ദിവസം മുഴുവൻ വീടിന് പുറത്തായിരുന്നു. എറണാകുളം ജില്ലയിൽ വെള്ളം കയറിയ സ്ഥലങ്ങളും പതിവിലേറെ ഉയർന്നൊഴുകുന്ന പെരിയാറും കലങ്ങി കിടക്കുന്ന കായലുകളും കണ്ടു. പകൽ അത്ര വലിയ മഴ ഉണ്ടാകാതിരുന്നത് കൊണ്ട് വൈകീട്ട് തിരിച്ചെത്തിയപ്പോഴേക്കും ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. ആശ്വാസം.
മറ്റുള്ള ജില്ലകളിൽ അങ്ങനെ അല്ല എന്നാണ് വാർത്തകൾ വരുന്നത്. പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ മഴ തുടരുന്നു എന്നും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഒക്കെ ഉണ്ടാകുന്നു എന്നും വാർത്തകൾ വരുന്നു. ഈ മേഖലയിലുള്ളവർ വേണ്ടത്ര മുൻകരുതലുകൾ എടുക്കുക, ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക, സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുക, സുരക്ഷിതരായിരിക്കുക.
ഇപ്പോൾ ചെറിയൊരു കാര്യം പറയാനാണ് എഴുതുന്നത്. ഞാൻ സംസാരിച്ചവരെല്ലാം തന്നെ, ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ടെലിവിഷനും ഓൺ ചെയ്ത് വാർത്തകൾ സദാസമയവും കേട്ടുകൊണ്ടിരിക്കുകയാണ്. ചാനലുകൾ ആകട്ടെ കേരളത്തിൽ പലയിടത്തു നിന്നും ഉരുൾ പൊട്ടലിന്റെയും വെള്ളം കയറുന്നതിന്റെയും ചിത്രങ്ങൾ തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു.
ഇതത്ര ആരോഗ്യകരമായ കാര്യമല്ല. ടി വി ചാനലുകൾ ലൈവ് ആയും ലൂപ്പ് ആയും വെള്ളപ്പൊക്കം കാണിച്ചുകൊണ്ടേ ഇരിക്കും. എന്നാൽ വീട്ടിലുള്ളവർ, പ്രത്യേകിച്ചും കഴിഞ്ഞ വർഷം പ്രളയദുരിതത്തിലൂടെ കടന്നു പോയ കുട്ടികളും ഭിന്നശേഷി ഉളളവരും, പ്രായമുള്ളവരും പൊതുവെ മനക്കട്ടി കുറഞ്ഞവരും ഇത്തരത്തിലുള്ള വാർത്തകൾ തുടർച്ചയായി കാണുന്പോൾ അവർക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാകും. അതൊഴിവാക്കണം.
ടി വി യിൽ പ്രളയം കാണുന്നത് പ്രധാന വാർത്തകളുടെ സമയത്തേക്ക് മാത്രമായി ചുരുക്കണം. വീട്ടിൽ മുൻപറഞ്ഞ വിഭാഗത്തിലുള്ളവരുണ്ടെങ്കിൽ അവരോട് എന്താണ് സംഭവിക്കുന്നത്, എന്ത് മുൻകരുതലുകളാണ് കുടുംബം കൈക്കൊണ്ടിരിക്കുന്നത്, എന്തുകൊണ്ട് അവർ ആശങ്കപ്പെടേണ്ട എന്നെല്ലാം പറഞ്ഞു മനസ്സിലാക്കണം. വേണ്ടത്ര മുൻകരുതലുകൾ വേണ്ടസമയത്ത് എടുക്കുകയും വേണം എന്ന് പ്രത്യേകം പറയേണ്ടല്ലോ.
കൂടുതൽ കാര്യങ്ങൾ രാത്രി എഴുതാം.
മുരളി തുമ്മാരുകുടി
പെരുന്പാവൂർ, ആഗസ്റ്റ്, 9
18:30
Leave a Comment