പൊതു വിഭാഗം

സ്‌കൂളിൽ വീഴുന്ന ചോര ആരുടെ കയ്യിലാണ് പുരളുന്നത്?

രാവിലെ മകനെയോ മകളെയോ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു സ്‌കൂളിലേക്ക് വിടുന്ന അമ്മ. അമ്മക്ക് ഉമ്മയും റ്റാറ്റായും കൊടുത്തു പോകുന്ന മക്കൾ.
 
പിന്നെ വരുന്നത് ഒരു ഫോൺ കോൾ ആണ്, സ്‌കൂളിലേക്കുള്ള വഴിയിലോ, സ്‌കൂളിലോ, സ്‌കൂളിൽ നിന്നും വരുമ്പോഴോ ഒരു അപകടം ഉണ്ടായി, കുട്ടിക്ക് ഗുരുതരമായി പരുക്ക് പറ്റിയിരിക്കുന്നു, ചിലപ്പോൾ മരിച്ചുപോയിരുന്നു.
ആ അമ്മയുടെ ദുഖത്തിന് അതിരുണ്ടോ ? ആ കുടുംബത്തിന് പിന്നെ സന്തോഷത്തോടെ ഒരു ദിനം ഉണ്ടോ ജീവിതത്തിൽ ?
 
ഇതൊരു സാങ്കൽപ്പിക കഥയല്ല. കേരളത്തിൽ എത്രയോ വീടുകളിൽ വർഷാവർഷം ഈ സാഹചര്യം ആവർത്തിക്കുന്നു. ഇന്നലെയും ഇങ്ങനെ ഒരു സംഭവം വായിച്ചു.
ഓരോ അപകടവും ഓരോ തരത്തിലാണ് ഉണ്ടാകുന്നത്, അതുകൊണ്ട് ഒരപകടം ഉണ്ടായിക്കഴിയുമ്പോൾ അത് എങ്ങനെ ഒഴിവാക്കാമായിരുന്നു എന്ന് ചിന്തിക്കുന്നതിൽ കാര്യമില്ല. ഇന്നലത്തെ അപകടം എങ്ങനെ ഒഴിവാക്കാമായിരുന്നു എന്ന് പരിശോധിക്കുന്നത് ആ കുടുംബത്തിന്റെ ദുഃഖം ദുഃഖം കൂട്ടാനേ ഉപകരിക്കൂ. പക്ഷെ ഇന്നലത്തെ ദുരന്തത്തിൽ നിന്നും പഠിച്ചു നാളത്തെ ദുരന്തം ഒഴിവാക്കുക എന്നതാണ് ശരിയായ കാര്യം.
 
എല്ലാ വലിയ അപകടങ്ങളും ഉണ്ടാകുന്നത് വലിയ ഒരു പിഴവുകൊണ്ടല്ല എന്നും, ചെറിയ ഒന്നിലധികം പിഴവുകൾ ഒരുമിച്ചു വരുന്നതുകൊണ്ടാണെന്നും, അതുകൊണ്ടു തന്നെ എല്ലാ അപകടങ്ങളും ഒഴിവാക്കാവുന്നതാണെന്നും ആണെന്നാണ് ഞങ്ങൾ ദുരന്ത ലഘൂകരണക്കാർ ഏറെ പഠനത്തിൽ കൂടെ മനസ്സിലാക്കിയിരിക്കുന്നത്.
കേരളത്തിലെ സ്‌കൂളുകളിൽ ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ ഒഴിവാക്കാവുന്നതാണെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല.
 
എങ്ങനെയാണ് സ്‌കൂളുകൾ അപകടമുക്തം ആക്കുന്നത് ?
 
ഓരോ സ്കൂളിലും അപകടം ഉണ്ടാകാൻ പലവിധ സാധ്യതകളുണ്ട്. അത് സ്കൂളിന്റെ ലൊക്കേഷൻ, നിർമ്മിച്ചരിക്കുന്ന വസ്തുക്കൾ, ഒരു നിലയാണോ, ഒന്നിൽ കൂടുതൽ നിലകൾ ഉണ്ടോ, സ്‌കൂളിനകത്തോ അടുത്തോ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നിങ്ങനെ അനവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവ ഓരോന്നും മുൻകൂട്ടി കണ്ടുപിടിക്കാവുന്നതും, ദുരന്ത സാധ്യത അനുസരിച്ച് മുൻകരുതലുകൾ എടുക്കാവുന്നതും, കൂടുതൽ ശ്രദ്ധയോടെ പെരുമാറാൻ കുട്ടികളെ പരിശീലിപ്പിക്കാവുന്നതും ആണ്. ഇതിന് ആദ്യം ചെയ്യേണ്ടത് സ്‌കൂളിൽ ഒരു സുരക്ഷാ ഓഡിറ്റ് നടത്തുകയാണ്. അതിൽ അപകട സാധ്യത കണ്ടു പിടിച്ച് പറ്റുന്നവെയെല്ലാം ഒഴിവാക്കണം, ബാക്കി ഉള്ളതിനെപ്പറ്റി സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ ഒരു മണിക്കൂർ സമയം എടുത്ത് എല്ലാ വിദ്യാർത്ഥികളേയും ബോധവൽക്കരിക്കണം.
 
ഇതൊന്നും ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ലോകത്തെ ഏറ്റവും വലിയ യുവജനോത്സവം നടത്തുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഒരു സുരക്ഷാ ഓഡിറ്റ് നടത്തുക എന്നാൽ ‘ഒരു പൂ പറിക്കുന്ന’ അത്രയും വിഷമം പോലുമില്ല. പക്ഷെ ‘തമ്പുരാൻ അങ്ങനെ വിചാരിക്കില്ല’ അതാണ് പ്രശ്നം.
 
കേരളത്തിൽ ഓരോ സ്‌കൂൾ വർഷം തുടങ്ങുമ്പോഴും ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ അച്ഛൻ എന്ന നിലയിലും ഒരു സുരക്ഷാവിദഗ്ദ്ധൻ എന്ന നിലയിലും ഞാൻ ആശങ്കാകുലൻ ആണ്. മിക്കവാറും സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ ഒന്നിൽ കൂടുതൽ കുട്ടികളുടെ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത് കണ്ട് സഹികെട്ട് അഞ്ചു വർഷം മുൻപ് സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗരേഖ ഞാൻ ഇംഗ്ളീഷിലും മലയാളത്തിലും എഴുതി കേരളത്തിലെ അധികാരികൾക്ക് സമർപ്പിച്ചു. അതിനു ശേഷം ഉത്തരവാദിത്തപ്പെട്ടവരെ നേരിൽക്കണ്ട് പല പ്രാവശ്യം ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന് ഉറപ്പു നൽകി.
ഞാൻ ചെന്ന് കണ്ടവർ എല്ലാം തന്നെ ഇതൊരു വളരെ നല്ല കാര്യം ആണെന്നും, തീർച്ചയായും ചെയ്യേണ്ടതാണെന്നും സമ്മതിച്ചു. ‘ഇപ്പോൾ ശെരിയാക്കി തരാം’ എന്ന് ഉറപ്പു നൽകുകയും ചെയ്തു. പക്ഷെ ഒരു നടപടി പോലും ഉണ്ടായിട്ടില്ല. നമ്മുടെ സ്‌കൂളുകളിൽ വീണ്ടും കുട്ടികൾ മരിക്കുന്നു. ഈ ചോര ആരുടെ കയ്യിലാണ് പുരളുന്നത്? ആരുടെ മനസ്സിലാണ് ഇക്കാര്യത്തിൽ ദുഃഖം ഉണ്ടാകേണ്ടത് ? എന്നാണ് നമ്മുടെ സമൂഹം ഗ്രേസ്‌മാർക്കിലും ഗ്രേഡിലും വലുതാണ് നമ്മുടെ കുട്ടികളുടെ ജീവൻ എന്ന് മനസ്സിലാക്കുന്നത് ?
 
‘സ്‌കൂളുകളിലെ സുരക്ഷ’ എന്ന പേരിൽ ഞാൻ തയ്യാറക്കി കേരളത്തിലെ വിദ്യാഭ്യാസവകുപ്പിന് പലപ്രാവശ്യം സമർപ്പിച്ച ലഘുലേഖയുടെ കോപ്പി ഇവിടെ അറ്റാച്ച് ചെയ്യുന്നു. ഇതിന്റെ ഇംഗ്ളീഷ് വേർഷനും ഉണ്ട്, വേണമെങ്കിൽ ചോദിച്ചാൽ മതി.
കേരളത്തിൽ പതിനായിരത്തോളം സ്‌കൂളുകൾ ഉണ്ട്, അതിൽ എന്റെ വായനക്കാർ ആയവർ അധ്യാപകരയോ പി ടി എ ആയോ പത്തു സ്‌കൂളുകളിൽ എങ്കിലും ഇത് ഉപയോഗപ്പെട്ടാൽ അതുകൊണ്ട് ഒരു കുട്ടിയുടെ എങ്കിലും ജീവൻ രക്ഷപ്പെട്ടാൽ ഇതെഴുതാൻ എടുത്ത സമയം അർത്ഥവത്തായി.
http://muraleethummarukudy.com/Safety_Malayalam.pdf
 
ഏറെ സങ്കടത്തോടെ, മരിച്ച കുട്ടിക്ക് ആദരാഞ്ജലികളോടെ, ഇനി ഒരു കുട്ടിയും സ്‌കൂൾ അങ്കണത്തിൽ മരിച്ചു വീഴരുതെന്ന ആഗ്രഹത്തോടെ,
 
മുരളി തുമ്മാരുകുടി
 

1 Comment

Leave a Comment