പൊതു വിഭാഗം

സംപൂജ്യരോട് ഒരു വാക്ക്!

ലേഖനങ്ങൾ എഴുതുന്പോൾ അല്പം ഗ്രാവിറ്റി കിട്ടണമെങ്കിൽ സിനിമാ ഡയലോഗ് മാത്രം അടിച്ചാൽ പോരാ, ഇടക്കൊക്കെ ചരിത്രവും പുരാണവും ക്വോട്ട് ചെയ്യണം. അതിൽ ബെസ്റ്റാണ് ഈശാവാസ്യോപനിഷത്തിലെ
പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
എന്ന വാക്യങ്ങൾ..
 
കാര്യമായിട്ട് എഴുതുന്ന ആരും എപ്പോഴെങ്കിലും ഈ ശ്ലോകം എടുത്ത് കാച്ചിയിട്ടുണ്ടാകും. എനിക്കതിന്റെ അർഥം ഒന്നും അറിയില്ലെങ്കിലും ഒരു ഗമക്ക് എടുത്ത് പ്രയോഗിച്ചതാണ്. പറയാനുള്ളത് എന്താണെങ്കിലും പറയാം.
 
തൊഴിലിന്റെ ഭാഗമായി ഓരോ മാസവും അനവധി രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളെ കാണാനുള്ള അവസരം എനിക്ക് ലഭിക്കാറുണ്ട്. അതിൽ രാജ്യത്തെ പ്രസിഡന്റുമാർ മുതൽ ടാക്സി ഡ്രൈവർമാർ വരെയുണ്ട്.
 
ഇവരാരും തന്നെ എല്ലാ കാര്യങ്ങളിലും കുറ്റമറ്റവരല്ല. അവർ ചെയ്യുന്ന തൊഴിലുകളിൽ മുതൽ അവരുടെ വ്യക്തിജീവിതത്തിലെ പെരുമാറ്റത്തിൽ വരെ ഞാൻ നോക്കിയാൽ തെറ്റുകൾ കാണുന്നുണ്ട്.
 
എൻറെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളിൽ എനിക്കും എന്റേതായ പരിമിതികളുണ്ട്. ചിലതെല്ലാം എനിക്കറിയാം, മറ്റു പലതും ഞാൻ കാണുന്നില്ലെങ്കിലും മറ്റുള്ളവർക്കറിയാം. അങ്ങനെ എനിക്കറിയാത്ത കുറ്റങ്ങളും എനിക്കുണ്ടാവാം എന്ന ബോധവും എനിക്കുണ്ട്.
 
ഈ കാരണം കൊണ്ട് തന്നെ ഫേസ്ബുക്കിലും പുറത്തുമുള്ള ആളുകളെ ഞാൻ വിസ്തരിക്കാനോ പബ്ലിക്കായി വിലയിരുത്താനോ പോകാറില്ല. അടിസ്ഥാനമായി ഞാൻ ഒരു ജഡ്ജി അല്ല, മെന്റർ ആണ്. എങ്ങനെയാണ് ആളുകളിൽ ഉള്ള ചെറിയ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത്, എങ്ങനെയാണ് അവസരങ്ങൾ കിട്ടാത്തവർക്ക് അവസരങ്ങൾ നൽകി അവർക്ക് ആത്മവിശ്വാസം ഉണ്ടാക്കേണ്ടത് എന്നെല്ലാമാണ് ഞാൻ ഓരോ ദിവസവും ചിന്തിക്കുന്നത്. ഓരോ ആളുകളേയും ഞാൻ സമീപിക്കുന്നതും അതേ മനോഭാവത്തിലാണ്. തൊഴിലിന്റെ രീതികൊണ്ട് തന്നെ നൂറുകണക്കിന് ആളുകളുടെ കാര്യത്തിൽ ഇത്തരം ഇടപെടലുകൾ നടത്താൻ എനിക്ക് കഴിയുന്നുണ്ട്. എന്നിട്ടും ഇതിലും കൂടുതൽ ചെയ്യണമെന്നാണ് എൻറെ ആഗ്രഹം. എന്നാൽ എല്ലാവരുടേയും കാര്യത്തിൽ ഇതൊക്കെ ചെയ്യാൻ സമയത്തിന്റെ അഭാവം ഉള്ളതുകൊണ്ട് ചില തിരഞ്ഞെടുപ്പുകൾ വേണ്ടി വരും.
 
ഞാൻ എൻറെ സമയം ചിലവാക്കുന്പോൾ എനിക്ക് അതുകൊണ്ട് എന്ത് ലാഭം ഉണ്ടാകുമെന്നല്ല ഞാൻ ശ്രദ്ധിക്കുന്നത്. മറിച്ച് ഞാൻ ചിലവാക്കുന്ന സമയത്തിന് പരമാവധി ഗുണം ഉണ്ടാകണം എന്നതാണ് മാത്രമാണ് പ്രധാനം. ആർക്ക് വേണ്ടി സമയം ചിലവാക്കിയാലാണോ പരമാവധി മുന്നേറ്റം ഉണ്ടാകുന്നത് അവരെയാണ് ഞാൻ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ഇത് പലപ്പോഴും ഏറ്റവും മുൻനിരയിൽ ഉള്ളവർ ആകണമെന്നില്ല, ഏറ്റവും പിന്നിൽ നിൽക്കുന്നവരും ആയിരിക്കില്ല. മാറാൻ തയ്യാറായവർ, മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നവർ, മാറ്റാൻ കഴിവുള്ളവർ ഇവരൊക്കെയാണ് ഞാൻ ശ്രദ്ധിക്കുന്ന ആളുകൾ. പുറമെ നിന്ന് നോക്കുന്നവർക്ക് ഈ ലോജിക്ക് മനസ്സിലാകണം എന്നില്ല. ഒരു കാര്യം നേരേ പറയാം. മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും നെഗറ്റിവ് ചിന്തകൾ ഉള്ളവരെ ഞാൻ ഗൗനിക്കാറില്ല. അവിടെ ചിലവാക്കുന്ന സമയം ഓട്ടയുള്ള ബക്കറ്റിൽ കോരി നിറക്കുന്ന ജലം പോലെയാണ്.
 
ഇങ്ങനെ അല്ലാതെയും നമുക്ക് ലോകത്തെ കാണാം. പൂർണ്ണത ഉളളവരെ തിരഞ്ഞു നടക്കാം. മറ്റുള്ളവരുടെ കുറ്റങ്ങൾ ചികഞ്ഞു നമുക്ക് എത്ര സമയം വേണമെങ്കിലും ചിലവാക്കാം. ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ പൂർണ്ണ ചന്ദ്രനിലും കറുത്ത കലകൾ കാണും. പക്ഷെ എവിടെയും കുറ്റം കാണാൻ ശ്രമിക്കുന്നതും ഭൂതക്കണ്ണാടി വെച്ച് പൂർണ്ണചന്ദ്രന്റെ പുറകേ പോകുന്നതും സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തവരാണെന്നാണ് എന്റെ അനുഭവവും വിശ്വാസവും. കുറ്റമുള്ളവരാണ് നമ്മളും എന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനല്ല, സ്വയം നന്നാവാനാണ് നമ്മൾ ശ്രമിക്കുക.
ലോകത്തിലെ എല്ലാ വ്യക്തികളും സമൂഹങ്ങളും കുറ്റങ്ങളും കുറവുകളും ഉള്ളവ തന്നെയാണ്. എന്നാൽ പുരോഗമിക്കുന്ന സമൂഹങ്ങൾ സ്വയം തെറ്റുകൾ അറിയാൻ ശ്രമിച്ച്, അവ തിരുത്തി മുന്നേറുന്നവയാണ്. പുറകോട്ട് പോകുന്നത് മറ്റുള്ളവരുടെ കുറ്റം നോക്കി നടക്കുന്നവരും സ്വന്തം കുറ്റങ്ങൾ അറിയാത്തവരുമാണ്. ‘ഇത്’ പൂർണ്ണമാണ് എന്ന് ചിന്തിച്ച് ‘അതി’ലെ പൂർണ്ണം കാണാൻ പോകുന്നവർ അവസാനം സം’പൂജ്യർ’ ആയിപ്പോകും.
 
മുരളി തുമ്മാരുകുടി
ജനീവ, മെയ് 22

Leave a Comment