പൊതു വിഭാഗം

2024 ലേക്കുള്ള ബസ്

2019 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഓർക്കുന്നു. ഇരുപത് സീറ്റിൽ പത്തൊന്പതും യു.ഡി.എഫിന്. കനൽ ഒരു തരി മാത്രം എൽ.ഡി.എഫിന്.

പതിവ് പോലെ വിശകലനങ്ങൾ ഉണ്ടായി. “ഭരിക്കുന്ന സർക്കാരിന്റെ സന്പൂർണ്ണ പരാജയം ജനങ്ങൾ വിലയിരുത്തിയതാണ്” എന്ന് പ്രതിപക്ഷം. ഇത് ഇത്തരം സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിൻറെ പതിവ് പ്രയോഗമാണ്. 

“സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു” എന്ന് ഭരണപക്ഷം. ഏതൊരു ഭരണകൂടവും തോൽക്കുന്പോൾ പറയുന്ന ഒന്ന്.

സത്യത്തിൽ ഒരു ഭരണവും സന്പൂർണ്ണ വിജയവും സന്പൂർണ്ണ പരാജയവും അല്ല. അഞ്ചു വർഷത്തെ ഭരണമല്ലേ, ആയിരക്കണക്കിന് കോടി രൂപയുടെ നൂറു കണക്കിന് പദ്ധതികൾ.  എല്ലാ സർക്കാരിന്റെ കാലത്തും കുറെ റോഡുകളും, പാലങ്ങളും  ഉണ്ടാകും. ധാരാളം പദ്ധതികൾ ജനങ്ങൾക്ക് ഗുണം ചെയ്യും. പക്ഷെ ഒന്ന് ഉറപ്പാണ്. നമ്മുടെ ജനങ്ങളുടെ പ്രതീക്ഷയും സർക്കാറുകൾക്ക് നല്കാൻ പറ്റുന്ന പദ്ധതികളും തമ്മിൽ എല്ലാ കാലത്തും ഒരു ഗ്യാപ് ഉണ്ടാകും. അത് ആര് ഭരിച്ചാലും!

ഈ സാഹചര്യത്തെ ഒരു ഗ്ലാസ് പകുതി നിറഞ്ഞതാണോ പകുതി ഒഴിഞ്ഞതാണോ എന്ന തരത്തിലുള്ള വിലയിരുത്തലിന്റെ വാക്‌പോരാണ് ഇലക്ഷന് മുൻപും പിൻപും നടക്കുന്നത്.

എന്നാൽ ഇത്തവണ ഒരു കാര്യം വ്യക്തമാണ്. സർക്കാരിന്റെ പദ്ധതികളും വിജയങ്ങളും ജനങ്ങളുടെ മുന്നിൽ നേരിട്ട് വെക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത് പി. ആർ. ഏജൻസി ഒന്നുമല്ല. വടക്കു മുതൽ തെക്കു വരെ മുഖ്യമന്ത്രിയും മന്ത്രിമാരും അത് നേരിട്ടാണ് ചെയുന്നത്.

എതിർത്തിട്ടാണെങ്കിലും അതിൽ ശ്രദ്ധ കൊടുക്കുന്ന മാധ്യമങ്ങൾ ഇക്കാര്യത്തിൽ ഭരണ മുന്നണിയെ നന്നായി സഹായിക്കുന്നുണ്ട്.

ഞാൻ ശ്രദ്ധിക്കുന്നത് പ്രതിപക്ഷത്തെ ആണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കേരളീയം എന്നൊരു വന്പൻ ഷോ നടത്തി തുടങ്ങിയ ഈ യാത്രക്ക് മുന്നിൽ ഹെഡ് ലൈറ്റിൽ പെട്ട മുയലിനെപ്പോലെ സ്‌തബ്‌ധരാണ് കേരളത്തിലെ പ്രതിപക്ഷം. പ്രത്യേകിച്ചും കോൺഗ്രസ്സ്.

ഈ യാത്ര കാസർകോട് നിന്നും തിരുവനന്തപുരത്തേക്കല്ല, 2024 ലേക്കാണെന്ന് അവർ അറിയാതിരിക്കാൻ വഴിയില്ല. വാസ്തവത്തിൽ 2024 കേരളത്തിലെ കോൺഗ്രസിനാണ് കൂടുതൽ പ്രാധാന്യമായുള്ളത്. ഭരണ പക്ഷത്തിന് ഒരു സീറ്റ് രണ്ടു സീറ്റ് ആയാൽപോലും 100 ശതമാനം പുരോഗതിയാണ്. ഇരുപതിൽ പത്തു കിട്ടിയാൽ വന്പൻ വിജയമാണ്. കേന്ദ്രത്തിൽ ആര് വിജയിച്ചാലും അത് എൽ.ഡി.എഫിന്റെ ഭാവിയുടെ പ്രശ്നമല്ല.

കോൺഗ്രസ്സിന് പക്ഷെ അങ്ങനെയല്ല.  കേരളത്തിൽ പഴയ വിജയം ആവർത്തിക്കണം.  കേന്ദ്രത്തിൽ ഭരണമില്ലാത്ത കാലത്തിന് അവസാനമുണ്ടാകണം. ഇല്ലെങ്കിൽ മുന്നണിപ്പാർട്ടികളും അധികാരത്തിൽ താല്പര്യമുള്ള നേതാക്കളും അവരോടൊപ്പമുള്ള  അണികളും എല്ലാം അവരുടെ വഴിക്ക് പോകും.

ഒരു കണക്കിന് 2024 കേരളത്തിലെ കോൺഗ്രസിന്റെ ലാസ്റ്റ് ബസ് ആണ്. ആ ബസ്സാണ് ആദ്യം റോഡിൽ ഇറങ്ങേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അത് കണ്ടില്ല.

ഇനി എപ്പോഴാണ് അത് വരുന്നത്?

മുരളി തുമ്മാരുകുടി

May be an image of 2 people and text

Leave a Comment