പൊതു വിഭാഗം

സുഡാനി ഫ്രം സുഡാൻ

സുഡാനിൽ ഇന്നലെ ഒരു പട്ടാളവിപ്ലവം നടന്നു. ഇക്കാലത്ത് അധികം മലയാളികൾ അവിടെ ഇല്ലാത്തതിനാൽ കേരളത്തിൽ അത് വലിയ വാർത്തയോ ചർച്ചയോ ആയില്ല.
 
പണ്ട് പക്ഷെ കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. സുഡാനികളുടെ വേഷത്തിലും രൂപത്തിലും സംസ്കാരത്തിലും ഇന്ത്യക്കാരുമായി വലിയ സാമ്യമുണ്ട്. ചരിത്രത്തിന്റെ ഏതൊക്കെയോ കാലത്ത് ഇന്ത്യക്കാരും സുഡാനികളും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു എന്നത് വ്യക്തം.
 
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യൻ സൈനികർ അവിടെ യുദ്ധം ചെയ്തിട്ടുണ്ട്. ആ സ്മരണയിൽ സുഡാൻ തന്ന പണം ഉപയോഗിച്ചാണ് നമ്മുടെ സൈനിക ഓഫീസർമാരെ പരിശീലിപ്പിക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി നിർമ്മിച്ചു തുടങ്ങിയത്. അവിടെ ഇപ്പോഴും ‘സുഡാൻ ബ്ലോക്ക്’ ഉണ്ട്.
 
കഴിഞ്ഞ മുപ്പത് വർഷമായി അവിടെ ഏകാധിപത്യ ഭരണമായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അവിടുത്തെ പ്രസിഡന്റിനെ നീക്കം ചെയ്തു. പക്ഷെ പുതിയതായി വന്നതും പട്ടാളം നേതൃത്വം നൽകുന്ന ഭരണകൂടമാണ്. ജനങ്ങൾ സമരം അവസാനിപ്പിച്ചിട്ടില്ല.
 
ആഫ്രിക്കയിൽ പൊതുവെ ഏകാധിപതികളുടെ എണ്ണവും പട്ടാള അട്ടിമറികളും കുറഞ്ഞു വരുന്ന കാലമാണ്. ഏറെ താമസിയാതെ സുഡാനിൽ ജനങ്ങളുടെ ഹിതം അനുസരിച്ചുള്ള സർക്കാർ വരുമെന്ന് പ്രതീക്ഷിക്കാം. സ്വർണ്ണം മുതൽ എണ്ണ വരെയുള്ള പ്രകൃതി വിഭവങ്ങളും, നീണ്ട കടൽ തീരവും, വിദ്യാഭ്യാസമുള്ള ജനതയും, ലോകമെമ്പാടും പടർന്നു കിടക്കുന്ന സുഡാനികളുമുള്ള രാജ്യമാണ്. സാമ്പത്തികമായി ഉന്നമനം നേടാനും ലോകരാജ്യങ്ങളുടെ സൗഹൃദ രാജ്യം ആകാനും അധിക സമയമൊന്നും വേണ്ട.
 
അക്കാലം വേഗം വരുമെന്ന് ആശിക്കാം. അവിടെ മലയാളി സുഹൃത്തുക്കൾ ഉണ്ടെങ്കിൽ സുരക്ഷിതമായിരിക്കുക
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-africa-47908785

Leave a Comment