എന്റെ വായനക്കാർക്കൊക്കെ സിദ്ധാർത്ഥിനെ അറിയാം. എന്റെ ഒറ്റ മകൻ ആണ്, തൃപ്പൂണിത്തുറ ചോയ്‌സ് സ്കൂളിൽ ആണ് പഠിക്കുന്നത്.
കുറച്ചുകൂടി എന്നെ അറിയുന്നവർക്ക് അറിയാം സിദ്ധാർഥ് ഓട്ടിസ്റ്റിക്ക് ആണെന്ന്. അതുകൊണ്ടു തന്നെ അവന്റെ ഓരോ ചെറിയ ശ്രമങ്ങളും വിജയങ്ങളും ഞാൻ ഏറെ അഭിമാനത്തോടെ നിങ്ങളെ അറിയിക്കാറുണ്ട്.
ചിത്രകലയിൽ ആണ് സിദ്ധാർത്ഥിന്റെ പ്രത്യേക താല്പര്യവും കഴിവും. രണ്ടു വയസ്സിൽ തുടങ്ങിയതാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി അവന്റെ ചിത്രങ്ങൾ ഒരു കലണ്ടർ ആയി ഞങ്ങൾ പ്രിന്റ് ചെയ്യാറുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർക്ക് സമ്മാനിക്കാറുണ്ട്, ഫേസ്ബുക്ക് സുഹൃത്തുക്കൾക്കെല്ലാം ഓൺലൈൻ ആയി ലഭ്യമാക്കാറുണ്ട്. നിങ്ങൾ നൽകുന്ന പ്രോത്സാഹനവാക്കുകൾ എല്ലാം അവനും ഞങ്ങൾക്കും എത്ര ഊർജ്ജമാണ് നൽകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല. നന്ദി.
രണ്ടായിരത്തി പതിനെട്ട് തുടങ്ങുന്നത് ഒരു പുതിയ സംരംഭത്തോടെ ആണ്. സിദ്ധാർഥ് വരച്ച നാല്പത്തി രണ്ടു ചിത്രങ്ങളുടെ ഒരു പ്രദർശനം എറണാകുളത്ത് ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടത്തുകയാണ്. ജനുവരി മൂന്നു മുതൽ ഏഴു വരെ ആണ് പ്രദർശനം. രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് ഏഴ് വരെ ആണ് പ്രദർശന സമയം.
രണ്ടു വയസ്സ് ആയപ്പോഴേക്കും നന്നായി സംസാരിച്ചു തുടങ്ങിയ കുട്ടിയായിരുന്നു സിദ്ധാർഥ്. അതിന് ശേഷം സംസാരം ക്രമേണ കുറഞ്ഞു, ഒടുവിൽ തീരെ ഇല്ലാതായി. പിന്നെ ഏറെ വർഷങ്ങളും അവന്റെ അമ്മയുടെയും അധ്യാപകരുടെയും കഠിന പരിശ്രമവും എടുത്തു സംസാരം എല്ലാം തിരിച്ചു വരാൻ. ഈ മൗനത്തിന്റെ വർഷങ്ങളിലെ അവന്റെ ഓർമ്മകൾ ആണ് പ്രദർശനത്തിന്റെ പ്രധാന ഇനം. “Me Siddharth, Reminiscences of an Asperger’s Mind” എന്നാണ് പ്രദർശനത്തിന്റെ പേര്.
എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളും ഫോളോവേഴ്സും വായനക്കാരും വരാൻ സൗകര്യം ഉള്ളവർ എല്ലാം തീർച്ചയായും വരണം. അവരുടെ കുടുംബത്തെ, പ്രത്യേകിച്ചും കുട്ടികളെ, കൊണ്ടുവരണം. ദൂരം കൊണ്ടോ സമയം കൊണ്ടോ അസൗകര്യം ഉള്ളവർ നിങ്ങളുടെ സുഹൃത്തുക്കളും ആയി ഈ വിവരം ഷെയർ ചെയ്യണം. ദർബാർ ഹാളിൽ പ്രദർശനത്തിന് വന്നും, പ്രദർശന വിവരം ഷെയർ ചെയ്തും, നിങ്ങൾ കാണിക്കുന്ന പിന്തുണ സിദ്ധാർഥിനും ഞങ്ങൾക്കും നൽകുന്ന ആത്മവിശ്വാസം എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ.
ജനുവരി മൂന്നു മുതൽ ഏഴുവരെ രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ഏഴു വരെ എറണാകുളത്ത് ദർബാർ ഹാളിൽ ഞാൻ ഉണ്ടാകും, സിദ്ധാർഥും കാണും. നിങ്ങളെ നേരിൽ സ്വാഗതം ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു. കാണാം…
കാണണം.
സ്നേഹത്തോടെ
മുരളി തുമ്മാരുകുടി.
Leave a Comment