പൊതു വിഭാഗം

2020:  ദുരന്തമായിപ്പോയ ഒരു വർഷം 

കഴിഞ്ഞ അഞ്ചു വർഷങ്ങളായി എല്ലാ വർഷാവസാനവും ആ വർഷത്തിൽ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതാറുണ്ട്. ലോകത്തെവിടെയും സംഭവിച്ച ദുരന്തങ്ങളിൽ നിന്നും എന്ത് പാഠം പഠിക്കാമെന്ന് ചിന്തിക്കുന്നതിനൊപ്പം ലോകത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ 2004 ഡിസംബർ 26 ലെ സുനാമിയെ ഓർക്കുക എന്നത് കൂടി അതിന്റെ ഉദ്ദേശമാണ്. 

ഈ വർഷം പക്ഷെ വ്യത്യസ്തമാണ്. ഒരു വർഷത്തിൽ കുറച്ച് ദുരന്തങ്ങൾ ഉണ്ടാകുകയല്ല, ഒരു വർഷം തന്നെ മൊത്തത്തിൽ ദുരന്തമാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 2019 ലാണ് കൊറോണയുടെ തുടക്കമെങ്കിലും COVID  19 എന്ന നാമകരണമുണ്ടായതും കൊറോണ അതിന്റെ രൗദ്രഭാവം പൂർണമായി കാണിച്ചതും 2020 ലാണ്. വർഷം അവസാനിക്കുന്പോൾ എട്ട് കോടിയോളം ആളുകളെ കൊറോണ ബാധിച്ചിരിക്കുന്നു, പതിനെട്ട് ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നിട്ടും രോഗത്തിന്റെ പ്രസരണം അവസാനിച്ചിട്ടില്ല. യൂറോപ്പിലും അമേരിക്കയിലും രോഗത്തിന്റെ രണ്ടാമത്തെ തരംഗം സംഹാരതാണ്ഡവം ആടുകയാണ്. അമേരിക്കയിൽ 9/11 തീവ്രവാദി ആക്രമണത്തിൽ മരിച്ചതിനേക്കാൾ ആളുകൾ ഒരു ദിവസം കൊറോണ മൂലം മരിക്കുന്ന സാഹചര്യമുണ്ടായി. യൂറോപ്പിലും മരണങ്ങളുടെ എണ്ണം അതിവേഗം കൂടി.

2020 മാർച്ച് 11 നാണ് ലോകാരോഗ്യസംഘടന കൊറോണയെ ഒരു ആഗോള മഹാമാരി (global pandenic) ആയി പ്രഖ്യാപിച്ചത്. മാർച്ച് അവസാനമാകുന്പോഴേക്കും ഐക്യരാഷ്ട്രസംഘടനയുടെ 193 അംഗരാജ്യങ്ങളിലും കൊറോണ എത്തി. രാജ്യങ്ങൾ തമ്മിലുള്ള വിമാനയാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങൾ വന്നു. രാജ്യങ്ങൾ ആഭ്യന്തരമായി അടച്ചു. തൊഴിലും വിദ്യാഭ്യാസവും വലിയ തോതിൽ തടസപ്പെട്ടു. അത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥക്കപ്പുറം ലോകത്തെയാകെ വരിഞ്ഞുമുറുക്കുന്ന – ഈ തലമുറയിലെ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ സാന്പത്തിക പ്രശ്നമായി കൊറോണ മാറി. ഡിസംബർ അവസാനിക്കുന്പോൾ കൊറോണക്കെതിരെ പ്രതിരോധ വാക്സിൻ ഉണ്ടായെങ്കിലും രോഗം ഇപ്പോഴും പടരുന്നു. ആയിരങ്ങൾ പ്രതിദിനം മരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലുകൾ നഷ്ടപ്പെടുന്നു. കോടിക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ട് തന്നെയിരിക്കുന്നു. 

ഈ വർഷം മുഴുവൻ കൊറോണ നിറഞ്ഞു നിന്നപ്പോളും മറ്റ് ദുരന്തങ്ങൾക്ക് അവധിയൊന്നുമുണ്ടായില്ല. ലോകത്ത് വലുതും ചെറുതുമായ ദുരന്തങ്ങൾ പലതുണ്ടായി. അതിൽ ചിലതിൽ നിന്ന് കേരളത്തിനും പാഠങ്ങൾ പഠിക്കാനുള്ളതിനാൽ അവ പറയാം. 

മൗറീഷ്യസിലെ എണ്ണച്ചോർച്ച: 2020 ജൂലൈ 25 ന് എം വി വകാഷിയോ എന്ന കപ്പൽ മൗറീഷ്യൻ തീരത്തെ കോറൽ റീഫുകളിൽ ഇടിച്ചു കയറിയതാണ് ഈ വർഷത്തെ കൊറോണക്കപ്പുറമുള്ള ഏറ്റവും ആദ്യത്തെ ദുരന്തം. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ കപ്പലിലെ ഇന്ധന എണ്ണയുടെ ചോർച്ചയാൽ കടലിലും കരയിലും എണ്ണ പടർന്നു. കപ്പൽ രണ്ടായി പിളർന്ന് കപ്പലിന്റെ മുകൾഭാഗം കടലിൽ ഉപേക്ഷിക്കേണ്ടി വന്നു. 

ടൂറിസവും മത്സ്യബന്ധനവും ഏറെ ആശ്രയിക്കുന്ന രാജ്യമാണ് മൗറീഷ്യസ്. കൊറോണ തന്നെ ടൂറിസത്തെ നാമാവശേഷമാക്കിയിരുന്ന കാലം. ടൂറിസത്തിന് അടിസ്ഥാനമായ ലഗൂണുകളിൽ ബീച്ചുകളിൽ പവിഴപ്പുറ്റുകളിൽ എല്ലാം എണ്ണ പടരുന്നത് ടൂറിസ്റ്റ് ആകർഷണം തടയും. കൂട്ടത്തിൽ നാട്ടുകാരുടെ ജീവനോപാധിയായ മത്സ്യബന്ധനവും തടസപ്പെട്ടത് രാജ്യത്തിന് പാരിസ്ഥിതികമായ മാത്രമല്ല, സാന്പത്തികവും സാമൂഹ്യവുമായ വലിയ നഷ്ടങ്ങളും പ്രശ്നങ്ങളുമുണ്ടാക്കി. കൊറോണക്കാലമായതിനാൽ അന്താരാഷ്ട്രമായുള്ള രക്ഷാസംഘങ്ങൾക്ക് എത്താൻ പറ്റാതെ വന്നതും പ്രശ്നമായി.

കേരളത്തിന്റെ തീരക്കടലിൽ എപ്പോൾ വേണമെങ്കിലും ഒരു ഓയിൽ സ്പിൽ ഉണ്ടാകാമെന്ന് ഞാൻ പത്തു വർഷമായി പറയുന്നു. കൊച്ചിയിലെ തുറമുഖം, കൊച്ചിൻ റിഫൈനറിയിലേക്ക് എണ്ണ കയറ്റി വരുന്ന വന്പൻ എണ്ണക്കപ്പലുകളുടെ സാമീപ്യം, ചെറുകിട തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകളിലെ ഇന്ധന എണ്ണ, അറബിക്കടലിലൂടെ ഗൾഫിൽ നിന്നും ജപ്പാൻ ഉൾപ്പെടെ കിഴക്കേ ഏഷ്യയിലേക്ക് പോകുന്ന കൂറ്റൻ കപ്പലുകളുടെ നിര ഇവയൊക്കെ കേരളത്തിലെ തീരക്കടലിനെയും കടൽത്തീരത്തേയും ഒരു ഓയിൽ സ്പില്ലിന് സാധ്യതയുള്ളതാക്കുന്നു. ഒരു ഓയിൽ സ്പിൽ ഉണ്ടായാൽ അത് കേരളത്തിലെ തീരദേശ മൽസ്യബന്ധന ഉപകരണങ്ങളെയും ബാധിക്കും. ടൂറിസം മാസങ്ങളോളം തടസപ്പെടും. കേരളത്തിൽ നിന്നും വിദേശത്തേക്ക് കയറ്റിയയക്കുന്ന മൽസ്യ കന്പോളങ്ങൾ നഷ്ടപ്പെടും.

ഇത്തരം ഒരു സാഹചര്യത്തിൽ പല തലത്തിൽ നാം തയ്യാറെടുക്കേണ്ടതുണ്ട്. തീരക്കടലിൽ ഓയിൽ സ്പിൽ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യയുടെ കോസ്റ്റ് ഗാർഡ് ആണ്. അതിന് അവർക്ക് നാഷണൽ സ്പിൽ ഡിസാസ്റ്റർ കണ്ടിജെൻസി പ്ലാനുണ്ട്. റിഫൈനറിയുടെയും തുറമുഖങ്ങളുടെയും കൈയിൽ അവരുടെ സംവിധാനവും കാണണം. മലിനീകരണ നിയന്ത്രണ ബോർഡും കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിക്കും അവരുടേതായ പദ്ധതികളും ഉണ്ടെന്ന് വേണം കരുതാൻ. 

മൂന്ന് തരത്തിലാണ് ഒരു ഓയിൽ സ്പിൽ സാഹചര്യത്തിൽ കേരളം കഷ്ടപ്പെടാൻ പോകുന്നത്. ഒന്നാമതായി ഒരു വലിയ ഓയിൽ സ്പിൽ കൈകാര്യം ചെയ്യണമെങ്കിൽ പല രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം കേരളത്തിന് വേണ്ടിവരും. സിംഗപ്പൂരിലും ബഹ്‌റൈനിലും സതാംപ്ടണിലുമൊക്കെ ഓയിൽ സ്പിൽ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളുടെ ശേഖരമുണ്ട്. ഇവരുമായി മുൻ‌കൂർ ധാരണ ഉണ്ടാക്കണം. ഇവരുടെ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായി വിമാനത്താവളത്തിൽ എത്തുന്പോൾ കസ്റ്റംസ് കടന്പകളിൽ സമയനഷ്ടമുണ്ടാകാതെ ഉടൻ തീരപ്രദേശത്ത് എത്താനുള്ള സംവിധാനം വേണം. 

രണ്ടമതായി ഓയിൽ സ്പിൽ ഉണ്ടാകുന്ന സമയത്ത് വള്ളവും വലയുമെല്ലാം അഴുക്കാകാതെ എങ്ങനെ സുരക്ഷിതമാക്കാം എന്നതിൽ മൽസ്യബന്ധന തൊഴിലാളികൾക്ക് മുൻ‌കൂർ പരിശീലനം നൽകണം. ഓയിൽ സ്പിൽ സാഹചര്യത്തിൽ മൽസ്യബന്ധനം അസാധ്യമായതിനാൽ തൊഴിൽ ഇല്ലാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തെ ഓയിൽ സ്പിൽ ആഘാതം നിയന്ത്രിക്കുന്ന ജോലിയിൽ ഭാഗഭാക്കാകാൻ മുൻ‌കൂർ പരിശീലനം നൽകണം. 

മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ കാര്യം ഓയിൽ സ്പിൽ നിയന്ത്രണത്തിന് പതിനായിരക്കണക്കിന് കോടി രൂപ വേണം എന്നതാണ്. ചിലവാകുന്ന മുഴുവൻ തുകയും നഷ്ടപരിഹാരവും ഉൾപ്പെടെ പണം എത്ര തന്നെ ആയാലും അത് കിട്ടാനുള്ള സംവിധാനങ്ങൾ അന്താരാഷ്ട്ര തലത്തിലുണ്ട്. അലാസ്‌ക്കയിലും ഗൾഫ് ഓഫ് മെക്സിക്കോയിലും ഉണ്ടായ ഓയിൽ സ്പില്ലുകളുടെ നഷ്ട പരിഹാരത്തുക ഒരു ലക്ഷം കോടിയിലും അധികമാണ്. എന്നാൽ ഈവിധത്തിൽ നഷ്ടപരിഹാരം കിട്ടണമെങ്കിൽ എന്ത് നഷ്ടമുണ്ടായി എന്ന് കൃത്യമായി കാണിക്കാനുള്ള സംവിധാനം നമുക്ക് ഉണ്ടാകണം. ഭാവിയിൽ കേരളത്തിലുണ്ടാകാനിടയുള്ള ഓയിൽ സ്പില്ലിനെ പ്രതിരോധിക്കാൻ ഇത്രയും കാര്യങ്ങൾ നമ്മൾ ഇന്നേ ചെയ്തുവെക്കണം. 

ബെയ്‌റൂട്ടിലെ സ്ഫോടനം: 2020 ആഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്ത് ഒരു വലിയ പൊട്ടിത്തെറിയുണ്ടായി. തുറമുഖത്തെ വെയർഹൗസിൽ ശേഖരിച്ചിരുന്ന 3000 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എങ്ങനെയാണ് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് എന്നതിന് ഇന്നും ഉത്തരമില്ല. സ്‌ഫോടനത്തിൽ ഇരുനൂറിലധികം പേർ മരിച്ചു. 6500 പേർക്ക് പരിക്കേറ്റു. മൂന്നു ലക്ഷം ആളുകളുടെ വീടുകൾ  താമസയോഗ്യമല്ലാതായി. ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്. 

തുറമുഖങ്ങൾ നമുക്കുമുണ്ട്. അതിനോട് ചേർന്ന് സംഭരണ ശാലകളും. തുറമുഖമല്ലാത്ത ഫാക്ടറികളും മറ്റ് സംഭരണശാലകളും അവയിൽ പലയിടത്തും അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്‌ഫോടകവസ്തുക്കളുമുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ സാഹചര്യത്തിൽ എന്ത് പാഠങ്ങളാണ് നമുക്ക് പഠിക്കാനാകുന്നത് എന്നതിലേക്ക് തുറമുഖങ്ങളുടെയും രാസ വ്യവസായ സ്ഥാപനങ്ങളുടെയും ഒരു സമ്മേളനം എങ്കിലും നമ്മൾ വിളിക്കണം. അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടോ, ഉണ്ടെങ്കിൽ എന്ത് തരം പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നെല്ലാം വിലയിരുത്തേണ്ടതാണ്.

അറ്റ്‌ലാന്റിക് ചുഴലിക്കാറ്റുകൾ: എല്ലാ വർഷവും ലോകത്ത് ചുഴലിക്കാറ്റുണ്ടാകാറുണ്ട്. ശാന്തസമുദ്രത്തിലും അറ്റ്‌ലാന്റിക്കിലും ഇന്ത്യൻ സമുദ്രത്തിലെ ചില ചുഴലിക്കാറ്റിന്റെ സീസണുണ്ട്. ജനുവരി മുതൽ മാർച്ച് വരെ ദക്ഷിണ ശാന്ത സമുദ്രത്തിലെ ഹറിക്കോൺ സീസണാണ്. മേയ് മുതൽ സെപ്റ്റംബർ വരെ കിഴക്കേ ശാന്തസമുദ്രത്തിൽ സീസണായി. ഒക്ടോബറിലും നവംബറിലുമാണ് പടിഞ്ഞാറേ ശാന്തസമുദ്രത്തിൽ ഹറിക്കോൺ സീസൺ.

ജൂൺ മുതൽ നവംബർ വരെയാണ് അറ്റ്‌ലാന്റിക്കിൽ ചുഴലിക്കാറ്റിന്റെ കാലം. ഈ വർഷം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും സക്രിയമായ ചുഴലിക്കാറ്റിന്റെ കാലമായിരുന്നു അത്. കാറ്റഗറി അഞ്ചിലേക്ക് വളർന്ന ലോട്ട ചുഴലിക്കാറ്റ് ഉൾപ്പെടെ പതിമൂന്ന് ചുഴലിക്കാറ്റുകളുണ്ടായി. ഒന്നിന് പുറകെ ഒന്നായി രണ്ട് കാറ്റഗറി 4 ചുഴലിക്കാറ്റുകൾ ആഞ്ഞടിച്ച ഹോണ്ടുറാസിലാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഈ ചുഴലിക്കാറ്റിന്റെ കാലത്ത് അറ്റലാന്റിക് തീരത്ത് മൂന്ന് ലക്ഷം കോടി രൂപയുടെ മൊത്തം നാശനഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. വലിയ ആൾനാശം ഉണ്ടാക്കുന്ന കാറ്റഗറി 5 ചുഴലിക്കാറ്റുകൾ (കാറ്റിന് വേഗത മണിക്കൂറിൽ 250 കിലോമീറ്ററിന് മുകളിൽ) ഉണ്ടായിട്ടില്ലാത്ത വർഷം കൂടി ആണെന്നോർക്കണം. 

കാലാവസ്ഥ വ്യതിയാനം ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും കൂട്ടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നതാണ്. വർഷാവർഷം ഇത് തെളിയിക്കപ്പെടുകയാണ്. ഓഖിക്ക് ശേഷം കേരളതീരത്തും ചുഴലിയുടെ ലക്ഷണങ്ങൾ കൂടിവരുന്നുണ്ട്. ഇത്തവണ ബുറെവി ചുഴലിക്കാറ്റ് പ്രവചിച്ചത്ര ശക്തി പ്രാപിച്ചില്ല എന്നത് ആശ്വാസകരമാണെങ്കിലും വരും വർഷങ്ങളിൽ കൂടുതൽ ചുഴലിക്കാറ്റുകൾ നമ്മൾ പ്രതീക്ഷിക്കണം. നമ്മുടെ സ്ഥലവിനിയോഗ നിയമങ്ങൾ, തീരദേശ നിർമ്മാണങ്ങൾ, ചുഴലിക്കാറ്റിനെ പറ്റി പൊതുജനങ്ങൾക്കുള്ള അവബോധം ഇതൊക്കെ മാറിയേ തീരൂ. 

2020 അവസാനിക്കുന്നത് സമ്മിശ്രമായ വർത്തകളോടെയാണ്. കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടെത്തിയെന്നുള്ള ശുഭവാർത്ത ഒരുവശത്ത്, കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടുപിടിച്ചെന്ന അശുഭ വാർത്ത മറുവശത്ത്. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെതിരെയും ഇതേ വാക്സിൻ ഫലപ്രദമാണോ, ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്നീ കാര്യങ്ങളിൽ ഇനിയും വേണ്ടത്ര വ്യക്തതയില്ലെങ്കിലും പൊതുവെ പറഞ്ഞാൽ 2021 ൽ കോവിഡ് രോഗത്തിന് മുകളിൽ ശാസ്ത്രവും സമൂഹവും മേൽക്കൈ  നേടുമെന്ന പ്രതീക്ഷയോടെ തന്നെയാണ് 2020 അവസാനിക്കുന്നത്. 

സുരക്ഷിതരായിരിക്കുക 

മുരളി തുമ്മാരുകുടി 

 

Leave a Comment