പൊതു വിഭാഗം

വീരേന്ദ്ര കുമാർ!

പല തവണ നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായിട്ടുള്ള വ്യക്തിയാണ് ശ്രീ.വീരേന്ദ്ര കുമാർ. കാഴ്ചപ്പാടുകൾ എന്ന എന്റെ പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും അദ്ദേഹമാണ്.
ഓരോ തവണ കാണുന്പോഴും ഏറ്റവും പുതിയ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവും താല്പര്യവും എന്നെ അതിശയപ്പെടുത്തിയിരുന്നു. അവസാനം കാണുന്പോൾ നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, 3D പ്രിന്റിങ് ഇതൊക്കെയാണ് ഞങ്ങൾ ചർച്ച ചെയ്തത്. യാത്രകളിലുള്ള താല്പര്യം കാരണം ഒരിക്കലും സംസാരിക്കാൻ വിഷയദാരിദ്ര്യം ഇല്ലായിരുന്നു. മാതൃഭൂമിയുടെ ഓഫീസിൽ അദ്ദേഹത്തോടൊപ്പം ഇരിക്കുന്പോൾ നമ്മളാണ് ഏറ്റവും പ്രധാനപ്പെട്ട അതിഥി എന്ന് നമുക്ക് തോന്നിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സമയത്തിന്റെ വില മനസ്സിലാക്കി സംസാരം ഞാൻ സ്വയം നിർത്താറാണ് പതിവ്.
പത്രമുടമയായും ബിസിനസ്സ് മാനായും എഴുത്തുകാരനായും രാഷ്ട്രീയക്കാരനായും പരിസ്ഥിതി പ്രവർത്തകനായും കർഷകനായും ഒക്കെ ഏറെ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കേരള സമൂഹത്തിന് അനവധി രീതികളിൽ സംഭാവനകൾ നൽകിയിട്ടുള്ള ശ്രീ വീരേന്ദ്രകുമാറിന്റേത് തികച്ചും സാർത്ഥകമായ ഒരു ജീവിതമായിരുന്നു.
 
ആദരാഞ്ജലികൾ
 
മുരളി തുമ്മാരുകുടി

Leave a Comment