പൊതു വിഭാഗം

വെയിലത്ത് നിൽക്കുന്ന ഭാവി!

ചൂടുകാലം ആയതുകൊണ്ട് ബസിൽ കയറാൻ നിൽക്കുന്ന വിദ്യാർഥികളെ മറ്റു യാത്രക്കാർ കയറിക്കഴിയുന്നതു വരെ മാറ്റി നിർത്തരുതെന്നും, അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും വായിച്ചു. വളരെ നല്ല കാര്യമാണ്.
ഇതൊരു ചൂടുകാല പ്രശ്നം മാത്രമല്ല. ചൂടില്ലാത്ത സമയത്തും വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് ശരിയല്ല. ലോകത്ത് മറ്റൊരിടത്തും ഇത്തരം ഒരു വിവേചനം ഞാൻ കണ്ടിട്ടില്ല. ഇത് തെറ്റാണ്, അനീതിയാണ്, പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.
 
ബസുകാർ ഈ വൃത്തികേട് ചെയ്യന്നതിന്റെ കാരണം വ്യക്തമാണ്. സാധാരണ യാത്രക്കാർ കൊടുക്കുന്നതിലും കുറച്ചു ചാർജ്ജ് ആണ് കുട്ടികൾ കൊടുക്കുന്നത്. ബസിൽ തിരക്കുണ്ടെന്ന് കണ്ടാൽ ഫുൾ ചാർജ്ജ് കൊടുക്കുന്നവർ വേറെ ബസിൽ പോയി എന്ന് വരും. അപ്പോൾ ഒരു കുട്ടിയെ കയറ്റുന്നതിൽ ബസുകാർക്ക് ഒരു ഓപ്പർച്യുണിറ്റി കോസ്റ്റുണ്ട്. ആ നഷ്ടം സഹിക്കാൻ അവർ തയ്യാറല്ല.
 
വിദ്യാർത്ഥികൾക്ക് പകുതി ചാർജ്ജ് മതി എന്ന് പറയാൻ സർക്കാരിനും ഉണ്ട് ന്യായം. വിദ്യാർത്ഥികൾ എന്നത് ഏതൊരു സമൂഹത്തിന്റെയും ഭാവി ആണ്. അവർ പരമാവധി പഠിച്ച് ഉയർന്ന തൊഴിലുകൾ ചെയ്യാൻ പ്രാപ്തരായാൽ അതിൻറെ ഗുണം മൊത്തം സമൂഹത്തിനുണ്ടാകും. അതിന് അവരെ സഹായിക്കുന്നതെന്തും സമൂഹത്തിന്റെ നന്മക്ക് നല്ലതാണ്. ലോകത്തെല്ലായിടത്തും തന്നെ വിദ്യാർത്ഥികൾക്ക് ഇത്തരം ചാർജ്ജ് ഇളവുകൾ ഉണ്ട്. ജനീവയിലെ ബസിലും മ്യൂസിയത്തിലും മാത്രമല്ല ഹോട്ടലുകളിൽ പോലും വിദ്യാർത്ഥികൾക്ക് ചാർജ്ജ് കുറവുണ്ട്. വളരെ ശരിയായ ദീർഘ വീക്ഷണമുള്ള നയമാണ്. സാധിക്കുമെങ്കിൽ കുട്ടികളുടെ യാത്ര ഫ്രീ ആക്കണം എന്ന ചിന്തയാണ് എനിക്ക്.
 
ഇവിടെ നമ്മുടെ പ്രശ്നം നിസ്സാരമാണ്. സമൂഹത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള, എല്ലാവരും അംഗീകരിക്കുന്ന, ഒരു പദ്ധതി – അതിൻറെ ഭാരം വഹിക്കേണ്ടത് ചില ബസ് ഉടമസ്ഥർ മാത്രമാണ്. അതിൽ അത്ര ന്യായമില്ല. സമൂഹനന്മക്കും ഭാവിക്കും വേണ്ടി വിദ്യാർത്ഥികൾക്ക് ഫീ ഇളവോ സൗജന്യമോ ചെയ്യണമെങ്കിൽ അതിൻറെ ചിലവ് സമൂഹം മൊത്തമായല്ലേ വഹിക്കേണ്ടത്? ഇപ്പോഴത്തെ സ്ഥിതിയിൽ ഈ ഭാരം വഹിക്കുന്നത് വാസ്‌തവത്തിൽ ബസ് മുതലാളിമാർ അല്ല (അവർ ലാഭത്തിൽ കുറവായി അതിനെ കാണുന്നൂ എന്നേ ഉള്ളൂ). മറിച്ച് ഫുൾ ടിക്കറ്റ് കൊടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരാണ്. അതായത് സമൂഹത്തിലെ മിഡിൽ ഇൻകം ഗ്രൂപ്പും അതിന് താഴെയുള്ളവരും.
 
ഇതൊട്ടും ശരിയല്ല. വികസിത രാജ്യങ്ങളിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി സർക്കാർ പല നയങ്ങളും നടപ്പിലാക്കുകയാണ്. ഒന്നുകിൽ അതിന് സബ്‌സിഡി നൽകുന്നു, അല്ലെങ്കിൽ അവക്ക് വേഗത്തിൽ സഞ്ചരിക്കാൻ പ്രത്യേക പാതകൾ നൽകുന്നു. ജനീവയിൽ ഹോട്ടലിൽ താമസിക്കുന്നവർക്കെല്ലാം പൊതുഗതാഗതം ഫ്രീ ആണ്. ലക്സംബർഗ്ഗിൽ എല്ലാ പൊതുഗതാഗതവും എല്ലാവർക്കും ഫ്രീ ആക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അതേസമയം നമ്മുടെ നാട്ടിൽ ആളുകൾ പൊതുഗതാഗതത്തിൽ നിന്നും സ്വകാര്യ വാഹനങ്ങളിലേക്ക് മാറുന്ന കാലത്ത് പൊതുഗതാഗതത്തിൽ കയറുന്നവരുടെ മേൽ കുട്ടികളുടെ യാത്രാ ചിലവിന്റെ ഭാരവും കൂടി വെച്ചുകൊടുക്കുന്നത് ശരിയല്ല.
 
നമുക്ക് ഈ രണ്ടു പ്രശ്നങ്ങളെ ഒരേ സമയം കൈകാര്യം ചെയ്യാം. ഓരോ വിദ്യാർത്ഥിക്കും ഓരോ സ്മാർട്ട് കാർഡ് കൊടുക്കുക, അതുണ്ടെങ്കിൽ ബസിന് പകുതി കാശ് കൊടുത്താൽ മതി എന്ന് തീരുമാനിക്കുക (ഇപ്പോഴത്തെ പോലെ തന്നെ). രണ്ടാമത് ഓരോ വാഹനത്തിലും ഒരു സ്മാർട്ട് കാർഡ് റീഡർ ഉണ്ടാകണം. ഓരോ കുട്ടിയും അതിൽ യാത്ര ചെയ്തുവെങ്കിൽ അതിൻറെ കണക്ക് മെഷീനിൽ റീഡ് ചെയ്ത് സൂക്ഷിക്കുന്ന രീതി (സാങ്കേതികമായി ഇതൊക്കെ നിസ്സാരമാണ്). ഓരോ ദിവസവും എത്ര കുട്ടികൾ കയറി എന്നതനുസരിച്ച് ബസുകാർക്ക് ബാക്കി പകുതി പണം സർക്കാരിൽ നിന്നും കൊടുക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക. ഇതെല്ലാം സാങ്കേതികമായി നിസ്സാരമാണ്. ഇങ്ങനെ ചെയ്താൽ ബസുകാർ ബസ് നിറുത്തി ഇട്ട് വിദ്യാർത്ഥികളെ വിളിച്ചു കയറ്റും. ബസുകാരുടെ പ്രശ്നം വിദ്യാർഥികളല്ല, പണമാണ്.
 
ബസുകാർക്ക് കൊടുക്കാൻ സർക്കാരിന് പണം എവിടെ എന്നതാണ് അടുത്ത ചോദ്യം. വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമുണ്ടാക്കുന്നത് പൊതു നന്മയാണെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിനുള്ള പണം കണ്ടെത്തേണ്ടത് സർക്കാരിന്റെ ജോലിയാണ്. സർക്കാരിന്റെ പെട്രോൾ മുതൽ ബിവറേജസ് വരെയുള്ള ഏത് നികുതി വരുമാനത്തിൽ നിന്നും അത് ചെയ്യാം. ഈ വിഷയത്തെ പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി കൂട്ടിക്കെട്ടണം എന്നുണ്ടെങ്കിൽ ഒരു കാര്യം ചെയ്യണം. കേരളത്തിൽ ലക്ഷക്കണക്കിന് സ്വകാര്യ വാഹനങ്ങളുണ്ട്. ഓരോ വർഷവും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടി വരികയാണ്. അതിന് വർഷാവർഷം ഒരു നികുതി ഏർപ്പെടുത്തിയാൽ മതി.
 
ഇതൊക്കെ ഞാൻ മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണ്. ആരെങ്കിലും ശ്രദ്ധിക്കുമെന്നോ നടപ്പിലാക്കുമെന്നോ ഉള്ള പ്രതീക്ഷ ഉള്ളതുകൊണ്ടല്ല വീണ്ടുമെഴുതുന്നത്. ഓരോ ചൂട് കാലത്തും ഏതെങ്കിലും ഒരു ബസിലെ കണ്ടക്ടറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കിക്കൊണ്ട് തീർക്കേണ്ടതോ തീർക്കാവുന്നതോ ആയ ഒരു വിഷയമല്ല ഇത് എന്ന് എൻറെ വായനക്കാർ മനസ്സിലാക്കാൻ വേണ്ടിയാണ്. ഏതെങ്കിലും ഒരു കാലത്ത് കേരളത്തിലെ നയരൂപീകരണത്തിൽ ഞാൻ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അന്ന് വിദ്യാർത്ഥികൾക്ക് മാത്രമല്ല എല്ലാവർക്കും പൊതുഗതാഗതം സൗജന്യമായിരിക്കും. അവിടേക്കാണ് ലോകത്തിന്റെ പോക്ക്, അവിടേക്കാണ് കേരളവും പോകേണ്ടത്.
 
മുരളി തുമ്മാരുകുടി
 

Leave a Comment