എറണാകുളം ജില്ലയിൽ പെരുന്പാവൂരിനടുത്തുള്ള വെങ്ങോല ആണ് എന്റെ ഗ്രാമം എന്ന് എന്റെ വായനക്കാർക്കൊക്കെ അറിയാമല്ലോ. നിങ്ങൾ എല്ലാവരേയും പോലെ ഞാനും നാട്ടിലെ പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ ആയി വെങ്ങോലയിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളെ കുറിച്ച് എപ്പോഴും വാർത്ത വരുന്നു.
വർഷത്തിൽ അന്പതിനായിരം അപകടങ്ങൾ ഉണ്ടാകുന്ന കേരളത്തിൽ വെങ്ങോലയിൽ കുറച്ച് അപകടങ്ങൾ ഉണ്ടാകുന്നത് അത്ര വലിയ സംഭവമല്ല. ഇതുവരെ ഉണ്ടായ അപകടങ്ങളിൽ ആളുകൾക്ക് പരിക്ക് പറ്റിയത് മാത്രമേ ഉള്ളൂ. മരണങ്ങൾ ഉണ്ടായില്ല. പക്ഷെ ഈ ട്രെൻഡ് കാണുന്പോൾ ആളുകൾ മരിക്കുന്ന അപകടം ഉണ്ടാകാൻ ഇനി അധികം സമയം വേണ്ട എന്ന് തോന്നുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് വെങ്ങോലയിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്?
പെരുന്പാവൂരിൽ നിന്നും പുത്തൻകുരിശിലേക്ക് പോകുന്ന പി.പി. റോഡും ആലുവയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുന്ന വഴിയും സന്ധിക്കുന്ന ജംക്ഷൻ ആണ് വെങ്ങോല കവല. ആലുവ-മൂവാറ്റുപുഴ റോഡിൽ പോഞ്ഞാശ്ശേരിയിൽ നിന്നും വെങ്ങോല വരെ ഒരു ഷോർട് കട്ട് ഉണ്ട്. ഈ വഴി എടുത്താൽ പതിനഞ്ചു മിനുട്ട് ലാഭിക്കാം, അഞ്ചു കിലോമീറ്ററും. കൂടാതെ പെരുന്പാവൂരിലെ ട്രാഫിക് ജാമിൽ നിന്നും രക്ഷപെടുകയും ചെയ്യാം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പോഞ്ഞാശ്ശേരി-വെങ്ങോല വഴി കുണ്ടും കുളവുമായി കിടക്കുകയായിരുന്നു. അടുത്തയിടെ അത് നന്നാക്കി ടാർ ചെയ്‌തു. ഇത് യാത്ര സുഗമമാക്കി. ഇക്കാര്യം വാഹനങ്ങൾ ഓടിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ട്, മനസ്സിലാക്കാത്തവർക്ക് ഗൂഗിൾ പറഞ്ഞുകൊടുക്കുന്നുമുണ്ട്.
പെരുന്പാവൂരിൽ നിന്നും പുത്തൻകുരിശിലേക്കുള്ള വഴിയും ആലുവയിൽ നിന്നും മൂവാറ്റുപുഴക്കുള്ള വഴിയും വെങ്ങോലയിൽ ഒട്ടും വളവില്ലാതെയാണ് കണ്ടുമുട്ടുന്നത്. രണ്ടു വഴിയും ഇപ്പോൾ കണ്ടാൽ സമാസമം ആണ്, അതുകൊണ്ട് തിരക്കില്ലാത്ത സമയത്ത് വാഹനങ്ങൾ നല്ല വേഗത്തിൽ ഇവിടെ പാഞ്ഞു പോകുന്നു. അങ്ങനെ അപകടങ്ങൾ കൂടുന്നു.
തിരക്കുള്ള സമയത്ത് കാര്യങ്ങൾ തിരിച്ചാണ്. പെരുന്പാവൂരിൽ ഉണ്ടാകേണ്ട ബ്ലോക്കിന്റെ ഒരു ബ്രാഞ്ച് വെങ്ങോലയിൽ തുടങ്ങിയിട്ടുണ്ട്. പെരുന്പാവൂർ-പുത്തൻകുരിശ് റോഡാണ് ബസ് റൂട്ടും മെയിൻ റൂട്ടും. പക്ഷെ വഴി കണ്ടാൽ രണ്ടും തുല്യം. അപ്പോൾ ആരും ആർക്കും വഴികൊടുക്കില്ല. അതോടെ വെങ്ങോലയിൽ ട്രാഫിക്ക് ജാം ആയി.
സാധാരണ ഗതിയിൽ ശാസ്ത്രീയമായി റോഡ് ട്രാഫിക്ക് പ്ലാൻ ചെയ്യുന്ന സ്ഥലങ്ങളിൽ ഇതെല്ലാം മുൻകൂട്ടി കാണും. ട്രാഫിക്കിന്റെ തോത് അനുസരിച്ച് റൌണ്ട് എബൌട്ട്, സിഗ്നൽ, ഓവർ ബ്രിഡ്ജ് ഒക്കെ കൊണ്ടുവരും. ഇവിടെ അതൊന്നും ഇല്ലാത്തതുകൊണ്ട് പകൽ സമയം മുഴുവൻ ട്രാഫിക്ക് ജാം ആണ്. കാലടിയും വല്ലവും പെരുന്പാവൂരും പോലെ വെങ്ങോലയിലും അങ്ങനെ “ബ്ലോക്കോഫീസ്” തുറന്നു. രാത്രി ആയാൽ ട്രാഫിക് കുറയും. വേഗത കൂടും, അപകടങ്ങളും.
ഇതിപ്പോൾ വെങ്ങോലയിലെ മാത്രം കാര്യമല്ല. ഇന്ത്യയിൽ പലയിടത്തും പുതിയ റോഡുകൾ, ബൈപാസ്സുകൾ ഒക്കെ ഉണ്ടായിക്കഴിയുന്പോൾ ട്രാഫിക്ക് വേഗത കൂടും, അപകടങ്ങൾ പതിവാകും, മരണങ്ങൾ സംഭവിക്കും. മുൻപ് പറഞ്ഞത് പോലെ വെങ്ങോലയിലും മരണങ്ങൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇനി അധികം സമയം ഇല്ല. തികച്ചും ഒഴിവാക്കാവുന്നതാണ് ഇക്കാര്യം. ട്രാഫിക് ശാസ്ത്രീയമായി പഠിച്ച് നിയന്ത്രിച്ചാൽ മാത്രം മതി.
കേരളത്തിൽ ട്രാഫിക്കിനെ പറ്റി ശാസ്ത്രീയമായി പഠിച്ച് കൈകാര്യം ചെയ്യുന്നത് ആരാണ്? പൊതുമരാമത്ത്? പോലീസ്? റോഡ് സേഫ്റ്റി അതോറിറ്റി? മോട്ടോർ വാഹന വകുപ്പ്?
ഈ പ്രസ്ഥാനങ്ങൾ പൊതുവെ റിയാക്ടീവ് ആയിട്ടാണ് പ്രവർത്തിച്ച് കണ്ടിട്ടുള്ളത്. വലിയ അപകടങ്ങൾ ഉണ്ടായിക്കഴിയുന്പോൾ ആദ്യം ഒരു ഹന്പ് ഉണ്ടാക്കും, ഒരു ബോർഡും വെക്കും, അതാണെന്ന് തോന്നുന്നു എസ്. ഓ. പി. ഇവിടെയും അത്ര മാത്രമേ തൽക്കാലം പ്രതീക്ഷിക്കാൻ പറ്റൂ.
എനിക്കറിയാവുന്നിടത്തോളം തിരുവനന്തപുരത്തെ നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (NATPAC) ആണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഏറ്റവും അറിവും സംവിധാനവും ഉളളത്. പക്ഷെ നാഷണൽ ഹൈവേയും വന്പൻ ജംക്ഷനുകളും ബൈപ്പാസ്സുകളും ഒക്കെ നൂറു കണക്കിന് അപകടങ്ങൾ ഉണ്ടാക്കുന്പോൾ താരതമ്യേന ചെറുതായ വെങ്ങോല ജംക്ഷനിൽ അവർ ഇടപെടുമെന്ന പ്രതീക്ഷ ഇല്ല.
പിന്നെ പ്രതീക്ഷ ഉള്ളത് നാട്ടുകാരിലാണ്. അവർക്ക് കുറച്ചു നിർദ്ദേശങ്ങൾ തരാം.
- വെങ്ങോല ജംക്ഷനിൽ ഉള്ള ഓട്ടോ റിക്ഷ ഡ്രൈവർമാർ എല്ലാം അപകട രക്ഷാ പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായ പരിശീലനം നേടുക. ആവശ്യം കൂടി വരും. അപകടം നടന്നു കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നത് ഒഴിവാക്കാം.
- വെങ്ങോല ജംക്ഷനിൽ ഉള്ള കച്ചവടക്കാരും ബാങ്കുകളും എല്ലാം ചേർന്ന് ഒരു ആംബുലൻസ് സ്പോൺസർ ചെയ്തു റെഡി ആക്കുക. അപകടം പറ്റിയവരെ ഓട്ടോയിലും ടാക്സിയിലും കയറ്റി പരിക്ക് കൂടുതലാക്കാതെ ശ്രദ്ധിക്കാം.
- ഇലക്ഷൻ കാലമല്ലേ, പറഞ്ഞാൽ രാഷ്ട്രീയക്കാർ എന്തെങ്കിലും പ്രവർത്തിക്കുന്ന കാലമാണ്. തിരക്കുള്ള സമയത്ത് ട്രാഫിക്ക് നിയന്ത്രിക്കാൻ ഓരോ ഹോം ഗാർഡിനെ എങ്കിലും അവിടെ നിയമിക്കാൻ ഇത്രയും വോട്ടുകൾ വിചാരിച്ചാൽ സാധിക്കും.
- പറ്റുന്നത്ര വേഗത്തിൽ സർക്കാർ സംവിധാനങ്ങളെക്കൊണ്ട് ഒരു സിഗ്നൽ സംവിധാനം സംഘടിപ്പിച്ച് എടുക്കാൻ നോക്കുക.
- ആ ചുറ്റുവട്ടത്ത് കുറച്ചു സ്പീഡ് കാമറ ഫിറ്റ് ചെയ്യാൻ പറ്റിയാൽ നന്നാകും, പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ.
- വെങ്ങോലയിലെ ട്രാഫിക് ശാസ്ത്രീയമായി പഠിക്കാൻ NATPAC യെയോ ഏതെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിലെ ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിങ്ങ് അധ്യാപകരെയോ നിയോഗിക്കാൻ പഞ്ചായത്തിൽ സമ്മർദ്ദം ചെലുത്തുക.
ഇതൊന്നും സാധിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക്, മരണങ്ങൾക്ക് തയ്യാറെടുക്കുക. അത് നിങ്ങളോ ഞാനോ ആകാം. ആകാതിരിക്കാൻ ശ്രമിക്കുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
Leave a Comment