പൊതു വിഭാഗം

1957 ൽ എന്ത് സംഭവിച്ചു?

അമ്മാവൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നതിലാകണം തിരഞ്ഞെടുപ്പിനോട് എന്നും വലിയ താല്പര്യമുള്ളത്.
‘നമ്മുടെ സ്ഥാനാർഥി എം. കെ. കൃഷ്ണൻ’ എന്ന് വലിയ കറുത്ത നിറത്തിൽ അച്ചടിച്ച ചാര പോസ്റ്ററുകൾ കെട്ട് കെട്ടായി അമ്മാവൻ വീട്ടിൽ കൊണ്ടുവരും. അത് പത്തെണ്ണം വീതമുള്ള ചെറിയ കെട്ടുകളായി തിരിക്കുന്നത് എന്റെ ജോലിയാണ്. 1970 ൽ എന്റെ ആറാം വയസിൽ എണ്ണം പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. അന്നത്തെ പാർട്ടി ഒന്നും ഓർമയില്ലെങ്കിലും ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം ആണെന്ന് ഓർക്കുന്നു.
അതിനു ശേഷം അടുത്ത തിരഞ്ഞെടുപ്പ് വരാൻ കുറേ സമയമെടുത്തു, അടിയന്തിരാവസ്ഥ കഴിഞ്ഞ് 1977 ൽ. രാഷ്ട്രീയം മുറ്റി നിന്ന തിരഞ്ഞെടുപ്പാണത്. വെങ്ങോലക്കവലയിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടക്കുന്നുണ്ട്. വലിയ നേതാക്കളൊന്നും അവിടെ വരാറില്ല, ലോക്കൽ നേതാക്കൾ മാത്രം വരും. അവരുടെ പ്രസംഗം പോയി കേൾക്കും. യോഗം കഴിയാൻ കുറച്ചു വൈകുമെങ്കിലും കുഴപ്പമില്ല. എന്റെ മറ്റൊരമ്മാവന് വെങ്ങോലക്കവലയിൽ തയ്യൽ കടയുണ്ടായിരുന്നതിനാൽ യോഗം കഴിഞ്ഞ് അമ്മാവന്റെ കൂടെ തിരിച്ച് പോരും.
ആ തിരഞ്ഞെടുപ്പ് കാലത്ത് ഒരിക്കൽ അച്ഛന്റെ വീട്ടിൽ പോയി. അച്ഛന്റെ വീട്ടുകാർ കോൺഗ്രസുകാരാണ്. അവിടെയെത്തുന്പോൾ കോൺഗ്രസ് സമ്മേളനങ്ങൾക്ക് പോകും. അങ്ങനെയാണ് ശ്രീ. ടി. എച്ച്. മുസ്തഫയുടെ പ്രസംഗം കേൾക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പാണെങ്കിലും കേൾവിക്കാരെ ആവേശം കൊള്ളിക്കുന്ന പ്രസംഗമാണ്. പിന്നെയും അദ്ദേഹത്തിന്റെ എത്രയോ പ്രസംഗങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിൽ രാഷ്ട്രീയ പ്രസംഗങ്ങളോട് ഇഷ്ടം തോന്നിയത് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടാണ്.
ഇപ്പോൾ രാഷ്ട്രീയക്കാരോട് സൗഹൃദം ഉണ്ടാക്കുന്പോഴും, രാഷ്ട്രീയം സംസാരിക്കുന്പോഴും സുഹൃത്തുക്കളെ പിന്തുണച്ച് പോസ്റ്റ് ഇടുന്പോഴും ഇടം വലം നോക്കാത്തത് ഡിപ്ലോമാറ്റ് ആയപ്പോൾ പഠിച്ച ബാലൻസ് കെ നായർ പരിപാടി അല്ല. ഒരേ സമയം അരിവാൾ ചുറ്റികയുടെ പോസ്റ്ററൊട്ടിച്ചും, കലപ്പയേന്തിയ കർഷകന്റെ പാർട്ടി സമ്മേളനത്തിന് പോവുകയും ചെയ്തുകൊണ്ട് നാലു പതിറ്റാണ്ട് മുൻപ് പഠിച്ചതാണത്. പഠിച്ചതല്ലേ പാടൂ !!
പിൽക്കാലത്ത് പ്രസംഗം കേൾക്കുക ഒരു ഹരമായി. നല്ല പ്രസംഗങ്ങൾ കേൾക്കണമെങ്കിൽ പെരുന്പാവൂരിൽ പോകണം. 1980 ആയപ്പോൾ പെരുന്പാവൂരിലെ കൊട്ടിക്കലാശത്തിന് ഒക്കെ പോയി തുടങ്ങി. വെങ്ങോലയിൽ നിന്നുള്ള ജാഥയിൽ അമ്മാവനുണ്ട്, കൂടെ ഞാനും. പി. ആർ. ശിവൻ ആണ് അന്ന് സി. പി. എം. സ്ഥാനാർഥി. ഇ. എം. എസ്. ആണ് പ്രധാന പ്രാസംഗികൻ. ഞങ്ങളുടെ സ്ഥാനാർത്ഥിയുടെ പ്രസംഗം വളരെ നല്ലതാണ്. പിന്നെയുള്ളവരുടെ പേരുകൾ ഓർക്കുന്നില്ല.
 
സമ്മേളനം പത്തു മണിവരെ നീളും. തിരിച്ചു വീട്ടിലേക്ക് നടക്കണം. സാധാരണഗതിയിൽ വിയർപ്പിന്റെ അസുഖമുള്ള ആളായതിനാൽ നാടകമോ സെക്കൻഡ് ഷോ സിനിമയോ കണ്ട ശേഷം ഞാൻ പെരുന്പാവൂരിൽ നിന്നും നടന്ന് വീട്ടിൽ പോയിട്ടില്ല. എന്നാൽ പ്രസംഗം കേൾക്കാൻ ഏത് പാതിരാത്രിയിലും നടക്കാൻ റെഡി. പിറ്റേന്ന് കോൺഗ്രസിന്റെ കൊട്ടിക്കലാശമാണ്. എ. എ. കൊച്ചുണ്ണി ആണ് സ്ഥാനാർത്ഥി. അന്നും വെങ്ങോലയിൽ നിന്നും ജാഥയുണ്ട്, ജാഥയിൽ ഞാനും. കത്തിക്കയറുന്ന പ്രസംഗങ്ങൾ കേട്ടു മടങ്ങി. രണ്ടു കൂട്ടർക്കും തികഞ്ഞ ആത്മ വിശ്വാസവും രണ്ട് ആശയങ്ങളിലും കുറച്ചു ശരികളും ഉണ്ടെന്ന് മനസിലായി.
പിന്നീട് 1982 ലും 1984 ലും തിരഞ്ഞെടുപ്പുകൾ വന്നു. അപ്പോഴേക്കും എഞ്ചിനീയറിങ്ങ് കോളേജിൽ ആയതോടെ യാത്രയുടെ റേഞ്ച് കൂടി. കോതമംഗലത്ത് വന്നതോടെ അധ്വാനവർഗ്ഗ പ്രസംഗങ്ങളും കേട്ട് തുടങ്ങി. ആർ. ബാലകൃഷ്ണപിള്ളയുടെ പ്രസംഗം അക്കാലത്ത് ഒന്നാം തരമാണ്. വെങ്ങോലക്കാരനായ ബെന്നി ബെഹനാൻ വളരെ നന്നായി പ്രസംഗിക്കാൻ അറിയുന്ന ആളാണ്. എം. വി. രാഘവന്റെ പ്രസംഗം കേൾക്കാൻ കലൂർ വരെ പോയിട്ടുണ്ട്.
ഇപ്പോൾ ഇത്തരം പ്രസംഗങ്ങളെ, മൈതാന പ്രസംഗം എന്ന് നമ്മൾ, ഞാൻ ഉൾപ്പടെ കളിയാക്കി വിളിക്കാറുണ്ട്. എന്നാൽ ഇവ ആളുകളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. കഴിഞ്ഞയാഴ്ച ഒരു വെബ്ബിനാറിൽ എന്റെ സുഹൃത്ത് കെ. ജെ. ജേക്കബ് ഇക്കാര്യം സൂചിപ്പിച്ചു. കഴിഞ്ഞ തലമുറയുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ഇത്തരം പ്രസംഗങ്ങളായിരുന്നു എന്ന്. ശരിയാണ്.
അടുത്ത കാലത്തായി അധികം രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കാറില്ല. പെരുന്പാവൂരിൽ ഇപ്പോൾ രാഷ്ട്രീയ സമ്മേളനങ്ങൾ നടക്കുന്പോൾ സദസ്സിലുള്ളതിനേക്കാൾ ആളുകൾ വേദിയിലുണ്ടാകും. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെങ്കിൽ രാഷ്ട്രീയ സമവാക്യങ്ങൾ തെറ്റുമെന്നതുകൊണ്ട് പ്രസംഗങ്ങൾ ചെറുതാണ്. അതിലും ദീർഘമായ പ്രസംഗങ്ങൾ അസംബ്ലിയിൽ കേൾക്കാറുണ്ട്. നന്നായി സംസാരിക്കുന്ന സ്വരാജിനേയും ബൽറാമിനേയും, ഷാഫിയേയും പോലുള്ളവരെ ശ്രദ്ധിക്കാറുണ്ട്, ശ്രവിക്കാറും.
ഇന്നലെ യാദൃശ്ചികമായി ഒരു നല്ല രാഷ്ട്രീയ പ്രസംഗം കേൾക്കാൻ സാധിച്ചു. പെരുന്പാവൂരിൽ ശ്രീ. രാഹുൽ ഗാന്ധി പ്രസംഗിക്കാൻ വരുന്നതിന്റെ ലൈവ് ഫേസ്ബുക്കിൽ ഉണ്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നാടൊന്ന് കാണാമല്ലോ എന്നോർത്തു. രാഹുൽജി എത്തിയിട്ടില്ല. ആ സമയത്ത് ഒരു ചെറുപ്പക്കാരൻ കത്തിക്കയറുകയാണ്. 1957 മുതലുള്ള കേരള രാഷ്ട്രീയം, 1977 ലെ ഇന്ത്യൻ രാഷ്ട്രീയ ചിത്രം, 1991 ൽ ശ്രീ. രാജീവ് ഗാന്ധി മരിച്ചു വീണതിന്റെ വാഗ്മയ ചിത്രം, കോൺഗ്രസിന്റെ സമീപകാല ചരിത്രം, കേരള മതേതരത്വത്തിന്റെ ചിത്രം, കൂറുമാറ്റം, പണത്തിന്റെ സ്വാധീനം, എന്നിങ്ങനെ ഒന്നൊന്നായി കൃത്യമായ കണക്കുകൾ അവതരിപ്പിച്ച്, ഒച്ച കൂട്ടിയും കുറച്ചും, ആളുകളെ കയ്യിലെടുത്തും കയ്യടിപ്പിച്ചും പ്രസംഗം നീളുകയാണ്. രാഹുൽ ഗാന്ധി പെട്ടെന്ന് വരണം എന്ന് വിചാരിച്ച് കണ്ടു തുടങ്ങിയ ഞാൻ ഇനി ഇന്ന് രാഹുൽ ഗാന്ധി വന്നില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയിലായി !!
ഇവൻ പുലിയാണല്ലോ എന്ന് മനസ്സിൽ കണ്ടു, രാഷ്ട്രീയ പ്രസംഗം എന്ന കല അന്യം നിന്ന് പോയിട്ടില്ലല്ലോ എന്നും.
ആരായിരുന്നു ആ പ്രാസംഗികൻ എന്ന് ഇന്നലെ എനിക്ക് മനസ്സിലായില്ല, ഇന്ന് ഞാൻ എന്റെ സുഹൃത്തും പെരുന്പാവൂർ നഗരസഭയുടെ വൈസ് ചെയർപേഴ്സണും ആയ ശ്രീമതി ഷീബ ബേബിയെ വിളിച്ചു ചോദിച്ചു. അത് മുസ്ലിം യൂത്ത് ലീഗ് നാഷണൽ എക്സിക്യൂട്ടീവ് മെന്പറായ ഷിബു മീരാൻ ആയിരുന്നു എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ നന്പറും തന്നു. ഞാൻ ഷിബുവിനെ വിളിച്ച് അഭിനന്ദിച്ചു.
സ്റ്റേജിൽ കയറി നിന്ന് ‘മൈതാന പ്രസംഗം’ നടത്തുക എളുപ്പമാണെന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. അവർ പക്ഷെ ഒരിക്കലും സ്റ്റേജിൽ കയറി പ്രസംഗിച്ച് നോക്കിയിട്ടുള്ളവർ ആവില്ല. പ്രസംഗം ഒരു കലയാണ്. സംസാരിക്കുന്ന വിഷയത്തിലുള്ള അറിവ് തീർച്ചയായും വേണം. രാഷ്ട്രീയമാകുന്പോൾ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാട് വേണം. സംഭവങ്ങൾ, കണക്കുകൾ, അനുഭവങ്ങൾ, വ്യക്തിചിത്രങ്ങൾ ഇതൊക്കെ ഒരു മാലയായി കോർക്കാനുള്ള കഴിവ് വേണം, മുന്നിലിരിക്കുന്ന ആളുകളെ കയ്യിലെടുക്കാനുള്ള കഴിവ് വേണം. ആരോഹണാവരോഹണ ക്രമത്തിൽ സംസാരം കൊണ്ടുപോകാൻ കഴിയണം. പന്തെടുത്ത് അമ്മാനമാടുന്നതു പോലെ ഒരു വിഷയത്തിൽ തുടങ്ങി അത് മുകളിലേക്ക് വിട്ട് മറ്റൊന്നിൽ പിടിച്ച് കുറച്ചു കഴിയുന്പോൾ ആദ്യത്തേതിലേക്ക് തിരിച്ചു വരാൻ കഴിയണം. ഷിബുവിന് ഈ കഴിവുകൾ എല്ലാമുണ്ട്. ഇനി വരുന്ന കാലത്ത് നമ്മൾ ഈ പേര് വീണ്ടും കേൾക്കും, ഉറപ്പ്. കുറിച്ച് വെച്ചോളൂ.
നാട്ടിൽ വരുന്പോൾ നേരിട്ട് കാണാമെന്ന് ഷിബു പറഞ്ഞിട്ടുണ്ട്. പറ്റിയാൽ അദ്ദേഹത്തിന്റെ ഒരു പ്രസംഗം നേരിട്ട് കേൾക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരു വരവ് കൂടി വരേണ്ടി വരും.
ഷിബു മീരാന് എല്ലാ ആശംസകളും. മൈതാന പ്രസംഗങ്ങൾ തുടരട്ടെ. പഞ്ചാബിൽ എന്തായിരുന്നു പ്രശ്നം എന്നറിയാത്ത തലമുറ ഉണ്ടാകരുത്.
മുരളി തുമ്മാരുകുടി
May be an image of one or more people and people standing

Leave a Comment