പൊതു വിഭാഗം

സാന്റാ മോണിക്കയിൽ ഒരു ദിവസം

കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് സാന്റാ മോണിക്ക എന്ന സ്ഥാപനം ഒരേ ദിവസം ഓറിയന്റേഷൻ നൽകുന്ന ചിത്രം കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്നിരുന്നല്ലോ.

ഇത്തവണ നാട്ടിൽ വരുന്പോൾ സാന്റാ മോണിക്കയിൽ ഒരു ദിവസം പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ്. എന്റെ സുഹൃത്ത് Mahesh Gupthanവഴി അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച അവരുടെ ഓഫിസിൽ പോയി. വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നവർ, വിസ കൈകാര്യം ചെയ്യുന്നവർ, ടിക്കറ്റിങ് വിഭാഗം, വിദേശ നാണ്യവിഭാഗം എന്നിങ്ങനെ അനവധി ഡിപ്പാർട്മെന്റുകൾ ഉണ്ട്. എണ്ണയിട്ട യന്ത്രം പോലെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

സീനിയർ മാനേജ്‌മെന്റിൽ ഉള്ളവരുമായി അവരുടെ തുടക്കത്തെ പറ്റിയും ഇപ്പോഴത്തെ ട്രെൻഡിനെ പറ്റിയും സംസാരിച്ചു, വിദ്യാർത്ഥികൾക്ക് നിർദ്ദേശം നല്കുന്ന സ്റ്റാഫുമായി സംവദിച്ചു.

വിദേശത്തേക്ക് കേരളത്തിൽ നിന്ന് ഇപ്പോൾ ഒരു ഒഴുക്കിന്റെ കാലമാണ്. പണ്ടൊക്കെ ബിരുദാനന്തരബിരുദവും കഴിഞ്ഞ് ഏറ്റവും ഉയർന്ന മാർക്കുള്ള കുട്ടികൾ സ്‌കോളർഷിപ്പ് നേടി വിദേശ പഠനത്തിന് പോകുന്നത് മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞാൽ ബാങ്ക് ലോണും എടുത്ത് കുട്ടികൾ വിദേശത്തേക്ക് പോകാൻ തിരക്ക് കൂട്ടുകയാണ്.

ഈ വിഷയത്തിൽ കേരളത്തിൽ ഉള്ളവർക്കും വിദേശത്ത് ഉള്ള മലയാളികൾക്കും വ്യത്യസ്ത അഭിപ്രായം ഉണ്ട്. ഞാൻ ഈ ട്രെൻഡിനെ പൂർണ്ണമായും പിന്തുണക്കുന്ന ആളാണ്. മാതാപിതാക്കളെ മാത്രം ആശ്രയിച്ച് ബിരുദനനാന്തരബിരുദം വരെ എടുത്തതിന് ശേഷം പന്ത്രണ്ടാം ക്ലാസ് മാത്രം ആവശ്യമായ സർക്കാർ ജോലികൾ നേടുക എന്നതൊക്കെ സ്വപ്നവും യാഥാർഥ്യവും ആയിരിക്കുന്ന നാട്ടിൽ ഏറ്റവും ചെറുപ്പത്തിൽ തന്നെ സ്വന്തമായി കാര്യങ്ങൾ നോക്കുകയും പണി ചെയ്തു കുറച്ചു പണമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കുട്ടികൾ മാറുന്നത് നല്ല കാര്യമാണ്.

ലോകമെന്പാടുനിന്നും വിദ്യാർഥികൾ പഠിക്കാനും തൊഴിലിനും ആയി അതിർത്തി കടക്കുകയാണ്. ഇത് വിദ്യാർത്ഥികളെ പുറത്തേക്ക് വിടുന്ന രാജ്യത്തിനും വിദ്യാർത്ഥികളെ സ്വീകരിക്കുന്ന രാജ്യത്തിനും ഒരുപോലെ പ്രയോജനമുള്ളതാണെന്ന് അനവധി സാന്പത്തിക പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.

സാന്റമോണിക്കയിലെ കസ്റ്റമർ രംഗത്ത് ഉള്ളവരിൽ നിന്നും അനവധി ചോദ്യങ്ങൾ ഉണ്ടായി. യു.കെ. യിലെ നിയമങ്ങൾ മാറുന്നത്, ന്യൂ സിലാന്റിലെ സാദ്ധ്യതകൾ, ജപ്പാനിലെ ഇമ്മിഗ്രെഷൻ പോളിസി, ആഗോള സന്പദ് വ്യവസ്ഥ, യുദ്ധങ്ങളും മറ്റും ഉണ്ടാകുന്പോൾ വിദ്യാർത്ഥികൾക്കുള്ള സംരക്ഷണം എന്നതൊക്കെ.

ആഗോളവൽക്കരിക്കപ്പെടുന്ന സന്പദ്‌വ്യവസ്ഥ, സന്പന്നരാജ്യങ്ങളിലെ കുറയുന്ന ജനന നിരക്ക്, തൊഴിലാളികളുടെ അഭാവം, എളുപ്പമാക്കുന്ന അന്താരാഷ്ട്ര യാത്രകൾ എന്നിങ്ങനെയുള്ള സാന്പത്തികമായ മാക്രോ ട്രെൻഡുകൾ എല്ലാം വിദേശത്തേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുന്നവയാണ്. ഇതിനിടയിൽ കുടിയേറ്റത്തിനെതിരായ നാട്ടുകാരുടെ വികാരം, അത് മുതലെടുക്കുന്ന രാഷ്ട്രീയം ഇതൊക്കെയും ലോകത്ത് നില നിൽക്കുന്നു. എന്നാലും ആത്യന്തികമായി സാന്പത്തിക യാഥാർഥ്യങ്ങൾ പ്രൊട്ടക്ഷനിസ്റ് രാഷ്ട്രീയത്തെ മാറ്റും എന്ന സന്ദേശമാണ് ഞാൻ നൽകിയത്.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പുറത്തേക്കു പോക്ക് അഞ്ചു വർഷത്തിനകം ഒരു ലക്ഷം കവിയും എന്നാണ് ഞാൻ ഒരിക്കൽ പറഞ്ഞത്. ഇത്തവണ നാട്ടിൽ വന്ന് അധ്യാപകരോടും മാതാപിതാക്കളോടും സംസാരിച്ചതിൽ നിന്നും മനസ്സിലായത് അതിന് അഞ്ചു വർഷം വേണ്ടി വരില്ല എന്നാണ്.

വിദേശ വിദ്യാഭ്യാസം ഒരു ട്രെൻഡ് ആയതോടെ കരിയർ കൺസൾട്ടൻസികൾ കുണുപോലെ മുളച്ചു പൊങ്ങുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ കുറച്ച് വേണം. ഈ രംഗത്ത് ഉള്ളവരുടെ കൂട്ടായ്മയും വേണ്ടതാണ്.

ഒരു വരവ് കൂടി വരേണ്ടി വരും

മുരളി തുമ്മാരുകുടി

May be an image of 8 people, people smiling and hospitalMay be an image of 4 people, people smiling and dais

Leave a Comment