പൊതു വിഭാഗം

സ്മാർട്ട് (ഫോൺ) പോലീസിംഗ്

കഴിഞ്ഞദിവസം ബി ജെ പി ഓഫീസ് ആക്രമിക്കുന്ന ടി വി ദൃശ്യം കണ്ട് ഞാനൊന്നു ഞെട്ടി.

ഏയ്, രാത്രി വടിയും കല്ലും ഉപയോഗിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുന്നത് കണ്ടിട്ടൊന്നുമല്ല. അക്രമം നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമായതിനാൽ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ കുറച്ച് അടിയും തടയും പഠിക്കണം. ഇപ്പോൾ കോളേജിൽ അക്രമ രാഷ്ട്രീയം എന്ന് പറഞ്ഞു ആളുകൾ വിഷമിക്കുന്നതു കാണുമ്പോൾ എനിക്ക് ചിരി വരും. എന്റെ കാലത്തൊക്കെ സ്‌കൂൾ കാലത്തേ തുടങ്ങുമായിരുന്നു ഇത്. എന്റെ സുഹൃത്തായ സാജുവിനെ ഇലക്ഷൻ കാലത്ത് തള്ളിയിട്ട് തലപൊട്ടിച്ചത് പത്താംക്ലാസിൽ പഠിക്കുമ്പോഴാണ്. രാഷ്ട്രീയത്തിൽ ഉയർന്നുപോകാനുള്ള ഒരു ലൈസൻസാണ് ഇങ്ങനെ പ്രസ്ഥാനങ്ങൾക്കുവേണ്ടി തല്ലുകൊടുക്കുന്നതും തല്ലുകൊള്ളുന്നതും. അപ്പോൾ കുറച്ചുപേർ വന്ന് പാർട്ടി ഓഫീസ് തല്ലിപ്പൊളിക്കുന്നത് കണ്ടാലൊന്നും ഞെട്ടുന്ന ആളല്ല ഞാൻ. അങ്ങനെയാണെങ്കിൽ ഞെട്ടാനേ നേരമുണ്ടാകൂ. എവിടെയെങ്കിലും ഒരു സമരമോ ഹർത്താലോ പൊതുമുതൽ തല്ലിപ്പൊളിക്കലോ നടക്കാത്ത ഒരു ദിവസമുണ്ടോ കേരളത്തിൽ ?

ഞാൻ ഞെട്ടിയത് അക്രമം നടന്നിട്ട് അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം പോലീസുകാരും ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നത് കണ്ടിട്ടും അല്ല. ഹർത്താലിനും ബന്ദിനും അല്ലാതെയും ഒക്കെ രാഷ്ട്രീയക്കാർ പൊതുമുതലും കോളേജും പാർട്ടി ഓഫീസും വേണമെങ്കിൽ സ്വന്തം ഓഫീസ്‌ തന്നെയും തല്ലിപ്പൊളിക്കും. അതുകഴിഞ്ഞ് കേസിൽ നിന്ന് ഈസിയായി ഊരിപ്പോരുകയും ചെയ്യും. അപ്പോൾ രാഷ്ട്രീയക്കാരുടെയും പൊതുമുതലിന്റെയും ഇടയിൽക്കയറി തല്ലു മേടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് അവർക്കറിയാം. അടി കൊടുക്കുന്നവർക്ക് ഒന്നും വരാനില്ല, കിട്ടുന്ന പോലീസുകാരന് ആണ് നഷ്ടം മുഴുവനും. ഈ തിരിച്ചറിവുണ്ടായതിനും സ്വന്തം സഹപ്രവർത്തകനെ ആക്രമിക്കുന്ന തരത്തിലുള്ള പ്രകോപനം ഉണ്ടായിട്ടുകൂടി മനഃസംയമനം കൈവിടാതെ പ്രശ്നത്തിൽ ഇടപെടാതെ നോക്കി നിന്നതിനും എനിക്കവരോട് സത്യത്തിൽ ബഹുമാനമാണ് തോന്നിയത്.

പിന്നെന്തിനാണ് ചേട്ടൻ ഞെട്ടിയത്?

അതിൽ ഒരു പോലീസുകാരൻ ഓടിവരുന്നത് കണ്ടോ?

കണ്ടു, അദ്ദേഹമല്ലേ അൽപ്പമെങ്കിലും ചെറുത്തുനിന്നത്?

അതെ, പക്ഷെ ചെറുത്തുനിൽപ്പ് കണ്ടിട്ടൊന്നുമല്ല ഞാൻ ഞെട്ടിയത്. മറിച്ച് ബൈക്കിന്റെയടുത്ത് വന്ന് ഒരു ചെറിയ നോട്ടുബുക്കിൽ ബൈക്കിന്റെ നമ്പറെഴുതിയെടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചോ?

ഉവ്വ്, അതിനെന്താ?

അനിയൻ ഷെർലോക്ക് ഹോംസ് ടി വി സീരീസ് കണ്ടിട്ടുണ്ടോ ?
ഉണ്ട്

അതിൽ ഒരു ബീറ്റ് പോലീസുകാരൻ കൈയിൽ ചെറിയൊരു നോട്ടുബുക്കും പെൻസിലുമായി നടക്കുന്നത് കാണാം. എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ പോക്കറ്റ് ബുക്കിൽ എഴുതി വക്കും. പത്തൊൻപതാം നൂറ്റാണ്ടിലെ പോലീസുകാരുടെ രീതിയാണ്. ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ലേ. എല്ലാവരുടെയും കൈയിൽ സ്മാർട്ട് ഫോണുണ്ട്. അപ്പോൾ നമ്പർ പ്ളേറ്റിന്റെ ഒരു പടമെടുത്താൽ പോരെ? അത് കണ്ടിട്ടാണ് ഞാൻ ഞെട്ടിയത്.

സ്മാർട്ട് ഫോണിൽ പടം എടുത്താൽ പല ഗുണം ഉണ്ട്. എഴുതി എടുക്കുന്നതു പോലെ തെറ്റുണ്ടാകില്ല എന്നത് ഒന്നാമത്തെ ഗുണം. നമ്പർ മാത്രമല്ല അതിന്റെ ചുറ്റുപാടും കൂടി കിട്ടുമെന്നത് അടുത്ത ഗുണം. മാത്രമല്ല ഇപ്പോഴത്തെ സ്മാർട്ട് ഫോൺ ആയതിനാൽ ഓട്ടോമാറ്റിക് ആയി ആ ഫോട്ടോ എടുത്ത സ്ഥലത്തിന്റെ കോർഡിനേറ്റ് ചിത്രത്തിൽ ഉണ്ടാകും. അപ്പോൾ വേറെ അലിബി ഒന്നും നടക്കില്ല.

വാസ്തവത്തിൽ ബൈക്കിന്റെ നമ്പർ മാത്രമല്ല, കേരളത്തിലെവിടെയൊക്കെ ക്രൈം നടക്കുന്നുണ്ടോ അതിന്റെ ഒക്കെ ജിയോഗ്രഫിക്കൽ കോർഡിനേറ്റ് എടുക്കുന്നത് പോലീസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ആക്കണം. ഇപ്പോഴത്തെ ഏതു സ്മാർട്ട് ഫോണിലും അതിനുള്ള സൗകര്യം ഉണ്ട്. എന്നിട്ട് അതൊക്കെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയിലേക്ക് അയക്കുക. അവിടെ പല സ്ഥലങ്ങളിൽ നിന്നുവരുന്ന മുഴുവൻ ക്രൈമുകളുടെയും കോർഡിനേറ്റ് വെച്ച് മാപ് ഉണ്ടാക്കുക. ഇതിന് പല ഉപയോഗങ്ങളുണ്ട്.

1. സ്ഥിരമായി പിടിച്ചുപറിയോ മറ്റു കുറ്റകൃത്യങ്ങളോ നടക്കുന്ന സ്ഥലം ഉണ്ടോ എന്ന് കണ്ടു പിടിക്കാം
2 . സ്ഥിരമായി കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ പോലീസിംഗ് ഊർജ്ജിതമാക്കാം.
3. ക്രൈം കുറഞ്ഞ സ്ഥലത്തെ പോലീസുകാരന് അവാർഡ് കൊടുക്കാം
4 . ഏത് വാർഡിലാണോ ക്രൈം കൂടുതൽ ഉളളത് അവിടുത്തെ പഞ്ചായത്ത് മെമ്പറോട് ക്രമസമാധാനം കൂടുതൽ ശ്രദ്ധിക്കണം എന്ന് പറയാം.

ഇങ്ങനെ ഒരു ക്രൈം മാപ്പ് ഉണ്ടാക്കി റിയൽ എസ്റ്റേറ്റ് ഏജൻസികൾക്ക് വിറ്റാൽ നല്ല കാശും കിട്ടും, കാരണം ക്രൈം കുറഞ്ഞ സ്ഥലങ്ങളിൽ വീടിനും ഫ്ലാറ്റിനും വില കൂടുതൽ മേടിക്കാം. ഇതൊന്നും എന്റെ ഒറിജിനൽ ഐഡിയ ഒന്നുമല്ല. വികസിത രാജ്യങ്ങളിൽ എല്ലാം നമ്മൾ നമ്മൾ എവിടെ വീടുവാങ്ങാൻ ചെന്നാലും അവിടുത്തെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് പൊതുജനങ്ങൾക്ക് ലഭ്യമാണ്, സ്ഥലത്തെ പോസ്റ്റ് കോഡ് അടിച്ചു കൊടുത്താൽ അവിടുത്തെ സൈക്കിൾ മോഷണം തൊട്ട് ഡ്രഗ് ക്രൈം വരെയുള്ള എല്ലാ വിവരവും കിട്ടും. ലൈംഗികകുറ്റവാളികളോ കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവരോ ആ ഏരിയയിൽ താമസിക്കുന്നുണ്ടോ എന്ന് നമുക്കറിയാൻ സാധിക്കും. അതനുസരിച്ചു കൂടിയാണ് വീടിന്റെ വില കൂടുന്നതും കുറയുന്നതും.

ലണ്ടന്റെ ക്രൈം മാപ്പ് താഴെ കാണാം. രാജ്യത്തെ ഏതു സ്ഥലത്തെ ക്രൈം വിവരം അറിയണമെങ്കിലും അവിടുത്തെ പോസ്റ്റ് കോഡ് അടിച്ചു നോക്കിയാൽ മതി.

If you want to test, try London Heathrow, TW6 1EW

https://www.police.uk/metropolitan/00BK17N/

http://www.problemneighbours.co.uk/how-do-i-find-out-if-neighbour-sex-offender.html

Leave a Comment