പൊതു വിഭാഗം

വെളുത്ത ബലൂണുകൾ…

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സുഹൃത്ത് മത്തായി (പേര് മാറ്റിയതാണ്) ഒരു ദിവസം ഒരു പാക്കറ്റ് വെളുത്ത ബലൂണുകൾ ക്‌ളാസ്സിൽ കൊണ്ടുവന്നു. സാധാരണ ഗതിയിൽ കുറച്ചു വീർപ്പിച്ചാലും പൊട്ടിപ്പോകുന്ന ബലൂണുകൾ ഇത്തവണ എത്ര വീർപ്പിച്ചിട്ടും പൊട്ടിയില്ല. ക്ലാസ്സിലുണ്ടായിരുന്ന ജോയിയാണ് ‘അയ്യേ ഇത് നിരോധ്’ ആണെന്ന് വിളിച്ചു പറഞ്ഞത്. എന്നിട്ടു പോലും എനിക്കോ ക്‌ളാസ്സിലെ ഭൂരിഭാഗം പേർക്കോ അതെന്താണെന്ന് മനസ്സിലായില്ല.

തായ്‌ലാന്റിലെ പ്രശസ്തനായ രാഷ്ട്രീയക്കാരനും ടി വി താരവുമായ മീച്ചായി ഗർഭനിരോധനത്തിനായി കോണ്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ബ്രാൻഡ് അംബാസഡർ ആയത് ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ആണ്. ഗർഭ നിരോധനം ഫലപ്രദമാകണമെങ്കിൽ കോണ്ടത്തിനെ അതിന്റെ ‘രഹസ്യ’ സ്വഭാവത്തിൽ നിന്നും മാറ്റണമെന്നും, അതിനെപ്പറ്റി സംസാരിക്കുന്നതിലുള്ള ആളുകളുടെ വൈമനസ്യം മാറണമെന്നും, ചന്തയിൽ പച്ചക്കറി വിൽക്കുന്നതു പോലെ പരസ്യമായിട്ടും വ്യാപകമായിട്ടും അത് ലഭ്യമാകണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

ആയിരത്തി തൊള്ളായിരത്തി എൺപതുകൾ ആയപ്പോഴേക്കും കുടുംബാസൂത്രണ രംഗത്ത് തായ്‌ലൻഡ് വൻ പുരോഗതി നേടി. പക്ഷെ അപ്പോഴാണ് എയ്ഡ്സിന്റെ രംഗപ്രവേശം. ഗർഭ നിരോധനത്തേക്കാളുപരി എയ്ഡ്സിനെ തടയുന്നതിനായി കോണ്ടം പ്രമോട്ട് ചെയ്യുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ.

ലൈംഗിക വ്യാപാരത്തിന് പേരുകേട്ട നാടാണെങ്കിലും അവിടെ എയ്ഡ്സ് വ്യാപിക്കുന്നത് തടയാനും അതുവഴി എഴുപത് ലക്ഷത്തോളം ജീവനുകളെങ്കിലും രക്ഷിക്കാനും അദ്ദേഹത്തിനായി എന്നാണ് പറയപ്പെടുന്നത്.

പുതിയ തലമുറയെ കോണ്ടത്തെപ്പറ്റി പഠിപ്പിച്ചും അതിനെപ്പറ്റി മറയില്ലാതെ സംസാരിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം ഇപ്പോഴും കർമ്മ നിരതനാണ്.

തായ്‌ലൻഡിലെ സ്‌കൂൾ കുട്ടികൾ ബലൂൺ പോലെ കോണ്ടം വീർപ്പിച്ചു മത്സരിക്കുന്നത് കണ്ടപ്പോൾ ഉണർന്ന ഒരു ബാല്യകാല സ്മരണ!

http://www.bbc.com/news/av/magazine-40327634/here-s-why-they-call-him-mr-condom

Leave a Comment