പൊതു വിഭാഗം

വെബ്ബിനാറുകളുടെ പ്രളയം.

ഓൺലൈൻ ലോകവും കാലവുമാണ്.
 
അക്കാദമിക് വർഷം തുടങ്ങിയതോടെ വെബിനാറുകളിൽ സംസാരിക്കാനുള്ള ക്ഷണങ്ങളുടെ വേലിയേറ്റമാണ്. കേരളത്തിലുള്ള എല്ലാ തരം (arts, engineering, law) കേളേജുകളിൽ നിന്നും ക്ഷണങ്ങൾ ഉണ്ട്. നേരിട്ട് വരുന്നവ ഉണ്ട്, സുഹൃത്തുക്കൾ വഴി വരുന്നത് ഉണ്ട്, ബന്ധുക്കൾ വഴി ഉണ്ട്.
 
കേരളത്തിൽ വിദ്യാഭ്യാസം ഓൺലൈൻ പോകുന്നു എന്നതും എല്ലാ കോളേജുകളും അതിൽ താല്പര്യം എടുക്കുന്നു എന്നതും നല്ല കാര്യമാണ്. അതുകൊണ്ട് തന്നെ വെബ്ബിനാറുകളിൽ പങ്കെടുക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷെ പ്രൊഫഷണൽ കോളേജിലും ആർട്സ് കോളേജിലും ഒക്കെയായി ആയിരത്തിലധികം കാമ്പസുകളും അതിൽ ഓരോന്നിലും അഞ്ചോ അതിലധികമോ ഡിപ്പാർട്ടമെന്റ് ഉള്ള കേരളത്തിൽ അവർ ഓരോരുത്തരും ഒരു വെബ്ബിനാർ സംഘടിപ്പിച്ചാൽ തന്നെ അയ്യായിരം വെബ്ബിനാറായി. ഇതിനു മാത്രം പ്രാസംഗികർ ഒന്നും കേരളത്തിലില്ല, അതുകൊണ്ടാണ് ഞാൻ ഒരു നല്ല പബ്ലിക്ക് സ്പീക്കർ അല്ല എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ദിവസം ഒന്ന് വീതം എനിക്ക് വെബ്ബിനാറിന് ക്ഷണം വരുന്നത്.
 
വാസ്തവത്തിൽ ഇങ്ങനെയല്ല ചെയ്യേണ്ടത്. ഓൺലൈൻ ലോകം പഴയ ലോകമല്ല. നാനോ ടെക്‌നോളജിയിൽ ഡിഗ്രി പഠിപ്പിക്കുന്ന പത്തു കോളേജുകൾ ഉണ്ടെങ്കിൽ പത്തു പേരും പ്രത്യേക വെബ്ബിനാർ നടത്തേണ്ട കാര്യമില്ല. അവർ യോജിച്ച് ഒറ്റ വെബ്ബിനാർ നടത്തുക, എല്ലാ വിദ്യാർത്ഥികളേയും അറിയിക്കുക. സെമിനാറിൽ പ്രസംഗിക്കുന്നവർക്കും ഇതാണ് സൗകര്യം. തയ്യാറെടുപ്പും സമയ ചിലവും അമ്പത് കുട്ടികൾ ഉണ്ടെങ്കിലും അയ്യായിരം ഉണ്ടെങ്കിലും ഒരുപോലെ ആണ്.
 
എന്നോട് ഇപ്പോൾ വെബ്ബിനാറിന് അന്വേഷിച്ചു വരുന്നവരോട് ഞാൻ ഇപ്പോൾ നേരിട്ട് പറയും.
 
1. ഒരു കോളേജിന് മാത്രമായി വെബ്ബിനാർ നടത്തില്ല. ചുറ്റുമുള്ള കോളേജുകളുമായി ബന്ധപ്പെട്ട് ഒരു ക്ലസ്റ്റർ ആയി നടത്തുക.
 
2. കോളേജുകൾ അല്ലെങ്കിൽ ഏത് സമൂഹ മാധ്യമ ശൃംഖലയാണ് അവർക്ക് ആളുകളിലേക്ക് വെബ്ബിനറിന്റെ വിവരം എത്തിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് അത് ഉപയോഗിക്കുക
 
3 . ചുരുങ്ങിയത് ആയിരം പേരെങ്കിലും പങ്കെടുക്കാത്ത വെബ്ബിനാറിന് സമയം ചിലവാക്കുന്നത് സംസാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സബ് ഒപ്ടിമൽ ആണ്.
 
അതുകൊണ്ട്, ഇനി മുതൽ എന്നെ ക്ഷണിക്കുന്നവർ ഇത്തരത്തിൽ ഒരു പ്ലാനും ഉണ്ടാക്കിയിട്ട് വരണം.
 
ഇതൊക്കെ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നെനിക്ക് അറിയാം. സത്യത്തിൽ ഞാൻ പറയുന്നത് ശ്രദ്ധിക്കാനാണോ അതോ യു ജി സി യുടെയോ മറ്റോ നിബന്ധന പാലിക്കാനുള്ള ഒരു പദ്ധതിയാണോ എന്നറിയാനുള്ള ഒരു എളുപ്പ വഴി കൂടിയാണ്.
 
ഇതിന് പറ്റാത്തവർക്ക് വേറൊരു എളുപ്പ വഴിയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പതിനായിരം രൂപ സംഭാവന ചെയ്യാൻ തയ്യാറാവുക. ടോപ്പിക്കും സമയവും സമ്മതിച്ചാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ച ബിൽ അയക്കുക.
 
ഇത് രണ്ടും അല്ലാതെ മൂന്നാമത് ഒരു വഴി ഈ കോലോത്ത് ഇല്ല.
 
മുരളി തുമ്മാരുകുടി
 

Leave a Comment