പൊതു വിഭാഗം

സത്യത്തിന്റെ മുഖാമുഖം

മുൻപ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, എന്നാലും ഒന്നുകൂടി പറയാൻ സന്തോഷമേ ഉള്ളൂ.

നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവും ചീഞ്ഞളിഞ്ഞു കിടക്കുന്ന ഭാഗങ്ങളെ കുത്തിയിളക്കി അതിന്റെ ദുർഗന്ധം നമ്മുടെ സിറ്റിംഗ് റൂമിൽ എത്തിക്കാൻ മലയാള ടെലിവിഷൻ ചാനലുകൾ മത്സരിക്കുമ്പോൾ ചാനൽ രംഗത്തെ ശുദ്ധവായുവിന്റെ കുളിർകാറ്റാണ് സഫാരി ചാനൽ. അതിൽ തന്നെ ഏറ്റവും നല്ല പ്രോഗ്രാമാണ് ചരിത്രം എന്നിലൂടെ എന്നത്. മുപ്പതോ നാല്പതോ വർഷം കഴിയുമ്പോൾ, ഇപ്പോൾ ചരിത്രം പറയുന്നവരൊക്കെ ഇവിടെ ഇല്ലതെയായി കഴിയുമ്പോൾ, ദിവസേന പരസ്പരം ചെളിവാരിയേറുന്ന ഇന്നത്തെ കേരളത്തെ പറ്റി “പണ്ടൊക്കെ എത്ര മനോഹരമായിരുന്നു, രാഷ്ട്രീയം എത്ര ആദർശപരമായിരുന്നു” എന്നൊക്കെ ആളുകൾ പറഞ്ഞു തുടങ്ങുമ്പോൾ ചരിത്രത്തിന്റെ സമകാലീന പരിഛേദങ്ങളുടെ ആവശ്യവും വിലയും കൂടും.

ഈ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീ ഡെന്നിസ് ജോസഫിന്റെ മുപ്പത് എപ്പിസോഡുകൾ ആണ്. ഇത്രയും സത്യസന്ധമായ, അനാവശ്യമായ വാക്കുകൾ കുത്തി നിറക്കാത്ത, വിജയങ്ങൾക്ക് മറ്റുള്ളവർക്ക് ക്രെഡിറ്റ് കൊടുക്കുന്ന, വിജയത്തോടൊപ്പം പരാജയങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ഏറ്റു പറയുന്ന, മലയാള സിനിമാ മേഖലയിൽ ഉള്ളവരെപ്പറ്റി ഭീതിയോ ദ്വേഷമോ ഇല്ലാതെ അവരുടെ (കൂടുതലും) നന്മകളും , എന്നാൽ തിന്മകളും ഒക്കെ എടുത്ത് പറയുന്ന ഒരു സീരീസ് അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല.

സത്യത്തിൽ പതിറ്റാറ്റുണ്ടുകൾ ആയി സിനിമാ രംഗത്തുനിന്നുള്ള സെലിബ്രിറ്റികളുടെ ഇന്റർവ്യൂ ഞാൻ കാര്യമായി ശ്രദ്ധിക്കാറില്ല. കാരണം ഇത്തരം ഇന്റർവ്യൂവിന്റെ പിന്നാമ്പുറം കാണാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ്. പൊതുവിൽ നൂറു ശതമാനം “സ്ക്രിപ്റ്റഡ്” ആണ് ഇത്തരം ഇന്റർവ്യൂ എല്ലാം. ആരാണ് ഇന്റർവ്യൂ എടുക്കുന്നത്, എവിടെ വച്ച്, ഏത് ആംഗിളിൽ, ഏതു ചോദ്യങ്ങൾ ചോദിക്കുന്നു, എന്ത് ഉത്തരം പറയും ഇതൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കയാണ്. കൊള്ളാവുന്ന സെലിബ്രിറ്റി ഒക്കെ ആണെങ്കിൽ കൂടെ ഒരു മൈൻഡർ കാണും, ഇന്റർവ്യൂവിന് മുൻപും, അതിൻ്റെ സമയത്തും, അതിന് ശേഷവും അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒരു എന്റർടൈൻമെന്റ് പോലെ ഇതൊക്കെ കാണുന്നതിൽ ഒരു കുഴപ്പവുമില്ല, പക്ഷെ ഇതൊക്കെ സ്വാഭാവികമായ ചോദ്യോത്തരങ്ങൾ ആണെന്ന് ചിന്തിക്കുന്നതാണ് പ്രശ്നം. അത് വേണ്ട.

ഇതൊക്കെ ലോകത്തിൽ എല്ലായിടത്തും ഉണ്ടെങ്കിലും കേരളത്തിലെ സിനിമാരംഗത്തുള്ളവരെ ഇന്റർവ്യൂ വളരെ പ്രെഡിക്റ്റബിൾ ആണ്. മൂന്നോ നാലോ ആളുകൾ ആണ് മലയാള സിനിമയുടെ ഉച്ചിയിൽ ഇരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഇവരെ ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിക്കുന്നത് തന്നെ ഒരു ഭാഗ്യമായിട്ടാണ് മാധ്യമങ്ങൾ കരുതുന്നത്, അതുകൊണ്ട് അവരെ ഇന്റർവ്യൂ ചെയ്യുന്നവർ വിനീത വിധേയരായാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അവരുടെ കർമ്മ മണ്ഡലങ്ങളിലെ തെറ്റായ പ്രവണതകളെപ്പറ്റി, പുഴുക്കുത്തുകളെ പറ്റി ഏതെങ്കിലും ഒക്കെ തരത്തിൽ അവർക്ക് അലോസരമുണ്ടാക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കുന്നു. അവസാനം അവരുടെ കറുകളുടെ ശേഖരത്തെപ്പറ്റി, വീടുകളുടെ വലിപ്പത്തെപ്പറ്റി പട്ടിയേയും കുട്ടിയേയും ഒക്കെ പറഞ്ഞു കാര്യങ്ങൾ തീർക്കുന്നു. ചോദിക്കുന്നവർക്കും ഉത്തരം പറയുന്നവർക്കും സുഖം. കണ്ടിരിക്കുന്നവരുടെ ആസ്വാദന നിലവാരം ദിവസേന താഴേക്ക് എത്തിക്കുന്നു.

മലയാള സിനിമയിലെ രണ്ടാം നിരയിലുള്ള സെലിബ്രിറ്റികളുടെ ഇന്റർവ്യൂ ആണ് അതിലും കഷ്ടം. ഇവരെയൊക്കെ ആരെങ്കിലും ഒക്കെ പരിശീലിപ്പിച്ചതാണോ എന്ന് തോന്നും ഇന്റർവ്യൂ കേട്ടാൽ. ഒന്നാം നിരയിലുള്ളവരെ പൊക്കിയടിക്കുക എന്നതാണ് പ്രധാന പരിപാടി. ഈ ഐറ്റം നിർബന്ധമാണ്. ചില ഇന്റർവ്യൂ ഒക്കെ എടുക്കുന്നത് തന്നെ ഇതിന് വേണ്ടി ആണെന്ന് തോന്നും.

ഒന്നാം നിരയാണെങ്കിലും രണ്ടാം നിരയാണെങ്കിലും മറ്റൊരു കാര്യം കൂടിയുണ്ട്. ഇത്തരം ഇന്റർവ്യൂ കണ്ടാൽ നന്മമരങ്ങളുടെ ഭൂലോക സംഗമം ആണ് മലയാളം സിനിമ എന്ന് നമുക്ക് തോന്നും. എല്ലാവരും പരസ്പരം സ്നേഹവും ബഹുമാനവും കോരിച്ചൊരിയുന്നു. നല്ലത്. പക്ഷെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരോട് അഞ്ചു മിനുട്ടെങ്കിലും നേരിട്ട് സംസാരിച്ചാൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. സിനിമാ രംഗം പരദൂഷണത്തിൻ്റെ, പാര വൈപ്പിൻറെ, കുതികാൽ വെട്ടിന്റെ ഒക്കെ കേളീ രംഗമാണ്. പക്ഷെ ഇതൊന്നും നാം ടെലിവിഷൻ ഇന്റർവ്യൂവിലൂടെ കേൾക്കാൻ പോകുന്നില്ല.

ഒരു തൊഴിൽ രംഗത്ത് ജോലി ചെയ്യുന്നവർ അതേ തൊഴിൽ രംഗത്ത് ജോലി ചെയ്യുന്ന മറ്റുള്ളവരെ പറ്റി സ്വകാര്യമായി മോശമായി പറയുന്നത് സിനിമാക്കാരുടെ കുത്തക ഒന്നുമല്ല കേട്ടോ. പാടത്ത് വരമ്പ് വക്കുന്ന പണിക്കാർ മറ്റുള്ളവരുടെ പണിയെ കുറ്റം പറയുന്നത് ഞാൻ ചെറുപ്പത്തിൽ എത്രയോ കേട്ടിട്ടുണ്ട്. മറ്റൊരു ഡോക്ടർ ചെയ്യുന്ന സർജറിയെ കുറ്റം പറയാത്ത സർജന്മാരെ ഞാൻ കണ്ടിട്ട് തന്നെ ഇല്ല എന്ന് പറയാം. ജ്യോത്സനായിരുന്ന എൻ്റെ വല്യച്ഛന്റെ അടുത്ത് വന്നു മറ്റുള്ള ജ്യോത്സന്മാരെ കുറ്റം പറയുന്ന ജ്യോതിഷ ശിരോമണികളെ എത്രയോ കണ്ടിരിക്കുന്നു. ഫേസ്ബുക്കിൽ എന്നെ ഏറ്റവും കൂടുതൽ “പുച്ഛിച്ചിട്ടുള്ളവരുടെ” ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് യു എന്നിൽ കുറച്ചുകാലം ഒക്കെ ജോലി ചെയ്തിട്ടുള്ളവർ ആണ്. അപ്പോൾ തൊഴിൽ വൈരത്തിന് വെങ്ങോലയെന്നോ ന്യൂ യോർക്ക് എന്നോ, കൃഷിപ്പണിയെന്നോ ഡിപ്ലോമസി എന്നോ ഇല്ല. ഇതൊരു ആഗോള പ്രതിഭാസം ആണ്. പക്ഷെ ഇതൊക്കെ കഴിഞ്ഞു പബ്ലിക്ക് ആയി മറ്റുള്ളവരെ പുകഴ്ത്തുന്നതിൽ ഒരു തെറ്റുമില്ല, നല്ല കാര്യമാണ്. പക്ഷെ ഇത്തരം ഹിപ്പോക്രസി കേട്ടിരിക്കാൻ ഞാൻ സമയം കളയാറില്ല, അത്രയേ ഉള്ളൂ.

ഇവിടെയാണ് ശ്രീ ഡെന്നിസ് ജോസഫിനെപ്പോലെ ഉള്ളവരുടെ അഭാവം ശരിക്കും “നികത്താനാവാത്ത’ വിടവായി എനിക്ക് അനുഭവപ്പെടുന്നത്. അല്പം സമയം കിട്ടിയാൽ അദ്ദേഹത്തെ വീണ്ടും വീണ്ടും കേൾക്കുന്നത് എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്. അദ്ദേഹത്തെ നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം ഇപ്പോൾ ഉണ്ട്.

മുരളി തുമ്മാരുകുടി

May be a close-up of 1 person, beard, glasses and text that says "SAFARI SAFARI"

Leave a Comment