒരപകടം, ചെറുതാണെങ്കിലും, ഉണ്ടാകാനുള്ള സാധ്യത വലുതാണ്. സ്വിറ്റ്‌സർലണ്ടിൽ വലുതോ ചെറുതോ ആയ അപകടമുണ്ടായാൽ ആളുകൾക്ക് പരിക്ക് പറ്റിയിട്ടില്ലെങ്കിൽ രണ്ടു ഡ്രൈവർമാരും പുറത്തിറങ്ങി വാഹനങ്ങളുടെ കിടപ്പും മറ്റും നോക്കി ആരാണ് തെറ്റ് ചെയ്തതെന്ന് പരസ്പരം സമ്മതിക്കും. ആ കാര്യം തെറ്റ് ചെയ്തു എന്ന് സമ്മതിക്കുന്ന ആളുടെ ഇൻഷുറൻസ് ഫോമിൽ എഴുതി രണ്ടു പേരും ഒപ്പിടും. പിന്നെ വാഹനം ഓടിക്കാൻ പറ്റുന്ന അവസ്ഥയാണെങ്കിൽ പരസ്പരം കൈ കൊടുത്ത് ഓടിച്ചു പോകും, അല്ലെങ്കിൽ വാഹനം വലിച്ചു കൊണ്ടുപോകാനുള്ള കന്പനിയെ വിളിക്കും. ഇനി അഥവാ രണ്ടു പേരും തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ പോലീസിനെ വിളിക്കും, അവർ അപകടത്തിന്റെ ഫോട്ടോ എടുത്ത ശേഷം രണ്ടു പേർക്കും കൈ തന്ന് രണ്ടു വഴിക്കു വിടും. ഇൻഷുറൻസ് തീരുമാനം അവർ വഴിയേ അറിയിക്കും. പക്ഷെ നാട്ടിലാണെകിൽ എത്ര ചെറിയ അപകടമാണെങ്കിലും ഡ്രൈവർമാർ ഉടൻ ചാടിയിറങ്ങി വർത്തമാനം പിതൃസ്മരണയിൽ നിന്നു തുടങ്ങും, ചിലപ്പോൾ അടിപിടിയാകും, നാട്ടുകാർ ഇടപെടും, അടി അവരുടെ കയ്യിൽ നിന്നും കിട്ടിയേക്കാം.
 
എനിക്കീ തല്ലു കൊള്ളുന്നത് പണ്ടേ വലിയ പേടിയാണ്. തല്ലു കൊള്ളുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കും, എന്നിട്ടും തല്ലു വന്നാൽ ഓടും. പക്ഷെ ഇപ്പോൾ ഞാൻ നാട്ടിൽ വണ്ടി ഇട്ടിട്ട് ഓടുന്നത് ഒക്കെ നാണക്കേടല്ലേ, പോരാത്തതിന് നാട്ടിലെ പിള്ളേരോട് ഓടി ജയിക്കാനും വയ്യ. നമ്മളില്ലേ…
 
അതുകൊണ്ടാണ് സുരക്ഷിതമായി വാഹനം ഓടിക്കുന്ന ബേബിച്ചേട്ടനെ കൂട്ട് പിടിക്കുന്നത്. (കഴിഞ്ഞ ഒരു വർഷമായി ബേബിച്ചേട്ടന് ഒരു കോൺട്രാക്ട് ഓട്ടമാണ്, അതുകൊണ്ട് ബേബിച്ചേട്ടന്റെ സഹപാഠിയായ ബാവ ചേട്ടനാണ് ഇപ്പോൾ എന്റെ സാരഥി).
 
പറഞ്ഞു വന്നത് എന്റെ പേടിയെപ്പറ്റിയാണ്.
ഞാൻ ഒരു പേടിത്തൂറിയാണെന്ന് അമ്മക്ക് ശരിക്കറിയാം.
ഞാൻ മാത്രമല്ല, അമ്മയുടെ മക്കൾ എല്ലാവരും എന്നെപ്പോലെ പേടിയുടെ അസുഖം ഉള്ളവരാണ്.
 
പക്ഷെ അമ്മ അങ്ങനെയല്ല. അത്യാവശ്യത്തിന് ധൈര്യമുള്ള ആളാണ്. വേണ്ടി വന്നാൽ ഒരങ്കത്തിനുള്ള ബാല്യം ഇപ്പോഴുമുണ്ട്.
എന്നാൽ അമ്മ ഇപ്പോൾ നേരിട്ട് പ്രശ്നത്തിൽ ഇടപെടാറില്ല. പകരം മക്കളെ വെച്ചൊരു കളികളിക്കും.
 
കുറച്ചു നാൾ മുൻപ് അമ്മ വീട്ടിൽ മുറിയിലിരിക്കുകയാണ്, പുറത്ത് എന്തോ വഴക്ക് നടക്കുന്നത് കേട്ട് പുറത്തേക്ക് വന്നു. വീട്ടിൽ അന്ന് മറ്റാരുമില്ല, ജോലിക്കാർ മാത്രമേ ഉള്ളൂ.
 
വീട്ടിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഭർത്താവാണ് ഒച്ചയുണ്ടാക്കുന്നത്. സ്വന്തമായി തൊഴിൽ ഒന്നും ചെയ്യാതെ ഭാര്യ തൊഴിൽ ചെയ്യുന്ന കാശും മേടിച്ച് വെള്ളമടിച്ച് ജീവിക്കുന്ന മലയാളി ജന്മങ്ങളിൽ ഒരാളാണ്. കള്ളുകുടിക്കാൻ പണം മേടിക്കാനായി അവർ ജോലി ചെയ്യുന്ന വീട്ടിൽ വന്നതാണ്. അമ്മ പുറത്തു വരുന്പോൾ എന്തോ മോശപ്പെട്ട ഭാഷയാണ് പറയുന്നത്.
അമ്മ പുറത്തു വന്നതും അവർ വല്ലാതായി, കൂടെ ജോലി ചെയ്യുന്നവരും. കള്ളുകുടിയൻ ഭർത്താവിന് കുലുക്കമൊന്നുമില്ല. വീണ്ടും ഉച്ചത്തിൽ അശ്ലീലമാണ്.
 
അമ്മ മുറ്റത്തേക്കിറങ്ങി.
 
“നീ ആരാണെന്നോ എന്താണ് നിന്റെ പ്രശ്നമെന്നോ എനിക്കറിയില്ല. പക്ഷെ ഒരു കാര്യം പറയാം, ഇതെന്റെ വീടാണ്, ഇതിന്റെ മുറ്റത്ത് നിന്ന് ഒരാളും ഇന്നുവരെ അനാവശ്യം പറഞ്ഞിട്ടില്ല, ഇനിയും പറയാൻ ഞാൻ സമ്മതിക്കുകയുമില്ല.”
 
അമ്മയുടെ വാക്കുകൾ കേട്ടതും കള്ളുകുടിയൻ ഒന്ന് വിരണ്ടു. അമ്മയുടെ ശൗര്യം കൂടി.
 
“ഉച്ച നേരമായത് നന്നായി, എന്റെ മക്കളൊന്നും വീട്ടിലില്ല. അവർ ഇതെങ്ങാനും കേട്ട് വന്നാൽ പറയാൻ പിന്നെ നിനക്ക് വാക്കുണ്ടാവില്ല, മിക്കവാറും നാക്കും.”
 
കള്ളുകുടിയൻ മിണ്ടാതുരിയാടാതെ കണ്ടം വഴി ഓടി.
 
മക്കൾ വീട്ടിലുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് അമ്മയ്ക്കും മക്കൾക്കും ശരിക്കറിയാം, പക്ഷെ കള്ളുകുടിയൻ സുഹൃത്തിന് അതറിയില്ലല്ലോ.
 
നല്ല തല്ലിലും ഗുണം ചെയ്യും നാല് വാക്ക് എന്ന മോഹൻ ലാൽ സൂക്തം ഓർക്കുക.
 
വ്യക്തി ജീവിതത്തിൽ ഇത്രമാത്രം പേടിത്തൂറിയാണെങ്കിലും ഔദ്യോഗിക രംഗത്ത് എനിക്ക് ഒട്ടും പേടിയില്ലെന്ന് മാത്രമല്ല, സാധാരണ ആളുകൾ പേടിക്കുന്ന ജോലി പോലും സന്തോഷത്തോടെ ചോദിച്ചു മേടിക്കുകയും ചെയ്യും.
 
ഒരിക്കൽ ഞാൻ ചിലി എന്ന രാജ്യത്ത് ഒരു സെമിനാറിന് പോയി. സമുദ്ര തീരത്ത് മനോഹരമായ ഒരു റിസോർട്ടിൽ ഒരാഴ്ചയാണ് മീറ്റിംഗ്. എല്ലാ ദിവസവും കടലിൽ നിന്നുള്ള മൽസ്യങ്ങൾ, വൈകിട്ട് കൾച്ചറൽ പ്രോഗ്രാം എന്നിങ്ങനെ.
 
സാധാരണയായി എന്റെ ജോലി യുദ്ധവും ദുരന്തവും ഒക്കെ നടക്കുന്ന രാജ്യങ്ങളിൽ ആണല്ലോ, ഹോട്ടലിൽ നിന്നും പുറത്തു കടക്കാൻ തന്നെ പലയിടത്തും പറ്റാറില്ല. മിക്ക ഇടങ്ങളിലും പോലീസ് എസ്‌കോർട്ട് വേണം, ചിലയിടത്തെങ്കിലും ബുള്ളറ്റ് പ്രൂഫ് ആയ വാഹനങ്ങളും.
 
യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ബീച്ചിൽ സുഖമായി പ്രൊഫസർമാരുമായി സംസാരിച്ചിരുന്നപ്പോൾ എനിക്കെന്തോ ബുദ്ധിമുട്ടു പോലെ തോന്നി.
 
മൂന്നാം ദിവസം എന്റെ ബോസ് ജനീവയിൽ നിന്നും വിളിച്ചു.
“മുരളി, സിറിയയിലെ രാസായുധം അവിടെ നിന്നും നീക്കാനായി ഐക്യ രാഷ്ട്ര സഭ ഓ പി സി ഡബ്ല്യൂ വും ( Organisation for Prevention of Chemical Weapons) ആയി ചേർന്ന് ഒരു പ്രൊജക്റ്റ് പ്ലാൻ ചെയ്തിട്ടുണ്ട്”
 
“വായിച്ചു.”
 
“അതിന്റെ പരിസ്ഥിതി വിഷയങ്ങൾ യു എൻ പരിസ്ഥിതി വിഭാഗം കൈകാര്യം ചെയ്യണമെന്നാണ് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടിരിക്കുന്നത്.”
 
“അത് ശരി”
 
“ആ ജോലി മുരളി ഏറ്റെടുക്കുന്നോ എന്ന് ചോദിക്കാൻ അണ്ടർ സെക്രട്ടറി ജനറൽ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്, അല്പം റിസ്ക് ഉണ്ട്, ആലോചിച്ചു പറഞ്ഞാൽ മതി.”
 
സിറിയയിൽ അന്ന് ആസജീവമായി യുദ്ധം നടക്കുകയാണ്, രാസായുധ പ്രയോഗം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. നേരിട്ട് വിമാനമില്ല, ബെയ്‌റൂട്ടിൽ നിന്നുള്ള യാത്ര തന്നെ യുദ്ധം നടക്കുന്ന പ്രദേശത്തു കൂടിയാണ്.
 
ഇതൊക്കെ എനിക്കറിയാം.
പക്ഷെ ഞാൻ ഒട്ടും അമാന്തിച്ചില്ല
“ബോസ്സ്, ദാ ഞാൻ എത്തി”
 
സെമിനാറിലെ പങ്കാളിത്തം മുൻകൂട്ടി അവസാനിപ്പിച്ച് ഞാൻ ജനീവയിലെത്തി, പിറ്റേന്ന് ബെയ്‌റൂട്ടിലും, രണ്ടു ദിവസത്തിനകം സിറിയയിലും. സിറിയയിലെ രാസായുധം സുരക്ഷിതമായി ലടാക്കിയ തുറമുഖത്തെത്തി, അവിടെ നിന്നും കപ്പലുകളിൽ പുറത്തേക്കും. മധ്യധരണ്യാഴിയിൽ രാസായുധങ്ങൾ എത്തിയതോടെ എന്റെ പണി കഴിഞ്ഞു, തിരിച്ചു ജനീവയിൽ എത്തി.
 
നമ്മൾ ഓരോരുത്തരുടെയും തൊഴിലിന് അതുമായി ബന്ധപ്പെട്ട ഒരു റിസ്ക് ഉണ്ട്, അത് തെങ്ങിൽ കയറുന്നതാണെങ്കിലും വിമാനം ഓടിക്കുന്നതാണെങ്കിലും. അതറിഞ്ഞു വേണം നാം ഓരോ ജോലിയും തിരഞ്ഞെടുക്കാൻ. ഓരോ തൊഴിലിലും ഉള്ള റിസ്ക്ക് പരമാവധി കുറക്കാൻ നമ്മുടെ സ്ഥാപനം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കണം. സ്ഥാപനം നൽകുന്ന നിയമങ്ങൾക്കും പരിരക്ഷക്കും ഉള്ളിൽ ആ ജോലികൾ പരമാവധി സുരക്ഷിതമായി ചെയ്യാൻ നമ്മൾ ശ്രദ്ധിക്കുകയും വേണം.
 
എന്നാലും ചിലപ്പോൾ അപകടങ്ങൾ ഉണ്ടാകും, പരിക്ക് പറ്റാം, മരണം തന്നെ സംഭവിക്കാം. അത് ആ തൊഴിലിനോട് ഒപ്പം വരുന്ന ഒന്നാണ്. അതിനെ പേടിയുള്ളവർ ആ തൊഴിലിന് പോകരുത്. ഇനി അഥവാ പോയിക്കഴിഞ്ഞാൽ പേടിക്കുകയും അരുത്.
ഒരാൾ പട്ടാളക്കാരനാകാൻ തീരുമാനിക്കുന്പോൾ യുദ്ധം ഉണ്ടായേക്കാമെന്നും യുദ്ധരംഗത്തേക്ക് പോകേണ്ടി വരുമെന്നും മനസ്സിൽ ഉറപ്പിക്കണം. അതിന് വേണ്ടി പരിശീലിക്കണം, സുരക്ഷയും സ്വയ രക്ഷയും ഉറപ്പാക്കാൻ ശീലിക്കണം. യുദ്ധം വരുന്പോൾ ധൈര്യമായി നമ്മുടെ മുകളിലുള്ള ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് മുന്നേറണം. യുദ്ധസമയത്ത് പേടിച്ചാൽ സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാകും.
 
യുദ്ധ രംഗത്തേക്കും ദുരന്തമുഖത്തേക്കും പോകുന്നതിന് മുൻപ് ഞങ്ങൾ ആദ്യം തന്നെ നമ്മുടെ വിൽപത്രം എഴുതിവെക്കും. മരിച്ചു കഴിഞ്ഞ് മറ്റുള്ളവർക്ക് പണിയുണ്ടാക്കരുതല്ലോ. നമ്മുടെ ഒരു ഡി എൻ എ സാന്പിൾ മുൻപേ കൊടുത്തിട്ടുണ്ട്, ബോംബ് പൊട്ടിയാണ് മരണമെങ്കിൽ ബോഡി ഒന്നും കിട്ടില്ല, മരിച്ചു എന്ന് ഉറപ്പുവരുത്താനാണ് ഡി എൻ എ കൊടുക്കുന്നത്. (ബോംബ് പൊട്ടിയാണ് പെട്ടിയിൽ വരവെങ്കിൽ പെട്ടി തുറന്നു നോക്കരുതെന്ന് വീട്ടുകാരെ ഓർമ്മിപ്പിക്കണമെന്ന് ഞാൻ എന്റെ വക്കീലിനോട് പറഞ്ഞിട്ടുണ്ട്, കാരണം അതിനുള്ളിൽ ഒന്നും കാണില്ല, ഒരു സമാധാനത്തിനാണ് പെട്ടി അയക്കുന്നത്). ഇത്രയുമൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നെ നമുക്ക് ഏതൊരു സ്ഥലത്തും ധൈര്യമായി പോകാം, ജോലി ചെയ്യാം. കിട്ടിയാൽ ഊട്ടി, പോയാൽ പോയി.
 
ഔദ്യോഗിക രംഗത്ത് എത്ര ശൗര്യശാലി ആണെങ്കിലും അത് അവിടെ വെച്ചിട്ട് വേണം നാട്ടിൽ വരാൻ. തോക്കുമായി പുരുഷു നാട്ടിലേക്ക് വരരുത്. പട്ടിയോ നാട്ടുകാരോ ഓടിച്ചാൽ ഓടുകയും വേണം. ചെങ്കളം മാധവനോട് കവലയിൽ തല്ലുണ്ടാക്കാനല്ല പുരുഷുവിനെ രാജ്യം പരിശീലിപ്പിക്കുന്നത്. ഓർക്കണം, ഓർത്താൽ നന്ന്.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി
Image may contain: one or more people, people standing and outdoor

Leave a Comment