നാട്ടിലിപ്പോൾ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാൽ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങൾ കൂടി നിങ്ങളുടെ ശ്രദ്ധയിൽ വെക്കൂ.
ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെർമ്മോമീറ്റർ ഉപയോഗിച്ചാണെന്ന് എല്ലാവർക്കുമറിയാം. ഇപ്പോൾ നമ്മൾ ചൂട് അറിയുന്നത് മൊബൈൽ ഫോണിൽ നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുൻപും അവിടുത്തെ കാലാവസ്ഥ അറിയാൻ ഞാൻ നോക്കുന്നതും ഫോണിൽ തന്നെയാണ്. ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുന്പാവൂരിലെയോ ചൂട് ഫോണിൽ നോക്കിയാൽ ഒരു കുഴപ്പമുണ്ട്. വാസ്തവത്തിൽ നമ്മുടെ സ്മാർട്ട് ഫോണിൽ കാണുന്ന താപനില ഫോൺ ഉപയോഗിച്ച് അളക്കുന്നതല്ല. ഒന്നുകിൽ ഓരോ രാജ്യത്തെയും കാലാവസ്ഥ സർവ്വീസ് അളക്കുന്നത്, അല്ലെങ്കിൽ ഏതെങ്കിലും വിമാനത്താവളത്തിൽ നിന്നും കിട്ടുന്ന താപനില. ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണിൽ നോക്കിയാൽ കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തിൽ എവിടെയെങ്കിലും അളന്നതിൽ നിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഫോണിലെ താപനില നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തിൽ മിക്കയിടത്തും ശരിയായിരിക്കണമെന്നില്ല. ചൂടിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.
നമ്മുടെ കാറിൽ ഒരു തെർമോ മീറ്റർ ഉണ്ട്. അതിലുമുണ്ട് പ്രശ്നങ്ങൾ. കാറിൽ ഏതു ഭാഗത്താണ് തെർമോ മീറ്റർ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവിലുള്ള ചൂടിൽ നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റമുണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വെക്കുന്നവർ, കുട്ടികളെ പുറത്ത് കളിക്കാൻ വിടണമോ എന്ന് തീരുമാനിക്കേണ്ടവർ (സ്‌കൂൾ അധികൃതർ), സ്പോർട്ട്സ് സംഘടിപ്പിക്കുന്നവർ എല്ലാം സ്വന്തമായി ഒരു തെർമോമീറ്റർ വാങ്ങി വെക്കുന്നതാണ് ശരിയായ നടപടി.
എല്ലാ ചൂടും ഒരു പോലെയല്ല. കേരളത്തിൽ ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാൽപ്പതിൽ താഴെയാണ്. വടക്കേ ഇന്ത്യയിലും ഗൾഫിലും നാല്പതിന് മുകളിൽ ചൂട് പോകുന്നത് സാധാരണമാണ്. നമ്മുടെ ചൂട് അത്ര വലിയ പ്രശ്നമല്ല എന്ന് നമുക്ക് തോന്നാം, മറ്റുള്ളവർക്ക് തോന്നാം, പ്രത്യേകിച്ചും ഗൾഫിലുള്ളവർക്ക്. എന്നാൽ നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണിരിക്കുന്നത്. Heat Index അഥവാ ഹുമിടെക്സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളം ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതൽ ഹ്യൂമിഡിറ്റി കേരളത്തിൽ സാധാരണമാണ്, തൊണ്ണൂറിന് മുകളിൽ പോകുന്നത് അസാധാരണമല്ല താനും. 35 ഡിഗ്രി ചൂട് 70 ശതമാനം ഹ്യൂമിഡിറ്റിയിൽ 51ഡിഗ്രി പോലെ അനുഭവപ്പെടും. അതേസമയം 40 ഡിഗ്രി ചൂട് 20 ഡിഗ്രി ഹ്യൂമിഡിറ്റിയിൽ 43 പോലെയേ തോന്നുകയുള്ളൂ.
ഇതാണ് കേരളത്തിലെ പ്രധാന പ്രശ്നം. നമ്മുടെ ശരീരത്തിന് 55 ഡിഗ്രി എന്ന അളവിൽ ചൂട് അനുഭവപ്പെടാൻ കേരളത്തിലെ സാഹചര്യത്തിൽ 35 ഡിഗ്രി ചൂട് മതി (85 ശതമാനം ഹ്യൂമിഡിറ്റിയിൽ). ഫോണിൽ നോക്കി 35 മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാൻ വിടുകയോ, സ്പോർട്ട്സിനായി പോവുകയോ ചെയ്യുന്നത് അപകടമുണ്ടാക്കും.
ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നതും ചാർട്ടിൽ കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാൻ സ്മാർട്ട് ഫോണുകളിൽ ആപ്പുകളുണ്ട്. ഒരെണ്ണം ഡൗൺലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവിലും എത്തുന്പോൾ എന്താണ് അപകടമെന്ന് ചാർട്ടിൽ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും മറ്റു വിദഗ്ദ്ധരുടെയും ഉപദേശങ്ങൾ വായിക്കുന്പോൾ അവർ heat index നെ പറ്റിയാണ് പറയുന്നത്, ചൂടിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കാറിനുള്ളിലെ ചൂട്: കാറ് പോലെ അടച്ചു പൂട്ടിയ വാഹനങ്ങൾക്കുള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാൾ അഞ്ചോ പത്തോ ഡിഗ്രി കൂടിയെന്ന് വരാം. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി ഡോർ ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വർഷവും ഗൾഫിൽ ഒന്നിൽ കൂടുതൽ മരണങ്ങൾ ഇങ്ങനെ സംഭവിക്കുന്നുണ്ട്.
ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതിവേഗത്തിൽ ആളെ കൊല്ലാൻ പോലും കഴിവുള്ളതായതിനാൽ സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടിൽ നിൽക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതൽ കൃത്യമായ വിവരങ്ങൾ Kerala State Disaster Management Authority – KSDMA സൈറ്റിൽ ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചർച്ച ചെയ്യുക.
സൂര്യഘാതം സംഭവിച്ചാൽ: എന്താണ് സൂര്യാഘാതത്തിൻറെ ലക്ഷണങ്ങൾ, അത് കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. അത് കാണണം, വീട്ടിൽ ചർച്ച ചെയ്യണം.
മരണം വരുന്നത് സൂര്യാഘാതത്തിലൂടെ മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. കുട്ടികളെയും വയസ്സായവരെയും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 2003 ലെ ചൂടുകാലത്ത് വയസ്സായവരെ പ്രത്യേകമായി ശ്രദ്ധിക്കാൻ സൗകര്യങ്ങളില്ലായിരുന്നു. ചൂടുകാലത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ ഫ്രഞ്ച് സർക്കാർ അന്തം വിട്ടു. സാധാരണ വേനലിൽ മരിക്കുന്നതിലും പതിനയ്യായിരം കൂടുതൽ ആളുകളാണ് ആ വേനലിൽ ഫ്രാൻസിൽ മരിച്ചത്. ഇവരാരും സൂര്യാഘാതമേറ്റല്ല മരിച്ചത്. കൂടിയ ചൂട് പ്രായമായവർക്ക് നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. ഫ്രാൻസിൽ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കാൻ പുതിയ സംവിധാനങ്ങളുണ്ടാക്കി. സാധാരണ ഗതിയിൽ നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നായതിനാൽ ഇക്കാര്യവും ശ്രദ്ധിക്കണം.
ബംഗാളിയിൽ സൂര്യാഘാതത്തിന് എന്താണ് വാക്ക്?: ഈ ചൂടുകാലത്ത് എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും ഇൻഫോ ക്ലിനിക്കും ഏറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വെച്ചാൽ കേരളത്തിലെ ഏറ്റവും വലിയ റിസ്ക് ഗ്രൂപ്പ് മലയാളികൾ അല്ല, മറുനാടൻ തൊഴിലാളികളാണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? പ്രത്യേകിച്ചും അവർ നാല്പത് ഡിഗ്രിയൊക്കെ ചൂടുള്ള പ്രദേശത്തു നിന്നും വരുന്നവരായതിനാൽ ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ച് അപകടത്തിൽ പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്നു വരെ വെയിലത്ത് തൊഴിൽ ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശങ്ങൾ കണ്ടു. ഇത് ആരെങ്കിലും മറുനാടൻ തൊഴിലാളികളോട് പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? മറുനാടൻ തൊഴിലാളികൾ (വഴിയോര കച്ചവടക്കാർ ഉൾപ്പടെ) വെയിലത്ത് നിന്നാൽ മലയാളികൾ ശ്രദ്ധിക്കുമോ?
സെന്റ് ബർണാഡും മറ്റു മിണ്ടാപ്രാണികളും: ആൽപ്സ് പർവതത്തിന്റെ അടിവാരത്തിൽ ആളുകൾ വളർത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെർണാഡ്. കാശുള്ള പലരും ഇതിനെ നാട്ടിലും വളർത്തും. തണുപ്പിൽ ജീവിക്കേണ്ട ഈ ജീവി കേരളത്തിൽ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാനുള്ള കഴിവ് പട്ടിക്കില്ല. കാട്ടിൽ കിടക്കേണ്ട ആനയുടെയും കൂട്ടിൽ കിടക്കുന്ന കോഴിയുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂടുകാലത്ത് നമ്മുടെ ചുറ്റുമുള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.
ഇലക്ഷൻ ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാൻ പുറത്തിറങ്ങുന്നതിലും കൂടുതൽ മലയാളികൾ വെയില് കൊള്ളാൻ പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും വേണ്ടിയാണ്. സ്ഥാനാർത്ഥികളും പ്രവർത്തകരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവർ ശ്രദ്ധിക്കേണ്ടതെന്ന് ഞാൻ പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് മാത്രം വീണ്ടും പറയാം.
ഞാൻ വേറൊരു നിർദ്ദേശം കൂടി തരാം. മഹാഭാരതയുദ്ധ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങേണ്ടത്, എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് എന്നതിനൊക്കെ നിയമമുണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആർക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാർട്ടികൾ എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡിൽ കൂടെ നടന്നുള്ള വോട്ട് പിടിത്തവും വേണ്ട, പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗൺഹാൾ മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാൽ നിങ്ങൾക്ക് കൊള്ളാം.
ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ: വേനൽക്കാലത്ത് വെള്ളം കുടിക്കാൻ തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മട്ടിക്ക ജ്യൂസും ഒക്കെ നല്ലതുമാണ്. നമുക്ക് ചുറ്റും കടകളിൽ കിട്ടുന്ന ജ്യൂസുകൾ ഒട്ടും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. പഴത്തിൽ, ഐസിൽ, മധുരിക്കാൻ ഒഴിക്കുന്ന ദ്രാവകത്തിൽ എല്ലാം നിസ്സാര ലാഭത്തിനായി മായം ചേർക്കുന്നത് അപൂർവമല്ല. സാധിക്കുമെങ്കിൽ കൈയിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പിവെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.
വസ്ത്ര ധാരണത്തിൽ മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്രധാരണം ചൂടിന് പറ്റിയതായിരുന്നു. ഇപ്പോഴത്തെ വസ്ത്രങ്ങൾ, പാന്റ്സും ചുരിദാറും ശരീരത്തിലെ ചൂടിനെ പുറത്തു പോകാൻ അനുവദിക്കാത്തതാണ്. നമ്മുടെ സദാചാരബോധം ബർമുഡയും ടി ഷർട്ടും ഇട്ടു നടക്കാൻ നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങൾ മാറ്റാൻ ഇതൊരു നല്ല അവസരമാണ്. ആദ്യം വീട്ടിൽ, പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങൾ ധരിക്കൂ. മറ്റുള്ളവർ എന്ത് ‘ധരിക്കും’ എന്നതിനെപ്പറ്റി ആവലാതിപ്പെടാതിരിക്കൂ.
ചൂടുകാലം കഴിയുന്നതിന് മുൻപ് വീണ്ടും കാണാം. തൽക്കാലം സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
Leave a Comment