പൊതു വിഭാഗം

സിദ്ധാർഥ് കോളേജിലെത്തുന്പോൾ…

ചെർണോബിലും ഫുക്കുഷിമയും പോലുള്ള വലിയ ന്യൂക്ലിയർ അപകടങ്ങൾ ഉണ്ടാകുന്പോൾ അന്താരാഷ്ട്ര ഏജൻസികൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു ഇന്ന് മുഴുവൻ. ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്താണ് മീറ്റിംഗ്. അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസി കൂടാതെ യൂറോപ്യൻ യൂണിയൻ തൊട്ട് ലോക ഭക്ഷ്യ സംഘടന വരെ ഇരുപതോളം ഏജൻസിയിലെ വിദഗ്ദ്ധർ മുറിയിലുണ്ട്.
 
പക്ഷെ എൻറെ മനസ്സ് മുഴുവൻ നാട്ടിലാണ്. സിദ്ധാർത്ഥിന്റെ കോളേജിലെ ഒന്നാമത്തെ ദിവസമാണ്. പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിലാണ് സിദ്ധാർഥ് ഉപരിപഠനത്തിനായി ചേർന്നിരിക്കുന്നത്. കൊമേഴ്‌സ് ആണ് വിഷയം.
 
വൈകീട്ട് അഞ്ചുമണിയായി സിദ്ധാർഥ് തിരിച്ചു വീട്ടിലെത്തിയപ്പോൾ. ഉടൻ എന്നെ വിളിച്ചു വിശേഷങ്ങൾ പറഞ്ഞു. ക്ലാസ്സിൽ അന്പത് പേരുണ്ട്, പകുതി പെൺകുട്ടികളാണ്, അവൻറെ കൂടെ സ്‌കൂൾ ക്ലാസിൽ പഠിച്ച മൂന്നു പേരുണ്ട്, പുതിയതായി ഒന്നുരണ്ടു കൂട്ടുകാരെ പരിചയപ്പെട്ടു, പെൺകുട്ടികളോട് ഒന്നും മിണ്ടിയില്ല എന്നൊക്കെ പറഞ്ഞു. അഞ്ചു വർഷം പത്തൊന്പത് പെൺകുട്ടികളുടെ കൂടെ പഠിച്ചിട്ട് ആരോടും ഒരിക്കലും മിണ്ടാതിരുന്ന അച്ഛന്റെ മകനല്ലേ, കുഴപ്പമില്ല, എന്ന് മനസ്സിൽ ഓർത്തു!. എന്നാലും പെൺകുട്ടികളെയും പരിചയപ്പെടണമെന്നും കൂടുതൽ കൂട്ടുകാരെ ഉണ്ടാക്കണമെന്നും പറഞ്ഞു. അങ്ങനെ ഒന്നാം ദിവസം സന്തോഷമായി കടന്നു പോയി.
 
ആയിരക്കണക്കിന് വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞിട്ട് ഈ വർഷം ബിരുദ പഠനത്തിലേക്ക് കടക്കുന്നത്. അതിലൊരാളാണ് സിദ്ധാർഥും. അവരുടെയെല്ലാം മാതാപിതാക്കൾക്കും ഇത് സന്തോഷത്തിന്റെ സമയമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ യാത്ര സാധാരണക്കാരേക്കാൾ കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതായിരുന്നതിനാൽ ഈ ദിവസത്തിന് അല്പം കൂടുതൽ മധുരം ഉണ്ടെന്ന് മാത്രം.
 
അല്പം പോലും സംസാരിക്കാതെ, ഒന്നോ രണ്ടോ വാക്കുകൾ മാത്രം എഴുതിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയായിട്ടാണ് സിദ്ധാർഥ് പന്ത്രണ്ട് വർഷം മുൻപ് ചോയ്‌സ് സ്‌കൂളിൽ എത്തുന്നത്. പതുക്കെപ്പതുക്കെ വാക്കുകൾ തിരിച്ചു വന്നു, ഏത് വിഷയത്തിലാണ് അവന് അഭിരുചിയും കഴിവും എന്ന് തെളിഞ്ഞു വന്നു. പെയിന്റിങ്ങും അക്കൗണ്ടൻസിയും എൺപതും തൊണ്ണൂറും ശതമാനം മാർക്ക് വാങ്ങി അവൻ പാസ്സാവാൻ തുടങ്ങി. ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ എങ്ങനെ കിട്ടും എന്നുള്ള പേടിയിൽ നിന്നും കേരളത്തിലെ കൊമേഴ്സിന് മുൻ നിരയിൽ നിൽക്കുന്ന കോളേജിൽ പഠിക്കാം എന്നുള്ള ആത്മവിശ്വാസം അവനുണ്ടായി, ഞങ്ങൾക്കും.
നന്ദി പറയേണ്ടവർ ഏറെയുണ്ട്. ഇങ്ങനെയുള്ള കുട്ടികളുടെ കാര്യത്തിൽ അവരുടെ അമ്മയാണ് ഏറ്റവും ആത്മാർഥമായി ഇതിന് വേണ്ടി പണിയെടുക്കുന്നത്. അതിന് എല്ലാ പിന്തുണയും നൽകിയ ചോയ്‌സ് സ്‌കൂൾ, അവിടുത്തെ അധ്യാപകർ, ഇപ്പോൾ അവന് തുടർന്ന് പഠിക്കാൻ അവസരം നൽകിയിരിക്കുന്ന സേക്രഡ് ഹാർട്ട് കോളേജ്. എല്ലാവരോടും കടപ്പാടും സ്നേഹവും മാത്രം.
 
സിദ്ധാർത്ഥിനെ പറ്റി ഞാൻ എൻറെ വായനക്കാരോട് പറഞ്ഞ അന്ന് മുതൽ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നത്. ഒരു കാര്യം കൂടി, സിദ്ധാർത്ഥിനെ പോലെയുള്ള കുട്ടികൾ വേറെയും ഉണ്ട്, അവരിൽ പലരുടേയും മാതാപിതാക്കൾക്ക് ആത്മവിശ്വാസത്തിന്റെയും അറിവിന്റെയും പിന്തുണ വേണം. സിദ്ധാർഥ് പുതിയതായി ഓരോന്നും ചെയ്യുന്പോൾ അവരവരുടെ കുട്ടികളിൽ കൂടുതൽ വിശ്വസിക്കാനും അവരെ കൂടുതൽ ഉയരത്തിൽ എത്തിക്കാനും പരിശ്രമിക്കാൻ ആ മാതാപിതാക്കൾക്കും ആത്മവിശ്വാസം കിട്ടുകയാണ്. നമ്മുടെ കുട്ടികളെ നമ്മുടേയും അവരുടെയും അറിവിന്റെയും കഴിവിന്റേയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി അവസരങ്ങൾ കൊടുക്കേണ്ടത് എല്ലാ മാതാപിതാക്കളുടേയും ഉത്തരവാദിത്തം ആണല്ലോ.
 
സിദ്ധാർത്ഥിന്റെ യാത്ര ഇനിയും ഏറെ ദൂരമുണ്ട്. അവധിക്കാലത്ത് മുഴുവൻ ദുബായിലെ പെയിന്റിംഗ് എക്സിബിഷന് വേണ്ടിയുള്ള ചിത്ര രചനയിൽ ആയിരുന്നു Siddharth. തിരക്കുമൂലം എനിക്ക് നാട്ടിൽ വരാനും കഴിഞ്ഞില്ല. ഇനി ഓണത്തിന് നാട്ടിൽ വരണം, കഴിഞ്ഞ വർഷം ഓണക്കാലത്ത് മാറ്റിവെച്ച തിരുവനന്തപുരത്തെ എക്സിബിഷൻ നടത്തണം, വർഷാവസാനം ദുബായിലെ എക്സിബിഷനും. കോളേജിൽ പോയാലും പടം വര തുടരും. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പിന്തുണയും എപ്പോഴും വേണം.
 
മുരളി തുമ്മാരുകുടി
 
The Choice School
Sacred Heart College, Thevara

Leave a Comment