എൻറെ ഗ്രാമമാണ് വെങ്ങോല എന്ന് ഇപ്പോൾ എൻറെ വായനക്കാർക്കെല്ലാം അറിയാമല്ലോ. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് അടുത്താണ്.
സാഹിത്യ അക്കാദമി അവാർഡ് നേടിയതിന് ഒരു ‘സ്വീകരണം’ നൽകണമെന്ന് നാട്ടുകാർക്ക് നിർബന്ധം. ഞാൻ കാര്യം ‘പ്രാഞ്ചി ഏട്ടൻ’ ആണെന്നൊക്കെ പറയുമെങ്കിലും ഈ സ്വീകരണമൊന്നും സത്യത്തിൽ ഇഷ്ടമല്ല. പകരം വെങ്ങോലയുടെ ഭാവിയെപ്പറ്റി വെങ്ങോലയിലെ പൊതുജീവിതത്തിൽ സജീവമായുള്ള എല്ലാവരുമായി ചർച്ച ചെയ്യാമെന്ന് സമ്മതിച്ചു.
കുറഞ്ഞത് രണ്ടായിരം വർഷങ്ങളായി വെങ്ങോലയിൽ മനുഷ്യവാസം ഉണ്ടെന്നുള്ളതിന് തെളിവുകളുണ്ട്. അതിനിടയിൽ ഈ നാട് ഏതൊക്കെ രാജ്യങ്ങളുടെ, സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നിരിക്കാം? എത്രയോ ആളുകൾ വെങ്ങോല സ്വന്തം നാടാണെന്നും അവിടുത്തെ ഭൂമി സ്വന്തമാണെന്നും അഭിമാനിച്ചിരിക്കാം? പക്ഷെ അവരുടെയൊന്നും പൊടി പോലും ഇപ്പോൾ കാണാനില്ല. അതുപോലെ നൂറു വർഷം കഴിഞ്ഞാൽ ഇപ്പോഴത്തെ തലമുറയുടെ എന്തെങ്കിലും ബാക്കിപത്രം ഇവിടെ ശേഷിക്കുമോ?
ലോകത്തെവിടെയും ഓരോ ഗ്രാമവും നഗരവും മാറി മാറി പല രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടേയും ഭാഗമാകും. പക്ഷെ അന്തിമ വിശകലനത്തിൽ ഓരോ മനുഷ്യനും അവർ ജീവിക്കുന്ന ഗ്രാമം അല്ലെങ്കിൽ നഗരമാണ് ഏറ്റവും പ്രധാനം. അവിടുത്തെ മാറ്റങ്ങളാണ് അവരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നമ്മുടെ നാടിന്റെ ചുറ്റുവട്ടത്തുണ്ടാകുന്ന മാറ്റങ്ങൾ, നമ്മുടെ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ ഇതെല്ലാം നമ്മുടെ ഗ്രാമത്തേയും ബാധിക്കുമല്ലോ. അതിനിടയിൽ ഓരോ ഗ്രാമത്തിന്റെയും ഭാവി നമ്മളിലേക്ക് വന്നു കയറുന്ന ഒന്നാണോ അതോ നമുക്ക് നിർണ്ണയിക്കാവുന്ന ഒന്നാണോ? അതോ രണ്ടും കൂടിയതാണോ?
ഒരു വർഷത്തേക്കോ ഓരോ അഞ്ചു വർഷത്തേക്കോ പ്ലാൻ ചെയ്യേണ്ടതല്ല നമ്മുടെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭാവി എന്നും, മറിച്ച് നമുക്ക് ആകുന്ന പോലെ ഭാവിയെക്കുറിച്ച് വ്യക്തമായി ചിന്തിക്കണമെന്നും സാധ്യമായ ഒരു നല്ല ഭാവിക്ക് വേണ്ടി പ്രവർത്തിക്കണമെന്നുമാണ് എൻറെ ചിന്ത. അതിന് ആദ്യം വേണ്ടത് നമ്മുടെ ചരിത്രം അറിയുക എന്നതാണ്.
ഇതൊക്കെയാണ് ഞാൻ വെങ്ങോലയിൽ സംസാരിക്കാൻ പോകുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റു രംഗത്ത് നിന്നുമുള്ളവർ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ഓരോ ഗ്രാമത്തിലും ഇത്തരം സംവാദങ്ങൾ നടക്കണമെന്നാണ് എൻറെ ആഗ്രഹം. നമ്മുടെ നാടിന്റെ ഭാവി നമ്മൾ നിർണ്ണയിക്കുന്നത് കൂടിയാണ്. അങ്ങനെയാണ് ഐക്യ രാഷ്ട്ര സഭയുടെ ലക്ഷ്യമായ ‘The Future We Want’ സാധ്യമാകുന്നത്.
മെയ് പന്ത്രണ്ടാം തിയതി ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വെങ്ങോലയിൽ. വെങ്ങോലക്കാർ എല്ലാവരും വരുമെന്ന പ്രതീക്ഷയിൽ…
മുരളി തുമ്മാരുകുടി
Leave a Comment