ആദ്യമായി ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്നത് ബ്രൂണെയിലാണ്. അന്നുമിന്നും കൂടുതൽ പേര് ബ്രൂണെയെ അറിയുന്നത് അവിടുത്തെ സമ്പന്നനായ സുൽത്താന്റെ പേരിലാണ്. സുൽത്താന്റെ ഭരണമായതു കൊണ്ട് ബ്രൂണെ മധ്യപൂർവേഷ്യയിൽ എവിടെയോ ആണെന്നാണ് ലോകത്ത് അധികം പേരും ധരിച്ചിരിക്കുന്നത്. ഇന്റർവ്യൂവിന് പോകാൻ സിങ്കപ്പൂർ എയർലൈൻസിന്റെ ടിക്കറ്റ് കിട്ടിയപ്പോൾ ഞാൻ തന്നെ അമ്പരന്നു; ബ്രൂണെ ബോംബെക്ക് കിഴക്കോ അതോ പടിഞ്ഞാറോ?
സിംഗപ്പൂരിനും താഴെയുള്ള ഒരു വലിയ ദ്വീപിന്റെ വടക്കുഭാഗത്ത് പൊട്ടു പോലെയുള്ള ഒരു രാജ്യമാണ് ബ്രൂണെ. നൂറു കിലോമീറ്റർ നീളം, ഏറിയാൽ അറുപത് കിലോമീറ്റർ വീതി, നാലു ജില്ലകൾ, ഏതാണ്ട് രണ്ടു ലക്ഷത്തോളം ജനങ്ങൾ, ഇത്രയേയുള്ളൂ ബ്രൂണെ.
സുൽത്താന്റെ ഭരണമൊക്കെയായതിനാലാകണം ഞാനവിടെ നാലു വർഷം ജോലിചെയ്തിട്ടും എന്റെ സുഹൃത്ത് ബാബുവല്ലാതെ ആരും അവിടേക്ക് എത്തിനോക്കിയില്ല. എണ്ണക്കിണറുകളല്ലാതെ കേരളത്തിൽ കാണാത്ത അധികം കാഴ്ചകളൊന്നും അവിടെയില്ലാത്തതിനാൽ ആരെയും ഞാൻ അങ്ങോട്ട് ക്ഷണിച്ചതുമില്ല.
എന്നാൽ ജനീവയിലെ കാര്യം അങ്ങനെയല്ല. സ്വിറ്റ്സർലാൻഡിലാണ് ജനീവ എന്നെല്ലാവർക്കുമറിയാം. സ്വിറ്റ്സർലാൻഡ് എന്നാൽ ഭൂമിയിലെ സ്വർഗ്ഗമാണെന്ന് ഹിന്ദിസിനിമ കാണുന്ന എല്ലാവർക്കുമറിയാം. അതിനാൽ ഓരോ വർഷവും എനിക്ക് ധാരാളം അതിഥികളുമുണ്ട്. അതിലെനിക്ക് സന്തോഷം മാത്രം.
മന്ത്രിമാർ, മേയർമാർ, സിനിമാപ്രവർത്തകർ, പത്രപ്രവർത്തകർ, ഡോക്ടർമാർ തുടങ്ങി ടാക്സിഡ്രൈവർ വരെ എന്റെ അതിഥികളായി ഇവിടെ വന്നിട്ടുണ്ട്. ഇവരെ ഓരോരുത്തരെയും സുന്ദരമായ മലനാടും പ്രശസ്തമായ ലീഗ് ഓഫ് നേഷൻസിന്റെ ബിൽഡിങ്ങും ചരിത്രപ്രസിദ്ധമായ കാൽവിന്റെ പള്ളിയുമൊക്കെ ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. പിന്നെ അവർക്ക് പ്രത്യേക താല്പര്യമുള്ളതെന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യും. മഞ്ഞ്, മല, മ്യൂസിയം, ചുവന്ന തെരുവ്, അഡൾട്ട ടോയ്‌സ് വിൽക്കുന്ന സ്ഥാപനം ഇവയൊക്കെയാണ് സാധാരണ ഡിമാന്റിൽ വരുന്ന സ്ഥലങ്ങൾ. ഇതിലേതായാലും എനിക്ക് ഇക്കാര്യത്തിൽ ഒരു മതിപ്പു കുറവുമില്ല. കാരണം ഇവിടെ എല്ലാ കേസും എടുക്കും.
കഴിഞ്ഞ വർഷത്തെ ഒരതിഥി കളക്ടർ ബ്രോ പ്രശാന്ത് നായർ ആയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഐക്യരഷ്ട്രസഭയുടെ ഒരു സമ്മേളനത്തിന് മുഖ്യപ്രഭാഷണം നടത്താൻ വന്നതാണ്. യൂറോപ്പിൽ അദ്ദേഹത്തിന് കാണാൻ; ‘പറയൂ ജഗൻ, എവിടെയാണ് പോകേണ്ടത്? പാരീസ്, വിയന്ന, വെനീസ്?’ എന്ന ചോദ്യത്തിന് എന്നെ അമ്പരപിപ്പിച്ച അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു. ‘ഭിന്നശേഷിയുള്ളവരുടെ സഞ്ചാരസൗകര്യത്തിനായി യൂറോപ്പിലുള്ള സംവിധാനങ്ങളാണ് എനിക്ക് കാണേണ്ടത്’.
ഞാനെപ്പോഴും ശ്രദ്ധിക്കുന്ന കാര്യമായതിനാൽ അതെനിക്ക് എളുപ്പമാണ്. നാട്ടിൽ ഒരുകാലത്ത് നയരൂപീകരണത്തിലും അതിന്റെ നിർവഹണത്തിലും പങ്കുവഹിക്കാൻ പോന്ന ഒരാളാണ് ചോദിക്കുന്നത് എന്നതിനാൽ അത് കാണിച്ചുകൊടുക്കുന്നതിൽ എനിക്കും സന്തോഷമുണ്ട്. പിറ്റേന്ന് മുതൽ റെയിൽവേ സ്റ്റേഷനുകളിലും റോഡിലും പള്ളിയിലും മ്യൂസിയത്തിലും പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകളിലുമെല്ലാം ഭിന്നശേഷിയുള്ളവർക്ക് വേണ്ടി എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഞങ്ങൾ അടുത്തുപോയി കണ്ടു മനസ്സിലാക്കി. ധാരാളം ആളുകളോട് അതിനെപ്പറ്റി സംസാരിച്ചു, അനേകം ഫോട്ടോകളുമെടുത്തു.
പണ്ട് വികലാംഗരെന്നോ അതിലും മോശമായ പദങ്ങളുപയോഗിച്ചോ ആണ് നമ്മുടെ സമൂഹം ഭിന്നശേഷിയുള്ളവരെ സംബോധന ചെയ്തിരുന്നത്. ഇപ്പോൾ ‘Differently abled’ എന്നതിന്റെ മലയാളമായ ഭിന്നശേഷി എന്ന വാക്ക് കൂടുതൽ പ്രയോഗത്തിലായി. എന്തെങ്കിലും കാര്യത്തിൽ; അത് കാഴ്ചക്കുറവോ കേൾവിക്കുറവോ കാലിന്റെയോ കൈയുടെയോ സ്വാധീനക്കുറവോ ആണെങ്കിലും അവർ മറ്റെല്ലാ കാര്യത്തിലും നമ്മോട് തുല്യരാണെന്നും, ചില കാര്യങ്ങളിൽ നമ്മെക്കാൾ കഴിവുള്ളവരാണെന്നുമുള്ള ബോധമാണ് ഭിന്നശേഷി എന്ന വാക്കിനുള്ളത്. സമൂഹത്തിന് ഗുണകരമായ സേവനങ്ങൾ; ഹോട്ടൽ ജോലി മുതൽ പ്രധാനമന്ത്രി വരെ, പെയിന്റർ മുതൽ പത്രപ്രവർത്തകൻ വരെയാകാനുള്ള കഴിവ് ഇവർക്കുമുണ്ട്. എന്നാൽ അതിനുള്ള അവസരം നാം ഉണ്ടാക്കണം എന്നുമാത്രം.
അങ്ങനെ ചെയ്യുന്നത് അവരോടുള്ള ഔദാര്യമല്ല, അതവരുടെ അവകാശമാണ്. സമൂഹത്തിൽ പത്തുശതമാനത്തോളം വരുന്ന ഭിന്നശേഷിക്കാരെ ടാലന്റ് പൂളിൽ നിന്ന് മാറ്റിനിർത്തുമ്പോൾ നഷ്ടം സംഭവിക്കുന്നത് സമൂഹത്തിനാണ്. അവരുടെ കഴിവിന്റെ പരമാവധി ഉയരാൻ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.
എന്നാൽ ഇതിന് ഏറ്റവും അടിസ്ഥാനമായി വേണ്ടത് ‘മൊബിലിറ്റി’ ആണ്. വീട്ടിൽനിന്ന് സ്കൂളിലെത്താനും അവിടെ ചെന്നാൽ പടികൾ കയറി ക്ലാസ്സിലെത്താനുമുള്ള സാഹചര്യമില്ലെങ്കിൽ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന്റെ കാര്യമെന്താകും? അവരുടെ കഴിവുകൾ വളർത്താനും പ്രകടിപ്പിക്കാനുമുള്ള വേദി എവിടെ കിട്ടും? അങ്ങനെ അവരുടെ കഴിവുകൾ തെളിയിക്കാൻ അവസരം കിട്ടാതെ വീട്ടിലൊതുങ്ങിക്കൂടുന്നത്രയും കാലം സമൂഹം അവരെ എന്തെങ്കിലും കുറവുകളുള്ളവരായി സഹതാപത്തോടെയേ കാണൂ. ഇതൊക്കെ മാറി അവർക്ക് സഞ്ചരിക്കാനും സ്കൂളിൽ പോയി പഠിക്കാനും അങ്ങനെ അവരുടെ ജീവിതയാത്ര സുഗമമാക്കാനുമുള്ള വഴി നമ്മളൊരുക്കണം.
കേരളം ഇക്കാര്യത്തിൽ ഏറെ പുറകിലാണെന്ന് പറയാതെ വയ്യ. ‘ലോകവികലാംഗ ദിനത്തിന്റെ ഭാഗമായി ഞങ്ങൾ ഒരുദിവസം വീൽചെയറിൽ ചിലവഴിക്കാൻ തീരുമാനിച്ചു. വീൽചെയറിൽ ജീവിക്കുന്നവർക്ക് എന്തൊരു ബുദ്ധിമുട്ടാണ്; അതും പിടിക്കാനും എടുക്കാനും ആളുകൾ ഉണ്ടെങ്കിൽ കൂടി’ എന്ന് അന്നാണ് എനിക്ക് മനസ്സിലായതെന്ന് പ്രശാന്ത് പറഞ്ഞു.
കേരളത്തിൽ വീൽചെയർ ഉപയോഗിക്കുന്നവർ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ട്. വെറും എണ്ണൂറ് പേര് മാത്രമാണ് ഫേസ്‌ബുക്കിൽ ഇത് ലൈക് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ വീൽചെയർ ഉപയോഗിക്കുന്നവരാണ് അധികവും.
ഇത്തരം സമീപനം ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വീൽചെയർ ഉപയോഗിക്കുന്നവരുടെ അവകാശസംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. മുൻപ് പറഞ്ഞതുപോലെ അത് നമ്മുടെ ഔദാര്യമല്ല, ഒരു പരിഷ്കൃതസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
എന്റെ എല്ലാ സുഹൃത്തുക്കളും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാനായി അവരെ പിന്തുണക്കണമെന്നും, ഈ പേജ് ലൈക് ചെയ്യണമെന്നും, ഈ പോസ്റ്റ് പരമാവധി ആളുകളിലെത്തിക്കാൻ ഷെയർ ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
Leave a Comment