സീബ്രാ ലൈനിലൂടെ നടന്നു വരുന്ന കുട്ടിയെ ബസ് ഇടിക്കുന്ന വീഡിയോ കണ്ടു. നടുങ്ങിപ്പോയി. ആ കുട്ടി ജീവനോടെ ഉണ്ട് എന്നത് ഏറെ അതിശയമാണ്, സന്തോഷവും നൽകുന്നു.
റോഡ് ഉപയോഗിക്കുന്ന വാഹനങ്ങൾ സീബ്രാ ലൈനിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ പുറത്തു പോകുന്പോൾ സീബ്രാ ലൈൻ നോക്കി വേണം റോഡ് മുറിച്ചു കടക്കാൻ എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിട്ട് എന്തുകാര്യം? ഈ ബസ് ഡ്രൈവർ നാളെയും ബസ് ഓടിക്കും, റോഡ് നിയമങ്ങൾ ലംഘിക്കും, അടുത്ത കുട്ടിയോ മുതിർന്നവരോ ഇത്രയും ഭാഗ്യം ഉള്ളവർ ആകണമെന്നില്ല.
കഷ്ടം തന്നെയാണ്.
കേരളത്തിലെ റോഡുകൾ മസായി മാരയിലെ കാടുകൾ പോലെയാണെന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. അവിടെ നിയമങ്ങൾ ഒന്നുമില്ല, അല്ലെങ്കിൽ കാടൻ നിയമമാണ്. വന രാജൻ ആയ സിംഹം അവർക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ള സമയത്തും രീതിയിലും പോകും, മറ്റുള്ളവർ സിംഹം വരുന്നത് നോക്കിയും കണ്ടും നടന്നാൽ ജീവൻ രക്ഷിക്കാം. തൊട്ടു പിന്നിൽ പുള്ളിപ്പുലിയും മറ്റുമാണ്. അവർ സിംഹത്തെ കാണുന്പോൾ സൂക്ഷിക്കണം പക്ഷെ മറ്റു മൃഗങ്ങളെ അവർക്ക് എപ്പോൾ വേണമെങ്കിലും ആക്രമിക്കാം. അതിന് താഴെയാണ് കാട്ടുനായ്‌ക്കളും കുറുക്കനും. അവർക്ക് സിംഹത്തേയും പുലിയേയും പേടിക്കണം, എന്നാൽ മാനും മുയലും അവരെ സൂക്ഷിച്ചു വേണം പുറത്തിറങ്ങാൻ.
നമ്മുടെ റോഡിലെ സിംഹങ്ങൾ ആണ് ബസും ലോറിയും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവൻ ഒന്നും അവർക്ക് വിഷയമല്ല. അവർ തോന്നുന്നത് പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. ജാമ്യം എടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ മാസം ലൈസൻസ് പോകും, തിരിച്ചു വാഹനത്തിൽ കയറും. വീണ്ടും തോന്നുന്നത് പോലെ വാഹനം ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. വേറൊന്നുമില്ല.
അതിന് താഴെ കാറും മറ്റു നാലു ചക്രമുള്ള വാഹനങ്ങളും. ബസും ലോറിയും അവരും പേടിക്കണം. പക്ഷെ ഇരു ചക്രവാഹനങ്ങളെയും കാൽനടക്കാരേയും അവർ ശ്രദ്ധിക്കേണ്ട കാര്യമില്ല. അവർ കാർ തോന്നുന്നത് പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. ജാമ്യം എടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ മാസം ലൈസൻസ് പോകും, തിരിച്ചു വാഹനത്തിൽ കയറും. വീണ്ടും തോന്നിയ പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. വേറൊന്നുമില്ല.
അതിന് താഴെ ബൈക്ക് ഉപയോഗിക്കുന്നവർ. അവർ ബസിനെ, ലോറിയെ, കാറിനെ പേടിക്കണം. പക്ഷെ കാൽനടയാത്രക്കാർ അവർക്ക് ഒരു പ്രശ്നമല്ല. ബൈക്ക് തോന്നിയ പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. ജാമ്യം എടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ മാസം ലൈസൻസ് പോകും, തിരിച്ചു വാഹനത്തിൽ കയറും. വീണ്ടും തോന്നിയ പോലെ ഓടിക്കും, ആളെ ഇടിക്കും, തെറിപ്പിക്കും, ചിലപ്പോൾ കൊല്ലും. വേറൊന്നുമില്ല.
ഇതിനൊക്കെ താഴെ ആഫ്രിക്കൻ വനത്തിലെ മാൻകുട്ടിയാണ് കാൽനട യാത്രക്കാർ. അവർ റോഡിലുള്ള മറ്റു മൃഗങ്ങളെ പേടിക്കണം. സീബ്ര ആയാലും സിഗ്നൽ ആയാലും ജീവൻ കയ്യിൽ പിടിച്ചു മാത്രമേ റോഡിൽ ഇറങ്ങാൻ പറ്റൂ. എ.ഐ. കാമറ ഉണ്ടായിട്ടും നിയമങ്ങൾ പാലിക്കപ്പെടാത്തത് നിയമലംഘനത്തിന് വലിയ പ്രത്യാഘാതം ഇല്ലാത്തത് കൊണ്ടാണ്.
ഇത് മാറണം. നമ്മുടെ റോഡുകളിൽ കാടൻ നിയമം പോരാ. കാൽനടയാത്രക്കാർക്ക് ജീവന് സുരക്ഷ വേണം. സീബ്രാ, സിഗ്നൽ നിയമങ്ങൾ ലംഘിക്കുന്നവർ ആരും പിന്നെ വാഹനം ഓടിക്കാൻ പാടില്ല.
ഒരു വർഷം നാലായിരം ആളുകൾ മരിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. നാല്പതിനായിരം ആളുകൾക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നത്. ഓരോ പ്രാവശ്യവും റോഡിൽ ഇറങ്ങുന്നത് റിസ്ക് ആണ്, റോഡിൽ നിങ്ങൾ മാനോ സിംഹമോ ആണെന്നത് അനുസരിച്ചിരിക്കും നമ്മുടെ അതിജീവനം. റോഡിലെ സിംഹം ആകാനാണ് എല്ലാവരും ശ്രമിക്കുക.
മാനുകൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്, അവസരം വേണം.
മുരളി തുമ്മാരുകുടി
Leave a Comment