പൊതു വിഭാഗം

വീണ്ടും മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം.

കഴിഞ്ഞ രണ്ടാഴ്ച മുഖ്യമന്ത്രിയും സംഘവും ജപ്പാനിലും കൊറിയയിലും ആയിരുന്നല്ലോ. യൂറോപ്പിൽ പോയി വന്നതിന് ശേഷം അദ്ദേഹം പോയ സ്ഥലങ്ങളെ കുറിച്ചും നടത്തിയ ചർച്ചകളെ കുറിച്ചും വിശദമായി അദ്ദേഹം പത്രക്കാരോട് പറഞ്ഞിരുന്നു.
 
അതിന് ശേഷം പത്രപ്രവർത്തകരുടെ ചോദ്യം നാട്ടിലെ വിഷയങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മുഖ്യമന്ത്രി വീണ്ടും പത്രക്കാരെ കാണുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.
എന്താണെങ്കിലും ഇന്നദ്ദേഹം വിദേശയാത്രയെ പറ്റി മാത്രം സംസാരിക്കാൻ പത്രക്കാരെ കണ്ടു. എന്തിനാണ് വിദേശത്ത് പോയത്, അതുകൊണ്ട് കേരളത്തിന് എന്തൊക്കെ ഗുണം ഉണ്ടാകുന്നു എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
 
കേരളത്തിന്റെ യുവാക്കളുടെ ഭാവിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ യോജിച്ച പരിപാടികൾ, നൈപുണ്യ വികസന രംഗത്തെ സഹകരണം, പുതിയ തൊഴിലുകൾ എന്തൊക്കെ, അതിനായി യുവാക്കളെ എങ്ങനെ തയ്യാറാക്കാം ഇവയെല്ലാം ആയിരുന്നു ഏറ്റവും പ്രധാന വിഷയങ്ങൾ.
ഇത് കൂടാതെ പരിസ്ഥിതി, ദുരന്ത നിവാരണം, കാലാവസ്ഥ വ്യതിയാനം ഈ വിഷയങ്ങളിൽ കൂടി യാത്രയിൽ ചർച്ചകളുണ്ടായി.
 
കേരളത്തിൽ ജാപ്പനീസ് കോഴ്‌സുകൾ തുടങ്ങാനുള്ള സാധ്യത തെളിയുന്നു. ഇന്ത്യയിൽ ആദ്യമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി ഉണ്ടാക്കാനുള്ള പുതിയ ഒരു കന്പനി സ്ഥാപിക്കാനുള്ള സാധ്യത, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉണ്ടാക്കാനുള്ള ചർച്ചകൾ. ഐ ടി മുതൽ ആയുർവ്വേദം വരെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാദ്ധ്യതകൾ അറിയാൻ ജപ്പാനിൽ നിന്നുള്ള ഒരു സംഘം കേരളത്തിലേക്ക് വരുന്നുണ്ട്.
ഭക്ഷ്യ – സമുദ്രോൽപ്പന്ന സംസ്‌ക്കരണ രംഗത്ത് സഹകരണത്തിന് കൊറിയയിൽ നിന്നും ഒരു സംഘം കേരളത്തിൽ എത്തുന്നു. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിൽ ഉണ്ടാക്കുന്നതോടെ ഇപ്പോൾ വിയറ്റ്നാം വഴി കൊറിയയിലേക്ക് നടക്കുന്ന കേരളത്തിൽ നിന്നുള്ള കയറ്റുമതി നേരിട്ടാകും. കേരളത്തിലെ ഫിഷറീസ് യൂണിവേഴ്‌സിറ്റിയും ലോക ഭക്ഷ്യ സംഘടന കൊറിയയിൽ സ്ഥാപിച്ചിരിക്കുന്ന ലോക ഫിഷറീസ് യൂണിവേഴ്‌സിറ്റിയും തമ്മിൽ സഹകരണം ഉണ്ടാകും.
ഇതൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്…
 
പത്രക്കാരുടെ ചോദ്യങ്ങൾ…
 
1. ഉല്ലാസ യാത്രയാണോ പോയത്?
യാത്രയുടെ ഷെഡ്യൂൾ ഉദ്യോഗസ്ഥരോട് ചോദിക്കൂ, അപ്പോൾ മനസ്സിലാകും.
2. കുടുംബാംഗങ്ങളുടെ ചിലവ് സർക്കാരാണോ വഹിക്കുന്നത് ?
ആ അല്പത്തം ഒന്നും കാണിക്കുന്നവരല്ല ഞങ്ങൾ. ഒരു യാത്രയിലും ഏതെങ്കിലും കുടുംബങ്ങളുടെ ചിലവ് സർക്കാർ നടത്തിയിട്ടില്ല.
3. യാത്രയുടെ ചിലവിന്റെ വിവരങ്ങൾ ലഭിക്കുന്നില്ലല്ലോ?
ബില്ല് എല്ലാം കൊടുത്തു കഴിയുന്പോൾ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിക്കൂ.
 
ഉള്ളത് പറയണമല്ലോ, എന്ത് തരത്തിലുള്ള നിക്ഷേപമാണ് നടക്കാൻ പോകുന്നത്? എന്നൊരു ന്യായമായ ചോദ്യവും ഉണ്ടായിരുന്നു.
പിന്നീട് ചോദ്യങ്ങൾ നാട്ടിലെ കാര്യങ്ങളായി.
വിദേശയാത്രയെ പറ്റിയുള്ള പ്രസ്സ് കോൺഫസറൻസിൽ എങ്കിലും അദ്ദേഹം പറയുന്ന ഉപകാരപ്രദമായ വിഷയങ്ങളെ പറ്റി കൂടുതൽ ചോദ്യം ചോദിച്ചാൽ നമുക്ക് എത്രയോ കൂടുതൽ കാര്യങ്ങൾ മനസ്സിലാകും.
 
മുഖ്യമന്ത്രി വിദേശത്ത് പോകുന്പോൾ നമ്മുടെ നാട്ടിലെ രണ്ടോ മൂന്നോ പത്രക്കാരും കൂടെ പോകണം എന്നാണ് എൻറെ ആഗ്രഹം. അവരും ലോകം കാണട്ടെ, മാറ്റങ്ങളുടെ വിവരങ്ങൾ അവരിലൂടെ ലോകം അറിയട്ടെ.
 
മുരളി തുമ്മാരുകുടി
 

Leave a Comment