പൊതു വിഭാഗം

ശബരിമലയിൽ നിന്നുള്ള പാഠങ്ങൾ …

ശ്രീ കെ സുരേന്ദ്രൻ ജയിലിൽ നിന്നും മോചിതനായതോടെ ശബരിമലയിലെ കാര്യങ്ങൾ ഏതാണ്ട് തീരുമാനമായ മട്ടായി. ബി ജെ പിയുടെ സെക്രട്ടറിയേറ്റ് സമരവും പ്രതിപക്ഷ എം എൽ എ മാരുടെ നിയമസഭാ കവാടത്തിലെ സമരവും ഒക്കെ നടക്കുന്നുണ്ടോ എന്ന് പോലും പത്രക്കാർ റിപ്പോർട്ട് ചെയ്യുന്നില്ല. രഹ്ന ഫാത്തിമയുടെ കാര്യവും ഏതാണ്ട് അതുപോലൊക്കെത്തന്നെ.
 
ഒറ്റ നോട്ടത്തിൽ സർക്കാരിന്റെ കർശന നിലപാടുകളുടെ വിജയമാണിതെന്ന് തോന്നിയേക്കാം. നിക്ഷ്പക്ഷം ആയി ചിന്തിക്കുമ്പോൾ വിജയിച്ചത് വിശ്വാസ സംരക്ഷകർ തന്നെയാണ്. ഇന്ത്യയിലെ പരമോന്നത കോടതി പന്ത്രണ്ടു വർഷം ഒരു കേസ് കേട്ട് കാര്യകാരണസഹിതം വിശദീകരിച്ച് ഒരു വിധി പറഞ്ഞിട്ട് പോലും ശബരിമലയിലെ കഴിഞ്ഞ മണ്ഡലക്കാലത്തെ സ്ഥിതി നില നിർത്താൻ വിശ്വാസികൾക്ക് കഴിഞ്ഞു. വിശ്വാസം കൊണ്ടോ അല്ലാതേയോ മലകയറാൻ വന്ന എല്ലാവരേയും തെറി പറഞ്ഞോ വിരട്ടിയോ തൽക്കാലം കുഴപ്പം ഒന്നും ഉണ്ടാക്കേണ്ട എന്നോ സുരക്ഷ ഉറപ്പു കൊടുക്കാൻ പറ്റില്ല എന്ന് സർക്കാരിനെക്കൊണ്ട് പറയിപ്പിച്ചോ ഒക്കെ മടക്കി വിടാൻ പറ്റി. അങ്ങനെ ഈ കാവിലെ പാട്ടുമത്സരത്തിൽ വിശ്വാസി 1 – ഭരണഘടന 0 എന്ന നിലയിലാണ് സ്‌കോർ. ഇനി അടുത്ത മാസം ഇരുപത്തി രണ്ടു കഴിഞ്ഞേ അടുത്ത മത്സരം വരൂ എന്ന് തൽക്കാലം എല്ലാവരും തീരുമാനിച്ചൂ എന്ന് തോന്നുന്നു.
 
വാസ്തവത്തിൽ മലയിൽ നടന്ന മാമാങ്കത്തിന്റെ റിസൾട്ട് വരാൻ പോകുന്നത് അടുത്ത ജനുവരി ഇരുപത്തി രണ്ടാം തീയതി അല്ല, രണ്ടായിരത്തി ഇരുപത്തി ഒന്നിലെ അസംബ്ലി തെരഞ്ഞെടുപ്പിലാണ്. ശബരിമലയിലെ പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായി ഒന്നുമല്ല തുടങ്ങിയത്. കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിക്കും ഈ കേസിലോ അതിൻറെ വിധി വന്ന സമയത്തിന്റെ കാര്യത്തിലോ ഒരു പങ്കും ഉണ്ടായിരുന്നില്ല. വിധി വന്ന ഉടൻ മുഖ്യ പാർട്ടികൾ എല്ലാം തന്നെ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒരു പാർട്ടിയുടേയും പിൻബലം ഇല്ലാതെ, പാർട്ടികൾക്ക് അതീതമായി വിശ്വാസികൾ തെരുവിൽ ഇറങ്ങിയപ്പോൾ ആണ് ഇതിലെ രാഷ്ട്രീയ സാധ്യതയും വെല്ലുവിളിയും നേതാക്കൾക്ക് ബോധ്യമായത്.
 
രണ്ടു രാഷ്ട്രീയ മുന്നണികൾ ഏതാണ്ട് തുല്യ ശക്തിയോടെ നില നിൽക്കുന്ന അഞ്ചു വർഷം കൂടുമ്പോൾ ഭരണത്തിന്റെ ബാറ്റൺ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊടുക്കുന്ന ‘സ്ഥിരത’ ഉള്ള ഒരു രാഷ്ട്രീയ സംവിധാനമാണ് കേരളത്തിൽ ഏതാണ്ട് നാലു പതിറ്റാണ്ടായി. അത് മാറ്റി ഒരു ഭരണ തുടർച്ച ഉണ്ടാക്കണം എന്ന് രണ്ട് കൂട്ടർക്കും താല്പര്യമുണ്ട്. ഭരണത്തിലെ ഏറ്റവും അടിസ്ഥാനമായ തീരുമാനങ്ങൾ, അത് ചാരായം നിരോധിക്കുന്നതായാലും വിമാനത്താവളം പണിയുന്നതായാലും, ഇത് മുന്നിൽ കണ്ടെടുക്കുന്നവയാണ്. പക്ഷെ എന്തൊക്കെ പ്ലാൻ ചെയ്താലും ഭരണകക്ഷിക്ക് അവസാനത്തെ ആറുമാസത്തിൽ എന്തെങ്കിലും തരികിട സംഭവിക്കും, അതിനു മുമ്പുള്ളതൊക്കെ ജനം മറക്കും. കാറ്റ് പതിവ് പോലെ മാറി വീശും. അതാണ് കേരളത്തിലെ പൊതു രാഷ്ട്രീയം.
 
ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതി. മുന്നണികൾ മൂന്നോ അതിലധികമോ ഉണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ച് പോൾ ചെയ്ത വോട്ടിൽ ഏറ്റവും കൂടുതൽ കിട്ടുന്ന ആൾക്കാണ് ജയം. അപ്പോൾ തിരഞ്ഞെടുപ്പ് വിജയം എന്നത് രാഷ്ട്രീയം മാത്രമല്ല കണക്കിലെ കളി കൂടെ ആണ്. ഇലക്ടറേറ്റിനെ രണ്ടു തുല്യ മുന്നണിയിൽ നിന്നും മൂന്ന് ശക്തമായ മുന്നണികൾ ആയി മാറ്റി കിട്ടിയാൽ പ്രാദേശികമായി കൂടുതൽ ശക്തി ഉള്ളവർക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടാകും, ഏറ്റവും അടിത്തറ ഉള്ള പാർട്ടിക്ക് ഭരണ തുടർച്ച സാധ്യമാകും. ഇതാണ് മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നത്.
 
ഈ സാധ്യതയാണ് ശബരിമല മുന്നോട്ട് വച്ചത്. ഇതുകൊണ്ടാണ് വിശ്വാസികളുടെ പ്രശ്നത്തിൽ രാഷ്ട്രീയ കക്ഷികൾ എടുത്തു ചാടിയത്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയുള്ള നിലപാട് മാറ്റത്തിന്റ കാരണവും അത് തന്നെ. ഇതിൽ ആര് എങ്ങനെ വിളവെടുക്കും എന്ന് രണ്ടായിരത്തി ഇരുപത്തി ഒന്നിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ കാണാം.
 
ഞാൻ പഠിച്ച രണ്ട് വലിയ പാഠങ്ങൾ ഉണ്ട്. ഒന്ന് വിദ്യാഭ്യാസം കൊണ്ട് വിശ്വാസത്തെ മറികടക്കാൻ പറ്റില്ല. രണ്ട്, നമ്മൾ സ്വയം പറഞ്ഞുണ്ടാക്കിയത് പോലുള്ള വലിയ രാഷ്ട്രീയ പ്രബുദ്ധത ഒന്നും നമുക്കില്ല. വിശ്വാസത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരുപറഞ്ഞു ഒന്നിളക്കി വിട്ടാൽ ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാർ തന്നെയാണ് നമ്മളും.
 
മുരളി തുമ്മാരുകുടി
 

Leave a Comment