പൊതു വിഭാഗം

വൈകീട്ടെന്താ പരിപാടി?

ചുമ്മാ ചോദിച്ചതാണ് കേട്ടോ. ഞാൻ ഇപ്പോൾ മദ്യപാനം ഒന്നുമില്ല.
“ഇപ്പോൾ ഇല്ല എന്ന് പറയുന്പോൾ പണ്ടുണ്ടായിരുന്നോ ?”
“ഉണ്ടായിരുന്നോന്ന് !!”
“പിന്നെപ്പോഴാ നിറുത്തിയത് ?
“എഞ്ചിനീയറിങ്ങിന് ചേർന്നതിൽ പിന്നെ”
 
“അത് പുളു, സാധാരണ പിള്ളേരൊക്കെ എഞ്ചിനീയറിങ്ങ് കോളേജിൽ എത്തുന്പോഴാണല്ലോ കള്ളുകുടി തുടങ്ങുന്നത്”
അത് ശരിയാണ്. പക്ഷെ എന്റെ ജീവിത സാഹചര്യം വ്യത്യസ്തമായിരുന്നു. എനിക്ക് ഓർമ്മ വെക്കുന്പോൾ മുതൽ വീട്ടിൽ പന ചെത്തുന്നുണ്ട്. വലിയ പറന്പായതിനാൽ ഒന്നോ അതിൽ കൂടുതലോ പനകൾ എല്ലാക്കാലത്തും ചെത്തുന്നുണ്ടായിരിക്കും. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് രാവിലെ പന ചെത്തി കിട്ടുന്ന കള്ള് ചെത്തുകാരൻ ഷാപ്പിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തെ കള്ള് വീട്ടുകാരനുള്ളതാണ്.
വീട്ടിൽ കിട്ടുന്ന കള്ള് ഒരു വലിയ പാത്രത്തിൽ അടുക്കളയിൽ വെക്കും. വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഞങ്ങൾ ചേച്ചിമാർ ഉൾപ്പെടെ എല്ലാവരും ഓരോ ഗ്ലാസ് എടുത്ത് കുടിക്കും. ഇതിൽ ആൺ പെൺ വ്യത്യാസമൊന്നുമില്ല. വല്ലപ്പോഴും അതൊഴിച്ച് കള്ളപ്പം ഉണ്ടാക്കും. ചിലപ്പോൾ ബന്ധുവീടുകളിൽ കൊണ്ടുപോയി കൊടുക്കും.
 
വൈകുന്നേരമാകുന്പോൾ പാത്രത്തിൽ കള്ളു ബാക്കിയുണ്ടെങ്കിൽ അമ്മ ചോദിക്കും, “ആരാണിന്ന് കള്ളുകുടിക്കാതിരുന്നത്?”
വീട്ടിൽ ഉണ്ടായിരുന്ന പശുവിന്റെ പാല് ഏതാണ്ട് മൊത്തമായി മറ്റു വീടുകളിലും കടകളിലും കൊടുത്തിരുന്നു എന്ന് കൂടി ഓർക്കുന്പോഴാണ് ആ കാലഘട്ടത്തിന്റെ യാഥാർഥ്യം പൂർത്തിയാവുന്നത്. “മോൻ ഇന്ന് പാല് കുടിച്ചോ?” എന്ന് ഒരിക്കലും ചോദിക്കാനുള്ള അവസരമുണ്ടായിട്ടില്ല.
എഞ്ചിനീയറിങ്ങ് കാലമായപ്പോൾ ഞാൻ അമ്മായിയുടെ വീട്ടിലാണ് താമസിച്ചത്. അവിടെ പനയും കള്ളൊന്നുമില്ല. അങ്ങനെ കള്ളുകുടി നിന്നു.
 
എന്റെ കൂട്ടുകാർ കൂടുതലും പേർ പക്ഷെ വ്യത്യസ്തമായ വഴികളിലൂടെയാണ് എഞ്ചിനീയറിങ്ങിന് എത്തിയത്, കള്ളുകുടി നിഷിദ്ധവും മ്ലേച്ഛവുമായി കരുതിയിരുന്ന വീടുകളിൽ നിന്നും. അതുകൊണ്ടു തന്നെ ഹോസ്റ്റലിലെ സ്വാതന്ത്ര്യത്തിൽ എത്തിയപ്പോൾ അവർ അടുത്ത ഷാപ്പ് തേടിപ്പിടിച്ചു കുടിച്ചു. പറ്റിയില്ലെങ്കിൽ രാത്രി അടുത്ത പറന്പുകളിൽ തെങ്ങിലും പനയിലും ‘മാട്ടമിറക്കി’ കുടിക്കാൻ നോക്കി.
 
കഴിഞ്ഞ 25 വർഷമായി വിദേശത്താണ്. ജീവിച്ച സാഹചര്യത്തിലെല്ലാം വൈകുന്നേരമായാൽ ക്ലബ്ബിലോ പബ്ബിലോ പോയി രണ്ടു ബീയർ അടിക്കുന്നത് സർവ്വസാധാരണമാണ്. ജനീവയിൽ ബിയറിലും കൂടുതൽ വൈൻ ആണ് പ്രധാനം. പച്ചവെള്ളത്തേക്കാൾ വില കുറവാണ്, ഏത് സൂപ്പർമാർക്കറ്റിലും കിട്ടും. വൈകിട്ട് ഒരു ഗ്ലാസ് വൈൻ ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നത് ഈ രാജ്യത്ത് പതിവാണ്. വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിലെ സുഹൃത്തുക്കൾ കൂടിയിരുന്ന് ബിയറോ വൈനോ കുടിക്കുന്നത് ആഹ്ളാദകരമായ ആചാരമാണ്. എന്നിട്ടും വൈനോ ബിയറോ കുടിക്കണമെന്ന് എനിക്ക് തോന്നാറില്ല. പക്ഷെ, കന്പനി ഇഷ്ടമായതിനാൽ ഓറഞ്ച് ജ്യൂസുമായി ഞാനും കൂടും.
 
ഇങ്ങനെയാക്കെ വളർന്നതുകൊണ്ടും ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്നതുകൊണ്ടുമാകണം എനിക്ക് നാട്ടിലെ മദ്യപാനത്തെപ്പറ്റിയുള്ള ചർച്ചകൾ അതിശയകരമായി തോന്നുന്നത്. ഇക്കാര്യത്തിൽ വിൽക്കുന്നവരും വാങ്ങുന്നവരും എന്നെ അതിശയിപ്പിക്കുന്നുണ്ട്.
 
ആദ്യം വിൽക്കുന്നവരെപ്പറ്റി പറയാം. മഴയത്തും വെയിലത്തും ആളുകളെ പെരുവഴിയിൽ ക്യൂ നിർത്തേണ്ട വല്ല കാര്യവുമുണ്ടോ? മറ്റേത് വസ്തുവും പോലെ വിൽക്കാമല്ലോ, ആവശ്യക്കാർ വാങ്ങട്ടെ. ഇത് ഞാനുൾപ്പെടെ എത്രയോ പേർ എത്രയോ നാളുകളായി പറയുന്നു. അങ്ങനെയായിരുന്നെങ്കിൽ ഈ കൊറോണക്കാല ദിവസങ്ങളിലെ ചോദ്യോത്തരങ്ങളും റിസ്കും ഒഴിവാക്കാമായിരുന്നല്ലോ?
 
ലോക്ക് ഡൌൺ ഉള്ള ഈ കാലം മദ്യവിൽപ്പന ഓൺലൈൻ ആക്കി മാറ്റാൻ പറ്റിയ സമയമാണ്. പ്രായം വെരിഫൈ ചെയ്യണം എന്ന് മാത്രം. തൽക്കാലം ഒരാഴ്ചയിൽ ഇത്ര എന്ന നിയന്ത്രങ്ങളും വേണമെങ്കിൽ വെക്കാം. കേരളത്തിലെ മദ്യപാനത്തെ കുറിച്ച് എത്രയോ വിവരങ്ങൾ നമുക്ക് ലഭിക്കാനുള്ള അവസരമാണ്. ആ വിവരം അനുസരിച്ചു നമുക്ക് നയങ്ങളിലും നിയമങ്ങളിലും (ഡി അഡിക്ഷൻ) ഉൾപ്പെടെ മാറ്റങ്ങളുണ്ടാക്കാം.
 
കോറോണ കഴിയുന്പോൾ പിന്നെ മദ്യം സൂപ്പർമാർക്കറ്റുകളിലേക്ക് മാറ്റാം.
 
മദ്യപാനികളോടും ചിലത് പറയാനുണ്ട്. ഞാൻ പോയിട്ടുള്ള രാജ്യങ്ങളിൽ ബിയറും വൈനും പതുക്കെ കുടിച്ചു സന്തോഷമായി വീട്ടിൽ പോകുന്ന ആളുകളെയാണ് പൊതുവിൽ കണ്ടിട്ടുള്ളത് (രാത്രി വൈകുന്നത് വരെ പബ്ബിൽ ഇരുന്നു പിന്നെ റോഡിലിറിങ്ങി പണിയുണ്ടാക്കുന്നവർ ഇല്ല എന്നല്ല). മദ്യപിച്ചാൽ പിന്നെ വാഹനം ഓടിക്കാൻ ആളുകൾ ശ്രമിക്കാറില്ല. മദ്യപാനം നാട്ടുകാരെ തെറിപറയാനോ വീട്ടിൽ പോയി അടിയുണ്ടാക്കാനോ ഉള്ള ലൈസൻസായി ആളുകൾ ഉപയോഗിക്കാറുമില്ല. അങ്ങനെ എന്തെങ്കിലും ചെയ്താൽ നിയമം ശക്തമായി അവരിൽ പ്രയോഗിക്കപ്പെടുകയും ചെയ്യും. ഒരു വീട്ടിലെ പാർട്ടി കഴിഞ്ഞ് വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയാൽ മദ്യം വിളന്പിയ വീട്ടുടമ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്ന നിയമമുള്ള രാജ്യങ്ങൾ പോലുമുണ്ട്. അതിനാൽ സ്വന്തം ആരോഗ്യത്തോട്, കുടുംബത്തോട്, സമൂഹത്തോട്, നിയമങ്ങളോട് എല്ലാം ഉത്തരവാദിത്തമുള്ള മദ്യപാനമാണ് നാം ശീലിക്കേണ്ടത്.
 
അതുകൊണ്ടു തന്നെ മണിക്കൂറുകൾ ക്യൂ നിന്ന് വിസ്കിയും ബ്രാണ്ടിയും റമ്മും വാങ്ങി ഷെയറിട്ടു നിൽപ്പനടിച്ചു പോകുന്ന ശീലം ഒന്ന് മാറ്റിയെടുക്കണം. മദ്യപാനം ഉത്തരവാദിത്തമില്ലാത്ത ഒരു പെരുമാറ്റത്തിനും നിങ്ങൾക്ക് അനുമതി നൽകുന്നില്ല. അത്തരത്തിൽ ആളുകൾ പെരുമാറുന്നിടത്തോളം കാലം നിങ്ങൾ അപഹാസ്യരായി പെരുവഴിയിൽ ക്യൂ നിൽക്കുകയും ഹർത്താലിനും ലോക്ക് ഔട്ടിനും ഒക്കെ ചക്രശ്വാസം വലിക്കുകയും ചെയ്യും.
 
മുരളി തുമ്മാരുകുടി

Leave a Comment