പൊതു വിഭാഗം

സുരക്ഷിതമല്ലാത്ത സുരക്ഷ…

ബോംബയിൽ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസേർച്ചിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു ചെറിയ കാന്പസിനകത്തായിരുന്നു ജോലിയും താമസവും. അവിടെ പൊലീസുകാരെ പോലെ കാക്കി യൂണിഫോമും തൊപ്പിയുമുള്ള പതിനഞ്ചു സെക്യൂരിറ്റിക്കാരുണ്ട്. കൂടാതെ ഉയർന്ന യൂണിഫോമിൽ രണ്ട് ഇൻസ്പെക്ടർമാരും. പുറത്തു നിന്നും വരുന്നവരുടെ പേരും വാഹനത്തിന്റെ നന്പറും എഴുതിവെക്കുക എന്നതാണ് അവരുടെ പ്രധാന ജോലി. രാത്രിയായാൽ പിന്നെ അധികം പണിയൊന്നുമില്ല. ഹോട്ടലുകളിലെ പോലുള്ള വേക്ക് അപ്പ് കാൾ അവർ തന്നിരുന്ന ഒരു സർവീസ് ആയിരുന്നു. അവിടെ ഒരു വർഗ്ഗീസ് സാബ് ഇൻസ്‌പെക്ടറായി ഉണ്ടായിരുന്നു. ഒരിക്കൽ എയർപോർട്ടിൽ പോകാൻ എന്നെ വിളിച്ചെഴുന്നേല്പിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആൾ വിളിച്ചില്ല, ഭാഗ്യത്തിന് ഞാൻ തന്നെ ഉണർന്നു. താഴെ ചെന്നപ്പോൾ വർഗീസ് സാബ് ഇരുന്നുറങ്ങുകയാണ്.
 
“ഓ, ഞാൻ അങ്ങ് ഉറങ്ങിപ്പോയി”
“കണ്ടപ്പോൾ തോന്നി” എന്ന് ഞാനും.
 
വർഗ്ഗീസ് സാബ് മാത്രമല്ല അവിടെ പതിനഞ്ചു പേരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. അന്നവിടെ സെക്യൂരിറ്റി ജോലി കോൺട്രാക്ട് അടിസ്ഥാനത്തിലാണ്. നിസ്സാര ശന്പളമേ ഉള്ളൂ. എന്തിനാണ് ഇത്രമാത്രം മലയാളികൾ അവിടെ വന്നു സെക്യൂരിറ്റി ജോലി ചെയ്യുന്നതെന്ന് ഞാൻ അന്പരന്നു. ഉറങ്ങാതിരുന്ന ഒരു രാത്രിയിൽ വർഗീസ് സാബ് അതിന് ഉത്തരവും തന്നു.
“സാറേ, ഞങ്ങളാരും സെക്യൂരിറ്റി ബാക്ക് ഗ്രൗണ്ട് ഉള്ളവർ അല്ല. ഇവിടെ സെക്യൂരിറ്റി ജോലി കോൺട്രാക്ട് എടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. അയാൾക്ക് ദുബായിലേക്ക് ആളുകളെ കടത്തി വിടുകയാണ് ജോലി. നാട്ടിൽ നിന്നും പണം മേടിച്ച് ആളുകളെ ബോംബെയിൽ എത്തിക്കും, അവിടെ കുറച്ചു നാൾ താമസിക്കുന്പോൾ എന്തെങ്കിലും ജോലി ശരിയാകും. ഇതിനിടയിൽ ഹോസ്റ്റലിൽ അവരെ വെറുതെ ഇരുത്തിയാൽ ഓരോ ദിവസവും അവർ വന്നു ശല്യം ചെയ്യും. പകരം അവർക്ക് എന്തെങ്കിലും ഒരു പണികൊടുക്കണമല്ലോ. സെക്യൂരിറ്റി പണി ആകുന്പോൾ ഒന്നും അറിയാനില്ല (ഇരുന്ന് ഉറങ്ങാൻ നന്നായി അറിയണം എന്ന് എൻറെ ആത്മഗതം).
 
“ഞാൻ നാട്ടിൽ ബാങ്കിലെ ഓഫീസറായതുകൊണ്ടാണ് എന്നെ ഇവിടെ ഇൻസ്‌പെക്ടർ ആക്കിയിരിക്കുന്നത്.” (അല്ലെങ്കിലും ബി കോം ഫസ്റ്റ് ക്ലാസിൽ പാസ്സാകാത്തവരെ കോൺസ്റ്റബിൾ ആക്കുന്നതാണല്ലോ ആചാരം).
 
പതുക്കെപ്പതുക്കെ ഞാൻ മലയാളി സെക്യൂരിറ്റി ചേട്ടന്മാരെ ഒന്നൊന്നായി പരിചയപ്പെട്ടു. ബാങ്ക് ഓഫിസർ മാത്രമല്ല, വില്ലേജ് ഓഫീസർ, പ്ലംബർ, ഫർമസിസ്റ്റ് എന്നിങ്ങനെ പലരുമുണ്ട്. സ്വിമ്മിങ്ങ് പൂളിൽ ഗാർഡ് ആയിരിക്കുന്നത് കലാമണ്ഡലത്തിൽ നിന്നും കഥകളി പാസ്സായ ഒരു മലയാളിയാണെന്ന് പറഞ്ഞു തന്നത് സെക്യൂരിറ്റിക്കാരൻ ചേട്ടനാണ്. അതും നമ്മുടെ മാൻ പവർ എക്സ്പോർട്ട് കന്പനി സംഘടിപ്പിച്ചു കൊടുത്ത ഒരു പരിപാടിയാണ്. ഞാൻ അവിടെ ഉണ്ടായിരുന്ന രണ്ടു വർഷത്തിനുള്ളിൽ മിക്കവാറും കോൺസ്റ്റബിൾമാരും ഇൻസ്പെക്ടർമാരും നാട് കടന്നു, പുതിയ ആളുകൾ വന്നു, ഇരുന്നു, ഉറങ്ങി.
 
ബോംബേയിൽ മാത്രമല്ല കേരളത്തിലും യാതൊരു തൊഴിൽ പരിചയവുമില്ലാതെ ആർക്കും എപ്പോഴും ചെയ്യാവുന്ന തൊഴിലാണ് സെക്യൂരിറ്റിയുടേത്. ഇവരെ ജോലിക്ക് വെക്കുന്നതിന് മുൻപ് ഒരുവിധ ബാക്ക്ഗ്രൗണ്ട് ചെക്കും ഇല്ല.
 
ലൂർദ് ആശുപത്രിയിൽ സെക്യൂരിറ്റി ആയി വന്ന ആൾ ആദ്യദിവസം തന്നെ നേഴ്‌സുമാരുടെ ലോക്കർ കുത്തിപ്പൊളിച്ച് മാലയുമായി ഓട്ടോയിൽ കയറിപ്പോയി എന്ന വാർത്ത വന്നപ്പോൾ ഞാൻ വർഗീസ് സാബിനെയാണ് ഓർത്തത്. ഉറക്കമല്ലാതെ ഒരു ദുഃശീലവും സാബിനില്ലായിരുന്നു. എന്നാൽ ഏതൊക്കെ തരക്കാരാണ് നമ്മുടെ ചുറ്റും സെക്യൂരിറ്റി ഗാർഡുകളായി ഉള്ളതെന്ന് നമുക്കെങ്ങനെ അറിയാം? നമ്മുടെ ഫ്ലാറ്റുകളിൽ വരുന്നവരുടെ ബാക്ക്ഗ്രൗണ്ട് എന്താണ്? മുറ്റത്ത് കളിക്കുന്ന കുട്ടികളെയും സ്വിമ്മിങ്ങ് പൂളിലെ കുട്ടികളെയും “ഒന്ന് നോക്കിയേക്കണേ ചേട്ടാ” എന്ന് പറഞ്ഞ് നമ്മൾ അവരെ ഏൽപ്പിക്കുന്നു. സ്‌കൂൾ വിട്ട് കുട്ടികൾ വരുന്നത് പലപ്പോഴും അച്ഛനും അമ്മയും ഇല്ലാത്തപ്പോളാണെന്ന് സെക്യൂരിറ്റിക്കാർക്ക് അറിയാം. ഏതൊക്കെ ഫ്ലാറ്റിൽ സ്ത്രീകളും പ്രായമുള്ളവരും ഉണ്ടെന്ന് ഇവർക്ക് കൃത്യമായി അറിയാം. ഈ ജോലിക്കാണ് ഏത് കുറ്റവാളിക്കും എത്താൻ പറ്റുന്നത്. കുട്ടികളെ പീഡിപ്പിച്ചതിന് ജയിലിൽ ആയവർക്ക് പോലും സ്‌കൂളിലെ സെക്യൂരിറ്റി ആകാം. സ്ത്രീകളെ പീഡിപ്പിച്ചതിന് ജാമ്യത്തിൽ ഇറങ്ങിയവർക്ക് വേണമെങ്കിൽ ലേഡീസ് ഹോസ്റ്റലിലെ സെക്യൂരിറ്റി ആകാം.
ഭാഗ്യത്തിന് ഈ കുട്ടിക്ക് വളയാണ് നഷ്ടപ്പെട്ടത്. ഇത്തരം ആളുകൾ എന്തക്രമവും ചെയ്യുമല്ലോ.
 
കേരളത്തിലെ സെക്യൂരിറ്റി ജോലി ചെയ്യുന്നവരോട് വലിയ ബഹുമാനമുള്ള ആളാണ് ഞാൻ. അവരെ ആരും വേണ്ട തരത്തിൽ പരിശീലിപ്പിക്കുന്നില്ല, ഔദ്യോഗിക സംവിധാനവുമായി ബന്ധിപ്പിക്കുന്നില്ല, സുരക്ഷാ മുന്നറിയിപ്പ് ശൃംഖലയായി ഉപയോഗിക്കുന്നില്ല, ആരെയാണോ അവർ സംരക്ഷിക്കുന്നത് അവർ ഇവരെ ബഹുമാനിക്കുന്നില്ല എന്നൊക്കെ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അവരുടെ സുരക്ഷക്ക് ഇപ്പോൾ ഒരു സംവിധാനമോ നിയമപരമായി അവർക്ക് പരിരക്ഷയോ ഇല്ല. ജോലിക്കിടയിൽ എന്തെങ്കിലും അപകടമുണ്ടായാൽ ഹെൽത്ത് ഇൻഷുറസൻസോ ലൈഫ് ഇൻഷുറൻസോ ഇല്ല. ഇവർക്ക് കൂടുതൽ പരിഗണന കൊടുക്കണമെന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ല. പക്ഷെ സുരക്ഷാ ജോലിക്ക് എത്തുന്നവരുടെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യുന്നത് നിർബന്ധമാക്കണം. അങ്ങനെ അല്ലാത്തവരെ താൽക്കാലികമായി പോലും നിയമിക്കുന്ന കന്പനിയെ ഉടൻ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. കൂടുതൽ വലിയ കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ നോക്കിയിരിക്കേണ്ട കാര്യമില്ല.
 
മുരളി തുമ്മാരുകുടി
ജൂൺ 22, 2019, ജനീവ

Leave a Comment