മൂന്നു മാസം മുൻപ് എഴുതിയ ലേഖനമാണ്. പ്രസിദ്ധീകരിക്കണം എന്ന് കരുതിയ അന്നാണ് ഹനാൻ വിവാദം ഉണ്ടായത്. ഫേസ്ബുക്കിൽ കേരളത്തിലെ എന്തെങ്കിലും വിവാദമുള്ള സമയത്ത് വേറൊരു വിഷയം എടുത്തിട്ടാൽ ഒരു റീച്ചും കിട്ടില്ല, അതുകൊണ്ട് മാറ്റിവെച്ചു. ഹനാന്റെ പുറകെ ആലപ്പുഴയിലെ വെള്ളപ്പൊക്കം വന്നു, പിന്നെ മഴയായി, മണ്ണിടിച്ചിലായി, പ്രളയമായി, അവസാനം ശബരിമലയും. ലേഖനം കോൾഡ് സ്റ്റോറേജിൽ തന്നെ ഇരുന്നു. നാളെ ഇപ്പോൾ ശബരിമല പ്രശ്നം വീണ്ടും ഫേസ്ബുക്കിനെ തീപിടിപ്പിക്കുന്നതിന് മുൻപ് ഒരു ചെറിയ ചാൻസ് കിട്ടിയപ്പോൾ പോസ്റ്റുകയാണ്. മിന്നിച്ചേക്കണേ !!
അല്പം നീണ്ട ലേഖനമാണ്, ശ്രദ്ധിച്ചു വായിക്കണം.
പത്ത് ജോയിന്റ് സെക്രട്ടറിമാരെ പുറമെനിന്ന് നേരിട്ട് നിയമിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ഉണ്ടായിരുന്നല്ലോ. അതിനെ എതിർത്താണ് വാർത്ത വന്നപ്പോൾ ഭൂരിഭാഗം പേരും എഴുതിക്കണ്ടത്. പതിവുപോലെ അടുത്ത വിഷയം വന്നപ്പോൾ ആളുകൾ അതിന്റെ പുറകേ പോയി. ഈ വിഷയത്തിൽ ഒരു നല്ല ചർച്ച പോലും കേരളത്തിൽ ഉണ്ടാകാത്തത് കഷ്ടമാണ്. ഇന്ത്യയുടെ ഭരണത്തിന്റെ അടിസ്ഥാനമായ സിവിൽ സർവീസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേർന്നതാണോ എന്ന ചർച്ചകൾ ആവശ്യമാണ്, അതിനുള്ള ഒരു അവസരമാണ് കളഞ്ഞു കുളിച്ചത്.
വാസ്തവത്തിൽ നമ്മുടെ ഇപ്പോഴത്തെ സിവിൽ സർവീസ് അടിമുടി ഉടച്ചുവാർക്കണം എന്ന ചിന്തയുള്ളയാളാണ് ഞാൻ. പത്തു പേരെ അല്ല ഒരു പത്തായിരം പേരെ എങ്കിലും ഉയർന്ന തലത്തിൽ ഇന്ത്യയിലെ സിവിൽ സർവീസിലേക്ക് എടുക്കണമെന്നാണ് എൻറെ അഭിപ്രായം. ഒരാളുടെ ഇരുപതുകളിൽ പാസ്സായ ഒരു പ്രവേശനപ്പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ജോലിക്ക് തിരഞ്ഞെടുത്ത് അടുത്ത മുപ്പത് വർഷം നമ്മുടെ ഭരണത്തിന്റെ നട്ടെല്ലും തലച്ചോറുമാക്കി നിലനിർത്തുന്നത് ആധുനികമായ ഒരു രാജ്യമുണ്ടാകാൻ തടസ്സമായി നിൽക്കുന്ന ഒന്നാണ്. ലോകത്തൊരിടത്തും ഇങ്ങനൊരു സംവിധാനം ഇപ്പോഴില്ല. കോളനി ഭരണത്തിന്റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൻ ഉണ്ടാക്കിയ സംവിധാനമാണിത്. ഇപ്പോൾ ഇത് ബ്രിട്ടനിൽ പോലുമില്ല. കൊളോണിയൽ കാലത്തെ അനവധി നിയമങ്ങളെയും ആചാരങ്ങളെയും പോലെ നമ്മൾ അതിപ്പോഴും കൊണ്ടുനടക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യക്ക് നേതൃത്വം നൽകേണ്ടത് മുപ്പത് വർഷം മുൻപത്തെ ഒരു പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ പടിപടിയായി മുന്നോട്ടു പോകുന്ന പഴഞ്ചൻ സിവിൽ സർവീസ് അല്ല. വിവിധ രംഗങ്ങളിൽ ചെറുപ്പകാലത്തേ കഴിവ് തെളിയിച്ച യുവത്വം തുളുന്പുന്ന പുതിയ ഇന്ത്യയുടെ പ്രതീകവും പ്രതിനിധികളും ആയവർ ഉള്ള സിവിൽ സർവീസ് ആയിരിക്കണം.
അർത്ഥശൂന്യമായ സിവിൽ സർവീസ് തിരഞ്ഞെടുപ്പ്: ഇന്ത്യയിൽ ഡിഗ്രി പാസായിട്ടുള്ള മിക്കവരും എന്താണ് സിവിൽ സർവീസ് പരീക്ഷയുടെ ഘടന എന്ന് ഒരിക്കലെങ്കിലും നോക്കിയിട്ടുണ്ടാകും. എന്നാലും ചുരുക്കിപ്പറയാം. ഏതാണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന മൂന്ന് ഘട്ടങ്ങളായുള്ള ഒരു തിരഞ്ഞെടുപ്പ് സംവിധാനമാണ് ഇന്ത്യൻ സിവിൽ സർവീസിന്റേത്. യുണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഇന്ത്യൻ വിദേശകാര്യ സർവീസ് മുതൽ ഇന്ത്യൻ ട്രേഡ് സർവീസ് വരെ അനവധി സിവിൽ സർവീസ് വിഭാഗങ്ങളിലേക്ക് ഏകീകൃത തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. പ്രിലിമിനറി പരീക്ഷ (ആപ്റ്റിട്യൂട് ടെസ്റ്റ്), മെയിൻ പരീക്ഷ, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയിൻ പരീക്ഷയുടെ മാർക്കിനോട് പേഴ്സണാലിറ്റി ടെസ്റ്റിന്റെ മാർക്ക് കൂട്ടി മൊത്തത്തിൽ ആണ് റാങ്ക് ലിസ്റ്റ് ഉണ്ടാക്കുന്നത്. അതുകൊണ്ട് രണ്ട് ഘട്ടം എന്നും വേണമെങ്കിൽ പറയാം. വാസ്തവത്തിൽ ഈ മൂന്നു ഘട്ടങ്ങൾ മാസങ്ങളോളം നീളുമെങ്കിലും മൊത്തം അഞ്ചു ദിവസത്തെ ‘പരീക്ഷണങ്ങളേ’ ഉള്ളൂ. ഓരോ പരീക്ഷയുടേയും ഉത്തരം നോക്കാനും റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനും ആണ് കൂടുതൽ സമയം ആകുന്നത്.
സത്യം പറഞ്ഞാൽ സിവിൽ സർവീസ് പരീക്ഷ ഒരു തിരഞ്ഞെടുക്കൽ പരീക്ഷ അല്ല, ഒഴിവാക്കൽ പരീക്ഷയാണ്. ഏകദേശം ആയിരം ഒഴിവുകളാണ് ഓരോ വർഷവും സിവിൽ സർവീസിൽ ഉണ്ടാകുന്നത്. ഡിഗ്രി മാത്രം അടിസ്ഥാന യോഗ്യത ആയതിനാൽ പത്തുലക്ഷം പേരാണ് ഓരോ വർഷവും അപേക്ഷിക്കുന്നത്. അപേക്ഷിക്കുന്നവരിൽ 99 ശതമാനം ആളുകളെയും പുറത്താക്കിയേ പറ്റൂ. പത്തുലക്ഷത്തിലേറെ പേർ അപേക്ഷിക്കുമെങ്കിലും പകുതിപ്പേരും പ്രിലിമിനറി പരീക്ഷ എഴുതാറില്ല. ബാക്കിയുള്ള പരീക്ഷ എഴുതിയ അഞ്ചു ലക്ഷം ആളുകളിൽ നിന്നും പതിനായിരത്തിനടുത്ത് ആളുകളെ മെയിൻ പരീക്ഷക്ക് വിളിക്കുന്നു. അവിടെ എൺപത് ശതമാനത്തെ ഒഴിവാക്കി ബാക്കിയുള്ളവരെ പേഴ്സണാലിറ്റി ടെസ്റ്റിന് വിളിക്കുന്നു. മെയിൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും മാർക്ക് കൂട്ടി നോക്കി ആയിരം പേരെ തിരഞ്ഞെടുത്ത് അവസാന റാങ്ക് ലിസ്റ്റ് ഉണ്ടാക്കുന്നു. അതിൽ ഓരോ ഉദ്യോഗാർത്ഥിയുടെയും റാങ്കും ചോയ്‌സും അനുസരിച്ച് വിവിധ സർവീസുകളിലേക്ക് വിടുന്നു. ഓരോ വർഷവും ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും ഇതാണ് ശരാശരി രീതിയും എണ്ണവും.
ഒരു ഉദ്യോഗാർത്ഥിയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് അവർ വ്യത്യസ്ത സർവീസുകളിൽ എത്തുന്നത് . അതായത് ഒരാൾ വിദേശകാര്യത്തിലാണോ പോലീസ് വകുപ്പിലാണോ നിയമിക്കപ്പെടുന്നത് എന്നതിന് അയാളുടെ ഡിപ്ലോമസിയിലോ പോലീസിങിലോ ഉള്ള അഭിരുചിയുമായി ഒരു ബന്ധവുമില്ല. ഇന്റർവ്യൂ ഉൾപ്പടെയുള്ള മെയിൻ പരീക്ഷയിൽ അയാൾക്ക് കിട്ടുന്ന റാങ്കും, അയാൾ കൊടുത്തിരിക്കുന്ന ഓപ്‌ഷനും, ആ വർഷം എത്ര പേരെ ആ സർവീസിലേക്ക് എടുക്കുന്നു, മറ്റുള്ളവർ എങ്ങനെ ഓപ്‌ഷൻ കൊടുത്തിരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. എന്തിന് ഒരാൾ ഡിഗ്രിക്ക് പഠിച്ച വിഷയത്തിൽ തന്നെ പരീക്ഷ എഴുതണം എന്നില്ല. മൃഗവൈദ്യം പഠിച്ച ആൾക്ക് തത്വശാസ്ത്രത്തിൽ പരീക്ഷ എഴുതാം, ഗണിത ശാസ്ത്രം പഠിച്ച ആൾക്ക് ലിറ്ററേച്ചറിലും. അപ്പോൾ മൃഗവൈദ്യത്തിലെ ചോദ്യപേപ്പർ ഒരു വർഷം അൽപ്പം കടുപ്പത്തിലായിപ്പോയാൽ ഫോറിൻ സർവീസിൽ എത്താവുന്ന ആൾ പോലീസ് വകുപ്പിലെത്തും, തിരിച്ചും. കണക്കിന്റെ പരീക്ഷ എളുപ്പമായാൽ പോസ്റ്റൽ സർവീസിൽ എത്തേണ്ട ആൾ ഐ എ എസ് ആകും. ഏതാണ്ട് ഒരു കറക്കിക്കുത്താണ് പരീക്ഷയും റാങ്കും ഒക്കെ. ഇതിലൊക്കെ ഏറെ മാറ്റങ്ങൾ വരുത്താനുണ്ട്, അത് പിന്നീടൊരിക്കൽ പറയാം.
ജോസഫ് അലക്സിന്റെ വ്യാപകമായ അവകാശങ്ങൾ: ഒരു ഐ എ എസുകാരന്റെയോ കാരിയുടെയോ കരിയർ ജീവിതത്തിലെ സുവർണ്ണകാലമാണ് കലക്ടറായുള്ള ജീവിതം. കളക്ടർ എന്നാൽ സത്യത്തിൽ നികുതി പിരിവുകാരനാണ്. പക്ഷെ ജോസഫ് അലക്സ് പറഞ്ഞതുപോലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളുമുണ്ട്. പോരാത്തതിന് ഒരു ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ സംവിധാനങ്ങളും ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കേണ്ട ഉത്തരവാദിത്തവും. മിലിട്ടറി ഉൾപ്പെടെ കേന്ദ്ര സംവിധാനങ്ങളുമായി സംയോജിപ്പിക്കണമെങ്കിലും കളക്ടർ ആണ് മുഖ്യ അധികാരി. പോരാത്തതിന് ഒരു ജില്ലാ കളക്ടർ എത്ര കമ്മിറ്റികളുടെ തലവനാണ് എന്ന് അവർക്കു പോലും നിശ്ചയമില്ല. ഈ ദുരന്തകാലത്ത് എല്ലാവർക്കും മനസ്സിലായതു പോലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തലവനും കൂടിയാണ് കളക്ടർ. കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറി കേന്ദ്ര മന്ത്രിസഭക്കും, കേരളത്തിൽ ചീഫ് സെക്രട്ടറി സംസ്ഥാന മന്ത്രിസഭക്കും താഴെ ജോലി ചെയ്യുന്പോൾ ജില്ലാ കളക്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനല്ല റിപ്പോർട്ട് ചെയ്യുന്നത്. അപ്പോൾ മുകളിൽ ഒരു ജനാധിപത്യ സംവിധാനമില്ലാത്ത വ്യാപകമായ അധികാരങ്ങളുമായി ജില്ലയിലെ പ്രധാന അധികാരി ജില്ലയിലെ ജനാധിപത്യ സംവിധാനങ്ങൾക്ക് മുകളിൽ നിൽക്കുകയാണ് കളക്ടർമാർ. ഇതെങ്ങനെ സംഭവിച്ചു?
കൊളോണിയൽ ചരിത്രത്തിന്റെ ബാക്കിപത്രമാണിത്. ബ്രിട്ടൻ അധികാരം സ്ഥാപിച്ച സ്ഥലത്തെല്ലാം നികുതി പിരിക്കാനും ക്രമസമാധാനം പാലിക്കാനും നിയമം നടപ്പിലാക്കാനും അവരുടെ ഒരു പ്രതിനിധി വേണമായിരുന്നു. അത് ഒരു വെള്ളക്കാരൻ തന്നെയായിരിക്കണമെന്ന് ആദ്യകാലത്ത് നിർബന്ധവുമായിരുന്നു. അതിനുവേണ്ടിയാണ് ഇമ്പീരിയൽ സിവിൽ സർവീസ് ഉണ്ടാക്കിയത്. ബ്രിട്ടന്റെ ഏതു കോളനിയിലേക്കും അവരെ ജോലിക്ക് വിടാമായിരുന്നു. ഇങ്ങനെ പ്രതിനിധികളായി പോകുന്നവർക്ക് അവർ ഭരിക്കുന്ന പ്രദേശത്തെ സിവിൽ, ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഭൂമിയുടെ അളവും അവകാശവും മാത്രമല്ല, കരത്തിന്റെ തോത് തൊട്ട് കുറ്റങ്ങൾക്ക് ശിക്ഷ (വധശിക്ഷ ഉൾപ്പടെ) വിധിക്കാനും നടപ്പിലാക്കാനും അവർക്ക് അധികാരം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ഒരു ലോ കോളേജിലും പോകാത്ത, ഒരു കോടതിയിലും പ്രാക്ടീസ് ചെയ്യാത്ത മുപ്പത് വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർ ജില്ലാ ‘മജിസ്‌ട്രേറ്റുമാരായി’ ഇപ്പോഴും അധികാരം കയ്യാളുന്നത്.
വാസ്തവത്തിൽ ഈ ജില്ല എന്ന ഭരണ യുണിറ്റ് തന്നെ ഉടച്ചു വാർക്കേണ്ടതാണ്. നമ്മൾ ജീവിക്കുന്നത് ഒന്നുകിൽ ഒരു ഗ്രാമത്തിലാണ്, അല്ലെങ്കിൽ ഒരു നഗരത്തിലാണ്. അവിടെ നിന്നാണ് നമുക്ക് പരമാവധി സൗകര്യങ്ങൾ കിട്ടേണ്ടത്. അവിടെയാണ് നമ്മൾ പരമാവധി നികുതി കൊടുക്കേണ്ടത്. അവിടെയാണ് നാം നമുക്ക് ഏറ്റവും വേണ്ടപ്പെട്ട കാര്യക്ഷമതയുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കേണ്ടത്. അപ്പോൾ നമുക്ക് വേണ്ടത് ശക്തമായ മേയറും മുനിസിപ്പൽ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമാണ്. അവരുടെ കീഴിലായിരിക്കണം മറ്റെല്ലാ ഭരണ സംവിധാനങ്ങളും. മേയർക്ക് നിയമന അധികാരങ്ങളില്ലാത്ത ടാക്സ് കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ജനാധിപത്യ വിരുദ്ധ സംവിധാനങ്ങളാണ്. ലണ്ടനിലേയോ ന്യൂയോർക്കിലെയോ ടോക്കിയോവിലെയോ പോലീസ് അധികാരിയെ അമേരിക്കൻ പ്രസിഡണ്ടോ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയോ നിയമിച്ചതായി കേട്ടിട്ടുണ്ടോ? ജനാധിപത്യം ആഴത്തിൽ വേരിറങ്ങിയതു കൊണ്ട് ആരാണ് മുകളിലെന്ന് അവർക്കൊന്നും ഒരു കൺഫ്യൂഷനുമില്ല. കരം പിരിക്കാൻ വേണ്ടി നമുക്ക് റെവന്യൂ ജില്ല ഉണ്ടാക്കാം, വിദ്യാഭാസത്തിന്റെ കാര്യത്തിൽ ഇപ്പോൾ തന്നെ നമുക്ക് വിദ്യാഭ്യസ ജില്ല ഉള്ളതുപോലെ. പക്ഷെ കരം പിരിക്കാൻ ഉത്തരവവാദിത്തമുള്ള റെവന്യൂ കളക്ടർക്ക് അതിലും വ്യാപകം ആയ അധികാരം നൽകേണ്ട ഒരു കാര്യവും ഇപ്പോൾ ഇല്ല.
കേരളത്തിലെ നഗരങ്ങൾ പ്രതിദിനം ജനവാസ യോഗ്യമല്ലാതായി തീരുന്നതിന്റെ കാരണം നമ്മൾ യഥാർത്ഥത്തിൽ അധികാരം സംസ്ഥാനത്തിന് താഴേക്ക് കൊടുക്കാത്തതാണ്. തിരഞ്ഞെടുക്കുന്ന മേയർക്ക് വാസ്തവത്തിൽ വലിയ അധികാരമൊന്നും ഇല്ല. പ്രോട്ടോക്കോൾ അനുസരിച്ച് മേയർ എം എൽ എ യെക്കാളും എം പി യെക്കാളും കലക്ടറേക്കാളും പോലീസ് കമ്മീഷണറേക്കാളും മുകളിൽ ആണെന്നൊക്കെ വേണമെങ്കിൽ പറയാമെങ്കിലും, വാസ്തവത്തിൽ ആൾ എവിടെ നിൽക്കുന്നുവെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാമറിയാം. ലണ്ടനിലെ മേയറായിരിക്കുന്നവർ ബ്രിട്ടനിലെ മന്ത്രിമാരായി പോവുകയും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്പോൾ മുംബൈയിലെയോ കൊച്ചിയിലെയോ മേയർ ആകുന്നവരുടെ ആഗ്രഹം ഒരു സംസ്ഥാനത്തെ എം എൽ എ എങ്കിലും ആവുക എന്നതാണ്.
നാം ജനാധിപത്യത്തിന് തയ്യാറാണോ?: സിവിൽ സർവീസ് റിഫോമിന് ഏറ്റവും എതിര് നിൽക്കുന്നത് സിവിൽ സർവീസുകാരല്ല, നമ്മൾ ജനങ്ങൾ തന്നെയാണ്. കളക്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് റിപ്പോർട്ട് ചെയ്യണമെന്നും സിറ്റി പോലീസ് കമ്മീഷണറെ മേയർ തെരഞ്ഞെടുക്കണമെന്നും പറയുന്പോൾ നമുക്ക് പേടിയാണ്. കാരണം, നമ്മുടെ രാഷ്ട്രീയരംഗത്ത് ഉള്ളവർ മൊത്തം അഴിമതിക്കാരാണെന്നും സിവിൽ സർവീസിന്റെ മുകളിൽ അവർക്ക് അധികാരം നൽകുന്നത് അഴിമതിയും സ്വജന പക്ഷപാതവും കൂട്ടുമെന്നും നാം വിശ്വസിക്കുന്നു. പക്ഷെ, നമ്മൾ തെരഞ്ഞെടുത്തിരുന്ന പ്രതിനിധികളെക്കാൾ നമുക്ക് വിശ്വാസം യു പി എസ് സി തെരഞ്ഞെടുക്കുന്ന സിവിൽ സർവീസിനെ ആണെന്ന് നമ്മൾ തന്നെ പറഞ്ഞാൽ അതിന്റെയർത്ഥം സ്വയം തെറ്റ് തിരുത്താനുള്ള ജനാധിപത്യത്തിന്റെ കഴിവിൽ നമുക്ക് വിശ്വാസമില്ല എന്നാണ്. അങ്ങനെ വിശ്വസിക്കുന്നവർ ഒരർത്ഥത്തിൽ ജനാധിപത്യത്തിന് തയ്യാറല്ല.
കിലുക്കിക്കുത്തുന്ന ഭരണം: ഓരോ പുതിയ സർക്കാർ വരുന്പോഴും നാം കേൾക്കുന്ന ചില തലക്കെട്ടുകളുണ്ട്. പോലീസ് തലപ്പത്ത് അഴിച്ചുപണി, സെക്രട്ടറിമാർക്ക് സ്ഥാനചലനം എന്നിങ്ങനെ. എനിക്കത് വായിക്കുന്പോൾ ചിരിയും കരച്ചിലും ഒന്നിച്ചു വരും. വാസ്തവത്തിൽ നമ്മുടെ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയുടെ കാര്യം കഷ്ടമാണ്. സംസ്ഥാന ഭരണം നടത്താനായി അവർക്ക് കിട്ടുന്നത് കുറെ ഐ എ എസുകാരെയും ഐ പി എസു കാരെയുമാണ്. ഒരു കുത്ത് ചീട്ടിനോട് നമുക്കവരെ ഉപമിക്കാം. അതിൽ ഏസ് മുതൽ ജോക്കർ വരെയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പ് സെക്രട്ടറിമാർ മുതൽ ഐ ജി വരെയുള്ള സ്ഥാനത്ത് അവർ അങ്ങനെ ഇരിക്കുകയാണ്. മന്ത്രിസഭക്ക് ചെയ്യാൻ കഴിയുന്നത് ആ കുത്ത് ചീട്ട് കശക്കി വീണ്ടും വിതരണം ചെയ്യുക എന്നതാണ്. ഏസിനേയും ജോക്കറിനെയും എവിടെയെങ്കിലുമൊക്കെ സ്ഥാപിച്ചേ പറ്റൂ. മറ്റു രാജ്യങ്ങളിൽ ഇങ്ങനെ അല്ല. അമേരിക്കയിൽ ഓരോ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിയുന്പോഴും രണ്ടായിരത്തിലധികം സർക്കാർ പദവികളാണ് രാഷ്ട്രീയാടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നയമനുസരിച്ച് വേഗത്തിൽ ബ്യുറോക്രസിയെ തിരിക്കാൻ പറ്റുന്നത്.
തുള വീണ പൈപ്പ്പുകൾ: വെങ്ങോലയിൽ എന്റെ വീട്ടിൽ ഒരു വാട്ടർ ടാങ്കുണ്ടായിരുന്നു. താഴത്തെ കുളത്തിൽ നിന്നാണ് പണ്ട് മണ്ണിൽ കുഴിച്ചിട്ട ഇരുന്പിന്റെ പൈപ്പ് വഴി അതിലേക്ക് വെള്ളം പന്പ് ചെയ്തിരുന്നത്. കുറെ നാൾ കഴിയുന്പോൾ മോട്ടോർ ഓൺ ചെയ്താൽ വെള്ളം നിറയാൻ ഏറെ സമയമെടുക്കും. വേഗം അമ്മാവൻ കിണറിനടുത്തുള്ള പന്പ് മാറ്റിവെക്കും. ഒന്നര എച്ച് പിയുടെ മോട്ടോർ മാറ്റി മൂന്നിന്റേതാക്കും. കറന്റ്റ് ചാർജ്ജ് ഇരട്ടിയാകുമെങ്കിലും കുറെ നാൾ ഗുണമുണ്ടാകും. കുറച്ചുനാൾ കഴിഞ്ഞാൽ സ്ഥിതി വീണ്ടും പഴയതു തന്നെ. അമ്മാവൻ മൂന്നിന്റെ മോട്ടോർ മാറ്റി അഞ്ചാക്കി. സ്ഥിതി എന്നിട്ടും തഥൈവ!. അക്കാലത്താണ് നാട്ടിൽ എച് ഡി പി ഇ പൈപ്പ് വരുന്നത്. പഴയ ജി ഐ പൈപ്പ് മാറ്റി അതിടാമെന്ന് അമ്മാവൻ തീരുമാനിച്ചു. മണ്ണിൽ കിടക്കുന്ന ജി ഐ പൈപ്പ് കുഴിച്ചെടുത്തു. അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. അതിൽ നിറയെ തുള വീണിരുന്നു. വെള്ളം അതുവഴി മണ്ണിലേക്കാണ് പോയിരുന്നത്.
കേരളത്തിലും കേന്ദ്രത്തിലും ഒക്കെ ഇടക്കിടെ നമ്മൾ ഭരണം മാറ്റിയിട്ടും താഴെത്തട്ടിൽ വലിയ വ്യത്യാസം കാണാത്തതിന്റെ കാരണം അറിയണമെങ്കിൽ മന്ത്രിസഭയെ മോട്ടോറായും ബ്യുറോക്രസിയെ മണ്ണിനടിയിലുള്ള പൈപ്പായും സങ്കല്പിച്ചാൽ മതി. ബ്യുറോക്രസിയിൽ ഓട്ടകൾ ഉള്ളിടത്തോളം കാലം മുകളിൽ എത്ര ശക്തമായ ഭരണ സംവിധാനം വന്നാലും വലിയ മാറ്റങ്ങളുണ്ടാകില്ല. എത്ര വലിയ ദുരന്തം ഉണ്ടായാലും എത്ര ആത്മാർത്ഥതയുള്ള മുഖ്യമന്ത്രി ആണെങ്കിലും നവകേരളം പഴയ പൈപ്പുകളിൽ കൂടി വെള്ളമെത്തിച്ച് നിർമ്മിച്ചെടുക്കുക എന്നത് നടക്കുന്ന കാര്യമല്ല.
ഐൻസ്റ്റീന്റെ ഭ്രാന്ത്: ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തിട്ട് അതിൽ വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് ഭ്രാന്ത് എന്ന് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. നമ്മുടെ സിവിൽ സർവീസുകാരെ നികുതി പിരിവല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളും റോഡ് ട്രാൻസ്‌പോർട്ട് കമ്പനികളും ഭരിക്കാനേൽപ്പിച്ചിട്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം അതിന് ഫലം കാണാതിരുന്നിട്ടും വീണ്ടും വീണ്ടും അത് തന്നെ ചെയ്യുന്നത് കാണുന്പോൾ ഐൻസ്റ്റീനെ ഓർമ്മ വരുന്നു. (ഇപ്പോൾ നമ്മുടെ കെ എസ് ആർ ടി സി നടത്തിക്കൊണ്ടു പോകാൻ ശ്രീ ടോമിൻ തച്ചങ്കരി നടത്തുന്ന ശ്രമങ്ങളെ ബഹുമാനത്തോടെ കാണുന്നു, പക്ഷെ അതൊരു അപൂർവ്വതാണ്).
മുപ്പത് വർഷം മുന്പ് ഒരു പരീക്ഷയിൽ മിടുക്കരായി ജയിച്ചവർക്ക് ഒരു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായോ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ എം ഡി യായോ നല്ല ഭരണം കാഴ്ച്ച വെക്കാൻ സാധിക്കാത്തതിന് അവർ ഒട്ടും ഉത്തരവാദികളല്ല. അവർ പഠിച്ചതും പരിശീലിച്ചതുമായ തൊഴിലല്ല അത്. ഐ എ എസ് പരീക്ഷ പാസായവർക്ക് എന്ത് ജോലിയും ചെയ്യാൻ പറ്റുമെന്ന് ചിന്തിക്കുന്ന നമ്മൾ തന്നെയാണ് അതിന്റെ കുറ്റക്കാർ. അതേസമയം ഈ പണികളൊന്നും അവർക്ക് ചെയ്യാൻ പറ്റാത്തതുമല്ല. ഒരു കാലത്ത് നല്ല മിടുക്കുള്ളവർ ആയിരുന്നു അവർ. അപ്പോൾ പുതിയതായി ഒരു പണി ഏൽപ്പിക്കുന്പോൾ അതിനുള്ള പരിശീലനം അവർക്ക് നൽകണമെന്ന് മാത്രം. നമ്മുടെ ഓരോ സിവിൽ സർവന്റിനും സർവീസിന് പുറത്തും, മറുനാട്ടിലും രണ്ടും മൂന്നും വർഷം പോയി ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കണം. ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കണം, സാങ്കേതിക അറിവ് വേണ്ട തൊഴിലുകൾക്ക് അതും, മാനേജ്മെന്റ് അറിവ് വേണ്ടതിന് എം ബി എ യും പഠിക്കണമെന്ന് നിർബന്ധമാക്കണം. ഇക്കാര്യത്തിലും നമ്മുടെ ചിന്തകൾ മാറേണ്ടതുണ്ട്. ഒരു വൈസ് ചാൻസലർ ആകാൻ പ്രൊഫസറായി പത്തുവർഷം സേവനമനുഷ്ടിക്കണം എന്നൊക്കെയുള്ള യോഗ്യതകൾ അക്ഷരത്തിലും അർത്ഥത്തിലും പാലിക്കാത്തവരെ കോടതി കയറ്റുന്ന നമ്മൾ ആ ജോലിയിലേക്ക് ഒരു ഡിഗ്രി മാത്രമുള്ള ഐ എ എസ് കാരനെ കൊണ്ടുവന്നാൽ ചോദ്യം ചെയ്യുക കൂടിയില്ല. (മലയാളം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന ജയകുമാർ സാറിനെ പോലെ ഏത് അക്കാദമിക്കുകളോടും കിടപിടിക്കാൻ കഴിവുള്ളവർ ഐ എ എസിൽ ഉണ്ട്, പക്ഷെ അതും ഒരു അപൂർവ്വതയാണ്).
ഗോ ടു യുവർ ക്ലാസസ് : ഈ ഐ എ എസ്സുകാരോടുള്ള വിധേയത്വം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല, യാദൃശ്ചികവും അല്ല. മുൻപ് പറഞ്ഞതുപോലെ നാട്ടുകാരെ ഭരിക്കാനായി ഉണ്ടാക്കിയ കൊളോണിയൽ സംവിധാനങ്ങളിൽ അവരെ ‘നാടുവാഴികൾ’ ആയി അംഗീകരിക്കാനുള്ള ഏറെ തന്ത്രങ്ങൾ ഉണ്ടായിരുന്നു. താമസിക്കാൻ പ്രത്യേക ബംഗ്ലാവുകൾ മുതൽ സ്വന്തം ഗൺമാൻ വരെയുള്ള പവർ പ്രൊജക്ഷൻ സംവിധാനങ്ങൾ അതിൻറെ ഭാഗമാണ്. നിസാരമായ ഒരു കാര്യം പറയാം. ഓരോ മഴക്കാലത്തും വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിക്കുന്നത് കളക്ടർ ആണ്. ഇതിന് വാസ്തവത്തിൽ ഒരു ന്യായീകരണവും ഇല്ല. സ്‌കൂളുകൾക്കുള്ള അവധി ഡി ഇ ഓ ക്ക് പ്രഖ്യാപിക്കാം. അതും വിദ്യാഭാസ ജില്ല നോക്കി. അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായി മുനിസിപ്പൽ ചെയർപേർസോണോ പഞ്ചായത്ത് പ്രസിഡന്റിനോ ആ സ്ഥലത്തെ കാലാവസ്ഥ നോക്കി അവധി പ്രഖ്യാപിക്കാം. സ്ഥലവുമായും വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനെ അവധി പ്രഖ്യാപിക്കാൻ ഏല്പിച്ചിരിക്കുന്നതൊക്കെ ഈ പവർ പ്രൊജക്ഷൻ ചെറുപ്പത്തിലേ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ്. അടുത്ത വർഷം തൊട്ട് ഡി ഇ ഓ യോ ജില്ല പഞ്ചായത്ത് പ്രസിഡന്റോ അവധി പ്രഖ്യാപിച്ചാൽ നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കും എന്ന് തോന്നുന്നുണ്ടോ?.
ഇത് നിസ്സാരമായ ഒരു കാര്യമാണെന്ന് തോന്നാം. പക്ഷെ ഇക്കഴിഞ്ഞ പ്രളയം വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. ദുരന്തസമയത്ത് എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരുന്നത് കളക്ടറിൽ ആണ്. പക്ഷെ ഒരു ജില്ലക്ക് ഒരു കലക്ടറെ ഉള്ളൂ, പോരാത്തതിന് കളക്ടർക്ക് ജില്ലയെ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോ എം എൽ എ ക്കോ എം പിക്കോ മേയർക്കോ അറിയുന്നത് പോലെ അറിയുകയും ഇല്ല. അപ്പോൾ സെർച്ച് ആൻഡ് റെസ്ക്യൂ മുതൽ ദുരിതാശ്വാസം വരെയുള്ള കാര്യങ്ങളിൽ കലക്ടർമാരുടെ സ്ഥലത്തെപ്പറ്റിയുള്ള അറിവില്ലായ്മയും, പ്രാദേശിക ബന്ധങ്ങളുടെ അഭാവവും, സമയവും വിലങ്ങു തടിയാകുന്നു. (ദുരന്ത സമയത്ത് ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്ത നമ്മുടെ യുവാക്കളായ കളക്ടർമാരെ ഇകഴ്‌ത്താനല്ല ഇത് പറയുന്നത്. ഒരു ഭരണ സംവിധാനം എന്ന നിലയിൽ ഇതൊരു തെറ്റായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനാണ്). ദുരന്ത നിവാരണ സംവിധാനങ്ങൾ നമ്മുടെ പഞ്ചായത്ത് പ്രസിഡന്റിലും മേയർമാരിലും ഒക്കെയാണ് കേന്ദ്രീകരിക്കേണ്ടത്.
ആഗോള മാതൃകകൾ: ആയിരക്കണക്കിന് വർഷങ്ങൾ മുന്പ് ചൈന ഭരിക്കാനായി പരിശീലിപ്പിക്കപ്പെട്ട മന്ദാരിനുകളാണ് കരിയർ സിവിൽ സർവീസിന്റെ ആദ്യ ലോക മാതൃക. ലോകത്തെന്പാടുമുള്ള കോളനികൾ ഭരിക്കാനായി ബ്രിട്ടൻ ഉണ്ടാക്കിയ ഇൻപീരിയൽ സിവിൽ സർവീസ്, അതിന് പിന്നാലെ വന്ന ഇന്ത്യൻ സിവിൽ സർവീസ് ഇതൊക്കെയാണ് ഇന്ത്യയിലെ സിവിൽ സർവീസ് മാതൃകകൾ. ബ്രിട്ടനെ പോലെ ഫ്രാൻസിലും ഇത്തരം സിവിൽ സർവീസ് പദ്ധതിയുണ്ടായിരുന്നു.
ചെറുപ്രായത്തിൽ ആളുകളെ തെരഞ്ഞെടുത്ത് ഭാരിച്ച അധികാരങ്ങൾ കൊടുക്കുന്ന സിവിൽ സർവീസ് പദ്ധതി ബ്രിട്ടൻ പണ്ടേ നിർത്തി. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ഉൾപ്പടെയുള്ള കൊളോണിയൽ രാജ്യങ്ങൾ ഇപ്പോഴും ഇത് തുടരുന്നു. ഫ്രാൻസിൽ കുറച്ചൊക്കെ തുടരുന്നുണ്ടെങ്കിലും ഗുണപരമായ വലിയ മാറ്റങ്ങൾ വരുത്തി. അവിടുത്തെ തെരഞ്ഞെടുപ്പ് രീതി നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഉന്നത സിവിൽ സർവീസിൽ എത്താനായി അവിടെ മൂന്ന് വഴികളുണ്ട്. ഒന്ന്, നമ്മുടേത് പോലെ ചെറുപ്പത്തിൽ നേരിട്ട് എടുക്കുന്നത്. രണ്ട്, പത്തു വർഷം സർവീസുള്ള സാധാരണ സിവിൽ സർവീസിൽ നിന്നും എടുക്കുന്നത്. മൂന്ന്, പത്തുവർഷം മറ്റെവിടെയെങ്കിലും സർവീസുള്ളവരിൽ നിന്നും തെരഞ്ഞെടുക്കുന്നത്.
ഇന്ത്യ പോലെ വലുപ്പവും വൈവിധ്യവും ഉള്ള ഒരു വലിയ രാജ്യത്ത് പരസ്പരം വ്യക്തി ബന്ധങ്ങൾ ഉള്ള ഒരു സിവിൽ സർവീസ് ഉള്ളത് രാജ്യത്തെ ഒരുമിച്ചു നിർത്താൻ സഹായിക്കും എന്ന് തന്നെയാണ് എൻറെ ചിന്ത. പക്ഷെ അതിങ്ങനെ മുപ്പതാം വയസ്സിൽ അടച്ചു കെട്ടരുത്.
ഇന്ത്യയിലെ സിവിൽ സർവീസിലും വ്യാപകമായി പുറമെനിന്നും ആളുകളെ എടുക്കണം. ഓരോ പത്ത് വർഷം കഴിയുന്പോൾ മൊത്തം സിവിൽ സർവീസിന്റെ മൂന്നിലൊന്ന് ആളുകളെ പുറത്തേക്ക് അയക്കുക. അത് അവരുടെ ഇഷ്ടം പോലെ കോർപ്പറേറ്റ് ജോലിക്കോ, വിദേശ ജോലിക്കോ, പഠിക്കാനോ, പഠിപ്പിക്കാനോ, കന്പനി ഉണ്ടാക്കാനോ ആകാം. പത്തു വർഷം കഴിഞ്ഞാൽ വേണമെങ്കിൽ തിരിച്ചു വരാനുള്ള ഓപ്‌ഷൻ കൊടുക്കുക. തീരെ കൊള്ളാത്തവരെ പറഞ്ഞുവിടാനുള്ള ഒരു സമയവും ആക്കണം ഇത്. അതുപോലെതന്നെ കോർപ്പറേറ്റ് രംഗത്തോ അക്കാദമിക് രംഗത്തോ വിദേശത്തോ നന്നായി കഴിവ് തെളിയിച്ച ആളുകളെ അകത്തേക്കെടുത്ത് സിവിൽ സർവീസിലെ അടിസ്ഥാന പരിശീലനം നൽകി നിയമിക്കുക. നമ്മുടെ സർക്കാർ സംവിധാനത്തിൽ കിട്ടുന്ന പരിശീലനത്തിനും നെറ്റ് വർക്കിനും മറ്റിടങ്ങളിൽ വലിയ മൂല്യമുണ്ട്. കുറെ സിവിൽ സർവന്റ്സ് പുറത്തു വരുന്നത് അവർക്കും മറ്റു സ്ഥാപനങ്ങൾക്കും ഗുണകരമാണ്. അതുപോലെ തന്നെ സിവിൽ സർവീസിന് പുറത്തു നിന്നും കിട്ടുന്ന അനുഭവങ്ങൾക്കും സർക്കാർ സംവിധാനങ്ങളിൽ വലിയ മാറ്റം വരുത്താനാകും. ഇങ്ങനെ ചെയ്‌താൽ നമ്മുടെ സിവിൽ സർവീസ് ഏറെ കാര്യക്ഷമം ആകും. ഇതേ പ്രക്രിയ ഇരുപതാം വർഷത്തിലും ആവർത്തിക്കുക. അങ്ങനെയാകുന്പോൾ നമ്മുടെ സിവിൽ സർവീസ് ഏറ്റവും ഡൈനാമിക് ആകും. പുറമെ നിന്ന് ആശയങ്ങൾ വരും. രാജ്യം പുരോഗതിയിലേക്ക് കുതിക്കും.
(കളക്ടർ ബ്രോ തൊട്ട് അനുപമ വരെയുള്ള ഐ എ എസ്സുകാരും, അജിത്ത് മുതൽ മനോജ് എബ്രഹാം വരെയുള്ള ഐ പി എസ്സുകാരും ഞാൻ അടുത്തറിയുന്നവരും ഏറെ ബഹുമാനിക്കുന്നവരുമാണ്. പി എച്ച് കുര്യൻ തൊട്ട് നിവേദിത ഹരൻ വരെ, കെ എം എബ്രഹാം തൊട്ട് തൊട്ട് ജേക്കബ് പുന്നൂസ് വരെ പതിറ്റാണ്ടുകൾ നാടിനെ ആത്മാർത്ഥമായി സേവിച്ച ഉദ്യോഗസ്ഥരേയും എനിക്ക് നേരിട്ടറിയാം. അവരോടൊക്കെ ബഹുമാനമേ ഉള്ളൂ. ഞാൻ അറിയാത്ത ഏറെ മിടുക്കന്മാരും മിടുക്കികളും നമ്മുടെ സിവിൽ സർവീസിൽ ഉണ്ട്. ശരിയായ പരിശീലനവും എക്സ്പോഷറും കൊടുത്താൽ അവരൊക്കെ നാടിൻറെ ഭാവിക്ക് ഏറെ സംഭാവന ചെയ്യാൻ കഴിവുള്ളവരും പുറത്ത് എവിടെ പോയാലും ഒന്നാം തരം ജോലി കിട്ടുന്നവരും ആണ്. പക്ഷെ ഒരു പ്രസ്ഥാനം എന്ന നിലയിൽ ഇന്ത്യൻ സിവിൽ സർവീസ് മാറേണ്ട സമയം ആയി. ഇപ്പോഴത്തെ സംവിധാനം പത്തൊന്പതാം നൂറ്റാണ്ടിന്റെ തുടർച്ചയാണ്, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിയിട്ടുമില്ല).
മുരളി തുമ്മാരുകുടി
Leave a Comment